പണം ഉറക്കം കെടുത്തുന്നുവോ?

പണം ഉറക്കം കെടുത്തുന്നുവോ?

ആളുകളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന കാര്യങ്ങളിലൊന്നാണ് പണത്തെക്കുറിച്ചുള്ള ആധി. ബ്രിട്ടണിലെ യോര്‍ക്ക്ഷയര്‍ ബില്‍ഡിംഗ് സൊസൈറ്റിയിലെ (വൈബിഎസ്) 13 ശതമാനം അംഗങ്ങളെങ്കിലും ഇത്തരം ആധി അനുഭവിക്കുന്നുണ്ട്. അംഗങ്ങള്‍ തന്നെ ഉടമസ്ഥത വഹിക്കുന്ന സാമ്പത്തിക സഹകരണസ്ഥാപനത്തെയാണ് ബില്‍ഡിംഗ് സൊസൈറ്റിയെന്നു പറയുന്നത്. ബാങ്കിംഗ്, സമ്പാദ്യം, കെട്ടിടം വാടകയ്ക്കു നല്‍കല്‍ പോലുള്ള സാമ്പത്തിക സേവനങ്ങള്‍ അംഗങ്ങള്‍ക്കായി വൈബിഎസ് ചെയ്തു കൊടുക്കുന്നു. മാനസികപ്രശ്‌നങ്ങളനുഭവിക്കുന്ന ഇടപാടുകാരെ ആശങ്കകള്‍ അവതരിപ്പിക്കാന്‍ പ്രോല്‍സാഹിപ്പിക്കുകയെന്ന ചുമതല വൈബിഎസ് ഏറ്റെടുക്കാറുണ്ട്. ഉപദേശങ്ങളിലൂടെ അവരെ കരുത്തരാക്കുകയും പ്രശ്‌നങ്ങള്‍ മറികടക്കാനുള്ള സാമ്പത്തികസഹായം നല്‍കുകയും ചെയ്യുന്നു.

മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടന മൈന്‍ഡ് പണവും മാനിസാരോഗ്യവും തമ്മിലുള്ള ബന്ധത്തെ നിര്‍വചിക്കുന്നത് ഇങ്ങനെയാണ്, മോശം മാനസികനില പണത്തിന്റെ കൈകാര്യം ബുദ്ധിമുട്ടിലാക്കുന്നതു പോലെ പണത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠ മാനസികാരോഗ്യം വഷളാക്കുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ സഹായം തേടുന്നത് തുടക്കത്തില്‍ വലിയ ബുദ്ധിമുട്ടു സൃഷ്ടിക്കുമെങ്കിലും കാര്യങ്ങള്‍ ആ നിലയില്‍ മുന്നോട്ടു നീക്കുന്നതാണ് ഉചിതം

ഉല്‍ക്കണ്ഠയും സമ്മര്‍ദ്ദവും മൂലം 14 ശതമാനം ജീവനക്കാര്‍ 2016-17 വര്‍ഷത്തില്‍ ജോലിക്കു ഹാജരായില്ലെന്ന് ബ്രിട്ടീഷ് ദേശീയാരോഗ്യസേവന മന്ത്രാലയത്തിന്റെ (എന്‍എച്ച്എസ്) കണക്കുകള്‍ വ്യക്തമാക്കുന്നു. പണത്തെച്ചൊല്ലി മാനസികപ്രശ്‌നങ്ങളനുഭവിക്കുന്ന ആളുകള്‍ക്ക് അക്കാര്യം തുറന്നു സംസാരിക്കാന്‍ വേണ്ടി
ഒരു ദിവസത്തെ പരിപാടി തന്നെ വൈബിഎസ് സംഘടിപ്പിച്ചിരുന്നു. ഈ യോഗത്തിലാണ് ഇക്കാര്യം പുറത്തു വന്നത്. ഡോക്റ്റര്‍മാരുടെ മരുന്നു കുറിപ്പടികളില്‍ മൂന്നിലൊന്നും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ളതാണെന്നും എന്‍എച്ച്എസ് കണ്ടെത്തി. തങ്ങളുടെ പ്രത്യേക ആവശ്യങ്ങളോട് മികച്ച പ്രതികരണത്തിനു സഹായിക്കുന്നതിനായി ആരോഗ്യപ്രശ്‌നങ്ങള്‍ പങ്കുവെക്കാന്‍ വൈബിഎസ് പ്രോല്‍സാഹിപ്പിക്കുന്നു. 2017-ല്‍ വിഷാദരോഗമായിരുന്നു അംഗങ്ങളുടെ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ക്കു പ്രധാന കാരണം. അംഗങ്ങള്‍ കനത്ത ഉല്‍ക്കണ്ഠയും സമ്മര്‍ദവും അനുഭവിക്കുന്നതായും മനസിലാക്കാനായി.

മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടന മൈന്‍ഡ് പണവും മാനിസാരോഗ്യവും തമ്മിലുള്ള ബന്ധത്തെ നിര്‍വചിക്കുന്നത് ഇങ്ങനെയാണ്, മോശം മാനസികനില പണത്തിന്റെ കൈകാര്യം ബുദ്ധിമുട്ടിലാക്കുന്നതു പോലെ പണത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠ മാനസികാരോഗ്യം വഷളാക്കുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ സഹായം തേടുന്നത് തുടക്കത്തില്‍ വലിയ ബുദ്ധിമുട്ടു സൃഷ്ടിക്കുമെങ്കിലും കാര്യങ്ങള്‍ ആ നിലയില്‍ മുന്നോട്ടു നീക്കുന്നതാണ് ഉചിതം.

മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന പ്രവണതയാണ് കാണുന്നതെന്ന് വൈബിഎസിന്റെ കസ്റ്റമര്‍ സപ്പോര്‍ട്ട് ടീം മേധാവി ജാനിസ് ഹംബ്ലിംഗ് പറയുന്നു. ഇക്കാര്യം വളരെ വ്യക്തമായി അറിയാവുന്ന കാര്യമാണ്. മാനസികാരോഗ്യം, സാമ്പത്തികം ഉള്‍പ്പെടെ ജീവിതത്തില്‍ സര്‍വതലസ്പര്‍ശിയാണ്. എല്ലാ പ്രശ്‌നങ്ങളും ഉള്ളിലടക്കി സ്വയം ഉരുകാന്‍ ഞങ്ങള്‍ അവരെ അനുവദിക്കാറില്ല. ഉപഭോക്താക്കളെ പിന്തുണയ്ക്കാനും പ്രതിസന്ധിഘട്ടങ്ങളില്‍ പണം കൈകാര്യം ചെയ്യാന്‍ സഹായിക്കാനുമാണ് ഞങ്ങള്‍ ഇവിടെയുള്ളതെന്ന് അവരെ ബോധ്യപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ജാനിസ് വ്യക്തമാക്കുന്നു.

മൈന്‍ഡിന്റെ പ്രവര്‍ത്തകരുമായി രഹസ്യമായി നേരിട്ടോ ഫോണിലൂടെയോ സംസാരിക്കാന്‍ അംഗങ്ങള്‍ക്ക് അവസരമുണ്ട്. നിങ്ങള്‍ക്ക് ഉചിതമായ പദ്ധതി ഏതെന്ന് ഈ കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കിത്തരും. നിങ്ങളുടെ സാഹചര്യം വിലയിരുത്തി അധികം സഹായങ്ങള്‍ ചെയ്യേണ്ടതാണെന്നു ബോധ്യപ്പെട്ടാല്‍ അതും ചെയ്യും. സ്വതന്ത്രസംഘടനകളുമായി അംഗങ്ങളെ ബന്ധപ്പെടുത്തുകയും അവരില്‍ നിന്ന് സാമ്പത്തികവും മാനസികാരോഗ്യപരവുമായ പിന്തുണ ആര്‍ജ്ജിക്കാന്‍ സഹായിക്കുകയും ചെയ്യും.

വൈബിഎസിന്റെ സഹായം

ഒരു ഉപയോക്താവുമായി വൈബിഎസ് എങ്ങനെയാണ് ഇടപെടുന്നതെന്നു നോക്കാം. മാനസികാരോഗ്യനിലയില്‍ പ്രശ്‌നം സംഭവിച്ച ഇടപാടുകാരന്റെ ഭാവത്തിലും പെരുമാറ്റത്തിലും കാര്യമായ വ്യത്യാസം കാണപ്പെട്ടാല്‍ വൈബിഎസിന്റെ സഹകാരി, അയാളെ വിളിച്ച് സംസാരിക്കുന്നു. അസാധാരണമായി വലിയ തുകകള്‍ പിന്‍വലിക്കുക, മാരകരോഗങ്ങള്‍ക്ക് അടിപ്പെട്ടാല്‍ ഇനിയധികം കാലം ജീവിച്ചിരിക്കുകയില്ലെന്ന വിചാരം അലട്ടുക തുടങ്ങിയ പ്രശ്‌നങ്ങള്‍ കാണിക്കുന്ന ഇടപാടുകാരുണ്ട്. വൈബിഎസ് സഹകാരി ഇടപാടുകാരനുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ അയാളെ തനിക്ക് സഹായിക്കാനാകുമെന്ന് ബോധ്യപ്പെടുത്തുന്നു. തുറന്ന, ആത്മാര്‍ത്ഥമായ സംസാരം അവര്‍ തമ്മില്‍ നടത്താനാണ് സഹകാരി ശ്രമിക്കുക. അതോടെ ഉപയോക്താവിന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെക്കുറിച്ച് മനസിലാക്കാനാകുന്നു. പ്രതിസന്ധി ഘട്ടത്തില്‍ അത്താണിയായിരിക്കാമെന്ന് അയാള്‍ക്ക് സഹകാരി ഉറപ്പു നല്‍കുന്നു.

