‘ബാങ്കിന്റെ ആത്മാവ് കുടികൊള്ളുന്നത് ബ്രാഞ്ചുകളിലാണ്’

‘ബാങ്കിന്റെ ആത്മാവ് കുടികൊള്ളുന്നത് ബ്രാഞ്ചുകളിലാണ്’

The Wonder Woman of Banking- ഇത്തരത്തില്‍ വിശേഷണം നല്‍കാവുന്ന ഒരു മലയാളി മാത്രമേയുള്ളൂ, ശാലിനി വാര്യര്‍. ആഗോള ബാങ്കിംഗ് രംഗത്ത് വിവിധ തലങ്ങളില്‍ അസാമാന്യമായ വൈദഗ്ധ്യം തെളിയിച്ച പ്രൊഫഷണല്‍. സിഒഒ പദവിയിലിരുന്ന് ഫെഡറല്‍ ബാങ്കിന്റെ വളര്‍ച്ചയില്‍ ഇപ്പോള്‍ നിര്‍ണായക സ്വാധീനം ചെലുത്തുകയാണ് ശാലിനി വാര്യര്‍.

ബാങ്കിംഗ് രംഗത്ത് നീണ്ട 25 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. ഇന്ത്യയിലും വിദേശത്തുമായി ബാങ്കിനെ നയിച്ചുള്ള നേതൃപാടവം, ഡിജിറ്റല്‍ ബാങ്കിംഗ്, ഉപഭോക്തൃ സംതൃപ്തി, പ്രോജക്റ്റ് മാനേജ്‌മെന്റ്, ബാങ്കിംഗ് ടെക്‌നോളജി, ഓപ്പറേഷന്‍സ് മാനേജ്‌മെന്റ് എന്നീ രംഗങ്ങളില്‍ ആഗോളതലത്തിലുള്ള അനുഭവ സമ്പത്ത്. ദുബായ്, ഇന്തോനേഷ്യ, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങളില്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്കിന്റെ സിഇഒ സ്ഥാനം അലങ്കരിച്ചതിന്റെ മേന്മ. 2015 നവംബര്‍ രണ്ടിന് കേരളം ആസ്ഥാനമായ ഫെഡറല്‍ ബാങ്കിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ (സിഒഒ) എന്ന പദവി ഏറ്റെടുക്കുമ്പോള്‍ ശാലിനി വാര്യര്‍ എന്ന ഈ തൃശ്ശൂരുകാരിയെ രാജ്യത്തെ ബാങ്കിംഗ് രംഗം ഉറ്റുനോക്കിയതിനുള്ള കാരണങ്ങള്‍ നിരവധി.

ബാങ്കിംഗ് രംഗത്ത് ഉന്നതപദവിയിലേക്ക് വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടു തുടങ്ങിയിട്ട് കാലം കുറച്ചായി എങ്കിലും കേരളത്തെസംബന്ധിച്ച് ഇത് തീര്‍ത്തും പുതുമയുള്ള കാര്യമായിരുന്നു. ഒരു ബാങ്കിന്റെ സിഒഒ പദവിയില്‍ എത്തുന്ന ആദ്യ മലയാളി വനിത എന്ന ബഹുമതിയോടെയാണ് ശാലിനി വാര്യര്‍ ചുമതലയേറ്റത്. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുടെ ചുമതലയോടെ ഫെഡറല്‍ ബാങ്കിന്റെ ആലുവ, മുംബൈ ഓപ്പറേഷന്‍സ്, ടെക്‌നോളജി, ഡിജിറ്റല്‍ ബാങ്കിംഗ്, ബ്രാഞ്ച് വിപുലീകരണം, ഉപഭോക്തൃ സംതൃപ്തി എന്നീ മേഖലകളുടെ ചുമതല ഏറ്റെടുത്തുകൊണ്ടാണ് ശാലിനി വാര്യര്‍ തന്റെ കരിയറിന്റെ രണ്ടാം ഇന്നിംഗ്‌സ് ഫെഡറല്‍ ബാങ്കിനൊപ്പം തുടങ്ങിയത്.

