കാഴ്ചയിലല്ല പ്രശ്‌നം; കാഴ്ചപ്പാടിലാണ്!

കാഴ്ചയിലല്ല പ്രശ്‌നം;  കാഴ്ചപ്പാടിലാണ്!

ഇരുട്ടു നിറഞ്ഞ ജീവിതത്തെ സ്വന്തം പ്രയത്‌നവും നിശ്ചയ ദാര്‍ഢ്യവും കൊണ്ട് പ്രകാശപൂരിതമാക്കിയ നിരവധി വ്യക്തികളുണ്ട്. ലോകത്തിനു മുഴുവന്‍ പ്രചോദനവും വിളക്കുമാടവുമായി അവര്‍ നിലകൊള്ളുന്നു. ഉള്‍ക്കാഴ്ചയുടെ ബലത്തില്‍ ബ്‌ളൈന്‍ഡ് ക്രിക്കറ്റിന് രൂപം കൊടുത്ത, ഇന്ത്യയിലെ അന്ധരുടെ ജീവിതം മെച്ചപ്പെടുത്താന്‍ നിരന്തരം പ്രയത്‌നം ചെയ്യുന്ന ജോര്‍ജ് എബ്രഹാമിനെക്കുറിച്ച്….

പത്തുമാസം പ്രായമുള്ളപ്പോള്‍ മെനിഞ്ചൈറ്റിസ് ബാധയെ തുടര്‍ന്ന് അദ്ദേഹത്തിന് കാഴ്ചവൈകല്യം സംഭവിച്ചു. എന്നിട്ടും വെല്ലുവിളികളോട് പടപൊരുതി ജോര്‍ജ് എബ്രഹാം ഇന്ന് വിജയകരവും സന്തുഷ്ടവുമായ ജീവിതം നയിക്കുന്നു. അതോടൊപ്പം തന്നെപ്പോലെ കാഴ്ചവൈകല്യം ബാധിച്ച മറ്റ് ആളുകളുടെ ജീവിതത്തില്‍ പ്രതീക്ഷ കൊണ്ടുവരാന്‍ അക്ഷീണം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ഇന്ത്യയിലെ പ്രമുഖ അഡ്വര്‍ടൈസിംഗ് സ്ഥാപനങ്ങളായ ഒഗില്‍വി ആന്‍ഡ് മേത്തര്‍, അഡ്വര്‍ടൈസിംഗ് ആന്റ് സെയ്ല്‍സ് പ്രൊമോഷന്‍ കമ്പനി എന്നിവിടങ്ങളിലെ 10 വര്‍ഷത്തെ വിജയകരമായ കരിയറിനൊടുവില്‍ അദ്ദേഹം ഇന്ന് ഒരു സാമൂഹ്യ സംരംഭകനും, ഇന്‍സ്പിരേഷണല്‍ സ്പീക്കറും കമ്മ്യൂണിക്കേറ്ററുമെല്ലാമാണ്.

കാഴ്ച വൈകല്യമുള്ളവരെ കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാട് മാറ്റുന്നതിന് മാത്രമല്ല, ലോക അന്ധ ക്രിക്കറ്റ് കൗണ്‍സിലിന്റെ സ്ഥാപക ചെയര്‍മാന്‍ എന്ന നിലയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ധര്‍ക്ക് വേണ്ടി ക്രിക്കറ്റ് ലോകകപ്പെന്ന ആശയം രൂപീകരിക്കുകയും 1998ല്‍ ആദ്യ ലോകകപ്പ് സംഘടിപ്പിക്കുകയും ചെയ്തു. ആത്മവിശ്വാസമുണ്ടാകാനായി പ്രോല്‍സാഹിപ്പിക്കുന്നതിന് വേണ്ടി മാത്രമായിരുന്നില്ല, അവരുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കാന്‍ കൂടിയായിരുന്നു ഇത്.

ബലഹീനതയെ കഴിവുകളേക്കാള്‍ വലുതായിക്കാണാന്‍ ജോര്‍ജിന്റെ മാതാപിതാക്കള്‍ വിസമ്മതിച്ചതാണ് ആ ജീവിതത്തെ അര്‍ത്ഥവത്താക്കിയത്. അന്ധരായ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള സ്‌പെഷ്യല്‍ സ്‌കൂളിനു പകരം സാധാരണ വിദ്യാര്‍ഥികള്‍ക്കായുള്ള സ്‌കൂളില്‍ ജോര്‍ജിനെ അയയ്ക്കുക എന്ന നിര്‍ണായക തീരുമാനം അവരെടുത്തു. കാഴ്ചയാല്‍ അനുഗ്രഹീതരായ ജനങ്ങളുടെ ലോകത്ത് അന്ധതയില്‍ ജീവിക്കുന്നതിന്റെ കഠിന യാഥാര്‍ത്ഥ്യം എന്നാല്‍ മാത്രമേ അദ്ദേഹത്തിന് മനസിലാവുകയുള്ളുവെന്ന് അവര്‍ക്ക് തോന്നി.

