ഗൂഗിള്‍-സൗദി അരാംകോ സംയുക്ത സംരംഭം

ഗൂഗിള്‍-സൗദി അരാംകോ സംയുക്ത സംരംഭം

റിയാദ്: ഗൂഗിളിന്റെ മാതൃകമ്പനി ആല്‍ഫബെറ്റ് ഇന്‍കും സൗദിയിലെ ഓയില്‍ വ്യവസായ ഭീമന്മാരായ അരാംകോയും സംയുക്തമായി ടെക്‌നോളജി ഹബ് വികസിപ്പിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. വാള്‍ സ്ട്രീറ്റ് ജേണല്‍ ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

സൗദി അറേബ്യയില്‍ കൂടുതല്‍ സാങ്കേതിക സേവനങ്ങള്‍ വിന്യസിക്കുന്നതിനും രാജ്യത്തെ ഹൈടെക്ക് പരിവേഷത്തിലേക്ക് മാറ്റിയെഴുതുന്നതിനുമായി കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ നടപ്പിലാക്കുന്ന പുത്തന്‍ പിരഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട് നിരവധി സ്ഥാപനങ്ങള്‍ മുന്നോട്ട് വന്നിരുന്നു.

ആപ്പിള്‍, ആമസോണ്‍ തുടങ്ങിയ സാങ്കേതിക രംഗത്തെ വന്‍കിട കമ്പനികള്‍ റിയാദില്‍ വ്യാപാരം വ്യാപിപ്പിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ തുടരവേ, ആല്‍ഫബെറ്റുമായുള്ള അരാംകോയുടെ കൂട്ടുകെട്ട് അവര്‍ക്ക് വെല്ലുവിളി സൃഷ്ടിക്കും. പുതിയ പദ്ധതിയിലൂടെ അരാംകോയ്ക്ക് കൂടുതല്‍ പ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാന്‍ സാധിക്കുമെന്നും പ്രതീക്ഷിയുണ്ട്. പദ്ധതിയുടെ വ്യാപ്തിയും വലിപ്പവും സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

പ്രഥമ ഓഹരി വില്‍പ്പന(ഐപിഒ) യിലൂടെ ആഗോളതലത്തില്‍ തന്നെ വമ്പന്‍ കുതിപ്പിന് ഒരുങ്ങുകയാണ് സൗദി അരാംകോ. ലോകം കാത്തിരിക്കുന്ന അരാംകോയുടെ ഐപിഒ ഈ വര്‍ഷം രണ്ടാം പകുതിയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കമ്പനിയുടെ അഞ്ച് ശതമാനം ഓഹരികളാണ് ലിസ്റ്റ് ചെയ്യുന്നത്.

Comments

comments

Categories: Arabia