വനിതകള്‍ക്ക് ഏറെ അവസരങ്ങള്‍ ഉള്ള മേഖലയാണ് ബാങ്കിംഗ് എന്ന് വിശ്വസിക്കുന്നു ശാലിനി വാര്യര്‍. ഈ രംഗത്തെ അവസരങ്ങള്‍ ജനങ്ങള്‍ പൂര്‍ണ്ണമായി വിനിയോഗിക്കുന്നില്ല എന്ന അഭിപ്രായമാണ് അവര്‍ക്കുള്ളത്. ഫെഡറല്‍ ബാങ്കിന്റെ സിഒഒ പദവി ഏറ്റെടുത്ത് രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ ശാലിനി വാര്യര്‍ക്ക് താന്‍ ഏറ്റെടുത്ത ജോലിയില്‍ പൂര്‍ണ്ണ സംതൃപ്തി മാത്രം. ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്ത് ഏറെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞു എന്നതിന്റെ സംതൃപ്തിയില്‍ നിന്നുകൊണ്ട് തന്നെ 2018 -19 സാമ്പത്തികവര്‍ഷത്തിലേക്കുള്ള ബാങ്കിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് ശാലിനി വാര്യര്‍. തന്റെ ബാങ്കിംഗ് കരിയറിനെ പറ്റിയും ഈ രംഗത്തെ അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ചും ഫെഡറല്‍ ബാങ്കിന്റെ ഭാവി വികസന പദ്ധതികളെ പറ്റിയും ശാലിനി വാര്യര്‍ ഫ്യൂച്ചര്‍ കേരളയോട് സംസാരിക്കുന്നു

ബാങ്കിംഗ് രംഗത്ത് വനിതാ പ്രാതിനിധ്യം ഏറെ കുറവായിരുന്ന കാലഘട്ടത്തിലായിരുന്നല്ലോ താങ്കള്‍ ഈ രംഗത്തേക്ക് കടന്നു വരുന്നത്, കരിയറിന്റെ തുടക്കകാലം എങ്ങനെയായിരുന്നു?

ഓരോ വ്യക്തിക്കും തങ്ങളുടെ ജീവിതത്തില്‍ ഏതെങ്കിലും ഒരു പ്രത്യേക മേഖലയോട് ഒരു പാഷന്‍ ഉണ്ടായിരിക്കും. പഠന കാലം മുതല്‍ക്ക് തന്നെ എന്റെ താല്‍പര്യം ബാങ്കിംഗ് രംഗത്തോട് തന്നെയായിരുന്നു. ചാര്‍ട്ടേര്‍ഡ് എകൗണ്ടന്‍സി പഠനം പൂര്‍ത്തിയാക്കിയ സമയത്താണ് എനിക്ക് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കില്‍ അവസരം ലഭിക്കുന്നത്. ടെസ്റ്റ് എഴുതി പാസായി 1990ല്‍ ബാങ്കില്‍ ട്രെയിനിയായി ജോയിന്‍ ചെയ്തു. 1991ല്‍ ട്രെയിനിംഗ് പൂര്‍ത്തിയാക്കി ചെന്നൈയില്‍ ബാങ്കിന്റെ ഇന്റേണല്‍ ഓഡിറ്റ് ഡിവിഷനില്‍ ജോയിന്‍ ചെയ്തു. 1992 ല്‍ ബാംഗ്ലൂരിലേക്ക് മാറ്റം കിട്ടി. ആ സമയത്താണ് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് സിസ്റ്റത്തിലേക്ക് മാറുന്നത്. അടുത്ത മൂന്നു വര്‍ഷക്കാലം ഞാന്‍ ഈ രംഗത്ത് ഫിനാഷ്യല്‍ മാനേജരായി പ്രവര്‍ത്തിച്ചു.

2015 വരെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിനൊപ്പം പ്രവര്‍ത്തിച്ച് വളരെ മികച്ച ഒരു കരിയര്‍ ഗ്രാഫ് ഉണ്ടാക്കിയെടുക്കാന്‍ എനിക്ക് സാധിച്ചു. ഞാന്‍ ബാങ്കിംഗ് രംഗത്ത് ചുവടുറപ്പിക്കുമ്പോള്‍ വളരെക്കുറച്ചു വനിതകള്‍ മാത്രമാണ് ഈ മേഖലയില്‍ ഉണ്ടായിരുന്നത്. ഇത് ഒരേ സമയം അവസരവും വെല്ലുവിളിയും ആയിരുന്നു. പക്ഷേ, എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ വനിതകള്‍ക്ക് ഏറ്റവും കൂടുതല്‍ തിളങ്ങാന്‍ കഴിയുന്ന മേഖലയാണ് ബാങ്കിംഗ്.

