റഷ്യയെ പ്രതിരോധിക്കാന്‍ യുഎസ് ആണവശേഷി വര്‍ധിപ്പിക്കാനൊരുങ്ങുന്നു

റഷ്യയെ പ്രതിരോധിക്കാന്‍ യുഎസ് ആണവശേഷി വര്‍ധിപ്പിക്കാനൊരുങ്ങുന്നു

വലിയൊരു അധികാര മത്സരമാണ് ഇപ്പോള്‍ അരങ്ങേറുന്നത്. മത്സരം ബീജിംഗും, മോസ്‌കോയും, വാഷിംഗ്ടണും തമ്മിലാണ്. യുഎസ് സൈനിക ആസ്ഥാനമായ പെന്റഗണ്‍ ഇത്രയും കാലം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് ഇസ്ലാമിക തീവ്രവാദികളെ വകവരുത്തുന്നതിലായിരുന്നു. എന്നാല്‍ ആ നയം ഇപ്പോള്‍ പെന്റഗണ്‍ മാറ്റിയിരിക്കുന്നു. റഷ്യയെയാണ് നോട്ടമിട്ടിരിക്കുന്നത്. പെന്റഗണ്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ നയവിവരണ പത്രിക ഇക്കാര്യം അടിവരയിടുന്നുണ്ട്

ഈ മാസം രണ്ടിന് ട്രംപ് ഭരണകൂടം പെന്റഗണ്‍ പോളിസി സ്റ്റേറ്റ്‌മെന്റ് (യുഎസ് സൈനിക ആസ്ഥാനമായ പെന്റഗണിന്റെ നയങ്ങള്‍ ഉള്‍പ്പെടുന്ന പത്രിക) എന്ന് അറിയപ്പെടുന്ന Nuclear Posture Review പുറത്തുവിടുകയുണ്ടായി. ഇൗ പത്രികയില്‍ അമേരിക്കന്‍ സേനയുടെ ആണവ ആയുധശേഖരങ്ങളെ വൈവിധ്യവത്കരിക്കണമെന്നും, റഷ്യയെയും ചൈനയെയും നേരിടാന്‍ പുതിയ, ചെറിയ അണുബോംബുകള്‍ വികസിപ്പിക്കണമെന്നും നിര്‍ദേശിക്കുന്നു. യുഎസ് ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

2010-ല്‍ യുഎസ് പ്രസിഡന്റായിരുന്ന ഒബാമ നിര്‍ദേശിച്ച ആണവ പദ്ധതിക്ക് നേര്‍ വിപരീതമാണ് ഈ റിപ്പോര്‍ട്ട്. ആണവായുധങ്ങളുടെ എണ്ണവും ഇനങ്ങളും വെട്ടിച്ചുരുക്കണമെന്നായിരുന്നു ഒബാമ ഭരണകൂടം നിര്‍ദേശിച്ചത്. 2010-ല്‍ Nuclear Posture Review -ല്‍ റഷ്യയുമായി ഒരു കരാറിലേര്‍പ്പെടാന്‍ സന്നദ്ധമാണെന്ന് ഒബാമ സമ്മതിച്ചു. New Strategic Arms Reduction Treaty എന്നായിരുന്നു ഈ കരാര്‍ അറിയപ്പെട്ടത്.ആണവായുധ ശേഖരങ്ങള്‍ കുറച്ചുകൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഈ കരാര്‍ രൂപകല്‍പന ചെയ്തതും. ‘ ന്യൂക്ലിയര്‍ ടെററിസം, ആണവായുധങ്ങളുടെ വ്യാപനം തുടങ്ങിയവ തടയുക എന്നതാണ് Nuclear Posture Review ലക്ഷ്യമെന്ന് അന്ന് ഡിഫന്‍സ് സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സ് പറയുകയുമുണ്ടായി.

