സാങ്കേതികവിദ്യ ശല്യമാകുമ്പോള്‍

സാങ്കേതികവിദ്യ ശല്യമാകുമ്പോള്‍

ജീവനക്കാരുടെ ഏകാഗ്രതയ്ക്ക് ഇന്റര്‍നെറ്റടക്കമുള്ള ആധുനികസങ്കേതങ്ങള്‍ തടസം നില്‍ക്കുന്നുവെന്നാണു പരാതി

ജോലികള്‍ എളുപ്പമാക്കുന്നതിനു വേണ്ടിയാണ് സാധാരണ ഗതിയില്‍ സാങ്കേതികവിദ്യകള്‍ അവലംബിക്കാറുള്ളത്. ആവശ്യം സൃഷ്ടിയുടെ മാതാവാണ് എന്ന ആപ്തവാക്യത്തില്‍ നിന്നാണ് എല്ലാ കണ്ടുപിടിത്തങ്ങളും ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഇതേ സാങ്കേതികവിദ്യകള്‍ തന്നെ ജോലികള്‍ ഫലപ്രദമായി പൂര്‍ത്തീകരിക്കുന്നതിന് ശല്യമാകുന്നുവെന്ന പരാതി പല തൊഴില്‍ദാതാക്കളുടെയും പക്കല്‍ നിന്നുണ്ടായിട്ടുണ്ട്. ഇ- മെയില്‍, എസ്എംഎസ്, സമൂഹമാധ്യമങ്ങളിലെ നോട്ടിഫിക്കേഷനുകള്‍ തുടങ്ങി ഇന്റര്‍നെറ്റ് യുഗത്തിലെ പ്രധാന വിനിമയ സങ്കേതങ്ങളെല്ലാം തന്നെ ശല്യക്കാരാണെന്നാണ് അവരുടെ പക്ഷം. തൊഴിലാളി വിരുദ്ധമായ മുതലാളിത്ത സമീപനമാണെന്നു പറഞ്ഞ് ഇതിനെ തള്ളിക്കളയാമെങ്കിലും ഇപ്പോള്‍ ഇതേപ്പറ്റി സര്‍വേ നടത്തിയിരിക്കുന്നത് സോഫ്റ്റ്‌വെയര്‍ രംഗത്തെ അതികായനും അതിനാല്‍ ഇന്റര്‍നെറ്റ് വ്യാപനത്തിന്റെ ഏറ്റവും വലിയ ഉപയോക്താവുമായ മൈക്രോസോഫ്റ്റ് തന്നെയാണെന്നത് അല്‍പ്പം ഇരുത്തി ചിന്തിപ്പിക്കും.

സാങ്കേതികവിദ്യ ജീവനക്കാരുടെ ക്രിയാത്മകതയെ ബാധിക്കുന്നുവെന്ന് സര്‍വേയില്‍ കണ്ടെത്തി. പലപ്പോഴും ഒരു ശല്യക്കാരന്റെ പങ്കാണ് തൊഴിലിടത്തില്‍ സാങ്കേതിക വിദ്യക്കുള്ളത്. 20,000 യൂറോപ്യന്‍ തൊഴിലാളികളെ പങ്കെടുപ്പിച്ചാണ് സര്‍വേ നടത്തിയത്. സമൂഹമാധ്യമങ്ങളുടെയും ഇന്‍ര്‍നെറ്റ് അധിഷ്ഠിത വാര്‍ത്താവിനിമയ സംവിധാനങ്ങളുടെയും മൊബീല്‍ഫോണിന്റെയും ഉപയോഗം ജോലിയോടുള്ള അര്‍പ്പണമനോഭാവത്തെ ദോഷകരമായി ബാധിച്ചുവെന്ന് അവര്‍ വ്യക്തമാക്കി. സ്വകാര്യമായി വിനിയോഗിക്കുന്ന സാങ്കേതികവിദ്യ മാത്രമല്ല, തൊഴില്‍ദാതാവ് അനുവദിച്ച സങ്കേതങ്ങള്‍ പോലും ശല്യമാകുന്നു. നിരവധി ജീവനക്കാര്‍ സാങ്കേതികവിദ്യയുടെ സമ്മര്‍ദം അനുഭവിക്കുന്നുണ്ടെന്നു വിദഗ്ധര്‍ വ്യക്തമാക്കി. കംപ്യൂട്ടറുമായി ദൈനംദിന ജീവിതത്തില്‍ അമിതമായി ഇടപഴകുമ്പോഴുണ്ടാകുന്ന മാനസികസമ്മര്‍ദത്തെയാണ് ടെക്‌നോസ്‌ട്രെസ്സ് എന്നു പറയുന്നത്.

