കേരളത്തില്‍ ബ്ലോക്ക്‌ചെയിന്‍ അക്കാദമി സ്ഥാപിക്കാന്‍ ഇന്‍ക്യു ഇന്നവേഷന്‍

കേരളത്തില്‍ ബ്ലോക്ക്‌ചെയിന്‍ അക്കാദമി സ്ഥാപിക്കാന്‍ ഇന്‍ക്യു ഇന്നവേഷന്‍

കൊച്ചി: ബിസിനസ് രംഗത്തെ നൂതനസാങ്കേതികവിദ്യയായ ബ്ലോക്ക്‌ചെയിന്‍ ബോധനം ലക്ഷ്യമിട്ട് കേരളത്തില്‍ ബ്ലോക്ക്‌ചെയിന്‍ അക്കാദമി സ്ഥാപിക്കുന്നതിന് ആഗോള നിലവാരത്തില്‍ ഇന്‍ക്യുബേറ്ററുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള കോവര്‍ക്കിംഗ് സ്‌പേസുകള്‍ എന്നിവയുമായി ഈയിടെ കൊച്ചിയിലും ഓഫീസ് തുറന്ന ഇന്‍ക്യു ഇന്നവേഷനും ന്യൂഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബ്ലോക്ക്‌ചെയിന്‍ കൗണ്‍സിലും ധാരണാപത്രത്തില്‍ ഒപ്പിട്ടു.

ബ്ലോക്ക്‌ചെയിന്‍ പരിശീലനത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ പങ്കാളിത്തം വഴി തുറക്കുമെന്ന് തദവസരത്തില്‍ സംസാരിച്ച ഇന്‍ക്യു ഇന്നവേഷന്‍ സഹസ്ഥാപകന്‍ രാജേഷ് ജോണി പറഞ്ഞു. ഇത്തരം നൂതന സാങ്കേതികവിദ്യകള്‍ കേരളത്തിലെത്തിക്കുന്നതിനുള്ള ഇന്‍ക്യു ഇന്നവേഷന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ സംരംഭമെന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക്ക്‌ചെയിന്‍ പരിശീലന പ്രോഗ്രാമുകള്‍ നടത്തുക, പൂര്‍ണതോതിലുള്ള ഒരു ബ്ലോക്ക്‌ചെയിന്‍ ലാബ് സ്ഥാപിക്കുക, പദ്ധതികളുടെ സാധ്യതാ രൂപകല്‍പ്പനകള്‍ തയ്യാറാക്കുക (പ്രൂഫ് ഓഫ് കണ്‍സെപ്റ്റ്‌സ്) എന്നീ സേവനങ്ങളാണ് അക്കാദമിയില്‍ ലഭ്യമാക്കുക. 1, 2, 3 ദിന പരിശീലന പരിപാടികളും ദീര്‍ഘകാല പരിശീലന പരിപാടികളും ഉണ്ടാകും. ഈ പരിപാടികള്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും വിദ്യാര്‍ത്ഥികള്‍ക്കാവശ്യമുള്ള രീതികളില്‍ ഹൈബ്രിഡ് മാതൃകകളിലും ലഭ്യമാക്കുമെന്ന് രാജേഷ് ജോണി പറഞ്ഞു.

ഈയിടെ കൊച്ചിയില്‍ ഓഫീസ് തുറന്ന ഇന്‍ക്യു ഇന്നവേഷന്‍ സിഡ്‌നി, ദുബായ്, ബംഗളൂരു എന്നിവിടങ്ങളിലായി ഒട്ടേറെ സ്റ്റാര്‍ട്ടപ്പുകള്‍ ഇന്‍ക്യുബേറ്റ് ചെയ്തിട്ടുണ്ട്. നൂതന വളര്‍ച്ചാമേഖലകളായ അഗ്രിടെക്, ബയോടെക്, ക്ലീന്‍ എനര്‍ജി, മീഡിയ, ഡിജിറ്റല്‍ ടെക്‌നോളജി, വിദ്യാഭ്യാസം, ട്രെയ്‌നിംഗ്, ടൂറിസം, ആരോഗ്യരക്ഷ, ഫിന്‍ടെക് തുടങ്ങിയ മേഖലകളിലാണ് ഇന്‍ക്യു ഇന്നവേഷന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സീഡ്, വെഞ്ച്വര്‍ ക്യാപ്പറ്റില്‍ ഫണ്ടുകള്‍, ലീഗല്‍, പേറ്റന്റ് സേവനങ്ങള്‍, ഇക്വിറ്റി, ലിസ്റ്റിംഗ്, വിപണനം, ബാക്ക്ഓഫീസ് തുടങ്ങിയ സമഗ്രസേവനങ്ങളും ലഭ്യമാക്കുന്നതാണ് ഇന്‍ക്യുവിന്റെ പ്രവര്‍ത്തനരീതി.

സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ ബിസിനസ് മൂല്യമുള്ള എന്തിന്റേയും ക്രമക്കേടുകള്‍ വരുത്താനാവാത്ത ഡിജിറ്റല്‍ ലെഡ്ജറാണ് ബ്ലോക്ക്‌ചെയിന്‍. കേന്ദ്രീകൃത വിവരവ്യവസ്ഥ ഇല്ലാത്ത ഇതില്‍ വ്യക്തികള്‍ക്കോ കമ്പനികള്‍ക്കോ തന്നിഷ്ട പ്രകാരം ക്രമക്കേടുകള്‍ വരുത്താനാവില്ല. അക്കാരണത്താല്‍ത്തന്നെ ഒരു അധികാര കേന്ദ്രത്തിന്റേയോ മൂന്നാമതൊരു കക്ഷിയുടേയോ ആവശ്യം ഇതിലില്ല. അങ്ങനെ ബിസിനസ് ഇടപാടുകള്‍ ഇടനിലക്കാരും അധികാരികളും ഇല്ലാതെ സുതാര്യമായി നടത്താമെന്നതാണ് വിപ്ലവകരമായ ഈ നൂതനവിദ്യയുടെ സവിശേഷത. ബാങ്കിംഗ്, ഉല്‍പ്പാദന വ്യവസായങ്ങള്‍, പൊതുഭരണം എന്നീ മേഖലകളിലെല്ലാം വന്‍മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ പോന്നതാണ് ബ്ലോക്ക്‌ചെയിന്‍.

Comments

comments

Categories: Business & Economy