ഫോക്‌സ്‌കോണ്‍ നിക്ഷേപം നടത്തും

ഫോക്‌സ്‌കോണ്‍ നിക്ഷേപം നടത്തും

തായ്‌പേയ്: നിര്‍മാണരംഗത്തെ ആഗോള ഭീമന്‍ ഫോക്‌സ്‌കോണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ സേവനദാതാക്കളായ ആര്‍ആന്‍ഡ്ഡിയില്‍ നിക്ഷേപത്തിനൊരുങ്ങുന്നു. ആഗോള സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ കരുത്തുറ്റ സാന്നിധ്യമുറപ്പിക്കുന്നതിനായുള്ള പദ്ധതികളുടെ ഭാഗമായാണ് പുതിയ നിക്ഷേപം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ പുത്തന്‍ സജ്ജീകരണങ്ങള്‍ക്കായി അടുത്ത അഞ്ച് വര്‍ഷത്തിനകം ചുരുങ്ങിയത് 10 ബില്യണ്‍ തായ്‌വാന്‍ ഡോളര്‍ എങ്കിലും നിക്ഷേപിക്കുമെന്ന് ഫോക്‌സോണ്‍ ചെയര്‍മാന്‍ ടെറി ഗൗ പറഞ്ഞു. നിക്ഷേപത്തിന് ശേഷം മികച്ച പ്രകടനം കാഴ്ചവെക്കുകയാണെങ്കില്‍ 10 ബില്യണ്‍ ഡോളര്‍ കൂടി നിക്ഷേപിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2017 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ 9 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ രേഖപ്പെടുത്തിയിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ ഇടിവാണ് ഇത്. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ പ്രബല സാന്നിധ്യമായ ചൈനയില്‍ നിന്നുള്ള പ്രതികൂല ഘടകങ്ങളാണ് വിപണിയിലെ ഇടിവിലേക്ക് വഴിവെച്ചതെന്ന് സ്ട്രാറ്റജി അനലിസ്റ്റ് ലിന്‍ഡ സുയി പറഞ്ഞു. മികച്ച മോഡലുകളുടെ കുറവും റീപ്ലെയ്‌സ്‌മെന്റ് സേവനങ്ങളില്‍ കൃത്യത പുലര്‍ത്താത്തതും മറ്റും വിപണിയില്‍ 16 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടാക്കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സമീപഭാവിയില്‍ തന്നെ നൂറോളം വിദഗ്ധ ജീവനക്കാരെയും ആയിരത്തില്‍പ്പരം അവിദഗ്ധ തൊഴിലാളികളെയും നിയമിക്കുമെന്നാണ് ഫോക്‌സ്‌കോണ്‍ അറിയിച്ചിരിക്കുന്നത്. ഇവരെ സാങ്കേതികജോലികളില്‍ വിവിധ വിഭാഗങ്ങളിലായി വിന്യസിക്കും. ഉല്‍പ്പാദന രംഗത്തേക്ക് ഉപയോഗപ്പെടുത്തുന്ന പുത്തന്‍ സജ്ജീകരണങ്ങളുമായുള്ള സെന്‍സറുകളുടെ നിര്‍മാണമാണ് ആര്‍ ആന്‍ഡ് ഡിയുമായുള്ള പദ്ധതിയില്‍ പ്രധമ സ്ഥാനത്തുള്ളത്. ഇതിന് പുറമെ നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ക്കൊപ്പവും സ്ഥാപനം സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. അതിനൊപ്പം തന്നെ കമ്പനിയുടെ പ്രധാന ശക്തിസ്രോതസായി ഈ സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കുമെന്ന് ഗൗ പറഞ്ഞു.

 

Comments

comments

Categories: Business & Economy