21 യൂറോപ്യന്‍രാജ്യങ്ങളില്‍ നിന്നു സര്‍വേയില്‍ പങ്കെടുത്തവരില്‍ 11.4 ശതമാനത്തില്‍ മാത്രമാണ് ഉയര്‍ന്ന നിലയില്‍ ഉല്‍പ്പാദനക്ഷമത കണ്ടെത്താനായുള്ളൂ. പുതിയ കാലഘട്ടത്തിലെ ജീവനക്കാര്‍ വിരല്‍ത്തുമ്പില്‍ സാങ്കേതികവിദ്യ കിട്ടുന്നവരാണ്. എന്നാല്‍ അതിന്റെ ഗുണം അവരുടെ ജോലിയില്‍ പ്രതിഫലിക്കുന്നില്ല. അനന്തമായി ലഭിക്കുന്ന സമൂഹമാധ്യമ അപ്‌ഡേറ്റുകളും നോട്ടിഫിക്കേഷനുകളും അവരുടെ ഉല്‍പ്പാദനക്ഷമത കുറയ്ക്കുകയാണ്

ടെക്‌നോസ്‌ട്രെസ്സ്

ബ്രിട്ടണ്‍ ഉള്‍പ്പെടെ 21 യൂറോപ്യന്‍രാജ്യങ്ങളില്‍ നിന്നു സര്‍വേയില്‍ പങ്കെടുത്തവരില്‍ 11.4 ശതമാനത്തില്‍ മാത്രമാണ് ഉയര്‍ന്ന നിലയില്‍ ഉല്‍പ്പാദനക്ഷമത കണ്ടെത്താനായുള്ളൂ. പുതിയ കാലഘട്ടത്തിലെ ജീവനക്കാര്‍ വിരല്‍ത്തുമ്പില്‍ സാങ്കേതികവിദ്യ കിട്ടുന്നവരാണ്. എന്നാല്‍ അതിന്റെ ഗുണം അവരുടെ ജോലിയില്‍ പ്രതിഫലിക്കുന്നില്ല. അനന്തമായി ലഭിക്കുന്ന സമൂഹമാധ്യമ അപ്‌ഡേറ്റുകളും നോട്ടിഫിക്കേഷനുകളും അവരുടെ ഉല്‍പ്പാദനക്ഷമത കുറയ്ക്കുകയാണ്. നിരന്തരമായി സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നതിന്റെ, കോണ്‍സ്റ്റന്റ് കണക്റ്റിവിറ്റിയുടെ, അപകടങ്ങളും മൈക്രോസോഫ്റ്റ് ചൂണ്ടിക്കാട്ടുന്നു. സമൂഹമാധ്യമങ്ങളിലും ഫോണിലും മെയിലിലും വരുന്ന എന്തിനോടും പ്രതികരിക്കാന്‍ സദാ ജാഗരൂകരായിരിക്കുന്ന ജീവനക്കാരെയാണ് കാണാനാകുന്നത്. ഏതു നിമിഷവും വരാവുന്ന സന്ദേശങ്ങളെയും അറിയിപ്പുകളെയും അവര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നു സര്‍വേ ചൂണ്ടിക്കാട്ടുന്നു.

