ധനമന്ത്രി സമ്മാനിച്ചത് പരമാവധിയാളുകള്‍ക്ക് പരമാവധി ദോഷം

ധനമന്ത്രി സമ്മാനിച്ചത് പരമാവധിയാളുകള്‍ക്ക് പരമാവധി ദോഷം

ബജറ്റ് പ്രസംഗത്തിന്റെ ആദ്യ 20 മിനുട്ടുകള്‍ കേന്ദ്രത്തെ കുറ്റപ്പെടുത്താനാണ് തോമസ് ഐസക് ചെലവിട്ടത്

കഴിഞ്ഞ വര്‍ഷത്തേതിന്റെ പകര്‍പ്പെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള ഏറെ നിരാശാജനകമായ ബജറ്റായിരുന്നു ഇത്. സംസ്ഥാനത്തിന്റെ ദുരിതപൂര്‍ണമായ അവസ്ഥയുടെ പഴി കേന്ദ്രത്തിനുമേല്‍ ചാരാനുള്ള ശ്രമമാണ് കേരളത്തിന്റെ ധനമന്ത്രി തോമസ് ഐസക് നടത്തിയത്.

ശരിയാണ്, കേന്ദ്രത്തെ വിമര്‍ശിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. ഏറ്റവും മോശം രീതിയില്‍ നടപ്പിലാക്കിയ തുഗ്ലക് പരിഷ്‌കാരമായ നോട്ട് അസാധുവാക്കല്‍, അതിനെ പിന്തുടര്‍ന്നുകൊണ്ടു തന്നെ വ്യക്തമായ ആസൂത്രണമില്ലാതെ നടപ്പിലാക്കിയ ചരക്കു സേവന നികുതി (ജിഎസ്ടി) എന്നിവയെല്ലാം രാജ്യത്തുടനീളം ആഘാതമേല്‍പ്പിച്ചു, സാധാരണക്കാരനെ ബാധിച്ചു. എന്നാല്‍ അതിസമ്പന്നരേയും കോര്‍പ്പറേറ്റുകളെയും അവ സ്പര്‍ശിച്ചില്ല.

തന്റെ ബജറ്റ് പ്രസംഗത്തിന്റെ ആദ്യ 20 മിനുട്ടുകള്‍ കേന്ദ്രത്തെ കുറ്റപ്പെടുത്താനാണ് തോമസ് ഐസക് ചെലവിട്ടത്. ക്ലാസില്‍ ഒന്നാമതാകുമെന്നു മുന്നേ വീമ്പു പറഞ്ഞ് തോറ്റു പോയതിനു ശേഷം താന്‍ എന്തുകൊണ്ടു ഈ വര്‍ഷം പരാജയപ്പെട്ടുവെന്നു വിശദീകരിക്കുന്ന ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പോലെ തോന്നി തോമസ് ഐസക്കിനെ അപ്പോള്‍.

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ വരുമാന വളര്‍ച്ച ദേശീയ ശരാശരിയിലും താഴേക്കു പോയെന്ന വസ്തുത ഒരു ഒഴിവുകഴിവുകള്‍ കൊണ്ടും മറയ്ക്കാന്‍ സാധിക്കില്ല. 9.9 ശതമാനമായിരുന്നു ദേശീയ ശരാശരി. എന്നാല്‍ കേരളത്തിന്റെ വളര്‍ച്ച 7.7 ശതമാനമാണ്. അതേസമയം, കേരളം മിക്കപ്പോഴും രേഖപ്പെടുത്തുന്ന വളര്‍ച്ചാ നിരക്ക് ദേശീയ ശരാശരിക്ക് മുകളിലായിരുന്നു.