ഈ ഘട്ടത്തില്‍ മനസിലാക്കിയ കാര്യങ്ങള്‍ വൈബിഎസിന്റെ പ്രത്യേക സംഘത്തെ സഹകാരി അറിയിക്കുന്നു. പ്രതിസന്ധിയില്‍ സഹകരണവും പിന്തുണയുമായി അവരെത്തുന്നു. പ്രാദേശിക പ്രതിസന്ധി നിവാരണസംഘം ഇടപാടുകാരനുമായി ബന്ധപ്പെടുകയും അയാളുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സംസാരിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുന്നു. ഇടപാടുകാരന്‍ ഇപ്പോഴും കഷ്ടപ്പെടുകയാണെന്നും അയാളുടെ സാഹചര്യം മെച്ചപ്പെട്ടിട്ടില്ലെന്ന് ബോധ്യപ്പെടുത്താനുമാണ് ഇത്തരത്തിലൊരു സമീപനം കൈക്കൊള്ളുന്നത്. അങ്ങനെ ഉപയോക്താവിന്റെ മാനസികപ്രശ്‌നങ്ങള്‍ ദൂരീകരിക്കപ്പെടുകയും പ്രതിസന്ധിഘട്ടത്തിലെ പിന്തുണ അയാളെ കരകയറ്റുകയായിരുന്നുവെന്നു മനസിലാക്കുകയും ചെയ്യുന്നു.

സാമ്പത്തികപ്രശ്‌നങ്ങള്‍ മനസിനെ കീഴ്‌പ്പെടുത്തുമ്പോള്‍

കഷ്ടകാലത്തെ സാമ്പത്തികപ്രശ്‌നങ്ങള്‍ക്ക് സഹായം തേടേണ്ടതെങ്ങനെയെന്ന് വൈബിഎസ് ഉപദേശിക്കുന്നു.

സ്വന്തം സാമ്പത്തിക സ്വഭാവങ്ങളറിയുക

ധനപരമായ ആശങ്കകള്‍ മാനസികനിലയെ ബാധിക്കുമെന്നതു പോലെ, തീരുമാനങ്ങളെടുക്കാനുള്ള കഴിവിനെയും ബാധിക്കും. സ്വന്തം സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള നിയന്ത്രണം പോലുമില്ലെന്ന അപകര്‍ഷത്തിലേക്ക് ഇത് നിങ്ങളെ നയിച്ചേക്കാം. സ്വന്തം സാമ്പത്തിക പെരുമാറ്റങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുകയാണ് പ്രധാനം. പണം ചെലവിടുന്നതു രേഖപ്പെടുത്തി വെക്കുക വഴി സ്വയം സാമ്പത്തിക നിയന്ത്രണമേര്‍പ്പെടുത്താം.

വിശ്വസ്തരുമായി സംസാരിക്കുക

ഒരാളുടെ മനസിലുള്ള ഭാരം മറ്റൊരാളുമായി പങ്കുവെച്ചാല്‍ പകുതിയായി കുറയുമെന്ന ആപ്തവാക്യം വളരെ സത്യമാണ്. സ്വന്തം ആശങ്ക സംബന്ധിച്ച് വിശ്വാസയോഗ്യരായ ആളുകളോട് സംസാരിക്കുക. അവര്‍ക്കു ചിലപ്പോള്‍ പരിഹാരം കാണാനും ആശ്വസിപ്പിക്കാനും കഴിയും. നെഞ്ചിലെ ഭാരം ഇറക്കി വെച്ചാല്‍ത്തന്നെ വലിയ ആശ്വാസമാകും.