ഇഷ്ടാനുസരണം പ്രവര്‍ത്തിക്കുക എന്ന രീതിയാണ് ആധുനികകാലത്ത് പല സ്ഥാപനങ്ങളും അനുവര്‍ത്തിച്ചിരിക്കുന്നത്. പ്രത്യേക സമയചട്ടക്കൂടിനുള്ളില്‍ ഓഫിസില്‍ ഇരിക്കണമെന്ന് നിര്‍ബന്ധമില്ല, പകരം വീട്ടിലിരുന്നായാലും ജോലി തീര്‍ത്താല്‍ മതി എന്ന രീതിയാണിത്. കൂടുതല്‍ സമയം ജോലി ചെയ്യാന്‍ അനുവദിക്കുമ്പോള്‍ ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമത വര്‍ധിക്കുമെന്നാണ് ഈ രീതി അവലംബിക്കുമ്പോള്‍ കമ്പനികള്‍ കരുതിയിരുന്നത്. കമ്പനിയുടെ ഡിജിറ്റല്‍ സംസ്‌കാരം തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്താനും ജോലിയില്‍ കൂടുതല്‍ ഭാഗഭാഗിത്വം തോന്നിപ്പിക്കാനും സഹായിക്കുമെന്നാണ് സര്‍വേയില്‍ നിന്ന് ലഭിക്കുന്ന സൂചന. ഒരു സാങ്കേതികവിദ്യയെക്കുറിച്ചുള്ള കമ്പനിയുടെ കാഴ്ചപ്പാടും എങ്ങനെ അതിനെ ഉപയോഗപ്പെടുത്തണം എന്നതിനെക്കുറിച്ചുമാണ് ഡിജിറ്റല്‍ സംസ്‌കാരത്തില്‍ പ്രതിപാദിക്കുന്നത്. സോഫ്റ്റ്‌വെയറുകളും സാങ്കേതിക സാമഗ്രികളും ഉപയോഗിച്ച് സ്ഥാപനങ്ങള്‍ ചെയ്യേണ്ടതെന്തെന്നു മനസിലാക്കുകയും അതിനു വേണ്ടി ജീവനക്കാരെ പരിശീലിപ്പിക്കുകയും ഇതര സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ശക്തമായ ഡിജിറ്റല്‍ സംസ്‌കാരമുള്ള കമ്പനികളില്‍ 22 ശതമാനം ജീവനക്കാര്‍ ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത പ്രദര്‍ശിപ്പിക്കുന്നുവെന്ന് സര്‍വേ വ്യക്തമാക്കുന്നു. സാങ്കേതികവിദ്യ എങ്ങനെയാണ് സഹായിക്കുന്നതെന്ന ശക്തമായ ബോധ്യം ഭാഗഭാഗിത്വം അനുഭവപ്പെടാത്ത ജീവനക്കാരുടെ എണ്ണം എട്ടു ശതമാനമാക്കി കുറയ്ക്കുകയും ചെയ്തു. അതേസമയം, സാങ്കേതികവിദ്യ ശരിയായി കൈകാര്യം ചെയ്തിട്ടില്ലാത്ത കമ്പനികളില്‍ ഇത്തരം ജീവനക്കാരുടെ എണ്ണം 20 ശതമാനമായിരുന്നു

സാങ്കേതികവിദ്യയില്‍ നിന്ന് കൂടുതല്‍ ലഭിക്കാന്‍ സഹായിക്കുന്ന നിരവധി അനുകൂല സാഹചര്യങ്ങളിലേക്ക് ഡിജിറ്റല്‍ സംസ്‌കാരം വിരല്‍ ചൂണ്ടുന്നു. ഇ- മെയില്‍ പ്രതികരണങ്ങള്‍ക്കുള്ള ഉചിതസമയം മുതല്‍ ദൈനംദിനജോലികള്‍ ചെയ്യുന്നതിനുള്ള സാങ്കേതികസൗകര്യങ്ങളില്‍ ജനങ്ങള്‍ എത്രമാത്രം സന്തുഷ്ടരാണെന്നു മനസിലാക്കുന്നതു വരെയുള്ള കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ശക്തമായ ഡിജിറ്റല്‍ സംസ്‌കാരമുള്ള കമ്പനികളില്‍ 22 ശതമാനം ജീവനക്കാര്‍ ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത പ്രദര്‍ശിപ്പിക്കുന്നുവെന്ന് സര്‍വേ വ്യക്തമാക്കുന്നു. സാങ്കേതികവിദ്യ എങ്ങനെയാണ് സഹായിക്കുന്നതെന്ന ശക്തമായ ബോധ്യം ഭാഗഭാഗിത്വം അനുഭവപ്പെടാത്ത ജീവനക്കാരുടെ എണ്ണം എട്ടു ശതമാനമാക്കി കുറയ്ക്കുകയും ചെയ്തു. അതേസമയം, സാങ്കേതികവിദ്യ ശരിയായി കൈകാര്യം ചെയ്തിട്ടില്ലാത്ത കമ്പനികളില്‍ ഇത്തരം ജീവനക്കാരുടെ എണ്ണം 20 ശതമാനമായിരുന്നു.