ജിഎസ്ടിക്കു കീഴില്‍ സംരംഭങ്ങളുടെ റജിസ്‌ട്രേഷന്‍ വര്‍ധിപ്പിക്കാന്‍ കേരളത്തിന് സാധിച്ചില്ലയെന്നതാണ് ഇതിനുള്ള ഒരു പ്രധാന കാരണം. സംസ്ഥാന സമ്പദ് വ്യവസ്ഥയുടെ 63 ശതമാനവും സേവന മേഖലയിലധിഷ്ഠിതമാണ്. ജിഎസ്ടി റജിസ്‌ട്രേഷനിലേക്ക് ഇത് വരുമ്പോള്‍ സേവന മേഖലയാണ് ഏറ്റവും വലിയ അപരാധി. ജിഎസ്ടി രജിസ്‌ട്രേഷന്‍ വര്‍ധിപ്പിച്ചില്ലായെങ്കില്‍, പ്രധാനമായും സേവന മേഖലയില്‍ സംസ്ഥാനത്തിന്റെ ജിഎസ്ടി വരുമാനം കുറയുന്നത് തുടരും

നോട്ട് അസാധുവാക്കലോ ചരക്കു സേവന നികുതിയോ ഒന്നുമല്ല ഇതിനു കാരണം. ഇവ രണ്ടും എല്ലാ സംസ്ഥാനങ്ങളെയും ഒരുപോലെ ബാധിച്ചു. അതുകൊണ്ടു തന്നെ കേരളം മോശം പ്രകടനം കാഴ്ചവയ്ക്കാന്‍ പാടില്ലായിരുന്നു. വളര്‍ച്ചാ നിരക്ക് കഴിഞ്ഞ വര്‍ഷത്തേതിന് തുല്യമായിരിക്കണമായിരുന്നു. മറ്റു സംസ്ഥാനങ്ങളേക്കാള്‍ മോശമായിരുന്നു കേരളത്തിന്റെ സാമ്പത്തിക പ്രകടനമെന്നാണ് സംസ്ഥാനത്തിന്റെ വളര്‍ച്ച ദേശീയ ശരാശരിയിലും താഴേക്ക് പോയത് സൂചിപ്പിക്കുന്നത്.

ജിഎസ്ടിക്കു കീഴില്‍ സംരംഭങ്ങളുടെ റജിസ്‌ട്രേഷന്‍ വര്‍ധിപ്പിക്കാന്‍ കേരളത്തിന് സാധിച്ചില്ലയെന്നതാണ് ഇതിനുള്ള ഒരു പ്രധാന കാരണം. സംസ്ഥാന സമ്പദ് വ്യവസ്ഥയുടെ 63 ശതമാനവും സേവന മേഖലയിലധിഷ്ഠിതമാണ്. ജിഎസ്ടി റജിസ്‌ട്രേഷനിലേക്ക് ഇത് വരുമ്പോള്‍ സേവന മേഖലയാണ് ഏറ്റവും വലിയ അപരാധി. ജിഎസ്ടി രജിസ്‌ട്രേഷന്‍ വര്‍ധിപ്പിച്ചില്ലായെങ്കില്‍, പ്രധാനമായും സേവന മേഖലയില്‍ സംസ്ഥാനത്തിന്റെ ജിഎസ്ടി വരുമാനം കുറയുന്നത് തുടരും.

20 ലക്ഷത്തിനു മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ ജിഎസ്ടിയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കണം. അതായത് പ്രതിദിനം 6000 രൂപ വിറ്റുവരവുള്ള സംരംഭങ്ങള്‍ ഇതില്‍ റജിസ്റ്റര്‍ ചെയ്യപ്പെടണം. അതുകൊണ്ടുതന്നെ ചെറുകിട കച്ചവട സ്ഥാപനങ്ങള്‍, പെട്ടിക്കടകള്‍, റെസ്റ്ററന്റുകള്‍ എന്നിവയെല്ലാം ജിഎസ്ടി പരിധിക്കുള്ളില്‍ വരും.

സംസ്ഥാനം തങ്ങളുടെ ജിഎസ്ടി റജിസ്‌ട്രേഷന്‍ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ എടുത്തിരുന്നെങ്കില്‍ നിലവിലുള്ള ഈ പരിതാപകരമായ അവസ്ഥ വരില്ലായിരുന്നു. വലിയ വില കൊടുക്കേണ്ടിവരുന്ന ഒരു പരാജയമായി ഇതിനെ കണക്കാക്കാം.