ലോക ബ്‌ളൈന്‍ഡ് ക്രിക്കറ്റിന് തുടക്കമിട്ടത് ഒരു മലയാളിയാണെന്നത് അധികമാര്‍ക്കുമറിയാത്ത വസ്തുതയാണ്. 1858ല്‍ ലണ്ടനിലാണ് ജോര്‍ജ് എബ്രഹാം ജനിച്ചത്. അവിടെ എന്‍ജിനീയറും ആക്കിടെക്റ്റുമായിരുന്നു ജോര്‍ജിന്റെ പിതാവ് എംജി എബ്രഹാം. മാതാവ് സുശീല എബ്രഹാം വീട്ടമ്മയായിരുന്നു. പത്താം വയസില്‍ മെനിഞ്‌ജൈറ്റിസ് മൂലം കാഴ്ചശക്തി നഷ്ടപ്പെട്ടെങ്കിലും കീഴടങ്ങാന്‍ തയാറാവാതെ വെല്ലുവിളികളോട് പടവെട്ടിയ ജോര്‍ജ് സഹജീവികളുടെ ഇരുട്ടു മൂടിയ ലോകത്തിലും വര്‍ണങ്ങള്‍ നിറക്കാന്‍ പ്രയത്‌നിക്കുന്നു.

‘വക്രദൃഷ്ടിയുള്ള സമൂഹം അന്ധതയുള്ളവരെ ‘പരിതാപകര’മായാണ് പരിഗണിക്കുന്നത.് അവര്‍ക്ക് അടിസ്ഥാനപരമായ അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നു. ഇത്തരക്കാരുടെ വ്യക്തിത്വത്തെ മുഴുവന്‍ ഈ അന്ധതയുടെ വെളിച്ചത്തില്‍ നോക്കിക്കാണുന്നു. ശാരീരിക വൈകല്യത്തിനപ്പുറം ഇവരുടെ വ്യക്തിത്വത്തെയോ കഴിവുകളോ കാണാന്‍ ആരും തയാറാവുന്നില്ല’ -ജോര്‍ജ് പറയുന്നു. എല്ലാ അന്ധര്‍ക്കും സമൂഹത്തിന്റെ മാനവ വിഭവ ശേഷിയാകാന്‍ സാധിക്കും. അതുകൊണ്ടുതന്നെ അന്തസുറ്റ ഒരു ജീവിതം ജീവിച്ചു തീര്‍ക്കാന്‍ പ്രാപ്തമാക്കുന്ന തരത്തില്‍ അവരെ ശാക്തീകരിക്കുകയും നിക്ഷേപമിറക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഓരോ അഞ്ച് അന്ധരായ വ്യക്തികളിലും ഒരാള്‍ ഇന്ത്യക്കാരാണ്. പ്രതിവര്‍ഷം 25,000 ആളുകള്‍ നവീതം ഈ ജനവിഭാഗത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുന്നു. എന്‍ജിനീയറും ആക്കിടെക്റ്റുമായിരുന്നു ജോര്‍ജിന്റെ പിതാവ് എംജി എബ്രഹാം. മാതാവ് സുശീല എബ്രഹാം വീട്ടമ്മയായിരുന്നു. താന്‍ ഇന്ന് എന്താണ് എന്നതിന്റെ മുഴുവന്‍ അംഗീകരവും ജോര്‍ജ് നല്‍കുന്നത് സ്വന്തം മാതാപിതാക്കള്‍ക്കും ദൈവത്തിനുമാണ്.

