സെല്‍ഫ് ഡ്രൈവിംഗ് കാറുകളുടെ പരീക്ഷണം ഉടന്‍ തുടങ്ങുമെന്ന് ഡയ്മ്‌ലര്‍-ബോഷ്

സെല്‍ഫ് ഡ്രൈവിംഗ് കാറുകളുടെ പരീക്ഷണം ഉടന്‍ തുടങ്ങുമെന്ന് ഡയ്മ്‌ലര്‍-ബോഷ്

ലെവല്‍ 3 വാഹനങ്ങള്‍ കൂടാതെ ഫുള്ളി ഓട്ടോണമസായ ലെവല്‍ 4/5 വാഹനങ്ങളും നിരത്തുകളിലെത്തിക്കുമെന്ന് സഖ്യം

സ്റ്റുട്ട്ഗാര്‍ട്ട് : മെഴ്‌സിഡന്‍സ് ബെന്‍സ് ഉടമസ്ഥരായ ഡയ്മ്‌ലറും റോബര്‍ട്ട് ബോഷും ചേര്‍ന്ന് സെല്‍ഫ് ഡ്രൈവിംഗ് കാറുകളുടെ പരീക്ഷണം ഉടന്‍ ആരംഭിക്കും. സീനിയര്‍ എക്‌സിക്യൂട്ടീവുകളെ ഉദ്ധരിച്ച് ജര്‍മ്മന്‍ വാരികയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റോബോ ടാക്‌സികള്‍ അഥവാ സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന് കഴിഞ്ഞ വര്‍ഷമാണ് ഡയ്മ്‌ലറും ബോഷും സഖ്യം സ്ഥാപിച്ചത്. നിലവില്‍ നിരവധി കമ്പനികള്‍ ഈ രംഗത്ത് സജീവമാണ്. സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങളെ നിരത്തുകളില്‍ അധികം വൈകാതെ കാണാമെന്ന് ബോഷ് ചീഫ് എക്‌സിക്യൂട്ടീവ് വോള്‍മര്‍ ഡെന്നര്‍ പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.

ലോകത്തെ നമ്പര്‍ വണ്‍ പ്രീമിയര്‍ കാര്‍ നിര്‍മ്മാതാക്കളായ ഡയ്മ്‌ലറും ബോഷും തമ്മിലുള്ള സഖ്യം മറ്റ് കമ്പനികള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തും. റൈഡ്-ഹെയ്‌ലിംഗ് കമ്പനികളായ യുബര്‍, ദിദി എന്നിവയും സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ വികസിപ്പിക്കുന്നതിന് ശ്രമിച്ചുവരുന്നു. അറ്റ്‌ലാന്റയില്‍ സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങളുടെ പരീക്ഷണം തുടങ്ങിയതായി ആല്‍ഫബെറ്റിന് കീഴിലെ വേമോ കഴിഞ്ഞ മാസം അറിയിക്കുകയുണ്ടായി. ഇതോടെ വേമോ സെല്‍ഫ് ഡ്രൈവിംഗ് പരീക്ഷണം നടത്തുന്ന യുഎസ് നഗരങ്ങളുടെ എണ്ണം 25 ആയി.

ലെവല്‍ 3 ഓട്ടോണമസ് വാഹനങ്ങള്‍ കൂടാതെ പൂര്‍ണ്ണമായും സ്വയം ഓടുന്ന (ഫുള്ളി ഓട്ടോണമസ്) ലെവല്‍ 4/5 വാഹനങ്ങളും സമീപ ഭാവിയില്‍ നിരത്തുകളിലെത്തിക്കുമെന്ന് ഡയ്മ്‌ലര്‍ ആന്‍ഡ് മെഴ്‌സിഡസ് ബെന്‍സ് കാര്‍സ് സ്ട്രാറ്റജി വൈസ് പ്രസിഡന്റ് വില്‍കോ സ്റ്റാര്‍ക് പറഞ്ഞു.

സ്റ്റിയറിംഗ് വീല്‍ ആവശ്യമുള്ളതാണ് ലെവല്‍ 3 ഓട്ടോണമസ് വാഹനങ്ങള്‍. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കാറിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് ഡ്രൈവര്‍ തയ്യാറായി ഇരിക്കുകയും വേണം. ലെവല്‍ 4 വാഹനങ്ങളില്‍ ഡ്രൈവറുടെ ശ്രദ്ധ ആവശ്യമില്ല. ഡ്രൈവര്‍ക്ക് സ്വന്തം സീറ്റ് വിട്ടുപോവുകയോ കിടന്നുറങ്ങുകയോ ചെയ്യാം. നിശ്ചിത സാഹചര്യങ്ങളില്‍ മാത്രമേ സെല്‍ഫ് ഡ്രൈവിംഗ് സപ്പോര്‍ട്ട് ചെയ്യൂ. തുടര്‍ന്ന് ഡ്രൈവര്‍ നിയന്ത്രണമേറ്റെടുത്തില്ലെങ്കില്‍ കാര്‍ യാത്ര അവസാനിപ്പിച്ച് പോയി പാര്‍ക്ക് ചെയ്യും. ലെവല്‍ 5 ഓട്ടോണമിയില്‍ (ഫുള്‍ ഓട്ടോണമി) സ്റ്റിയറിംഗ് വീല്‍ പോലും വേണ്ട. മാനുഷിക ഇടപെടല്‍ ആവശ്യമില്ലാത്തതിനാല്‍ ഇതിനെ റോബോട്ടിക് ടാക്‌സിയെന്ന് വിളിക്കാം.

ലോകത്തെ നമ്പര്‍ വണ്‍ പ്രീമിയര്‍ കാര്‍ നിര്‍മ്മാതാക്കളായ ഡയ്മ്‌ലറും ബോഷും തമ്മിലുള്ള സഖ്യം മറ്റ് കമ്പനികള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തും

റോബോ ടാക്‌സിയെന്ന നിലയിലാണ് തുടക്കം മുതല്‍ തങ്ങള്‍ വാഹനം വിഭാവനം ചെയ്യുന്നതെന്ന് സ്റ്റാര്‍ക് പറഞ്ഞു. അല്ലാതെ സാധാരണ വാഹനത്തില്‍ സാങ്കേതികവിദ്യകള്‍ എടുത്ത് അണിയിക്കുകയല്ല. ഇതാണ് ഡയ്മ്‌ലര്‍-ബോഷ് സഖ്യവും മറ്റുള്ളവരും തമ്മിലുള്ള വലിയ വ്യത്യാസമെന്നും വില്‍കോ സ്റ്റാര്‍ക് അവകാശപ്പെട്ടു.

Comments

comments

Categories: Auto