മറ്റു പലകാര്യങ്ങള്‍ കൊണ്ടും ബജറ്റ് വ്യത്യസ്തമാണ്. ലക്ഷക്കണക്കിന് രൂപ മുടക്കി ഓഡികളും മെഴ്‌സിഡസുകളും വാങ്ങി പോണ്ടിച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്ത് സംസ്ഥാനത്തിന് കൊടുക്കാനുള്ള നികുതി നല്‍കാത്ത അതിസമ്പന്നരെ സഹായിക്കുകയാണ് ബജറ്റിന്റെ ഉദ്ദേശ്യമെന്നു തോന്നി. ഇത്തരത്തില്‍ റജിസ്റ്റര്‍ ചെയ്ത വാഹന ഉടമകള്‍ക്ക് പോണ്ടിച്ചേരിയില്‍ ഭവനങ്ങളോ റെസിഡന്‍സുകളോ ഉണ്ടെങ്കില്‍ കുഴപ്പമില്ല.

എന്നാല്‍ സംസ്ഥാനത്തെ കബളിപ്പിച്ച മിക്കയാളുകള്‍ക്കും പോണ്ടിച്ചേരിയില്‍ റെസിഡന്‍സുകളില്ല. തെറ്റായ മേല്‍വിലാസങ്ങളോ, തങ്ങള്‍ക്ക് അവിടെ ഭവനങ്ങളുണ്ടെന്ന് തെളിയിക്കുന്ന കൃത്രിമ രേഖകളോ ആണ് ഇവരുടെ പക്കലുള്ളത്. സംസ്ഥാനത്തോട് കാട്ടിയ വെറും നികുതി വെട്ടിപ്പ് മാത്രമല്ല ഇത്. വഞ്ചനയും ചതിയും കൂടിയാണ്.

ഇത്തരത്തിലുള്ള കാപട്യശാലികള്‍ക്കാണ് തോമസ് ഐസക് മാപ്പനുവദിച്ചത്. അവര്‍ക്ക് കേവലം സംസ്ഥാന റജിസ്‌ട്രേഷന്‍ ഫീസ് മാത്രം അടച്ചാല്‍ മതി. മറ്റ് സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത കാറുകള്‍ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ടോ മറ്റോ കേരളത്തിലേക്ക് കൊണ്ടുവരുന്ന സാഹചര്യത്തില്‍ ആറ് മാസത്തിനുള്ളില്‍ ഇവിടെ റജിസ്റ്റര്‍ ചെയ്യാത്ത പക്ഷം ഇരട്ടി റജിസ്‌ട്രേഷന്‍ ഫീസ് നല്‍കണമെന്നതാണ് നിര്‍ദേശം.

അതായത് നിങ്ങള്‍ പോണ്ടിച്ചേരിയില്‍ വാഹനം റജിസ്റ്റര്‍ ചെയ്താല്‍ കേരളത്തില്‍ വെറും റജിസ്‌ട്രേഷന്‍ ഫീസ് മാത്രം അടച്ച് നടപടികളില്‍ നിന്ന് തടിയൂരാം. എന്നാല്‍ മറ്റൊരു സംസ്ഥാനത്ത് അവിടെ താമസിക്കുന്ന വേളയില്‍ നിയമപരമായി റജിസ്റ്റര്‍ ചെയ്ത വാഹനം താമസം മാറുമ്പോള്‍ കേരളത്തിലേക്ക് കൊണ്ടുവന്നാല്‍ റജിസ്‌ട്രേഷന്‍ ഫീസിന്റെ ഇരട്ടി നിങ്ങള്‍ക്ക് അടയ്‌ക്കേണ്ടിവരും. സത്യസന്ധത പുലര്‍ത്തിയതിന്റെ കൂലി!

