പെരുമ്പാവൂര്‍ ഫെസ്റ്റിന് തുടക്കമായി

പെരുമ്പാവൂര്‍ ഫെസ്റ്റിന് തുടക്കമായി

പെരുമ്പാവൂര്‍: അതിവിപുലമായ വിദേശ, സ്വദേശ ഇനങ്ങളുടെ അക്വാ പെറ്റ് ഓര്‍ക്കിഡ് കാര്‍ഷികോല്‍പ്പന്ന കണ്‍സ്യൂമര്‍ ഗുഡ്‌സ് ഷോ പെരുമ്പാവൂരില്‍ ആരംഭിച്ചു. മൂവാറ്റുപുഴ എംസി റോഡില്‍ റിലയന്‍സ് പമ്പിന് എതിര്‍വശമുള്ള മൈതാനിയിലാണു കണ്ണിനു വിരുന്നൊരുക്കുന്ന പ്രദര്‍ശനം.

വൈവിധ്യമാര്‍ന്ന അലങ്കാര മത്സ്യങ്ങള്‍, ഓമനമൃഗങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, ഗൃഹോപകരണങ്ങള്‍, മൃഗപരിപാലന വീട്ടാവശ്യ ഉപകരണങ്ങള്‍ തുടങ്ങിയവയെ പൊതുജനങ്ങള്‍ക്കു പരിചയപ്പെടുത്തുകയും അവയെ കുറഞ്ഞ ചെലവില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയുമാണു പ്രദര്‍ശനത്തിന്റെ ലക്ഷ്യം. കുട്ടികള്‍ക്ക് ഉല്ലസിക്കാനും ജീവന്‍ തുടിക്കുന്നതും യഥാര്‍ത്ഥമെന്നു തോന്നുന്നതുമായ ഒട്ടനവധി മൃഗ,പക്ഷി രൂപങ്ങളെ അവയുടെ ശബ്ദത്തിന്റെ അകമ്പടിയോടെ അടുത്തുകാണാനും ഇവിടെ അവസരമുണ്ട്. കുട്ടികള്‍ക്കുള്ള ബോട്ടിംഗാണ് മറ്റൊരു ആകര്‍ഷണം.

അലങ്കാരമത്സ്യങ്ങള്‍, പ്രാവ് വളര്‍ത്തലിലും പക്ഷി വളര്‍ത്തലിലും അലങ്കാര കോഴി വളര്‍ത്തലിലും നായ പൂച്ച വളര്‍ത്തലിലും താല്‍പ്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കാന്‍ അവയുടെ അപൂര്‍വ ഇനങ്ങള്‍, തത്തകള്‍, നായകള്‍ എന്നിവയാണ് ഷോയിലെ മറ്റുള്ള ആകര്‍ഷണങ്ങള്‍.

ഷോപ്പിംഗ് മാളുകളെപ്പോലും വിസ്മയിപ്പിക്കുന്ന വിശാലമായ ഷോപ്പിംഗ് ഏരിയയാണ് ഇവിടുത്തെ മറ്റൊരു സവിശേഷത. സംസ്ഥാനത്തെയും ഇതരസംസ്ഥാനങ്ങളിലെയും നിരവധി കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വിലക്കുറവിലും ഓഫറുകളോടെയും ഇവിടെനിന്നു കരസ്ഥമാക്കാം. കഫേ കുടുംബശ്രീയുടെ ഭക്ഷണ കൗണ്ടര്‍, വിവിധതരം പായസങ്ങള്‍, ഐസ്‌ക്രീമുകള്‍ എന്നിവയൊക്കെയാണു ഭക്ഷ്യമേളയിലെ പ്രത്യേകതകള്‍.
നഴ്‌സറിയില്‍ അലങ്കാരച്ചെടികളും പൂച്ചെടികളും വിവധതരം മാവ്, പ്ലാവ്, തെങ്ങിന്‍ തൈകളും മറ്റ് ഒട്ടേറെ ഫലവൃക്ഷത്തൈകളും ലഭ്യമാണ്. പ്രവൃത്തിദിവസങ്ങളില്‍ രണ്ടു മണി മുതല്‍ രാത്രി ഒമ്പതു വരെയാണ് പ്രദര്‍ശനം. ശനി, ഞായര്‍ ദിവസങ്ങളിലും പൊതു അവധിദിനങ്ങളിലും രാവിലെ 11 മുതല്‍ പ്രദര്‍ശനം ആരംഭിക്കും. പാസ് മൂലമാണു പ്രവേശനം. ആറുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യം.

Comments

comments

Categories: Business & Economy