15 മില്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിച്ച് മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ്

15 മില്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിച്ച് മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ്

മുംബൈ: മള്‍ട്ടി ബ്രാന്‍ഡ് യൂസ്ഡ് കാര്‍ വില്‍പ്പനക്കാരായ മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീല്‍സ് ലിമിറ്റഡ് 15 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നേടി. നിലവിലെ നിക്ഷേപകരില്‍ നിന്ന് തന്നെയാണ് ഇത്തവണയും നിക്ഷേപം നേടിയത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു അവസാനമായി മഹീന്ദ്ര യൂസ്ഡ് വിഭാഗം നിക്ഷേപം സ്വീകരിച്ചത്. ഇതോടെ കമ്പനിയുടെ ആകെ മൂല്യം 265 മില്യണ്‍ ഡോളറിലെത്തി. ഇതിനൊപ്പം തന്നെ കമ്പനിയുടെ 5.66 ശതമാനം ഓഹരിയും വിറ്റഴിഞ്ഞു. ഇത്തവണ സ്ഥാപനത്തിലെ നിക്ഷേപകരെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നുംതന്നെ മഹീന്ദ്ര പുറത്ത് വിട്ടിട്ടില്ല.

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനിയായ കോക്‌സ് ഓട്ടോമോട്ടീവ്, പ്രൈവറ്റ് ഇക്വിറ്റി സേവനദാതാക്കളായ ഫി അഡ്വര്‍റ്റൈസേഴ്‌സ്, യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെഡ്ജ് ഫണ്ട് വേലിയന്റ് കാപിറ്റല്‍ തുടങ്ങിയ സ്ഥാപനങ്ങളാണ് കഴിഞ്ഞ കുറെ നാളുകളായി മഹീന്ദ്ര യൂസ്ഡ് വിഭാഗത്തിലെ നിക്ഷേപരായി തുടരുന്നത്. പുതുതായി സ്വായത്തമാക്കിയിരിക്കുന്ന നിക്ഷേപം സ്ഥാപനത്തിന്റെ ഡീലര്‍ഷിപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും ഓണ്‍ലൈന്‍ ഉപഭോക്താക്ക് കൂടുതല്‍ സേവനങ്ങള്‍ സജ്ജമാക്കുന്നതിനുമായി വിനിയോഗിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കമ്പനി നിശ്ചയിച്ചിരുന്ന ടാര്‍ഗറ്റ് ആയ 1800 ഡീലര്‍ഷിപ്പുകള്‍ 2015ല്‍ തന്നെ പൂര്‍ത്തിയാക്കിയിരുന്നുവെന്നും അടുത്തപടിയായി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് പ്രാധാന്യം നല്‍കുമെന്നും സിഇഒ നാഗേന്ദ്ര പല്ലെ പറഞ്ഞു. ജിഎസ്ടിയുടെ വരവോടെ വോള്‍സെയില്‍, റീടെയില്‍ രംഗങ്ങളില്‍ തങ്ങള്‍ കൂടുതല്‍ സാങ്കേതിക വിദ്യകള്‍ കൂട്ടിച്ചേര്‍ക്കേണ്ടതായി വന്നുവെന്ന് പറഞ്ഞ അദ്ദേഹം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഡീലര്‍മാരുടെ എണ്ണം 5000 ആക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

2015 നവംബറില്‍ കോക്‌സ് ഓട്ടോമൊബീല്‍സ്, കമ്പനിയുടെ ഓഹരി വാങ്ങിയിരുന്നു. അതിനൊപ്പം തന്നെ എച്ചഡിഎഫ്‌സി, ഫി അഡൈ്വസേഴ്‌സ് എന്നീ സ്ഥാപനങ്ങളും ഓഹരിയിലൂടെ കമ്പനിയുമായി ബന്ധം സ്ഥാപിച്ചു. ഇതേ വര്‍ഷം മാര്‍ച്ചില്‍ ഒന്നാം ഘട്ട, രണ്ടാം ഘട്ട വില്‍പ്പനകളുടെ ഭാഗമായി വേലിയന്റ് ക്യാപിറ്റല്‍, 15 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു. അത് സ്ഥാപനത്തിന്റെ മൂല്യം 115 മില്യണ്‍ ഡോളറിലെത്തുന്നതിന് വഴിവെച്ചു. സ്ഥാപനത്തിന് ആദ്യമായി നിക്ഷേപത്തിലൂടെ പിന്തുണയുമായെത്തിയത് 2008ല്‍ 9.21 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചുകൊണ്ട് ഫി അഡൈ്വസേഴ്‌സ് ആയിരുന്നു. അന്ന് 31 ശതമാനം ഓഹരിയായിരുന്നു അവര്‍ സ്വന്തമാക്കിയത്.

ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി 800ല്‍ അധികം ഫ്രാഞ്ചൈസികളാണ് ഇന്ന് മഹീന്ദ്ര ഫസ്റ്റ് ചോയ്‌സിനുള്ളത്. ഇതിന് പുറമെ ഓണ്‍ലൈന്‍ യൂസ്ഡ് കാര്‍ പോര്‍ട്ടലുകളും നടത്തുന്നുണ്ട്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ സഹസ്ഥാപനമായാണ് മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ സ്ഥാപനത്തിന്റെ ഓഹരിയില്‍ 48.68 ശതമാനം കയ്യാളുന്നതും മാതൃസ്ഥാപനമായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തന്നെയാണ്. 2016-17 കാലയളവില്‍ സ്ഥാപനത്തിന്റെ വാര്‍ഷിക വരുമാനം 98.33 കോടിയായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

 

 

Comments

comments

Categories: Business & Economy