1.8 ബില്ല്യണ്‍ ഡോളറിന്റെ വമ്പന്‍ ബ്രോഡ്കാസ്റ്റ് ഡീലില്‍ ഒപ്പുവെച്ച് സൗദി ടെലികോം

1.8 ബില്ല്യണ്‍ ഡോളറിന്റെ വമ്പന്‍ ബ്രോഡ്കാസ്റ്റ് ഡീലില്‍ ഒപ്പുവെച്ച് സൗദി ടെലികോം

റിയാദ്: സര്‍ക്കാരിന് കീഴിലുള്ള സൗദി ടെലികോം രാജ്യത്തെ പ്രൊഫഷണല്‍ സോക്കര്‍ മത്സരങ്ങള്‍ 10 വര്‍ഷത്തേക്ക് സംപ്രേക്ഷണം ചെയ്യുന്നതിനുള്ള അവകാശം നേടിയെടുത്തു. ഇതിനായി കമ്പനി കരാറില്‍ ഒപ്പുവെച്ചു. 1.8 ബില്ല്യണ്‍ ഡോളറാണ് മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിനായി കമ്പനി നല്‍കുക. സര്‍ക്കാരിന് കീഴില്‍ തന്നെയുള്ള ജനറല്‍ സ്‌പോര്‍ട്‌സ് അതേറിറ്റിയുമായാണ് സൗദി ടെലികോം കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

ഇതുവരെ കരാര്‍ നേടിയിരുന്നത് സ്വകാര്യ സംരംഭങ്ങളാണ്. സംപ്രേക്ഷണാവകാശം സര്‍ക്കാരിന് കീഴിലുള്ള സംരംഭം തന്നെ ഏറ്റെടുക്കുന്നതിനെ ശ്രദ്ധേയ കാര്യമായാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്. എംബിസി ഗ്രൂപ്പിനായിരുന്നു ഇതുവരെയുള്ള സംപ്രേക്ഷണ അവകാശം.

അഴിമതിക്കെതിരെ സൗദിയില്‍ വ്യാപകമായ ഉടച്ചുവാര്‍ക്കലാണ് നടക്കുന്നത്. അതിശക്തനായ സംരംഭകനും രാജകുടുംബാഗവുമായ പ്രിന്‍സ് അല്‍വലീദ് ബിന്‍ തലാല്‍ ബിന്‍ അബ്ദുളസീസിനെ വരെ അഴിമതി വിരുദ്ധ നടപടികളുടെ പേരില്‍ സൗദി തുറുങ്കിലടച്ചിരുന്നു. ഈ നടപടികളുടെ തന്നെ ഭാഗമായിട്ടാണോ എബിസിയുമായുള്ള കരാര്‍ ജനറല്‍ സ്‌പോര്‍ട്‌സ് അതേറിറ്റി റദ്ദാക്കുന്നത് എന്ന കാര്യവും വ്യക്തമല്ല.

പ്രമുഖ സൗദി സംരംഭകനും എംബിസിയുടെ നിയന്ത്രണാധികാരവുമുള്ള വലീദ് അല്‍ ഇബ്രാഹിമും അഴിമതി വിരുദ്ധ വേട്ടയുടെ ഭാഗമായി നടപടികള്‍ നേരിട്ടിരുന്നു. അതേസമയം സൗദി ടെലികോമുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ ഏറ്റവും വലുതാണെന്ന് അതേറിറ്റിയുടെ തലവന്‍ തുര്‍ക്കി അല്‍-അല്‍ ഷേഖ് ട്വീറ്റ് ചെയ്തു.

സൗദിയുടെ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി സ്‌പോര്‍ട്‌സ് മേഖലയിലും വലിയ പരിഷ്‌കരണങ്ങള്‍ നടപ്പാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. എണ്ണ ഇതര മേഖലകളില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി തന്നെയാണിത്. സൗദി ടെലികോമിന്റെ 70 ശതമാനം ഉടമസ്ഥാവകാശം സോവറിന്‍വെല്‍ത്ത് ഫണ്ടായ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിനാണ്.

Comments

comments

Categories: Arabia