ബഹിരാകാശത്ത് പുതുയുഗപ്പിറവി

ബഹിരാകാശത്ത് പുതുയുഗപ്പിറവി

അന്യഗ്രഹങ്ങളില്‍ ജീവിത സാധ്യത തേടിയുള്ള ബഹിരാകാശ പര്യവേഷണങ്ങള്‍ ഇതുവരെ രാഷ്ട്രങ്ങളുടെ കുത്തകയായിരുന്നുവെങ്കില്‍ ഇനിയങ്ങോട്ട് അങ്ങനെയായിരിക്കില്ലെന്ന സന്ദേശമാണ് ചൊവ്വയുടെ ഭ്രമണ പഥത്തിലേക്ക് വിക്ഷേപിച്ച സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കന്‍ ഹെവി എന്ന പടുകൂറ്റന്‍ സ്‌പേസ് ക്രാഫ്റ്റിന്റെ വിജയത്തിലൂടെ ഇലോണ്‍ മസ്‌ക് നല്‍കുന്നത്. ചൊവ്വാ ഗ്രഹത്തിലേക്ക് ഇലോണ്‍ മസ്‌ക് മനുഷ്യരെ കൊണ്ടു പോകുന്ന കാലം വിദൂരമല്ലെന്ന് ശാസ്ത്രനിരീക്ഷകര്‍ കരുതുന്നു

അമേരിക്കയും റഷ്യയും ബഹിരാകാശത്ത് കൈവരിച്ച നേട്ടങ്ങളെ അതിശയിപ്പിക്കുന്ന വമ്പന്‍ ചുവടുവെപ്പാണ് ഇലോണ്‍ മസ്‌ക് എന്ന സാഹസിക സംരംഭകനും അദ്ദേഹത്തിന്റെ കമ്പനിയായ സ്‌പേസ് എക്‌സും നടത്തിയിരിക്കുന്നത്. ബഹിരാകാശത്ത് മനുഷ്യന്‍ നടത്തുന്ന ഇടപെടലുകളുടെ ആകെ ബലതന്ത്രം ഇത് മാറ്റിമറിക്കാന്‍ പോകുകയാണ്. അടുത്ത കാലം വരെ ബഹിരാകാശ യാത്രാ സംവിധാനങ്ങളെല്ലാം രാഷ്ട്രങ്ങളുടെ ചുമതലയിലുള്ള കാര്യമായിരുന്നു.

പല രാജ്യങ്ങളുടെയും ദേശീയ പതാകകളാണ് ബഹിരാകാശ ദൗത്യങ്ങൡ പാറിക്കളിച്ചിരുന്നതെങ്കില്‍ ഇലോണ്‍ മസ്‌കിന്റെ മറ്റൊരു കമ്പനിയായ ടെസ്്‌ല കോര്‍പറേഷന്‍ നിര്‍മിച്ച ചെറി റെഡ് റോഡ് സ്റ്റാര്‍ കാര്‍ കമ്പനിയുടെ കൊടിയടയാളമായി ചൊവ്വയുടെ ഭ്രമണ പഥത്തില്‍ ഇനി ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കും-ഡേവിഡ് ബോവിയുടെ സ്‌പേസ് ഓഡിറ്റി എന്ന ഗാനം പുറപ്പെടുവിച്ചുകൊണ്ട്. ഏതെങ്കിലും കാലത്ത് അന്യഗ്രഹ ജീവികള്‍ ഈ കാര്‍ കണ്ടെത്തിയേക്കാം എന്നാണ് ഇലോണ്‍ മസ്‌കിന്റെ സ്വപ്‌നം. ഇത് ടെസ്്‌ല കാറിന്റെ മാര്‍ക്കറ്റിംഗ് ഗിമ്മിക്കാണെന്ന് പറയുന്നവര്‍ പോലും തന്റെ വിചിത്രഭാവനകള്‍ ഓരോന്നും യാഥാര്‍ഥ്യമാക്കി മുന്നേറുന്ന ഇലോണ്‍ മസ്‌ക് എന്ന അത്ഭുത മനുഷ്യന്റെ അപാരമായ ദൂരക്കാഴ്ചയെ തള്ളിപ്പറയുന്നില്ല.

