മോദികെയറിനെ മികച്ച അവസരമാക്കാന്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍

മോദികെയറിനെ മികച്ച അവസരമാക്കാന്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍

ദുബായ്: ഗള്‍ഫ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഇന്ത്യയിലെ ബിസിനസ് സ്ട്രാറ്റജി മാറ്റുന്നതായി റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ദേശീയ ആരോഗ്യ സുരക്ഷ പദ്ധതിക്ക് അനുസൃതമായി ഇന്ത്യയിലെ തങ്ങളുടെ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

യുഎഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ പ്രവാസി സംരംഭകന്‍ ആസാദ് മൂപ്പനാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് നേതൃത്വം നല്‍കുന്നത്. ഏറ്റെടുക്കലിലൂടെ ഇന്ത്യയിലെ സാന്നിധ്യം ഗ്രൂപ്പ് വിപുലപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ബജറ്റിലെ പ്രഖ്യാപനം വന്നതോടെ വലിയ നഗരങ്ങളുടെ പുറത്തേക്കും ശൃംഖല വ്യാപിപ്പിക്കുകയെന്ന തന്ത്രം ഗ്രൂപ്പ് അനുവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകള്‍. ഇന്ത്യയിലെ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലും പട്ടണങ്ങളിലും ആരോഗ്യരംഗത്ത് നിക്ഷേപം നടത്തുന്നതിന് സാധ്യതകളുണ്ട്. ഇത് ഉപയോഗപ്പെടുത്താന്‍ ആരോഗ്യ മേഖലയിലെ സംരംഭകര്‍ മുന്നോട്ടുവരുമെന്നാണ് സര്‍ക്കാരും പ്രതീക്ഷിക്കുന്നത്.

കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച മോദികെയര്‍ പദ്ധതിയോട് മികച്ച രീതിയിലാണ് ആസാദ് മൂപ്പന്‍ നേരത്തെ പ്രതികരിച്ചത്. ഭാതതത്തിലെ പത്തുകോടിയിലധികം വരുന്ന കുടുംബങ്ങള്‍ക്ക് സഹായകമാകുന്നതാണ് ദേശീയ ആരോഗ്യ സുരക്ഷ പദ്ധതി. ഓരോ കുടുംബത്തിനും അഞ്ചുലക്ഷം രൂപവരെ സെക്കണ്ടറി, ടേര്‍ഷ്യറി ആശുപത്രി പരിചരണം പ്രഖ്യാപിച്ചത് പ്രശംസനീയമാണ്-ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

ദീര്‍ഘകാലമായി കാത്തിരുന്ന ഭാരതസര്‍ക്കാരിന്റെ ഈ പദ്ധതി 50 കോടിയലധികം ആളുകളെ ഒരൊറ്റ ആരോഗ്യപദ്ധതിയുടെ കീഴില്‍ കൊണ്ടുവരുന്ന ലോകത്തിലെ ആദ്യത്തെ സംരംഭമാണ്. ദാരിദ്ര്യരേഖക്കു കീഴിലുള്ള ജനങ്ങള്‍ക്ക് ഏറ്റവും മികച്ച സെക്കണ്ടറി, ടേര്‍ഷ്യറി ആശുപത്രി പരിചരണം ലഭ്യമാക്കുന്ന അസാധരണമായ പദ്ധതിയാണിത്-അദ്ദേഹം നേരത്തെ വ്യക്തമാക്കി.

ഓരോ മൂന്ന് നിയോജക മണ്ഡലങ്ങളിലും ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളെജ് എന്ന് ഉറപ്പുവരുത്തുന്നതിലൂടെ നിലവിലുള്ള ഡോക്ടര്‍-രോഗി അനുപാതമായ 1170 രോഗികള്‍ക്ക് ഒരു ഡോക്ടര്‍ എന്ന നിലയില്‍നിന്നും ലോക ആരോഗ്യസംഘടനയുടെ അനുശാസിക്കുന്ന അനുപാതമായ 400 രോഗികള്‍ക്ക് ഒരു ഡോക്ടര്‍ എന്ന നിലയിലേക്ക് ഉയര്‍ത്താന്‍ സഹായകമാകുന്നതാണ് പദ്ധതി. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ പ്രഥമ ഓഹരി വില്‍പ്പന(ഐപിഒ) അടുത്തയാഴ്ച്ച നടക്കാനിരിക്കുകയാണ്. ഓഹരി വില്‍പ്പനയിലൂടെ 725 കോടി രൂപ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

Comments

comments

Categories: Arabia