ആണവയുദ്ധത്തിനുള്ള സാധ്യത ?

tactical nuclear weapon, Low-yield nuclear weapons എന്നൊക്കെ അറിയപ്പെടുന്നവയാണു ചെറിയ പ്രഹരശേഷിയുള്ള ആണവായുധം. ഇതിന്റെ ശക്തിയെന്നു പറയുന്നത് 20 കിലോ ടണ്ണിനും താഴെയാണ്. പക്ഷേ ഈ ആയുധങ്ങള്‍ക്കു ഹിരോഷിമയില്‍ നാശം വിതച്ച ആറ്റംബോംബിന്റെ അതേ പ്രഹരശേഷി പുറത്തെടുക്കാനും സാധിക്കും. ഇപ്പോള്‍ അമേരിക്കയുടെ കൈവശമുള്ള ആണവായുധങ്ങള്‍ വലുതാണെന്നും ഇത് ഒരു സാഹചര്യത്തിലും ഇനി ഉപയോഗിക്കില്ലെന്നും റഷ്യ വിചാരിക്കുന്നതായി അമേരിക്ക കരുതുന്നുണ്ട്.

വലിയ ആണവായുധങ്ങള്‍ ഭാവിയില്‍ യാതൊരുവിധത്തിലും ഭീഷണിയാകില്ലെന്ന് റഷ്യ കരുതുന്നുണ്ട്. ഇതാണു ചെറിയ ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ അമേരിക്കയെ പ്രേരിപ്പിക്കുന്ന ഘടകമെന്ന് അവലോകന റിപ്പോര്‍ട്ട് പറയുന്നു. അതേസമയം ചെറു ആണവായുധങ്ങള്‍ വികസിപ്പിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരേ നിരവധി കോണുകളില്‍നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. ആണവ നിര്‍വ്യാപനമെന്ന(Non-proliferation) ആശയത്തെ വെല്ലുവിളിക്കുകയാണ് ട്രംപ് ഭരണകൂടമെന്നാണു വിമര്‍ശകര്‍ പറയുന്നത്. മാത്രമല്ല, ഇത്തരം ആയുധങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ ആണവയുദ്ധത്തിനുള്ള സാധ്യത വര്‍ധിക്കുമെന്നും അവര്‍ പറയുന്നു.

ശീതയുദ്ധം അവസാനിച്ച കാലം മുതല്‍ മറ്റേതിനേക്കാളും സങ്കീര്‍ണമാം വിധം അന്താരാഷ്ട്ര സുരക്ഷ അപകടത്തിലായിരിക്കുകയാണെന്നു യുഎസ് ഡിഫന്‍സ് സെക്രട്ടറി ജെയിംസ് മാറ്റിസ് പറയുന്നു. ഈ സാഹചര്യത്തില്‍ യുഎസിന്റെ ആണവശക്തിയുടെ ആധുനികവത്കരണം ഒട്ടും താമസിക്കരുതെന്നാണ് മാറ്റിസിന്റെ അഭിപ്രായം

‘കര, നാവിക, വ്യോമ തലത്തിലുണ്ടായിരുന്ന ആണവശക്തിയാണ് ഏകദേശം ഏഴ് പതിറ്റാണ്ടിലേറെ കാലം അമേരിക്കയ്ക്കു സുരക്ഷയൊരുക്കിയത്. അത് കാലാഹരണപ്പെടാന്‍ അനുവദിക്കില്ലെന്ന് ‘ അവലോകന റിപ്പോര്‍ട്ട് പുറത്തിറക്കിയ ചടങ്ങില്‍ യുഎസ് ഡിഫന്‍സ് ഡെപ്യൂട്ടി സെക്രട്ടറി പാട്രിക് ഷാനഹാന്‍ പറഞ്ഞു. അടുത്ത പതിറ്റാണ്ടില്‍, എതിര്‍ ചേരിയിലുള്ള ശക്തികളെ നേരിടാന്‍ അമേരിക്ക നിര്‍ണായകവും സുസ്ഥിരവുമായ നിക്ഷേപങ്ങള്‍ പ്രതിരോധ രംഗത്തു നടത്തേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ശീതയുദ്ധം അവസാനിച്ച കാലം മുതല്‍ മറ്റേതിനേക്കാളും സങ്കീര്‍ണമാം വിധം അന്താരാഷ്ട്ര സുരക്ഷ അപകടത്തിലായിരിക്കുകയാണെന്നു യുഎസ് ഡിഫന്‍സ് സെക്രട്ടറി ജെയിംസ് മാറ്റിസ് പറയുന്നു. ഈ സാഹചര്യത്തില്‍ യുഎസിന്റെ ആണവശക്തിയുടെ ആധുനികവത്കരണം ഒട്ടും താമസിക്കരുതെന്നും മാറ്റിസ് പറയുന്നു.