അതിനുശേഷം, ബാങ്കിന്റെ ഉപഭോക്തൃ സേവന വിഭാഗത്തിന്റെ ചുമതല ഏറ്റെടുത്തു. 1997 മുതലാണ് ഞാന്‍ കണ്‍സ്യൂമര്‍ ബാങ്കിംഗില്‍ ശ്രദ്ധ പതിപ്പിച്ചു തുടങ്ങിയത്. ലോണ്‍ വിഭാഗം ഹെഡ് ഓഫ് ഓപ്പറേഷന്‍സ് ആയി കുറച്ചുകാലം പ്രവര്‍ത്തിച്ചു. ആ സമയമായപ്പോഴേക്കും ബാങ്കിന്റെ ഇന്ത്യയിലെ ശാഖകളുടെ എണ്ണം 95 ആയി ഉയര്‍ന്നു, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് എഎന്‍ഇസെഡ് ഗ്രിന്‍ഡ്‌ലേസിനെ ഏറ്റെടുത്തതോടു കൂടിയായിരുന്നു അത്. 2005 ന്റെ തുടക്കത്തോടെ ബാങ്കിന്റെ ബ്രൂണൈ സിഇഒ ആയി പോസ്റ്റിംഗ് ലഭിച്ചു. ഇന്ത്യയ്ക്ക് പുറത്തു പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച ആ കാലഘട്ടത്തില്‍ എനിക്ക് ബാങ്കിംഗ് രംഗത്തെ നൂതനമായ മാറ്റങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ കഴിഞ്ഞു. 2007ല്‍ ബാങ്കിന്റെ ഇന്തോനേഷ്യന്‍ ഡിവിഷനില്‍ കണ്‍സ്യൂമര്‍ ബാങ്കിംഗ് വിഭാഗത്തിന്റെ മേധാവിയായി. 130ല്‍ പരം ബാങ്കുകള്‍ ഉള്ള ആ രാജ്യത്തെ പ്രവര്‍ത്തന പരിചയം ബാങ്കിംഗ് മാനേജ്‌മെന്റില്‍ എനിക്ക് മുതല്‍ക്കൂട്ടായിരുന്നു.

2015 വരെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിനൊപ്പം പ്രവര്‍ത്തിച്ച് വളരെ മികച്ച ഒരു കരിയര്‍ ഗ്രാഫ് ഉണ്ടാക്കിയെടുക്കാന്‍ എനിക്ക് സാധിച്ചു. ഞാന്‍ ബാങ്കിംഗ് രംഗത്ത് ചുവടുറപ്പിക്കുമ്പോള്‍ വളരെക്കുറച്ചു വനിതകള്‍ മാത്രമാണ് ഈ മേഖലയില്‍ ഉണ്ടായിരുന്നത്. ഇത് ഒരേ സമയം അവസരവും വെല്ലുവിളിയും ആയിരുന്നു. പക്ഷേ, എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ വനിതകള്‍ക്ക് ഏറ്റവും കൂടുതല്‍ തിളങ്ങാന്‍ കഴിയുന്ന മേഖലയാണ് ബാങ്കിംഗ്.

ഫെഡറല്‍ ബാങ്കിന്റെ സിഒഒ പോസ്റ്റിലേക്ക് എത്തുന്നത് എങ്ങനെയാണ്?

സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കില്‍ ഇന്ത്യയിലും വിദേശത്തുമായി രണ്ടര പതിറ്റാണ്ടോളം സേവനം പൂര്‍ത്തിയാക്കിയ ശേഷം ഒരു മാറ്റം ആഗ്രഹിച്ചിരിക്കുമ്പോഴാണ് ഫെഡറല്‍ ബാങ്ക് സിഇഒ ശ്യാം ശ്രീനിവാസന്‍ എന്നോട് ഈ അവസരത്തെക്കുറിച്ച് പറയുന്നത്. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിനൊപ്പം തുടരുകയായിരുന്നു എങ്കില്‍ സിംഗപ്പൂരിലായിരുന്നു അടുത്ത പോസ്റ്റിംഗ് ഉണ്ടാകുക. ഫെഡറല്‍ ബാങ്കില്‍ നിന്നും ലഭിച്ച ഈ അവസരം സ്വീകരിച്ചാല്‍, സ്വന്തം നാടായ കേരളത്തിലേക്ക് മടങ്ങിയെത്താം. ഫെഡറല്‍ ബാങ്കിനെ പറ്റി കൂടുതല്‍ പഠിച്ചപ്പോള്‍ ഒരു ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എന്ന നിലയില്‍ എനിക്കിവിടെ പലതും ചെയ്യാന്‍ കഴിയും എന്ന് മനസിലായി. അങ്ങനെയാണ് ഞാന്‍ ഫെഡറല്‍ ബാങ്കിന്റെ ഭാഗമാകാന്‍ തീരുമാനിക്കുന്നത്.

