ചായക്കടക്കാരന്‍ പ്രധാനമന്ത്രിയാകുമ്പോള്‍…

ചായക്കടക്കാരന്‍ പ്രധാനമന്ത്രിയാകുമ്പോള്‍…

ഏത് ജോലിയും മികച്ച രീതിയില്‍ ചെയ്യുക എന്നത് തന്നെയാണ് തൊഴിലിനോടുള്ള കൂറും ആത്മാര്‍ത്ഥതയും

അബ്രഹാം ലിങ്കണ്‍ അമേരിക്കന്‍ പ്രസിഡന്റ് ആയത് ഇഷ്ടപ്പെടാത്ത ഒരുപാട് പേര്‍ ആ രാജ്യത്ത് ഉണ്ടായിരുന്നു. ലിങ്കണ്‍ ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ചവനായിരുന്നു. പോരാത്തതിന് അദ്ദേഹത്തിന്റെ പിതാവ് ഒരു ചെരുപ്പുകുത്തി കൂടിയായിരുന്നു. ആളുകളുടെ സഹിഷ്ണുതയുടെ അപ്പുറമായിരുന്നു ആ വസ്തുത. ഒരു ചെരുപ്പുകുത്തിയുടെ മകന്‍ അമേരിക്കന്‍ പ്രസിഡന്റോ? ചിന്തിക്കാവുന്നതിനും അപ്പുറമായിരുന്നു ഈ സത്യം.

സെനറ്റില്‍ തന്റെ ആദ്യത്തെ പ്രസംഗത്തിന് അബ്രഹാം ലിങ്കണ്‍ എഴുന്നേറ്റു. അതികഠിനമായ മനക്ഷോഭത്തോടെയാണ് പലരും അവിടെ ഇരുന്നിരുന്നത്. തന്റെ അസഹിഷ്ണുത സഹിക്കാനാവാതെ ഒരു മെംബര്‍ എഴുന്നേറ്റ് പ്രസിഡന്റിനെ അഭിസംബോധന ചെയ്തു. പ്രസിഡന്റിനോടുള്ള തന്റെ അനിഷ്ടം മുഴുവന്‍ അയാളുടെ വാക്കുകളില്‍ നിറഞ്ഞുനിന്നിരുന്നു. അയാള്‍ പറഞ്ഞു- ‘പ്രസംഗിക്കുമ്പോള്‍ വലിയ ഔദ്ധത്യം ഒന്നും ആവശ്യമില്ല. നിന്റെ അച്ഛന്‍ വെറുമൊരു ചെരുപ്പുകുത്തിയായിരുന്നു.’

ഒരു ചെരുപ്പുകുത്തിയുടെ മകന്‍ പ്രസിഡന്റ് ആയിരിക്കുന്നു. ആളുകള്‍ അങ്ങനെയാണ്. അവര്‍ക്ക് അത്തരം കാര്യങ്ങള്‍ സഹിക്കുവാനാകുന്നില്ല. സാധാരണക്കാരന്‍ വലിയ സ്ഥാനങ്ങളില്‍ അവരോധിക്കപ്പെടുമ്പോള്‍ അവര്‍ അസഹിഷ്ണുക്കളാകുന്നു. ഇവിടേയും ഇത് തന്നെയായിരുന്നു സംഭവിച്ചത്. സെനറ്റിലെ ആ അംഗം അനേകം പേരുടെ പ്രതിനിധിയായിരുന്നു. അവര്‍ മനസില്‍ ചിന്തിച്ചിരുന്നത് അയാള്‍ തുറന്ന് പറഞ്ഞു എന്നതേയുള്ളൂ.

സാധാരണക്കാരന്റെ ഉയരങ്ങളിലേക്കുള്ള യാത്ര പലരിലും അസഹിഷ്ണുത ഉളവാക്കുന്നു. അവര്‍ അത് പ്രകടിപ്പിക്കുവാന്‍ മടിക്കുന്നു എന്നേയുള്ളൂ. കുടിലില്‍ നിന്നും കൊട്ടാരത്തിലേക്ക് നീ പോകണം എന്ന് അവര്‍ പ്രചോദിപ്പിക്കും. ഉയരങ്ങളില്‍ എത്തിയ നിന്നെ തരംതാഴ്ത്താന്‍ ലഭിക്കുന്ന ഒരവസരവും അവര്‍ പാഴാക്കുകയുമില്ല. ലോകം ഒരു പ്രത്യേക സ്വഭാവത്തിലാണ് സഞ്ചരിക്കുന്നത്

ലിങ്കണ്‍ തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു- ‘എന്റെ അച്ഛന്‍ നിര്‍മിച്ചിരുന്നത് ഏറ്റവും നല്ല പാദരക്ഷകളായിരുന്നു. ബഹുമാനപ്പെട്ട അംഗം വളരെ ഉചിതമായ സമയത്താണ് ഇത് എന്നെ ഓര്‍മ്മിപ്പിച്ചത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഉപയോഗിച്ചിരുന്നത് എന്റെ അച്ഛന്‍ തുന്നിയ പാദരക്ഷകളായിരുന്നു. വളരെ ഭംഗിയുള്ള ചെരുപ്പുകളായിരുന്നു എന്റെ അച്ഛന്‍ സ്വന്തം കൈകളാല്‍ തുന്നിയിരുന്നത്.