‘സാധാരണയായി കാഴ്ച വൈകല്യമുള്ളവരോട് നിസ്സംഗതയോടെ പെരുമാറുന്നത് സമൂഹം മാത്രമല്ല. കുടുംബവും അവരെ ഭാരമായിക്കാണുന്നു. എന്റെ കാഴ്ച ശക്തിയില്ലായ്മ ഒരു വൈകല്യമായി ഒരിക്കലും കാണാന്‍ കൂട്ടാക്കാത്ത മാതാപിതാക്കളുടെ മകനായി ജനിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. വിജയകരമായ കരിയറിലേക്കും അര്‍ത്ഥപൂര്‍ണമായ ജീവിതത്തിലേക്കുമുള്ള എന്റെ യാത്രയിലെ തടസമായും അവര്‍ ഇതിനെ കണ്ടില്ല’- അദ്ദേഹം പറഞ്ഞു.

1988ല്‍ ഭാര്യ രൂപയ്‌ക്കൊപ്പം ജീവിതത്തിലാദ്യമായി ഒരു അന്ധ വിദ്യാലയം സന്ദര്‍ശിക്കുന്നത് വരെ അദ്ദേഹം ജോലിയില്‍ ശാന്തമായും സംതൃപ്തിയോടെയും മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നു. ഈ സന്ദര്‍ശനം ഒരു നടുക്കം തന്നെയാണ് അദ്ദേഹത്തിനു സമ്മാനിച്ചത്. അവിടെ കാഴ്ചശക്തിയില്ലാത്തവര്‍ക്ക് നല്‍കുന്ന ചികില്‍സയും അവരുടെ ശോചനീയമായ അവസ്ഥയും അദ്ദേഹത്തെ പിടിച്ചുലച്ചു. ‘സമൂഹത്തിന് ഒരു ഉപകാരവുമില്ലാത്തവര്‍ എന്ന മനസ്ഥിതിയാണ് അവരില്‍ പകര്‍ന്നു നല്‍കപ്പെട്ടിരുന്നത്’-അദ്ദേഹം പറഞ്ഞു.

ഡെറാഡൂണിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വിഷ്വലി ഹാന്‍ഡിക്യാപ്പ്ഡ് സന്ദര്‍ശിക്കാനിടയായതാണ് ജോര്‍ജിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്. അന്ധരായ ആണ്‍കുട്ടികള്‍ വലിയ താല്‍പര്യത്തോടെ ഇവിടെ ക്രിക്കറ്റ് കളിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടു. ദീര്‍ഘകാലമായി ജോര്‍ജില്‍ ഉറങ്ങിക്കിടന്നിരുന്ന സ്വപ്‌നത്തിന് അവിടെ വച്ച് ഒരു പുതുജീവന്‍ ലഭിക്കുകയായിരുന്നു. കിലുങ്ങിക്കൊണ്ടിരിക്കുന്ന ബോളുകളാണ് അവിടെ കുട്ടികള്‍ ഉപയോഗിച്ചിരുന്നത്. ഒരുകാലത്ത് ഫാസ്റ്റ് ബൗളറാകുന്നത് സ്വപ്‌നം കണ്ടിരുന്ന ജോര്‍ജ് അന്ധര്‍ക്കു വേണ്ടി ഒരു ദേശീയ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്ന് ആ നിമിഷം തീരുമാനമെടുത്തു.

‘സമൂഹത്തിന്റെ മനസിലുള്ള സര്‍വ്വസാധാരണമായ സങ്കല്‍പമായ കറുത്ത കണ്ണടയും കൈയില്‍ വടിയുമായി നിസ്സഹായനായി നില്‍ക്കുന്ന ഒരു മനുഷ്യ രൂപത്തിന്റെ പ്രതിച്ഛായയെ തകര്‍ത്ത് കാര്യപ്രാപ്തിയും കാര്യക്ഷമതയുമുള്ള ഒരു മനുഷ്യന്റെ ചിത്രം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് അന്ധരായ ആളുകള്‍ ബോള്‍ ക്യാച്ച് ചെയ്യുന്നതും, ബാറ്റുകൊണ്ട് ബോള്‍ അടിച്ചു തെറിപ്പിക്കുന്നതും പന്തിനെ പിന്തുടരുന്നതും കണ്ടപ്പോള്‍ എനിക്ക് മനസിലായി. ശാരീരികക്ഷമതയ്ക്കും ചലനക്ഷമതയ്ക്കുമപ്പുറം നേതൃത്വപരമായ കഴിവുകള്‍, ടീം വര്‍ക്ക്, അച്ചടക്കം, അഭിലാഷം, നയപരമായ ചിന്തകള്‍, തുടങ്ങിയ ജീവിക്കാനാവശ്യമായ നൈപുണ്യങ്ങള്‍ നേടിയെടുക്കാനും ഈ കായികയിനം സഹായിക്കുമെന്ന് മനസിവലായി’-ജോര്‍ജ് വ്യക്തമാക്കി.