ഏതെങ്കിലുമൊരു ധനമന്ത്രി, പ്രത്യേകിച്ച് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ധനമന്ത്രി ബൂര്‍ഷ്വാ അതിസമ്പന്നര്‍ക്ക് ഇത്തരം ഇളവുകള്‍ നല്‍കുമോ? ഉത്തരം തീര്‍ച്ചയായും ഇല്ല എന്നാണ്. പിന്നെ എന്തുകൊണ്ടാണ് മാര്‍ക്‌സിസ്റ്റ് ധനമന്ത്രി ഇങ്ങനെ ചെയ്തത്?

ഈ ‘മാപ്പുനല്‍കല്‍’ വഴി ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്ന ഉന്നതനായ ബിജെപി എംപി സുരേഷ് ഗോപിയെ സംരക്ഷിക്കുന്നതിനുള്ള സിപിഐ(എം)-ബിജെപി സന്ധിയാണോ ഇത്. അല്ലെങ്കില്‍, ഇത്തരമൊരു തീരുമാനത്തില്‍ നിന്ന് നേട്ടം ലഭിക്കുന്ന ഫഹദ് ഫാസില്‍, അമലാ പോള്‍ എന്നിവരേപ്പോലുള്ളവര്‍ ഉള്‍പ്പെടുന്ന ചലച്ചിത്ര ലോകവും സിപിഎമ്മും തമ്മിലുള്ള സന്ധിയോ. അഞ്ഞൂറു രൂപ കൈക്കൂലി വാങ്ങിയ കോണ്‍സ്റ്റബിള്‍ അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണിതെന്നത് കൂടി ഓര്‍ക്കണം. അതിസമ്പന്നര്‍ക്ക് ഒരു നിയമവും മാര്‍ക്‌സിസ്റ്റ് കേരളത്തിലെ സാധാരണക്കാരന് മറ്റൊരു നിയമവുമാണെന്നത് വ്യക്തമാണ്.

വ്യവസായങ്ങള്‍ പുനരുജ്ജീവിപ്പിക്കപ്പെടുകയാണെങ്കില്‍ അത് യുവാക്കളെ ആകര്‍ഷിക്കുന്ന വിധത്തിലായിരിക്കണം. അതിനായി ആധുനിക അതിയന്ത്രവല്‍ക്കരണ പ്രക്രിയകളോടെ അവയുടെ സാങ്കേതികവിദ്യകള്‍ അപ്‌ഗ്രേഡ് ചെയ്യണം. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, സര്‍ക്കാര്‍ ഇന്നും പരമ്പരാഗത രീതികള്‍ക്കു പിന്നാലെയാണ്.

തൊഴിലിനോട് കാണിച്ച തികഞ്ഞ അവഗണനയാണ് ബജറ്റിലെ എടുത്തു പറയാവുന്ന മറ്റൊരു കുറവ്. 154 മിനുട്ട് നീണ്ടുനിന്ന ബജറ്റ് പ്രസംഗത്തില്‍ തൊഴില്‍ വിഷയങ്ങളെ കുറിച്ച് സംസാരിക്കാന്‍ ധനമന്ത്രി മാറ്റിവച്ചത് കേവലം 15 സെക്കന്റുകളാണ്. തൊഴിലിനും തൊഴിലവസരങ്ങള്‍ക്കും കേരളത്തിലെ മാര്‍ക്‌സിസ്റ്റ് സര്‍ക്കാരിന്റെ മുന്‍ഗണന പട്ടികയിലുള്ള ഇടം ഇല്ലാതാകുന്നുവെന്നു വേണം കരുതാന്‍. ബജറ്റില്‍ തൊഴിലിനെക്കുറിച്ച് കൂടുതലൊന്നും പറയാഞ്ഞത് ധനകാര്യമന്ത്രിക്ക് പറ്റിയ ഒരു പിഴവ് മാത്രമാണോ? അതോ ഇത് കേരളത്തിലെ സിപിഎമ്മിന്റെ നയത്തില്‍ വന്ന ആസൂത്രിതമായ മാറ്റമാണോ?