സേനകളുടെ ആധുനികവത്കരണം

പെന്റഗണ്‍ പ്രഥമ പരിഗണന നല്‍കേണ്ടത് ന്യൂക്ലിയര്‍ ട്രിയാഡിനാണെന്ന് (nuclear triad) അവലോകന റിപ്പോര്‍ട്ട് പറയുന്നു. കര, നാവിക, വ്യോമ സൗകര്യങ്ങള്‍ അടിസ്ഥാനമാക്കിയ ആണവ ത്രയമാണു അഥവാ ത്രിമൂര്‍ത്തിയാണു ന്യൂക്ലിയര്‍ ട്രിയാഡ്. ഇതുമായി ബന്ധപ്പെട്ടു സഹകരിക്കുന്ന കമാന്‍ഡ് & കണ്‍ട്രോള്‍ സംവിധാനത്തിനു പെന്റഗണ്‍ മുന്‍ഗണന നല്‍കണം. പുതിയ ആണവ ബാലിസ്റ്റിക് മിസൈല്‍ സബ്മറൈനുകള്‍, സ്ട്രാറ്റജിക് ബോംബറുകള്‍, ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകള്‍, ന്യൂക്ലിയര്‍ എയര്‍ ലോഞ്ച്ഡ് ക്രൂസ് മിസൈലുകള്‍ എന്നിവയുള്‍പ്പെടെ ഒബാമ ഭരണകൂടം നിര്‍ദേശിച്ച റീപ്ലെയ്‌സ്‌മെന്റ് പ്രോഗ്രാമുകളുമായി മുന്നോട്ടുപോകണമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

പ്രതിഷേധവുമായി റഷ്യ

ചെറുതും പുതിയതുമായ ആണവായുധങ്ങള്‍ വികസിപ്പിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തില്‍ റഷ്യ പ്രതിഷേധമറിയിച്ചു. യുഎസിന്റെ നീക്കത്തെ റഷ്യയുടെ വിദേശമന്ത്രാലയം ‘ഏറ്റുമുട്ടല്‍’ എന്ന് വിശേഷിപ്പിച്ചു. ‘ആഴത്തിലുള്ള നിരാശ’ യുണ്ടെന്നും അഭിപ്രായപ്പെട്ടു. പെന്റഗണ്‍ പോളിസി സ്റ്റേറ്റ്‌മെന്റ് പുറപ്പെടുവിച്ച് 24 മണിക്കൂറിനുള്ളില്‍ റഷ്യ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു. സുരക്ഷ ഉറപ്പാക്കാന്‍ തങ്ങളും ആവശ്യമായ നടപടികളെടുക്കുമെന്ന് റഷ്യ പ്രസ്താവിച്ചു.

ആയുധ മത്സരത്തിന് തുടക്കമിടും

ആണവായുധങ്ങള്‍ ആധുനികവത്കരിക്കാനുള്ള യുഎസിന്റെ പുതിയ തീരുമാനം ആയുധമത്സരത്തിനു തുടക്കമിടുമെന്നാണ് ആംസ് കണ്‍ട്രോള്‍ അസോസിയേഷന്‍ അഡ്‌വൊക്കസി ഗ്രൂപ്പിലെ ഡയറക്ടര്‍ കിംഗ്സ്റ്റന്‍ റീഫ് പറയുന്നത്. ഇതു പക്ഷേ ശീതയുദ്ധ കാലത്ത് ഉണ്ടായിരുന്നതു പോലുള്ള ആയുധ മത്സരമായിരിക്കില്ല. എന്നാല്‍ അമേരിക്കയും റഷ്യയും ഉള്‍പ്പെടുന്നതായിരിക്കും. അത് ഇപ്പോഴുള്ള ആണവശേഷി ഉയര്‍ത്താനും മെച്ചപ്പെടുത്താനും ഇടയാക്കും.

Comments

comments

Categories: Slider, World