സാങ്കേതികവിദ്യയുടെ വിന്യാസത്തിനിടയില്‍ അവിചാരിതമായി ഉണ്ടാകുന്ന ഭവിഷ്യത്താണ് ടെക്‌നോസ്‌ട്രെസ്സ്
എന്നാണ് വിഷയത്തെക്കുറിച്ച് ഗഹനമായി എഴുതിയിട്ടുള്ള മാഞ്ചസ്റ്റര്‍ ബിസിനസ് സ്‌കൂളിലെ മനഃശാസ്ത്ര അധ്യാപകന്‍ പ്രൊഫ. കാരി കൂപ്പര്‍ പറയുന്നത്. സാങ്കേതികവിദ്യയെ ഒരിക്കലും നമുക്ക് നിഷേധിക്കാനാകില്ല. ആശയവിനിമയത്തിന് അത് അനുപേക്ഷണീയമാണ്. എന്നാല്‍ അതിനെ ഉചിതമായ രീതിയില്‍ വികസിപ്പിക്കേണ്ടതുണ്ട്. ക്രിയാത്മകമായ അതിന്റെ ഗുണഫലങ്ങള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയണമെന്ന് അദ്ദേഹം നിര്‍ദേശിക്കുന്നു. മാനെജ്‌മെന്റ് സയന്‍സില്‍ ഒരു പുതിയ വിഭാഗം തന്നെ ടെക്‌നോസ്‌ട്രെസ്സിനായി തുറന്നിട്ടിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ആധുനിക കംപ്യൂട്ടര്‍, സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങള്‍ സ്വീകരിക്കുന്നതിനുള്ള തിരിച്ചടികളെക്കുറിച്ചാണ് ഇത് കൈകാര്യം ചെയ്യുന്നത്.

സാങ്കേതികവിദ്യകള്‍ക്ക് ജനങ്ങളില്‍ അമിതഭാരം നിറയ്ക്കാനാകും. ഇത് അവരുടെ ഉല്‍പ്പാദനക്ഷമത കുറയ്ക്കും. ഒരു ഉല്‍പ്പന്നമോ സേവനമോ നല്‍കാന്‍ കഴിയാത്തവിധം അവര്‍ സാങ്കേതികതയുടെ പിടിയില്‍ കുടുങ്ങുകയാണ്. ബ്രിട്ടണിലെ നാഷണല്‍ ഫോറം ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍ബീയിംഗ് അറ്റ് വര്‍ക്കിലെ അംഗങ്ങളായ സ്ഥാപനങ്ങള്‍ ഇ-മെയിലിനെ കണക്കാക്കുന്നത് രണ്ടാമത്തെ ഹാനികരമായ പ്രശ്‌നമെന്ന നിലയ്ക്കാണെന്ന് കാരി കൂപ്പര്‍ പറയുന്നു. ഇതു മനസിലാക്കിയ നിരവധി കമ്പനികള്‍ ജീവനക്കാര്‍ക്ക് ഇ- മെയിലുകള്‍ അയയ്ക്കുന്നത് കുറച്ചിട്ടുണ്ട്. ജീവനക്കാരുടെ മേല്‍ അത്രയും സമ്മര്‍ദ്ദം കുറയുമല്ലോ എന്നു കരുതിയാണിത്. സൃഷ്ടിപരമായ വിനിമയത്തിലൂടെയാണ് ഉല്‍പ്പാദനക്ഷമത കൈവരുകയുള്ളൂ, വെറുതെ കംപ്യൂട്ടറിനു മുമ്പില്‍ കുത്തിയിരുന്ന് മെയില്‍ അയച്ചാലോ നോട്ടിഫിക്കേഷനുകളില്‍ പ്രതികരിച്ചാലോ അതുണ്ടാകില്ലെന്ന കൂപ്പറിന്റെ വീക്ഷണം ആധുനിക സംരംഭകരും തൊഴിലാളികളും മുഖവിലയ്‌ക്കെടുക്കണം.

 

Comments

comments

Categories: Slider, Tech