യുവജനതയുടെ നൈപുണ്യ വികസനത്തിനും ബജറ്റില്‍ പ്രാധാന്യം നല്‍കാതിരുന്നത് എടുത്തു പറയേണ്ടതാണ്. 50 മില്യണ്‍ യുവാക്കളില്‍ നൈപുണ്യ വികസനം എന്ന ലക്ഷ്യത്തോടെ 2012ല്‍ മന്‍മോഹന്‍ സര്‍ക്കാര്‍ സ്‌കില്ലിംഗ് ഇന്ത്യ പദ്ധതി ആരംഭിച്ചിരുന്നു. സ്‌കില്ലുകള്‍ക്കായി പ്രത്യേക മന്ത്രാലയം തന്നെ സ്ഥാപിച്ച് മോദി ഇത് മുന്നോട്ട് കൊണ്ടുപോയി. സ്‌കില്ലിംഗുമായി ബന്ധപ്പെട്ട് കഷ്ടിച്ച് ഒരു പരാമര്‍ശം മാത്രമാണ് കേരളാ ബജറ്റിലുള്ളത്. കേരളത്തിലെ യുവാക്കള്‍ ജോലി തേടുമ്പോള്‍ അത് ഉറപ്പാക്കാന്‍ സംസ്ഥാനത്തിന് സാധിക്കുന്നില്ല. കേരളത്തിനു പുറത്തും വിദേശത്തും ജോലി കണ്ടെത്താന്‍ അവരെ സഹായിക്കുന്ന ഏറ്റവും വ്യക്തമായ നയമായിരിക്കും നൈപുണ്യ വികസനമെന്നത്. എന്നാല്‍ ധനമന്ത്രിയുടെ പ്രസംഗത്തില്‍ ഇതിന്റെ പ്രാധാന്യം പൂര്‍ണമായും അവഗണിക്കപ്പെട്ടു.

കാര്‍ഷിക മേഖലയ്ക്ക് ബജറ്റില്‍ അല്‍പ്പം ശ്രദ്ധയുണ്ടായിരുന്നു. എന്നാല്‍ തീര്‍ച്ചയായും ഇത്രയും മതിയാവില്ല. കാര്‍ഷികരംഗം മാറിക്കൊണ്ടിരിക്കുകയാണ്. മാറ്റത്തിനൊപ്പം കേരളത്തിനും സഞ്ചരിക്കേണ്ടതുണ്ട്. ഹൈടെക് കൃഷി, ബയോ ടെക്‌നോളജി, ഹൈവാല്യു ഫാമിംഗ്, ഹരിതഗൃഹങ്ങള്‍, കോള്‍ഡ് ചെയ്ന്‍ എന്നിവയിലെല്ലാമാണ് വികസിത രാജ്യങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കേരളത്തിലെ യുവജനങ്ങള്‍ കൃഷിയില്‍ പൂര്‍ണമായും താല്‍പര്യം കാണിക്കാത്ത സമയത്ത് ഈ പുതിയ സാങ്കേതികവിദ്യകള്‍ക്ക് അവരെ ആകര്‍ഷിക്കാന്‍ ഉപകരിക്കും. എന്നാല്‍ ഇത്തരത്തില്‍ ഉദിച്ചുയരുന്ന മേഖലകളില്‍ ബജറ്റ് നിശബ്ദത പാലിച്ചു. യുവജനങ്ങള്‍ക്കായി, അവരെ കാര്‍ഷിക രംഗത്തേക്ക് ആകര്‍ഷിക്കുന്നതിനായി ഒന്നും ബജറ്റില്‍ ഉണ്ടായിരുന്നില്ല.

