കൃത്രിമ ബുദ്ധി: ഇന്ത്യ കൂടുതല്‍ നിക്ഷേപം നടത്തണം

കൃത്രിമ ബുദ്ധി: ഇന്ത്യ കൂടുതല്‍ നിക്ഷേപം നടത്തണം

കൃത്രിമ ബുദ്ധിയുമായി ബന്ധപ്പെട്ട ഗവേഷണത്തില്‍ ചൈന ഏറെ മുന്നിലാണ്. ഇന്ത്യക്ക് അത് മറികടക്കണമെങ്കില്‍ വലിയ നിക്ഷേപത്തോടൊപ്പം തന്നെ ദീര്‍ഘവീക്ഷണവും അനിവാര്യമാണ്

ലോകം ഇനി നിയന്ത്രിക്കാന്‍ പോകുന്നത് കൃത്രിമ ബുദ്ധിയില്‍ അധിഷ്ഠിതമായ ആപ്ലിക്കേഷനുകളാണ് എന്ന കാര്യത്തില്‍ തര്‍ക്കത്തിന് വകയില്ല. ഓട്ടൊമൊബീലും ഐടിയും ഉള്‍പ്പെടെ സാമ്പത്തിക രംഗത്തിന് അടിത്തറയേകുന്ന മിക്ക മേഖലകളിലും ഇതിനോടകം തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ കൃത്രിമ ബുദ്ധിയുടെ പ്രയോഗവല്‍ക്കരണം കണ്ടുതുടങ്ങി. ഈ രംഗത്ത് മുന്നേറ്റം നടത്തുന്ന രാജ്യങ്ങളാണ് ലോകത്തെ സ്വാധീനിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുക. അതുകൊണ്ടുതന്നെ ലോക പൊലീസാകാന്‍ പഠിച്ച പണി പതിനെട്ടും നോക്കുന്ന ചൈന കൃത്രിമ ബുദ്ധിയില്‍ നടത്തുന്നത് യുഎസിനെ പോലും ഭയപ്പെടുത്തുന്ന തരത്തിലെ നിക്ഷേപമാണ്.

കൃത്രിമ ബുദ്ധിയുടെ ലോകത്തിലെ രാജാവാകാന്‍ ചൈന 150 ബില്യണ്‍ ഡോളറിന്റെ വമ്പന്‍ പദ്ധതിയാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഒരു പതിറ്റാണ്ടോളമായി അവരുടെ ശ്രദ്ധ ഇതിലാണ്. യുഎസിനൊപ്പം തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ലോകത്ത് മേധാവിത്വം പുലര്‍ത്താന്‍ ഇപ്പോള്‍ ചൈനയ്ക്കാകുന്നുണ്ട്. സര്‍വ വിധേനെയും ഇന്ത്യയെ പിന്‍നിരയിലാക്കാന്‍ ശ്രമിക്കുന്ന ചൈനയുടെ ഈ മുന്നേറ്റം നമ്മള്‍ കാര്യമായി തന്നെ കണക്കിലെടുക്കണം. കൃത്രിമ ബുദ്ധിയെ സംബന്ധിച്ചിടത്തോളം ഇന്ത്യ ബസ് മിസാക്കരുത്. ഇപ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍, ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തില്ലെങ്കില്‍ ഒരു രാഷ്ട്രമെന്ന നിലയിലുള്ള ഇന്ത്യയുടെ നിലനില്‍പ്പിനെ വരെ ബാധിച്ചേക്കാവുന്ന തരത്തില്‍ ചൈന പിടിമുറുക്കും. 2030 ആകുമ്പോഴേക്കും കൃത്രിമ ബുദ്ധിയില്‍ ലോകനേതാവാകുകയാണ് ചൈനയുടെ പദ്ധതി.

നരേന്ദ്ര മോദി സര്‍ക്കാര്‍ കുറച്ചെങ്കിലും ഇതിന്റെ ഗൗരവം ഉള്‍ക്കൊണ്ടിട്ടുണ്ട് എന്ന് വേണം കരുതാന്‍. കഴിഞ്ഞ ദിവസമാണ് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷണത്തെക്കുറിച്ചും അതിന്റെ ആപ്ലിക്കേഷനുകളെക്കുറിച്ചും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു രൂപരേഖ തയാറാക്കാന്‍ സര്‍ക്കാര്‍ ഒരു ഉന്നതതല കമ്മിറ്റിയെ നിയമിച്ചതായി വാര്‍ത്ത വന്നത്. ദേശീയാടിസ്ഥാനത്തില്‍ റോബോട്ടിക്‌സും ഡാറ്റ അനലിറ്റിക്‌സും ഉപയോഗപ്പെടുത്തി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാം വ്യാപിപ്പിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. ഇതിന്റെ ഭാഗമായി നിതിയ ആയോഗ് അംഗം വികാസ് സരസ്വത്, ബയോടെക്‌നോളജി, സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പുകളിലെ സെക്രട്ടറിമാര്‍, നാസ്‌കോം മുന്‍ മേധാവി കിരണ്‍ കാര്‍ണിക്, ഇന്‍ഫോസിസ് മുന്‍ സിഇഒ മോഹന്‍ദാസ് പൈ, ഫഌപ്കാര്‍ട്ട് പോലുള്ള സംരംഭങ്ങളിലെ വിദഗ്ധര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ കഴിഞ്ഞ മാസം ആദ്യയോഗം സംഘടിപ്പിക്കുകയുമുണ്ടായി. നല്ല തുടക്കം തന്നെയാണിത്. കൃത്രിമ ബുദ്ധിയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇന്‍സെന്റീവുകള്‍ നല്‍കാനുള്ള പദ്ധതിയും സര്‍ക്കാരിനുണ്ട്. അടല്‍ ഇന്നൊവേഷന്‍ മിഷനെ ഇതുമായി ബന്ധപ്പെടുത്താനുള്ള നീക്കവും സ്വാഗതാര്‍ഹമാണ്.

എന്നാല്‍ അസാധാരണമായ രീതിയില്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്താല്‍ മാത്രമേ ഈ കമ്മിറ്റിക്ക് കൃത്രിമ ബുദ്ധി പോലുള്ള വിഷയങ്ങളില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ. പ്രധാനമായും അക്കാഡമിക് രംഗത്തെയും വ്യവസായ രംഗത്തെയും സര്‍ക്കാരിനെയും തമ്മില്‍ ബന്ധിപ്പിച്ചുള്ള ഇടപെടലിനുള്ള അവസരമായിരിക്കണം ഒരുക്കേണ്ടത്. ആ ദിശയില്‍ പദ്ധതികള്‍ മുന്നോട്ടുപോയാല്‍ മാത്രമേ കാര്യമാത്രപ്രസക്തമായ മാറ്റങ്ങള്‍ പ്രായോഗികതലത്തിലെത്തിക്കാന്‍ പറ്റൂ. മനുഷ്യന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്ന തരത്തില്‍ കൃത്രിമ ബുദ്ധി ഉപയോഗപ്പെടുത്താന്‍ സാധിക്കണം.

Comments

comments

Categories: Editorial