അധികം താമസിയാതെ 1990 ഡിസംബറില്‍ അന്ധര്‍ക്കായുള്ള ആദ്യ ദേശീയ ക്രിക്കറ്റ് ടൂര്‍ണമെന്റെ് അദ്ദേഹം സംഘടിപ്പിച്ചു. ഇത് ആ വര്‍ഷത്തെ ശ്രദ്ദേയമായ പരിപാടിയായി. 1996ല്‍ അദ്ദേഹം ലോക അന്ധ ക്രിക്കറ്റ് കൗണ്‍സില്‍ സ്ഥാപിച്ചു, അതിന്റെ സ്ഥാപക ചെയര്‍മാനുമായി. 1998ല്‍ ന്യൂഡെല്‍ഹിയില്‍ ആദ്യ ലോകകപ്പ് മല്‍സരങ്ങളും അദ്ദേഹം സംഘടിപ്പിച്ചു.

2007-2008 കാലയളവില്‍ അന്ധ ക്രിക്കറ്റിന്റെ സംഘാടകത്വം ഒരു കൂട്ടം യുവാക്കള്‍ക്ക് അദ്ദേഹം കൈമാറി. ദേശീയതല ടൂര്‍ണമെന്റുകള്‍ ഇപ്പോഴും തുടരുന്നു. ലോകകപ്പും സംഘടിപ്പിക്കപ്പെടുന്നു. പുതുതായി ഒരു ടി-20 ലോക ചാമ്പ്യന്‍ഷിപ്പും ഇതോടൊപ്പം തുടങ്ങിയിട്ടുണ്ട്.

2014 സൗത്ത് ആഫ്രിക്കയില്‍ വച്ചു നടന്ന ലോകകപ്പില്‍ ഇന്ത്യയാണ് വിജയികളായത്. ജനുവരി എട്ടിനും 20നുമിടയിലുള്ള തീയതികളില്‍ പാക്കിസ്ഥാനിലും യുഎഇയിലും വച്ചു നടന്ന ലോകകപ്പ് മല്‍സരത്തില്‍ പാക്കിസ്ഥാനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി 2018ലെ ലോകകപ്പ് ക്രിക്കറ്റ് കിരീടവും ഇന്ത്യ സ്വന്തമാക്കി. ഇത് രാജ്യത്തിന്റെ ഭാവനയെ പിടിച്ചു കുലുക്കി. കളിക്കാര്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കപ്പെട്ടു. 2014ല്‍ ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യന്‍ അന്ധ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ ശേഖര്‍ നായിക്കിന് അംഗീകാരം നല്‍കുകയും അദ്ദേഹത്തെ പദ്മശ്രീ നല്‍കി രാജ്യം ആദരിക്കുകയും ചെയ്തു. താന്‍ കണ്ട ഒരു ചെറിയ സ്വപ്‌നം വലിയ മുന്നേറ്റമായി ഉന്നതങ്ങളിലെത്തിയത് ജോര്‍ജിനെ ആഹ്ലാദിപ്പിച്ചു. ‘അന്ധതയല്ല ശരിയായ പ്രശ്‌നം, സമൂഹത്തിന്റെ മനസ്ഥിതിയാണ്. തങ്ങള്‍ക്ക് സാധാരണ ജീവിതം ജീവിക്കാന്‍ സാധിക്കില്ലെന്ന് അന്ധരായ ആളുകളും സ്വയം ചിന്തിക്കുന്നു’-അദ്ദേഹം പറഞ്ഞു.

മനസ്ഥിതി മാറ്റുകയെന്നത് ദുഷ്‌കരമാണെന്ന് അദ്ദേഹത്തിനറിയാം. എന്നാല്‍ അത് ചെയ്യാന്‍ അദ്ദേഹം പ്രതിജ്ഞാബദ്ധനാണ്. കാഴ്ചവൈകല്യമുള്ളവരുടെ കഴിവുകളും പ്രാപ്തിയുമായി ബന്ധപ്പെട്ടുള്ള മനോഭാവത്തില്‍ മാറ്റം വരുത്താന്‍ സ്‌കോര്‍ ഫൗണ്ടേഷന്‍, പ്രൊജക്റ്റ് ഐവേ എന്നിവയും അദ്ദേഹം സ്ഥാപിച്ചു. ”യേ ഹേ രോഷ്‌നി കാ കാര്‍വാ” (ഇതാണ് വെളിച്ചത്തിന്റെ കഥ) എന്ന ഒരു റേഡിയോ പരിപാടിയും പിന്നീട് അദ്ദേഹം ആവിഷ്‌കരിച്ചു. അന്ധത കാരണം തങ്ങളുടെ വഴിയില്‍ വന്ന ഓരോ തടസങ്ങളോടും മല്ലിട്ടുകൊണ്ട് വിജയം നേടുകയും തങ്ങളുടെ സ്വപ്‌നങ്ങള്‍ എത്തിപ്പിടിക്കുകയും ചെയ്ത വ്യക്തികളുടെ വിജയകഥകളാണ് ഈ പരിപാടിയിലൂടെ അദ്ദേഹം ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്.