പകരം, പരമ്പരാഗത കയര്‍, കശുവണ്ടി, ഹാന്‍ഡ്‌ലൂം തുടങ്ങിയ വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് പ്രാധാന്യം നല്‍കി. ഈ വ്യവസായങ്ങള്‍ക്കും ആയുസുണ്ട്. അവയില്‍ ചിലത് ഒരു സമയത്ത് അത്യാവശ്യമായിരുന്നു. പക്ഷേ അതിനു ശേഷം ഈ വ്യവസായങ്ങള്‍ അമിതമായിത്തീര്‍ന്നു. മരിച്ചുകൊണ്ടിരിക്കുന്ന മേഖലയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുന്നതു പോലെ ചെറിയ ഉപയോഗം മാത്രമേ ഇതുകൊണ്ടുള്ളു. അസ്തമിക്കാറായ ഇത്തരം വ്യവസായങ്ങളോടാണ് ധനമന്ത്രി ബജറ്റില്‍ താല്‍പര്യം പ്രകടിപ്പിച്ചതായി തോന്നുന്നത്.

ഈ വ്യവസായങ്ങള്‍ പുനരുജ്ജീവിപ്പിക്കപ്പെടുകയാണെങ്കില്‍ അത് യുവാക്കളെ ആകര്‍ഷിക്കുന്ന വിധത്തിലായിരിക്കണം. അതിനായി ആധുനിക അതിയന്ത്രവല്‍ക്കരണ പ്രക്രിയകളോടെ അവയുടെ സാങ്കേതികവിദ്യകള്‍ അപ്‌ഗ്രേഡ് ചെയ്യണം. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, സര്‍ക്കാര്‍ ഇന്നും പരമ്പരാഗത രീതികള്‍ക്കു പിന്നാലെയാണ്. കശുവണ്ടി, കയര്‍ തുടങ്ങിയ വ്യവസായങ്ങളില്‍ ഉപയോഗിക്കുന്ന കാലഹരണപ്പെട്ട സാങ്കേതികവിദ്യയില്‍ ജോലി ചെയ്യാന്‍ പ്രായമായ തൊഴിലാളികള്‍ മാത്രമേ വരികയുള്ളു. അതിന് സംസ്ഥാനം പണം ചെലവാക്കേണ്ടതുണ്ടോ? പകരം പ്രായമായ തൊഴിലാളികള്‍ക്ക് മികച്ച പെന്‍ഷന്‍ ഉറപ്പു വരുത്തി, മേഖലയെ യുവാക്കളെ ആകര്‍ഷിക്കുന്ന തരത്തില്‍ ആധുനികവല്‍ക്കരിക്കുകയും പ്രവര്‍ത്തനങ്ങള്‍ നവീകരിക്കുകയുമല്ലേ വേണ്ടത്?

സംസ്ഥാനത്തെ നഷ്ടത്തില്‍ കിടക്കുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ക്കായി അഭിമാനത്തോടെ കോടികള്‍ മാറ്റിവച്ചതാണ് കഷ്ടം. ഈ സ്ഥാപനങ്ങളില്‍ മിക്കതിനും ഒരു സാമൂഹിക പ്രാധാന്യവുമില്ല. വര്‍ഷങ്ങളായി തുടര്‍ച്ചയായി നഷ്ടത്തിലാണ് അവ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഏതാനും നൂറുകണക്കിന് തൊഴിലാളികളെയും നഷ്ടം വരുത്തിവയ്ക്കുന്ന മാനേജ്‌മെന്റിനെയും പിന്തുണയ്ക്കാന്‍ പാവം നികുതിദായകരുടെ പണം ദാനമായി കൈമാറിയതില്‍ ധനമന്ത്രി ആഹ്ലാദം കണ്ടെത്തി.

പരമാവധി ആളുകള്‍ക്ക് പരമാവധി നന്മ പ്രദാനം ചെയ്യുന്ന വിധത്തിലുള്ളതാകണം സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം. എന്നാല്‍ ഏതാനും ചിലര്‍ക്ക് പരമാവധി നന്മയും, പരമാവധി ആളുകള്‍ക്ക് പരമാവധി ദോഷവും ചെയ്യുന്ന തരത്തിലുള്ളതാണ് ഈ ബജറ്റ്.

(റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥനാണ് ലേഖകന്‍)

 

Comments

comments

Categories: Business & Economy, Slider