കേരളം ജനിച്ച മണ്ണാണ് എങ്കിലും, തൊഴില്‍പരമായി പുതിയ തട്ടകമായിരുന്നല്ലോ സ്വീകരിച്ചത്, വീണ്ടും തിരിച്ച് നാട്ടിലെത്തി. ഫെഡറല്‍ ബാങ്കിനൊപ്പമുള്ള ആദ്യ നൂറു ദിനങ്ങള്‍ എങ്ങനെയായിരുന്നു?

ഓപ്പറേഷന്‍സ്, ടെക്‌നോളജി, ഡിജിറ്റല്‍ ബാങ്കിംഗ്, കസ്റ്റമര്‍ സര്‍വീസ്, സ്ട്രാറ്റജി പ്ലാനിംഗ്, ബ്രാഞ്ച് വിപുലീകരണം തുടങ്ങിയ വിഭാഗങ്ങളുടെ ചുമതലയാണ് എനിക്ക് ഉണ്ടായിരുന്നത്. നേരത്തെ പറഞ്ഞപോലെ, കേരളം എന്നെ സംബന്ധിച്ചിടത്തോളം തികച്ചും വ്യത്യസ്തമായ തട്ടകമായിരുന്നു. ബാങ്കിംഗ് രംഗത്തെ ആഗോള സാധ്യതകള്‍ കണ്ട് പരിചയിച്ചു വന്ന എനിക്ക് ഇവിടുത്തെ ആദ്യ ദിനങ്ങള്‍ അല്‍പം ശ്രമകരമായിരുന്നു. എന്നാല്‍ വളരെ പ്രൊഫഷണല്‍ ആയ, വളരെ അധികം സഹകരണ മനോഭാവമുള്ള ജീവനക്കാരാണ് ഇവിടെയുള്ളത്. ബാങ്കിനെ സംബന്ധിക്കുന്ന ഓരോ കാര്യവും പഠിക്കാനും മനസിലാക്കാനും അവരുടെ പിന്തുണ എനിക്ക് സഹായകമായി.

ഡിജിറ്റല്‍ ബാങ്കിംഗില്‍ കേരളം ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്. അതെ സമയം ഇന്ത്യന്‍ ബാങ്കിംഗ് രംഗത്തെ മൊത്തത്തില്‍, വിദേശ ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ നാം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് എന്ന് പറയാം

പ്രധാനമായും മൂന്നു ഘട്ടങ്ങളിലൂടെ കടന്നു പോയ ശേഷമാണ് ബാങ്ക് സിഒഒ എന്ന പദവിയിലേക്ക് പൂര്‍ണ അര്‍ത്ഥത്തില്‍ ഞാന്‍ പ്രവേശിച്ചത് എന്ന് വേണം പറയാന്‍. ആദ്യ ഘട്ടം തികച്ചും വ്യക്തിപരയായിരുന്നു. വര്‍ഷങ്ങളോളം, കേരളവുമായി യാതൊരു ബന്ധവും ഇല്ലാതിരുന്ന ഞാന്‍ ഇവിടെ വന്നു സെറ്റില്‍ ആകുക എന്നത് വളരെ വലിയൊരു ചലഞ്ച് ആയിരുന്നു. അത് പ്രായോഗികമാക്കിയശേഷം, ഞാന്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളമുള്ള ഫെഡറല്‍ ബാങ്കിന്റെ ശാഖകള്‍ സന്ദര്‍ശിച്ചു. ബാങ്കിംഗിന്റെ ആത്മാവ് ബ്രാഞ്ചുകളിലാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനാല്‍ ഈ ഘട്ടത്തില്‍ ഓരോ ബ്രാഞ്ചിലെയും പ്രവര്‍ത്തനങ്ങള്‍ ഞാന്‍ വിലയിരുത്തി. മൂന്നാം ഘട്ടത്തില്‍ ബാങ്കിന്റെ ഭാവി വികസന പദ്ധതികള്‍ ആവിഷ്‌കരിച്ചു.

ചാര്‍ജെടുത്ത ആദ്യ വര്‍ഷം തന്നെ ഡിജിറ്റല്‍ ബാങ്കിംഗ്, ടെക്‌നോളജി എന്നീ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞു എന്നത് നേട്ടമായി തന്നെ കാണുന്നു.

ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്ത് കേരളത്തിന്റെ സാധ്യതകളെ എങ്ങനെ വിലയിരുത്തുന്നു?

