ഭാരം കുറഞ്ഞ, മികച്ച ഡിസൈന്‍ ഹെല്‍മെറ്റുകള്‍ പുറത്തിറക്കുമെന്ന് ഗഡ്കരി

ഭാരം കുറഞ്ഞ, മികച്ച ഡിസൈന്‍ ഹെല്‍മെറ്റുകള്‍ പുറത്തിറക്കുമെന്ന് ഗഡ്കരി

മൂന്ന് വര്‍ഷത്തിനുള്ളില്‍ വാഹനാപകടങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കുകയാണ് ലക്ഷ്യം

ന്യൂഡെല്‍ഹി : ഭാരം കുറഞ്ഞതും മികച്ച രീതിയില്‍ രൂപകല്‍പ്പന ചെയ്തതുമായ ഹെല്‍മെറ്റുകള്‍ വിപണിയിലെത്തിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. വ്യാജ ഹെല്‍മെറ്റുകള്‍ തടയുന്നതിന് ഗുണനിരവാരമുള്ള ഹെല്‍മെറ്റുകള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. രാജ്യത്ത് വര്‍ധിച്ചുവരുന്ന വാഹനാപകട മരണങ്ങളിലും പരുക്കുകളിലും ആശങ്ക പ്രകടിപ്പിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

വില കൂടുതലാണെന്ന കാരണം പറഞ്ഞാണ് ആളുകള്‍ പാതയോരങ്ങളില്‍നിന്ന് വില കുറഞ്ഞ ഹെല്‍മെറ്റുകള്‍ വാങ്ങിവെയ്ക്കുന്നത്. അപകടത്തില്‍പ്പെടുമ്പോള്‍ ഈ വക ഹെല്‍മെറ്റുകള്‍ ജീവന്‍ രക്ഷിക്കില്ലെന്ന സത്യം പലരും ഇപ്പോഴും മനസ്സിലാക്കുന്നില്ല. നല്ല ഗുണമേന്‍മയുള്ള ഹെല്‍മെറ്റ് വെച്ചില്ലെങ്കില്‍ ഗുരുതരമായി പരുക്കേല്‍ക്കാനുള്ള സാധ്യത ഇരട്ടിയാണ്. ഐഎസ്‌ഐ മുദ്രയുള്ള ഹെല്‍മെറ്റുകള്‍ വാങ്ങണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുമ്പോഴും ആളുകള്‍ പലപ്പോഴും അത്തരം ഹെല്‍മെറ്റുകള്‍ വാങ്ങാന്‍ തയ്യാറാവുന്നില്ലെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു.

നിലവാരം കുറഞ്ഞ ഹെല്‍മെറ്റുകള്‍ നിര്‍മ്മിക്കുന്നത് നിരോധിക്കണമെന്ന് തന്റെ മന്ത്രാലയത്തിന് കീഴില്‍ രൂപീകരിച്ച പ്രത്യേക സമിതി നിര്‍ദ്ദേശിച്ചിരുന്നു. പുതിയ രൂപകല്‍പ്പനയില്‍, ഭാരം കുറഞ്ഞ, ഇന്ത്യയിലെ കാലാവസ്ഥയില്‍ അനുയോജ്യമായ, അധികം വില വരാത്ത ഹെല്‍മെറ്റുകള്‍ നിര്‍മ്മിക്കണമെന്ന് കമ്പനികളോട് ആവശ്യപ്പെട്ടുവരികയാണെന്ന് നിതിന്‍ ഗഡ്കരി അറിയിച്ചു. ഹെല്‍മെറ്റുകള്‍ പുനര്‍രൂപകല്‍പ്പന ചെയ്യുന്നതിന് സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഹെല്‍മെറ്റുകളുടെ മോശം രൂപകല്‍പ്പനയാണ് പലപ്പോഴും അവ ഉപയോഗിക്കാതിരിക്കുന്നതിന്റെ ഒരു പ്രധാന കാരണമെന്നും റോഡ് ഗതാഗത മന്ത്രി അഭിപ്രായപ്പെട്ടു.

കാലാവസ്ഥയ്ക്ക് അനുയോജ്യമായ, അധികം വില വരാത്ത ഹെല്‍മെറ്റുകള്‍ നിര്‍മ്മിക്കണമെന്ന് കമ്പനികളോട് ആവശ്യപ്പെട്ടുവരികയാണെന്ന് നിതിന്‍ ഗഡ്കരി

വാഹനാപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തില്‍ ഇരുചക്രവാഹന യാത്രികരാണ് കൂടുതലാണ്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വാഹനാപകടങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ഇന്ത്യയില്‍ ഓരോ വര്‍ഷവും ഒന്നര ലക്ഷം ആളുകളാണ് വാഹനാപകടങ്ങളില്‍ മരിക്കുന്നത്. ഇവരില്‍ മിക്കവരും കാല്‍നട യാത്രക്കാരും ഇരുചക്രവാഹന യാത്രികരുമാണ്.

Comments

comments

Categories: Auto