ചെരുപ്പുകള്‍ വാങ്ങുന്നവര്‍ക്ക് അദ്ദേഹത്തോട് സ്‌നേഹം തോന്നത്തക്ക തരത്തില്‍ അതീവ ശ്രദ്ധാപൂര്‍വമാണ് എന്റെ പിതാവ് അവ നിര്‍മിച്ചിരുന്നത്. എന്റെ അച്ഛന്‍ വളരെ മികച്ച ഒരു ചെരുപ്പുകുത്തിയായിരുന്നു. എന്നാല്‍ അതേ രീതിയില്‍ മികച്ചൊരു പ്രസിഡന്റ് ആയിരിക്കുവാന്‍ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല.’
ഏത് ജോലിയും മികച്ച രീതിയില്‍ ചെയ്യുക എന്നത് തന്നെയാണ് തൊഴിലിനോടുള്ള കൂറും ആത്മാര്‍ത്ഥതയും. ലിങ്കന്റെ വാക്കുകള്‍ ശ്രദ്ധിക്കുക. മറ്റുള്ളവര്‍ക്ക് സ്‌നേഹം തോന്നുന്ന രീതിയില്‍ തങ്ങളുടെ തൊഴില്‍ ചെയ്യാന്‍ നമുക്ക് സാധിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അതു തന്നെയാണ് ഏറ്റവും വലിയ സമര്‍പ്പണം. തന്റെ പിതാവ് ഒരു ചെരുപ്പുകുത്തിയാണ് എന്ന് പറയാന്‍ ലിങ്കണ്‍ ഒരു മടിയും കാട്ടിയിട്ടില്ല.

സാധാരണക്കാരന്റെ ഉയരങ്ങളിലേക്കുള്ള യാത്ര പലരിലും അസഹിഷ്ണുത ഉളവാക്കുന്നു. അവര്‍ അത് പ്രകടിപ്പിക്കുവാന്‍ മടിക്കുന്നു എന്നേയുള്ളൂ. കുടിലില്‍ നിന്നും കൊട്ടാരത്തിലേക്ക് നീ പോകണം എന്ന് അവര്‍ പ്രചോദിപ്പിക്കും. ഉയരങ്ങളില്‍ എത്തിയ നിന്നെ തരംതാഴ്ത്താന്‍ ലഭിക്കുന്ന ഒരവസരവും അവര്‍ പാഴാക്കുകയുമില്ല. ലോകം ഒരു പ്രത്യേക സ്വഭാവത്തിലാണ് സഞ്ചരിക്കുന്നത്.

അതുകൊണ്ട് തന്നെയാണ് ഒരു ചായക്കടക്കാരന്‍ പ്രധാനമന്ത്രിയാകുമ്പോള്‍ നമുക്ക് സഹിക്കാന്‍ കഴിയാത്തത്. ഒരു സാധാരണ ചായക്കടക്കാരന്‍ പ്രധാനമന്ത്രിയാകുന്നത് നിസാര കാര്യമാണോ? തീര്‍ച്ചയായും അല്ല. എന്നാല്‍ അത് നമ്മളില്‍ അസഹിഷ്ണുത സൃഷ്ടിക്കുന്നു. ബില്‍ഗേറ്റ്‌സ് ലോകം മുഴുവന്‍ വേരുകളുള്ള വന്‍ വ്യവസായ സാമ്രാജ്യത്തിന്റെ ഉടമയാകുമ്പോള്‍ അത് പ്രചോദനത്തിന്റെ മഹത്തായ ഉദാഹരണമായി നാം പാടി പുകഴ്ത്തുന്നതും ചായക്കടക്കാരന്‍ പ്രധാനമന്ത്രിയാകുമ്പോള്‍ പുച്ഛിക്കുകയും ചെയ്യുന്നത് ഈ അസഹിഷ്ണുതാശാസ്ത്രത്തിന്റെ വികടസ്വഭാവമാണ്.

നമ്മളില്‍ ഈ അസഹിഷ്ണുത ഉണ്ടോ? ഒരു നിമിഷം മനസിലേക്ക് നോക്കാം. മറ്റുള്ളവര്‍ ഉയരങ്ങളിലേക്ക് പോകുമ്പോള്‍ നമ്മുടെ മനസില്‍ വേദന നിറയുന്നുണ്ടോ? അത് നമ്മളില്‍ അനിഷ്ടവും നിരാശയും മുളപ്പിക്കുന്നുണ്ടോ? അതില്‍ നിന്നും മുക്തി നേടുവാനായില്ലെങ്കില്‍ സന്തോഷം എന്നും വിദൂരത്തിലായിരിക്കും. നമ്മുടെ തൊഴില്‍ എത്ര ചെറുതാവട്ടെ അത് ഭംഗിയായി, ശ്രദ്ധയോടെ, മറ്റുള്ളവര്‍ക്ക് നമ്മോട് ഇഷ്ടം തോന്നുന്ന രീതിയില്‍ നമുക്ക് ചെയ്യാം. അത് നമ്മളെ അല്ലെങ്കില്‍ നമ്മുടെ തലമുറകളെ ഉയരങ്ങളില്‍ എത്തിക്കും.

Comments

comments

Categories: Slider, Top Stories

Related Articles