എംഎസ്എംഇകളുടെ വികസനം:കോര്‍പ്പറേറ്റ് ടാക്‌സ് കുറയ്ക്കുന്നു

എംഎസ്എംഇകളുടെ വികസനം:കോര്‍പ്പറേറ്റ് ടാക്‌സ്  കുറയ്ക്കുന്നു

ന്യൂഡെല്‍ഹി: മൈക്രോ, സ്‌മോള്‍, മീഡിയം വിഭാഗങ്ങളില്‍പ്പെടുന്ന സ്ഥാപനങ്ങളുടെ കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് വരുത്തിക്കൊണ്ടുള്ള ബജറ്റ് തീരുമാനത്തില്‍ തൃപ്തിയറിയിച്ച് സംരംഭകര്‍. പുതിയ നടപടി ഇത്തരം ചെറുകിട സംരംഭങ്ങളുടെ ബാധ്യത കുറയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, 250 കോടിയില്‍ താഴെ ടേണ്‍ഓവറുള്ള സ്ഥാപനങ്ങളുടെ കോര്‍പ്പറേറ്റ് ടാക്‌സ് 25 ശതമാനമായാണ് കുറച്ചിരിക്കുന്നത്. ആദ്യം ഇത് 30 ശതമാനമായിരുന്നു.

പുതിയ പരിഷ്‌കാരം നിരവധി നവസംരംഭകരെ ആകര്‍ഷിക്കുമെന്നും ചെറുകിട സംരംഭങ്ങള്‍ക്കായി പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്നുമെല്ലാം അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. പുതിയ നടപടി ഓട്ടോമൊബീല്‍ രംഗത്തെ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ നീക്കിയിരുപ്പ് സാധ്യമാക്കുമെന്ന് യുഎം ഗ്ലോബല്‍ ഡയറക്റ്റര്‍ ജോസ് വില്ലേഗാസ് പറഞ്ഞു. രംഗത്തെ പരാതികളും മറ്റും ഇല്ലാതാക്കിക്കൊണ്ട് കൂടുതല്‍ സുതാര്യമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ പുതിയ നടപടി സഹായകമാകുമെന്നാണ് ആംപിയര്‍ ഇലക്ട്രിക് വെഹിക്കിള്‍സ് സിഇഒ ഹേമലത അണ്ണാമലൈയുടെ അഭിപ്രായം.

സാമ്പത്തിക രംഗത്ത് ചെറുകിട സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ലെന്നും അതിനാല്‍ തന്നെ കോര്‍പ്പറേറ്റ് ടാക്‌സ് കുറച്ച നടപടി ചെറുകിട സ്ഥാപനങ്ങള്‍ക്കൊപ്പം തന്നെ രാജ്യത്തിന്റെയാകെ സാമ്പത്തിക രംഗത്തിന് ഗുണം ചെയ്യുമെന്നും പ്രശസ്ത ഐടി കമ്പനിയായ ഒറേലിയസിന്റെ സിഇഒ സുമിത് പീര്‍ പറഞ്ഞു. ഇത്തരത്തില്‍ രാജ്യത്തുടനീളം നവസംരംഭകര്‍ക്കിടയില്‍ മികച്ച അഭിപ്രായങ്ങളുമായാണ് പുതിയ പരിഷ്‌കാരം നിലവില്‍ വരുന്നത്.

Comments

comments

Categories: Business & Economy