‘ബില്‍ ഗേറ്റ്‌സിന്റെ പണം വക മാറ്റുകയോ ദുരുപയോഗം നടത്തുകയോ ചെയ്തിട്ടില്ല’

‘ബില്‍ ഗേറ്റ്‌സിന്റെ പണം വക മാറ്റുകയോ ദുരുപയോഗം നടത്തുകയോ ചെയ്തിട്ടില്ല’

ദുബായ്: ഹെല്‍ത്ത് കെയര്‍ ഫണ്ടിലെ നിക്ഷേപകരുടെ പണം വക മാറ്റി ചെലവഴിച്ചു എന്ന ആരോപണം നിഷേധിച്ച് ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അബ്രാജ് ഗ്രൂപ്പ്. അബ്രാജ് ഗ്രോത്ത് മാര്‍ക്കറ്റ്‌സ് ഹെല്‍ത്ത് ഫണ്ടില്‍ ദി ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍, ലോകബാങ്കിന്റെ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ യൂണിറ്റ്, സിഡിസി ഗ്രൂപ്പ് പിഎല്‍സി, പ്രൊപ്പാര്‍കോ ഗ്രൂപ്പ് തുടങ്ങിയവര്‍ ചേര്‍ന്ന് ഒരു ബില്ല്യണ്‍ വരുന്ന അബ്രാജ് ഗ്രോത്ത് മാര്‍ക്കറ്റ്‌സ് ഹെല്‍ത്ത് ഫണ്ടിലേക്ക് നല്‍കിയ 200 മില്ല്യണ്‍ ഡോളര്‍ എന്തുകൊണ്ടാണ് ചെലവാക്കപ്പെടാത്തതെന്നോ തിരിച്ചു നല്‍കാത്തതെന്നോ അന്വേഷിക്കുന്നതിനായി ഏജന്‍സിയെ നിയമിച്ചുവെന്നായിരുന്നു വാര്‍ത്ത.

വികസ്വര രാജ്യങ്ങളില്‍ ഏറെ സജീവമായ ഇടപെടല്‍ നടത്തുന്ന വെഞ്ച്വര്‍ കാപ്പിറ്റല്‍ സംരംഭമാണ് അബ്രാജ്. ഇന്ത്യ, പാക്കിസ്ഥാന്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ ആശുപത്രികള്‍ വാങ്ങുന്നതിന് നല്‍കിയ പണം പ്രവര്‍ത്തന ചെലവുകള്‍ക്കായി വിനിയോഗിച്ചെന്ന ആരോപണവുമുണ്ട്.

എന്നാല്‍ ഒരു തരത്തിലുള്ള കൃത്യവിലോപവും ഫണ്ടിന്റെ കാര്യത്തിലുണ്ടായിട്ടില്ലെന്ന് അബ്രാജ് പ്രസ്താവനയില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധാരണാജനകമാണെന്നും അവര്‍ വ്യക്തമാക്കി. മൂലധനത്തിലെ കുറച്ച് തുക വിചാരിച്ച വേഗത്തില്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ആ ഫണ്ട് ഉപയോഗപ്പെടുത്തുന്ന വിപണികളിലെ ചില പ്രശ്‌നങ്ങള്‍ മൂലമാണത്-അബ്രാജ് വ്യക്തമാക്കി. ഇത് നിക്ഷേപകരെ വളരെ കൃത്യമായി അറിയിച്ചിട്ടുണ്ടെന്നാണ് അബ്രാജിന്റെ നിലപാട്.

2002ലാണ് ആരിഫ് നഖ്വി എന്ന സംരംഭകന്‍ അബ്രാജിന് രൂപം നല്‍കിയത്. ഏഷ്യ, ആഫ്രിക്ക തുടങ്ങിയ മേഖലകളിലാണ് ഇവര്‍ കൂടുതലായും ശ്രദ്ധ വെക്കുന്നത്. 2016ല്‍ നൈജീരിയയിലും പാക്കിസ്ഥാനിലും ഇന്ത്യയിലുമായി ആശുപത്രികള്‍ വാങ്ങുന്നതിന് അബ്രാജ് നീക്കിവെച്ചത് 545 മില്ല്യണ്‍ ഡോളറാണ്.

Comments

comments

Categories: World