ഐഎസ്ആര്‍ഒക്ക് അഞ്ച് മാസങ്ങളില്‍ അഞ്ച് ദൗത്യങ്ങള്‍

ഐഎസ്ആര്‍ഒക്ക് അഞ്ച് മാസങ്ങളില്‍ അഞ്ച് ദൗത്യങ്ങള്‍

ചെന്നൈ: ചന്ദ്രയാന്‍-2 ദൗത്യം ഉള്‍പ്പെടെ അഞ്ച് മാസങ്ങളിലായി അഞ്ച് വിക്ഷേപണങ്ങള്‍ നടത്തുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണെന്നു ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാനായി സ്ഥാനമേറ്റ കെ. ശിവന്‍ പറഞ്ഞു. GSLV-FO8 (GSAT-6A satellite), GSLV -MkIII, Chandrayaan-2, PSLV എന്നിവയാണു 2018-ന്റെ ആദ്യപകുതിയില്‍ ശ്രീഹരിക്കോട്ട സ്‌പേസ്‌പോര്‍ട്ടില്‍നിന്നും വിക്ഷേപിക്കാന്‍ പോകുന്ന ഐഎസ്ആര്‍ഒയുടെ ദൗത്യങ്ങള്‍. യൂറോപ്യന്‍ സ്‌പേസ് കണ്‍സോര്‍ഷ്യത്തിന്റെ ഫ്രഞ്ച് ഗയാനയിലെ കുറുവിലുള്ള സ്‌പേസ്‌പോര്‍ട്ടില്‍നിന്നും GSAT-11 ഉപഗ്രഹം ജൂണില്‍ വിക്ഷേപിക്കാന്‍ ഏരിയന്‍സ്‌പേസിനു ഐഎസ്ആര്‍ഒ കരാര്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ 15-18 വിക്ഷേപണങ്ങള്‍ നടത്താനാണു ഐഎസ്ആര്‍ഒ പദ്ധതിയിടുന്നതെന്നു ചെയര്‍മാന്‍ പറഞ്ഞു.

വിദേശ ലോഞ്ചറിന്റെ സഹായത്തോടെ വിക്ഷേപിക്കുന്ന ഇന്ത്യയുടെ അവസാന ഉപഗ്രഹമായിരിക്കും GSAT-11 എന്നു കരുതപ്പെടുന്നുണ്ട്. അതേസമയം ഇക്കാര്യം തീര്‍ച്ചപ്പെടുത്തിയിട്ടില്ലെന്നു ശിവന്‍ പറഞ്ഞു. നാല് ടണ്‍ വരെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള പ്രാപ്തി ഇപ്പോള്‍ ഐഎസ്ആര്‍ഒയ്ക്കുണ്ട്. ഈ സാഹചര്യത്തില്‍ ജിസാറ്റ് പോലെ വന്‍ഭാരമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ വിദേശരാഷ്ട്രങ്ങളുടെ സഹായം തേടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപഗ്രഹങ്ങളുടെ ഭാരം കുറച്ചു കൊണ്ടുവരാനുള്ള ശ്രമമാണ് ഐഎസ്ആര്‍ഒ നടത്തുന്നത്. ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ സംവിധാനം ഉപയോഗിച്ചാല്‍ 5.7 ടണ്‍ ഭാരമുള്ള ഉപഗ്രഹവും, നാല് ടണ്‍ ഭാരമുള്ള ഉപഗ്രഹവും നിര്‍വഹിക്കുന്ന ജോലികള്‍ ഒന്നായിരിക്കും. ഈ സാഹചര്യത്തില്‍ ഉപഗ്രഹങ്ങളുടെ ഭാരം വര്‍ധിപ്പിക്കുന്നതില്‍ കാര്യമില്ലെന്നും ശിവന്‍ പറഞ്ഞു.

Comments

comments

Categories: Tech