സ്വകാര്യ കമ്പനികള്‍ ബഹിരാകാശത്ത് ബിസിനസ് സാധ്യത ആരാഞ്ഞു തുടങ്ങിയിട്ട് മൂന്നു ദശാബ്ദത്തോളമായിട്ടുണ്ട്. 1980കളില്‍ ഫ്രഞ്ച് കമ്പനിയായ ഏരിയന്‍ സ്‌പേസ് ആണ് ഇതിന് തുടക്കം കുറിച്ചത്. എന്നാല്‍ കോര്‍പറേറ്റുകളെല്ലാം തങ്ങളുടെ പേ ലോഡ് ഭ്രമണ പഥത്തിലെത്തിക്കാന്‍ സര്‍ക്കാര്‍ റോക്കറ്റുകളെ തന്നെയാണ് ആശ്രയിച്ചുകൊണ്ടിരുന്നത്. ഇവിടേയ്ക്കാണ് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഒരു ഗെയിം ചേഞ്ചറായി വരുന്നത്.

2030ല്‍ മനുഷ്യനെ ചൊവ്വയില്‍ ഇറക്കുന്ന ദൗത്യം അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ബറാക്് ഒബാമ പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാല്‍ അത്തരമൊരു ദൗത്യത്തില്‍ സ്വകാര്യ മേഖലയുടെ പങ്കാൡത്തം അനിവാര്യമായിരിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. എന്നാല്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ അജണ്ടയാകെ മാറിയിരിക്കുന്നു. ചൊവ്വാ ദൗത്യത്തിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഇപ്പോള്‍ ഇലോണ്‍ മസ്‌കും അദ്ദേഹത്തിന്റെ സ്‌പേസ് എക്‌സുമാണ്. ചൊവ്വാ ദൗത്യം ഏറെ ചെലവേറിയതായതിനാല്‍ സര്‍ക്കാര്‍ ധനസഹായം ആവശ്യമാകുമെന്ന് ഇലോണ്‍ മസ്‌ക് പറയുന്നു. സ്‌പേസ് എക്‌സിന്റെ ദൗത്യത്തിന് പിന്തുണ നല്‍കുന്ന റോളിലേക്ക് യു എസ് സര്‍ക്കാര്‍ മാറുമെന്ന് ചുരുക്കം.

സ്വകാര്യ കമ്പനികള്‍ ബഹിരാകാശത്ത് ബിസിനസ് സാധ്യത ആരാഞ്ഞു തുടങ്ങിയിട്ട് മൂന്നു ദശാബ്ദത്തോളമായിട്ടുണ്ട്. 1980കളില്‍ ഫ്രഞ്ച് കമ്പനിയായ ഏരിയന്‍ സ്‌പേസ് ആണ് ഇതിന് തുടക്കം കുറിച്ചത്. എന്നാല്‍ കോര്‍പറേറ്റുകളെല്ലാം തങ്ങളുടെ പേ ലോഡ് ഭ്രമണ പഥത്തിലെത്തിക്കാന്‍ സര്‍ക്കാര്‍ റോക്കറ്റുകളെ തന്നെയാണ് ആശ്രയിച്ചുകൊണ്ടിരുന്നത്. ഇവിടേയ്ക്കാണ് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഒരു ഗെയിം ചേഞ്ചറായി വരുന്നത്. യു എസ് സര്‍ക്കാരിന്റെ ഒരു രഹസ്യ ഉപഗ്രഹത്തെ സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കന്‍ 9 റോക്കറ്റ് ബഹിരാകാശത്ത് എത്തിച്ചത് കഴിഞ്ഞ മാസമാണ്.

ചെറിയ റോക്കറ്റുകള്‍ നിര്‍മിച്ച് ബഹിരാകാശ സംരംഭകത്വത്തിലേക്ക് കടന്നുവന്ന സ്‌പേസ് എക്‌സ് 2013ലാണ് അവരുടെ ആദ്യ ഉപഗ്രഹ വിക്ഷേപണം നടത്തിയത്. ഇന്ന് അവരുടെ ഫാല്‍ക്കന്‍ റോക്കറ്റുകള്‍ കുറഞ്ഞ ചെലവില്‍ ഉപഗ്രഹങ്ങള്‍ ബഹിരാകാശ ഭ്രമണപഥത്തിലെത്തിച്ചു കൊണ്ടിരിക്കുന്നു. ബഹിരാകാശ ദൗത്യങ്ങളില്‍ മത്സര രംഗത്തുള്ള എതിരാളികളെയെല്ലാം ഇപ്പോള്‍ സ്‌പേസ് എക്‌സ് ബഹുദൂരം പിന്തള്ളിക്കഴിഞ്ഞു. എന്നാല്‍ മറ്റ് കമ്പനികള്‍ നൂതനമായ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലുമാണ്. ഈ വഴിക്കുള്ള വലിയ മുന്നേറ്റങ്ങള്‍ വരും നാളുകളില്‍ ലോകം കണ്ടേക്കാം.

ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസിന്റെ സ്‌പേസ് ഫ്‌ളൈറ്റ് കമ്പനിയായ ബ്ലൂ ഒറിജിന്‍ നിര്‍മിച്ചിട്ടുള്ള പുനരുപയോഗ ശേഷിയുള്ള ന്യൂ ഗ്ലെന്‍ റോക്കറ്റ് മറ്റൊരു നൂതന സൃഷ്ടിയാണ്. ഫാല്‍ക്കന്‍ ഹെവിയുടെ പരീക്ഷണം പരാജയപ്പെട്ടിരുന്നുവെങ്കില്‍ ബ്ലൂ ഒറിജിന്‍ കമ്പനിക്ക് അത് പുതിയ സാധ്യതകള്‍ തുറന്നു നല്‍കുമായിരുന്നു. റിച്ചാര്‍ഡ് ബ്രാന്‍സന്‍ എന്ന സംരംഭകന്റെ വിര്‍ജിന്‍ ഗലാക്ടിക് ആണ് ബഹിരാകാശ ദൗത്യങ്ങളിലെ മറ്റൊരു സ്വകാര്യ മേഖലാ സാന്നിധ്യം. പുനരുപയോഗ സാധ്യതയുള്ള പാസഞ്ചര്‍ സ്‌പേസ് പ്ലെയിന്‍ എന്ന ആശയവുമായി മുന്നോട്ടുപോയ ബ്രാന്‍സന്റെ പരീക്ഷണ ദൗത്യങ്ങള്‍ക്ക് നേരിട്ട തിരിച്ചടി പദ്ധതിയെയാകെ പ്രതിസന്ധിയിലാക്കി.

ബഹിരാകാശ ദൗത്യങ്ങളുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകളില്‍ യു എസ് നിക്ഷേപകര്‍ 2.8 ബില്ല്യന്‍ ഡോളറിന്റെ നിക്ഷമാണ് 2016ല്‍ നടത്തിയത്. തൊട്ടു മുന്‍ വര്‍ഷം നടത്തിയതിന്റെ 400 ദശലക്ഷം ഡോളര്‍ അധികമാണിത്. നാസയക്ക് യു എസ് സര്‍ക്കാര്‍ അനുവദിക്കുന്ന 19.5 ബില്യണ്‍ ഡോളറിന്റെ ചെറിയ പങ്ക് മാത്രമാണ് ഇതെങ്കിലും ഓരോ വര്‍ഷവും സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ധിച്ചുവരുന്നു എന്നത് ശ്രദ്ധേയമാണ്. സര്‍ക്കാരുകള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും സ്വകാര്യ സംരംഭകരുടെ പങ്കാളിത്തം ശക്തമാകാന്‍ കാരണമാകുന്നുണ്ട്. ചെലവേറിയ ദൗത്യങ്ങള്‍ ഇന്ന് യു എസ് സര്‍ക്കാരിന് പോലും താങ്ങാനാകുന്നില്ല.

ഡച്ച്, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനികളും കാനഡയുടെ ഹഡ്‌സന്‍സ് ബേ കമ്പനിയും പുതിയ ഭൂവിഭാഗങ്ങള്‍ കണ്ടെത്തി കോളനികള്‍ സൃഷ്ടിക്കുകയും അവയുടെ രാഷ്ട്രീയാധികാരം സര്‍ക്കാരുകള്‍ കൈയേല്‍ക്കുകയും ചെയ്തതു പോലെ സ്‌പേസ് എക്‌സ് പോലുള്ള സ്വകാര്യ കമ്പനികള്‍ ബഹിരാകാശത്തെ അക്ഷയ ഖനികള്‍ കണ്ടെത്തുന്ന കാലം നമുക്ക് ഇപ്പോള്‍ ഭാവനയില്‍ കാണാന്‍ സാധിക്കും. കൊളംബസ് അമേരിക്ക കണ്ടെത്തിയതു പോലെ ഇലോണ്‍ മസ്‌ക് മനുഷ്യവാസം സാധ്യമായ ഒരു ഗ്രഹം കണ്ടെത്തുകയും അവിടേക്ക് യാത്രികരെ കൊണ്ടു പോകുകയും ചെയ്യുന്ന കാലം അതി വിദൂരമല്ലെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.

 

Comments

comments

Categories: Slider, Tech