വിദഗ്ധ സഹായം തേടുക

സാമ്പത്തിക രംഗത്തുള്ള വിദഗ്ധരുടെയോ സ്ഥാപനങ്ങളുടെയോ ഉപദേശനിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത് പ്രശ്‌നപരിഹാരത്തിനു ക്ലേശിക്കുന്നവര്‍ക്കും വലിയ സഹായമാണ്. സാമ്പത്തികകാര്യങ്ങളില്‍ മാര്‍ഗനിര്‍ദേശം നല്‍കാന്‍ കഴിയുന്ന മണി അഡൈ്വസ് ട്രസ്റ്റ്, സിറ്റിസണ്‍സ് അഡൈ്വസ് ബ്യൂറോ എന്നിവയെ സമീപിക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട മാനസികപ്രശ്‌നങ്ങളാണ് അലട്ടുന്നതെങ്കില്‍ ഇക്കാര്യത്തില്‍ പരിണിതപ്രജ്ഞരായ മൈന്‍ഡ്, സമരിറ്റന്‍സ് തുടങ്ങിയ സന്നദ്ധസംഘടനകള്‍ക്ക് നിങ്ങളെ സഹായിക്കാനാകും.

ആശയവിനിമയത്തിനുള്ള പാത തുറന്നിടുക

സാമ്പത്തിക സേവനം നല്‍കുന്ന വ്യക്തിയുമായുള്ള ബന്ധം ശക്തമാക്കാന്‍ പ്രതിജ്ഞാബദ്ധനായിരിക്കണം. നിങ്ങളുടെ പ്രതിസന്ധിഘട്ടത്തില്‍ സഹകരണം വഴി നിങ്ങളെ ശരിയായ പാതയിലെത്തിക്കാന്‍ കഴിവുള്ളവരാണവര്‍. എന്തെല്ലാം ആശങ്കകളുണ്ടെങ്കിലും അതൊഴിവാക്കാന്‍ ഇവരുമായി സംസാരിക്കാന്‍ സദാ തയാറായിരിക്കണം. നിങ്ങളുടെ പ്രശ്‌നങ്ങളെന്തെന്നും എന്താണിവരില്‍ നിന്നു വേണ്ടതെന്നും മുന്‍കൂട്ടി എഴുതി തയാറാക്കി വേണം സംസാരിക്കാന്‍. അതായത് കൃത്യമായ രേഖകള്‍ തയാറാക്കി അതിന്റെ അടിസ്ഥാനത്തില്‍ വ്യക്തമായ ആശയവിനിമയത്തിനു മുതിരുക.

മികച്ച സംഘാടനം

കൃത്യമായ ടൈംടേബിള്‍ അനുസരിച്ചു പ്രവര്‍ത്തിക്കണം. ഓരോ ദിവസവും മുന്‍ഗണനാക്രമത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതു പോലെ ആഴ്ചയില്‍ ധനപരമായ കാര്യങ്ങള്‍ അവലോകനം ചെയ്യാനും മാസബജറ്റ് സജ്ജമാക്കാനും ശ്രദ്ധിക്കണം. പ്രമാണങ്ങള്‍ ബോക്‌സ് ഫയലില്‍ സൂക്ഷിക്കുക. എല്ലാം ഒരിടത്തുവെക്കുന്നതാണ് എളുപ്പം. ഒരാഴ്ചയില്‍ ചെലവിടാനുള്ള പണം മാത്രം പിന്‍വലിക്കുന്നതാണ് മിതവ്യയത്തിന് ഉചിതം. അപ്രതീക്ഷിത അനാവശ്യ ചെലവുകള്‍ ഒഴിവാക്കാനിത് സഹായിക്കും.

സാമൂഹികവും ശാരീരികവുമായി സജീവമായിരിക്കുക

സാമ്പത്തിക ആശങ്കകള്‍ ബന്ധങ്ങളെയും സാമൂഹികജീവിതത്തെയും ബാധിക്കും. മാനസികനില വഷളാക്കുന്നവരില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനായിരിക്കും എല്ലാവരും ആഗ്രഹിക്കുക. ആളുകളുമായി നന്നായി ഇടപഴകുക. സുഹൃത്തുക്കളുമായി കൂടിച്ചേരുക. വ്യായാമമാണ് ഏറ്റവും ഉണര്‍വ്വുണ്ടാക്കാനുള്ള മാര്‍ഗം. നടത്തം പോലുള്ള ചെറിയ വ്യായാമങ്ങളെങ്കിലും പരിശീലിക്കുന്നത് മുഷിപ്പില്‍ നിന്നു മോചനം നേടാന്‍ ഉപകരിക്കും.

 

Comments

comments

Categories: Slider, Top Stories

Related Articles