മുകേഷ് അംബാനി അസമില്‍ 2,500 കോടി കൂടി നിക്ഷേപിക്കുന്നു

മുകേഷ് അംബാനി അസമില്‍ 2,500 കോടി കൂടി നിക്ഷേപിക്കുന്നു

ഗുവാഹത്തി: അസമില്‍ വിവിധ മേഖലകളിലായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 2500 കോടി രൂപ നിക്ഷേപിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് വ്യക്തമാക്കി. റീട്ടെയ്ല്‍, പെട്രോളിയം, ടെലികോം, ടൂറിസം, സ്‌പോര്‍സ് എന്നീ അഞ്ച് മേഖലകളിലാണ് നിക്ഷേപം നടത്തുക. കമ്പനിയുടെ സംസ്ഥാനത്തെ നിക്ഷേപം ഇതോടെ 7,500 കോടി രൂപയാകും. മൂന്ന് വര്‍ഷത്തിനുള്ളില്‍ 80,000 ത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഗുവാഹത്തിയില്‍ നടന്ന ആഗോള നിക്ഷേപക ഉച്ചകോടിയുടെ ഉദ്ഘാടന വേളയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു.

സംസ്ഥാനത്തെ നിലവിലെ രണ്ട് റീട്ടെയ്ല്‍ ഡിവിഷന്‍ ഔട്ട്‌ലെറ്റുകളുടെ എണ്ണം റിലയന്‍സ് 40 ആയി വര്‍ധിപ്പിക്കും. പെട്രോള്‍ വിതരണശാലകളുടെ എണ്ണം 27ല്‍ നിന്നും 165 ആയി ഉയര്‍ത്തും. സംസ്ഥാനത്തെ 145 താലൂക്ക് ആസ്ഥാനങ്ങളിലും റിലയന്‍സ് ഓഫീസുകള്‍ തുറക്കും. അസമില്‍ ഇതിനകം 20,000 തൊഴിലുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും സുസ്ഥിരമായ ഉപജീവന സാധ്യതകള്‍ സൃഷ്ടിക്കുന്നതിനാണ് എപ്പോഴും ലക്ഷ്യമിടുന്നതെന്നും മുകേഷ് അംബാനി വ്യക്തമാക്കി. അസമിന് അനന്തമായ വികസന സാധ്യതകളുണ്ട്. ആളോഹരി വരുമാനം ദേശീയ ശരാശരിയെ കവച്ചു വെച്ച വികസിത പ്രദേശമായിരുന്നു അന്‍പതുകളില്‍ അസം. രാജ്യം ജനപ്രിയനായ പ്രധാനമന്ത്രിയുടെ കീഴില്‍ ഉയിര്‍ത്തെഴുനേല്‍ക്കുന്ന സമയ്ച്ചാണ് നിക്ഷേപക സംഘമം നടക്കുന്നതെന്നും അംബാനി പറഞ്ഞു.

മറ്റ് ടെലികോം ഓപ്പറേറ്റര്‍മാരെ സംബന്ധിച്ച് അസം അവരുടെ മുന്‍ഗണനയിലുള്ള വിപണിയല്ല. എന്നാല്‍ റിലയന്‍സിനെ സംബന്ധിച്ച് ‘എ കാറ്റഗറി’യിലാണ് അസമിന്റെ സ്ഥാനം. കമ്പനിയുടെ സിഎസ്ആര്‍ വിഭാഗമായ റിലയന്‍സ് ഫൗണ്ടേഷന്‍ ടൂറിസം മേഖലയില്‍ അസം സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. വന്യജീവി സംരക്ഷണവും പരിസ്ഥിതി ടൂറിസവും പ്രോത്സാഹിപ്പിക്കുന്നതിന് സഹകരണാടിസ്ഥാനത്തില്‍ ഒരു കേന്ദ്രം സ്ഥാപിക്കും.

ഫുട്‌ബോളിന്റെ കാര്യമെടുക്കുകയാണെങ്കില്‍ ഐഎസ്എല്‍ അസമില്‍ വലിയ വിജയമാണ്. സംസ്ഥാനത്ത് നിന്നും മികച്ച ഫുട്‌ബോള്‍ കളിക്കാരെ സംഭാവന ചെയ്യുന്നതിനായി അസം സര്‍ക്കാരുമായി സഹകരിച്ച് ഒരു ഫുട്‌ബോള്‍ അക്കാദമി റിലയന്‍സ് സ്ഥാപിക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി 5,000 കോടി രൂപയുടെ നിക്ഷേപം നടത്തി അസമിലെ സ്വകാര്യ നിക്ഷേപ മേഖലയിലെ ഏറ്റവും വലിയ നിക്ഷേപകരായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് മാറിയെന്നും അംബാനി ചൂണ്ടിക്കാട്ടി.

Comments

comments

Categories: Business & Economy