ഡോ. എന്‍ പി പി നമ്പൂതിരി അന്തരിച്ചു

ഡോ. എന്‍ പി പി നമ്പൂതിരി അന്തരിച്ചു

കൂത്താട്ടുകുളം: പ്രശസ്ത ആയുര്‍വേദ നേത്രരോഗചികിത്സാവിദഗ്ധനും കൂത്താട്ടുകുളം ശ്രീധരീയം ആയുര്‍വേദ നേത്രാസ്പത്രി ഗവേഷണകേന്ദ്രം മാനേജിംഗ് ഡയറക്റ്ററുമായ ഡോ. എന്‍ പി പി നമ്പൂതിരി (68) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ഇന്ന് പുലര്‍ച്ചെ 5.50 ന് ആയിരുന്നു അന്ത്യം. രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ കുറെ നാളുകളായി എന്‍ പി പി ചികിത്സയിലായിരുന്നു.

നേത്രരോഗചികിത്സയെ സംബന്ധിച്ച് ഗവേഷണം നടത്തി ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ വിവിധ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കണ്ണിനെ ബാധിക്കുന്ന ചില പ്രത്യേക രോഗങ്ങള്‍ ആയുര്‍വേദ ചികിത്സയിലൂടെ ഭേദമാക്കാന്‍ കഴിയുമെന്നുള്ള അറിവ് ലോകത്തിന് നല്‍കി. കാഴ്ചയുടെ തമ്പുരാന്‍ എന്ന പേരിലാണ് ഡോ. എന്‍ പി പി അറിയപ്പെടുന്നത്.

കൂത്താട്ടുകുളം നെല്യക്കാട്ട് ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടെയും പൈങ്ങോട്ടില്ലത്ത് പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായി 1949 ഒകേ്റ്റാബര്‍ 29 ന് ജനിച്ചു. കൂത്താട്ടുകുളത്തെ സ്‌കൂളിലെ പഠനത്തിന് ശേഷം തൃപ്പൂണിത്തുറ ഗവ.ആയുര്‍വേദ കോളേജില്‍ നിന്ന് ബിരുദം നേടി. 1977 ല്‍ ആയുര്‍വേദ ഡോക്റ്ററായി സംസ്ഥാന സര്‍ക്കാരില്‍ സേവനമാരംഭിച്ചു. തൊടുപുഴ ജില്ല ആയുര്‍വേദ ആസ്പത്രിയില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു. കോട്ടയം ജില്ല ചീഫ് മെഡിക്കല്‍ ഓഫീസറായി 2004ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. കൂത്താട്ടുകുളം ശ്രീധരീയം ആയുര്‍വേദ നേത്രാസ്പത്രി ഗവേഷണകേന്ദ്രത്തിലെ മാനേജിംഗ് ഡയറക്റ്ററായി ചുമതലയേറ്റു .

കേരള സര്‍ക്കാരിന്റെ ഭിഷഗ് രത്‌ന പുരസ്‌ക്കാരം (2015) , ഓസ്‌കാര്‍ ഓഫ് ഇന്ത്യന്‍ ഹെല്‍ത്ത് കെയറിന്റെ ബെസ്റ്റ് ഡോക്ടര്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം (2015), മഹര്‍ഷി പുരസ്‌ക്കാരം, ഇന്ത്യന്‍ ബോര്‍ഡ് ഓഫ് ആള്‍ട്ടര്‍നേറ്റിവ് മെഡിസിന്‍ പുരസ്‌ക്കാരംരാഷ്ട്രീയ ആയുര്‍വേദ വിദ്യാപീഠം ഫെല്ലോഷിപ്പ് , പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‌ക്കാരം (2004) , രാഷ്ട്രീയ രത്തന്‍ പുരസ്‌ക്കാരം (2003) , സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ഭട പുരസ്‌ക്കാരം (2006) , വോയ്‌സ് ഓഫ് ഗള്‍ഫ് റിട്ടേണിസ് എക്‌സലന്‍സ് പുരസ്‌ക്കാരം (2010), കേന്ദ്ര മനുഷ്യാവകാശ മിഷന്‍ ദേശീയ പുരസ്‌ക്കാരം (2015) , അന്താരാഷ്ട്ര ഗോള്‍ഡ് സ്റ്റാര്‍ മില്ലേനിയം പുരസ്‌ക്കാരം (2007) എന്നിവ നേടിയിട്ടുണ്ട്. ആയുര്‍വേദ നേത്ര ചികിത്സയെ മുന്‍നിര്‍ത്തി സഹസ്രനേത്രയോഗം എന്ന പുസ്തകത്തിന്റെ രചയിതാവാണ് .

ഭാര്യ : അമനകര പുനത്തില്‍ ഇല്ലത്ത് ജയശ്രീ പി നമ്പൂതിരി. മക്കള്‍ : ഡോ. ശ്രീകല , ശ്രീരാജ്, ഡോ. ശ്രീകാന്ത് (ആയുര്‍വേദ ആസ്പത്രി തൊടുപുഴ), ശ്രീദേവി . മരുമക്കള്‍ : ബിജു പ്രസാദ് കോട്ടയം (സിഇഒ ശ്രീധരീയം) , ശ്രുതി പാലക്കാട് , ഡോ. അഞ്ജലി, ഉദനേശ്വര പ്രസാദ്. സഹോദരന്‍: എന്‍ പി നാരായണന്‍ നമ്പൂതിരി (ചെയര്‍മാന്‍ ശ്രീധരീയം ഗ്രൂപ്പ്). ബുധനാഴ്ച വൈകിട്ട് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നെല്യക്കാട്ട് മനയില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു. ജനപ്രതിനിധിനിധികളും , വിവിധ സംഘടനാഭാരവാഹികളും ഉള്‍പ്പടെ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ആയിരങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയിരുന്നു.

Comments

comments

Categories: Life