ബാങ്ക്, ഐടി രംഗം, ട്രാവല്‍ കമ്പനികള്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ചായിരുന്നു പരിപാടി. ഉദ്‌ബോധകവും പ്രചോദനപരവും ശാക്തീകരണത്തിന് സഹായിക്കുന്നതുമായ വിവരങ്ങളും അറിവുകളും പങ്കുവയ്ക്കാന്‍ റേഡിയോ ഒരു മാധ്യമമായി ഉപയോഗിക്കുക എന്നതായിരുന്നു ആശയം. ‘തങ്ങളുടെ പദ്ധതികളും അഭിമുഖീക്കുന്ന പ്രശ്‌നങ്ങളും പറഞ്ഞുകൊണ്ട് ഇതോടെ ആളുകള്‍ ഞങ്ങളെ വിളിക്കാന്‍ തുടങ്ങി. ഐവേ ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുന്നതിലേക്കാണ് ഇത് നയിച്ചത്. അന്ധരായ കൗണ്‍സലര്‍മാരായിരിക്കും ഇവിടെ ഫോണ്‍ കോളുകള്‍ എടുത്ത് മറുപടി പറയുന്നത്. ഞാന്‍ ഇത് പറയുന്നതു വരെ 35000 അന്വേഷണങ്ങളാണ് ഞങ്ങളെ തേടിയെത്തിയത്’-ജോര്‍ജ് പറഞ്ഞു.

തന്റെ ലക്ഷ്യവും സന്ദേശവും പ്രചരിപ്പിക്കാനുള്ള മാധ്യമമെന്ന നിലയില്‍ ടെലിവിഷനേയും അദ്ദേഹം ഉപയോഗപ്പെടുത്തി. ” നസര്‍ യാ നസരിയ” (കാഴ്ചയോ കാഴ്ചപ്പാടോ) എന്ന ഒരു ടിവി പരിപാടിയും അദ്ദേഹം നിര്‍മിച്ചു. ‘സ്പര്‍ശ്’ എന്ന ചിത്രത്തില്‍ അന്ധനായ അധ്യാപകന്റെ വേഷം ചെയ്ത നസീറുദ്ദീന്‍ ഷായാണ് 13 എപ്പിസോഡുകളെയും പരിചയപ്പെടുത്തിയതും അവസാനിപ്പിച്ചതും. ടെലിവിഷന്‍ അഭിനേതാവ് ഹര്‍ഷ് ഛായയാണ് പരിപാടിയുടെ അവതാരകനായി എത്തിയത്. ഇന്ത്യയൊട്ടുക്കു നിന്നുമുള്ള 32 ജീവിത വിജയങ്ങളുടെ കഥകള്‍ പരിപാടിയില്‍ അവതരിപ്പിച്ചു. അന്ധത നിറഞ്ഞ ജീവിതത്തിലെ കഴിവും സാധ്യതകളും പരിചയപ്പെടുത്താനും നസര്‍ (കാഴ്ച) ആണോ നസരിയ (കാഴ്ചപ്പാട്) ആണോ പ്രശ്‌നമെന്ന ഗൗരവതരമായ ചോദ്യം ഉന്നയിക്കാനുമാണ് പരിപാടി ലക്ഷ്യമിട്ടത്.

നിലവിലുള്ള കാഴ്ചപ്പാട് മാറ്റാനും ‘അവരെ നമ്മില്‍ നിന്ന്’ വേര്‍തിരിക്കാത്ത, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സമൂഹം സൃഷ്ടിക്കാനും അദ്ദേഹം ദൃഢനിശ്ചയത്തോടെ മുന്നോട്ട് പൊകുന്നു.

കടപ്പാട്: ഐഎഎന്‍എസ്

 

Comments

comments

Categories: Motivation, Slider