ഡിജിറ്റല്‍ ബാങ്കിംഗില്‍ കേരളം ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്. അതെ സമയം ഇന്ത്യന്‍ ബാങ്കിംഗ് രംഗത്തെ മൊത്തത്തില്‍, വിദേശ ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ നാം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് എന്ന് പറയാം. ഡിജിറ്റല്‍ ബാങ്കിംഗില്‍ മുന്നേറുന്നതിനായി സര്‍ക്കാര്‍ ഭാഗത്തു നിന്നും പൂര്‍ണ പിന്തുണ ലഭിക്കുന്നുണ്ട് എന്നത് ആശാവഹമാണ്. നിലവില്‍ 60 ശതമാനം ബാങ്ക് ട്രാന്‍സാക്ഷന്‍സും ഡിജിറ്റല്‍ ബാങ്കിംഗ് വഴിയാണ് എന്നത് ഒരു നേട്ടമായി തന്നെ കാണണം. ചെറുകിട ഇടത്തരം വ്യവസായികളെ പ്രധാനമായും ഡിജിറ്റല്‍ ബാങ്കിംഗിന്റെ ഭാഗമാക്കാന്‍ കഴിയണം.

ഫെഡറല്‍ ബാങ്കിന്റെ സിഒഒ എന്ന നിലയില്‍ നേരിട്ട പ്രധാന വെല്ലുവിളികള്‍ എന്തെല്ലാമാണ് ?

വെല്ലുവിളികളേക്കാള്‍ ഏറെ അവസരങ്ങളാണ് ഫെഡറല്‍ ബാങ്ക് എനിക്ക് നല്‍കിയിട്ടുള്ളത്. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയാറാണ് ഫെഡറല്‍ ബാങ്ക് ജീവനക്കാരും ഉപഭോക്താക്കളും. അതിനാല്‍ പദ്ധതികള്‍ നടപ്പില്‍ വരുത്തുക എന്നത് എളുപ്പമാണ്. സാങ്കേതിക രംഗത്തും ഫെഡറല്‍ ബാങ്ക് ഏറെ മികച്ചു നില്‍ക്കുന്നു. എന്നാല്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ ആഗോളതല അനുഭവ സമ്പത്തുമായി തട്ടിച്ചു നോക്കുമ്പോള്‍, അവിടെ പുതിയ കാര്യങ്ങള്‍ നടപ്പില്‍ വരുത്താന്‍ എളുപ്പമായിരുന്നു. കാരണം, അവര്‍ ബാങ്കിംഗ് രംഗത്തെ ഓരോ ചെറിയ മാറ്റവും സശ്രദ്ധം വീക്ഷിക്കുന്നവരായിരുന്നു. അന്താരഷ്ട്രതലത്തിലുള്ള ബാങ്കിംഗ് പരിശീലനം നമ്മുടെ ബാങ്ക് ജീവനക്കാര്‍ക്ക് ലഭിക്കുന്നില്ല. ബാങ്കിന്റെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയാണ് ഞാന്‍ ചെയ്യുന്നത്. മാറ്റം അനിവാര്യമാണ് എന്ന് ജനങ്ങള്‍ക്ക് തോന്നിയാല്‍ മാനേജ്‌മെന്റ് തലത്തില്‍ അത് നടപ്പിലാക്കുക എന്നത് എളുപ്പമാണ്

2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഫെഡറല്‍ ബാങ്കില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍?

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്നു പാദങ്ങളില്‍ കാഴ്ചവയ്ക്കാന്‍ കഴിഞ്ഞ മികച്ച പ്രകടനം ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലും അടുത്ത വര്‍ഷത്തിലും തുടരണം എന്നാണ് ആഗ്രഹം. മ്യുച്ചല്‍ ഫണ്ട് വില്‍പ്പനയുടെ കാര്യത്തിലും ബാങ്കിന്റെ വരവ് ചെലവ് അനുപാതത്തിലും കൂടുതല്‍ ശ്രദ്ധ ചെലുത്തും. ചെലവും വരുമാനവും തമ്മിലുള്ള അനുപാതം മെച്ചപ്പെടുത്തുന്നതിനാണ് പ്രാധാന്യം നല്‍കുക. അതുപോലെ തന്നെ ആസ്തികളില്‍ നിന്നുള്ള നേട്ടം മെച്ചപ്പെടുത്താന്‍ പല മാര്‍ഗ്ഗങ്ങളിലൂടെ ശ്രമം നടത്തും. മ്യൂച്ചല്‍ ഫണ്ടുകളുടെ വില്‍പ്പന പോലുള്ള മേഖലകളിലൂടെ നോണ്‍ ഫണ്ടണ്ട് ഇന്‍കം കൂട്ടുന്നതിനും ഊന്നല്‍ നല്‍കും.

കുടുംബം?

അമ്മയുമൊത്ത് ആലുവയില്‍ താമസം. ഒരു സഹോദരിയുണ്ട്.

 

Comments

comments

Categories: Banking, Slider, Women