അമ്പത് ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ അനാവരണം ചെയ്യും

അമ്പത് ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ അനാവരണം ചെയ്യും

ഫ്യൂച്ചറിസ്റ്റിക് കണ്‍സെപ്റ്റായ ഇ-സര്‍വൈവറാണ് മാരുതി സുസുകി പ്രദര്‍ശിപ്പിക്കുന്ന ഒരു വാഹനം

ന്യൂഡെല്‍ഹി : ഈ മാസം ഒമ്പതിന് ഗ്രേറ്റര്‍ നോയ്ഡയില്‍ തുടങ്ങുന്ന ഓട്ടോ എക്‌സ്‌പോയില്‍ അമ്പതോളം ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ അനാവരണം ചെയ്യും. മറ്റ് ഓട്ടോ ഷോകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ മിക്കതും കണ്‍സെപ്റ്റുകളായി അവതരിപ്പിക്കുകയാണെങ്കില്‍ 2018 ഓട്ടോ എക്‌സ്‌പോയില്‍ ബഹുഭൂരിപക്ഷവും വര്‍ക്കിംഗ് മോഡലുകളായിരിക്കും. അതായത് രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഈ വാഹനങ്ങളെ നിരത്തുകളില്‍ കാണാം. ഇവയില്‍ മിക്ക വാഹനങ്ങളും താങ്ങാനാവുന്ന വിലയിലായിരിക്കും വിപണിയില്‍ ലഭ്യമാകുന്നത്.

മാരുതി സുസുകി, ഹ്യുണ്ടായ്, മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ടൊയോട്ട, റെനോ, ബിഎംഡബ്ല്യു, മെഴ്‌സിഡസ് ബെന്‍സ് തുടങ്ങിയവരെല്ലാം ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇലക്ട്രിക് മൊബിലിറ്റി സ്‌പെഷലിസ്റ്റുകളായ സ്വീഡനിലെ യൂണിറ്റി, ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ എന്നിവരും ഇലക്ട്രിക് വാഹനങ്ങള്‍ അണിനിരത്തും.

ഫ്യൂച്ചറിസ്റ്റിക് കണ്‍സെപ്റ്റായ ഇ-സര്‍വൈവറാണ് മാരുതി സുസുകി പ്രദര്‍ശിപ്പിക്കുന്ന ഒരു വാഹനം. ജപ്പാനില്‍ സുസുകി സോളിയോയില്‍ നല്‍കിയ നെക്‌സ്റ്റ്-ജെന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ വര്‍ക്കിംഗ് മോഡലും കൂട്ടത്തിലുണ്ടാകും. ഹ്യുണ്ടായ് അയോണിക്കിന്റെ ഇലക്ട്രിക്, ഹൈബ്രിഡ് വേരിയന്റുകള്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ പ്രദര്‍ശിപ്പിക്കും. ഈ ദക്ഷിണ കൊറിയന്‍ കമ്പനി 2019 ല്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനം പുറത്തിറക്കാനാണ് ശ്രമിക്കുന്നത്. മാരുതി സുസുകിയേക്കാള്‍ ഒരു വര്‍ഷം മുന്നേ.

അര ഡസന്‍ വീതം ഇലക്ട്രിക് വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് സ്വന്തം നാട്ടുകാരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ടാറ്റ മോട്ടോഴ്‌സും പ്രഖ്യാപിച്ചിരിക്കുന്നത്. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ് ഒരു ഓള്‍-ഇലക്ട്രിക് വാഹനം, രണ്ട് ഹൈബ്രിഡുകള്‍, ഒരു പ്ലഗ്-ഇന്‍ ഹൈബ്രിഡ് എന്നിവ അണിനിരത്തും. അതേസമയം ഒരു ഓള്‍-ഇലക്ട്രിക് വാഹനവും രണ്ട് പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനവും കൊണ്ടുവന്ന് കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കും. ഫ്രഞ്ച് കമ്പനിയായ റെനോ സോയി ഇ-സ്‌പോര്‍ട് പ്രദര്‍ശിപ്പിക്കും. ഐ8, ഐ3എസ് എന്നിവ ബിഎംഡബ്ല്യു അണിനിരത്തുമ്പോള്‍ തൊട്ടപ്പുറത്ത് മെഴ്‌സിഡസ് ബെന്‍സ് ഇക്യു കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിക്കും.

ഒരു ഓള്‍-ഇലക്ട്രിക് വാഹനവും രണ്ട് പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനവും കൊണ്ടുവന്ന് കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കും

സ്വീഡിലെ യൂണിറ്റി ഇന്ത്യന്‍ പ്രവേശനത്തിനായി ബേര്‍ഡ് ഗ്രൂപ്പുമായി സഖ്യം സ്ഥാപിച്ചിട്ടുണ്ട്. ഓട്ടോ എക്‌സ്‌പോയില്‍ രണ്ട് സീറ്റുള്ള ഇലക്ട്രിക് കാര്‍ പ്രദര്‍ശിപ്പിക്കുമെന്ന് ബേര്‍ഡ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ അങ്കുര്‍ ഭാട്ടിയ പറഞ്ഞു. ആഫ്‌ടെക് മോട്ടോഴ്‌സ്, ഡെസ്‌മോട്ടോ ഇലക്ട്രിക്, ഗോള്‍ഡ്‌സ്‌റ്റോണ്‍ ഇന്‍ഫ്രാടെക്, ഗ്രീന്റിക്ക്, ഹീറോ ഇലക്ട്രിക്, ടുക് ഫാക്ടറി എന്നിവയും ഇലക്ട്രിക് വാഹന രംഗത്തെ തങ്ങളുടെ കരുത്ത് തെളിയിക്കാന്‍ ഓട്ടോ എക്‌സ്‌പോയിലെത്തും.

Comments

comments

Categories: Auto