ബാങ്ക് റീകാപ്പിറ്റലൈസേഷന്‍ പ്രധാനമായും എംഎസ്എംഇകള്‍ക്കു വേണ്ടി: ഹസ്മുഖ് അധിയ

ബാങ്ക് റീകാപ്പിറ്റലൈസേഷന്‍ പ്രധാനമായും എംഎസ്എംഇകള്‍ക്കു വേണ്ടി: ഹസ്മുഖ് അധിയ

ന്യൂഡെല്‍ഹി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) ശക്തിപ്പെടുത്തുകയാണ് ബാങ്ക് റീകാപ്പിറ്റലൈസേഷന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ഹസ്മുഖ് അധിയ. മൊത്തം അഞ്ച് ലക്ഷം കോടി രൂപയുടെ സഹായമാണ് സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കുന്നത്. ഇതുവഴി എംഎസ്എംഇകളെ പിന്തുണയ്ക്കുകയാണ് പ്രഥമോദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ സംഘടനയായ ഫിക്കി (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി)യുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഹസ്മുഖ് അധിയ.

വന്‍കിട സംരംഭങ്ങളുമായി എംഎസ്എംഇകള്‍ക്ക് നിര്‍ണായകമായ ബന്ധമുണ്ട്. പക്ഷെ, ഒറിജിനല്‍ എക്യുപ്‌മെന്റ് മാനുഫാക്ച്ചറര്‍മാരില്‍ നിന്നും പേമെന്റ് വൈകുന്നത് കാരണം പലപ്പോഴും എംഎസ്എംഇകള്‍ പ്രതിസന്ധിയിലാകുന്നതായി ഹസ്മുഖ് അധിയ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ എംഎസ്ഇകള്‍ക്ക് വായ്പാ സഹായം ആവശ്യമാണ്. പൊതുമേഖലാ ബാങ്കുകളുടെ മൂലധന അടിത്തറ ശക്തമാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ എംഎസ്ഇകള്‍ക്ക് വായ്പ അനുവദിക്കുന്നതിന് ബാങ്കുകളെ പ്രാപ്തമാക്കുമെന്നും ഇത് ചെറുകിട സംരംഭങ്ങള്‍ക്ക് ആശ്വാസമാകുമെന്നും അധിയ ചൂണ്ടിക്കാട്ടി.

രാജ്യത്ത് ചെറുകിട സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും അവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സര്‍ക്കാര്‍ എടുത്തിട്ടുള്ള നടപടികളെകുറിച്ച് ഫിനാന്‍സ് സര്‍വീസ് സെക്രട്ടറി രാജീവ് കുമാറും യോഗത്തില്‍ പ്രതിപാദിച്ചു. എംഎസ്എംഇകള്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ അവതരിപ്പിച്ച ‘ഉദ്യാമി മിത്ര’ ഓണ്‍ലൈന്‍ ആപ്ലിക്കേഷന് ആദ്യ ദിനം തന്നെ മികച്ച പ്രതികരണം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ങ്ങളെന്നും 11-12 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ശേഷി ഈ മേഖലയ്ക്കുണ്ടെന്നും രാജീവ് കുമാര്‍ വ്യക്തമാക്കി. മൂലധന സഹായവും പാപ്പരത്ത നിയമവും ബാങ്കുകളുടെ വായ്പാ ശേഷി ഉയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുമേഖലാ ബാങ്കുകളുടെ മൂലധനശേഷി ഉയര്‍ത്തുന്നതിനും സാമ്പത്തികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വേണ്ടി കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ 2.11 ലക്ഷം കോടി രൂപയുടെ സഹായ പാക്കേജാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പൊതുമേഖല ബാങ്കുകള്‍ക്ക് കൂടുതല്‍ മൂലധനം ലഭിക്കുന്നത് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അന്ന് അറിയിച്ചിരുന്നു. എംഎസ്ഇകള്‍ക്ക് പ്രോത്സാഹനം നല്‍കണമെന്ന നിര്‍ദേശം പൊതുബജറ്റിലും ജയ്റ്റ്‌ലി മുന്നോട്ടുവെച്ചിട്ടുണ്ട്. കിട്ടാക്കടം മൂലം പൊതുമേഖലാ ബാങ്കുകളുടെ സാമ്പത്തികാരോഗ്യം മോശം തലത്തിലേക്ക് പോയതിനെ തുടര്‍ന്നാണ് റീകാപ്പിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചത്.

Comments

comments