ആല്‍ഫബെറ്റിന്റെ എക്‌സിക്യൂട്ടിവ് ചെയര്‍മാനായി ജോണ്‍ ഹെന്നെസിയെ നിയമിച്ചു

ആല്‍ഫബെറ്റിന്റെ എക്‌സിക്യൂട്ടിവ് ചെയര്‍മാനായി ജോണ്‍ ഹെന്നെസിയെ നിയമിച്ചു

കാലിഫോര്‍ണിയ: ഗൂഗിളിന്റെ മാതൃസ്ഥാപനം ആല്‍ഫബെറ്റിന്റെ എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് എറിക് ഷ്മിഡിറ്റിന്റെ പിന്‍ഗാമിയായി ജോണ്‍ ഹെന്നെസിയെ നിയോഗിച്ചു. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയുടെ മുന്‍ പ്രസിഡന്റും ഗൂഗിളിന്റെ ആദ്യ ഉപഭോക്താക്കളില്‍ ഒരാളുമാണ് ഹെന്നെസി.

ചിപ്പ് ഡിസൈനില്‍ വൈദഗ്ധ്യവും സിലിക്കണ്‍വാലിയില്‍ വിപുലമായ ബന്ധങ്ങളുമുള്ള കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനായ ഹെന്നെസി 2004ലായിരുന്നു ഗൂഗിളിന്റെ ബോര്‍ഡില്‍ എത്തിയത്. വിദ്യാര്‍ത്ഥികളായ സെര്‍ജി ബ്രിന്‍, ലാറി പേജ് എന്നിവര്‍ ചേര്‍ന്ന് ഗൂഗിള്‍ വികസിപ്പിച്ചപ്പോള്‍ സ്റ്റാന്‍ഫോര്‍ഡ് എന്‍ജിനീയറിംഗ് സ്‌കൂളിലെ ഡീനായിരുന്നു അദ്ദേഹം. ആല്‍ഫബെറ്റിലെ ജീവനക്കാരനായിരുന്ന ഷിമ്ഡിറ്റില്‍ നിന്ന് വ്യത്യസ്തമായി കമ്പനിയുടെ നോണ്‍- എക്‌സിക്യൂട്ടിവ് ചെയര്‍മാനായിരിക്കും ഹെന്നെസി.

ഇതൊരു സവിശേഷമായ ഭാഗ്യമാണെന്ന് നിയമനത്തെക്കുറിച്ച് ജോണ്‍ ഹെന്നെസി പ്രതികരിച്ചു. ഡിജിറ്റല്‍ യുഗത്തില്‍ ജനങ്ങള്‍ എങ്ങനെയാണ് പരസ്പരം ബന്ധിപ്പിക്കപ്പെടുന്നതെന്ന കാര്യത്തില്‍ ഗൂഗിളിന് വളരെയേറെ നിയന്ത്രണശക്തിയുണ്ടായേക്കാമെന്ന് നിയമനിര്‍മാതാക്കളും സ്വകാര്യതയുമായി ബന്ധപ്പെട്ട വിമര്‍ശകരും മറ്റു വിഭാഗങ്ങളും ഭയപ്പെടുന്ന സാഹചര്യത്തിലാണ് ഹെന്നസി അധികാരമേല്‍ക്കുന്നത്. തീവ്രവാദ വീഡിയോകള്‍ യൂട്യൂബില്‍ സ്ട്രീം ചെയ്യാന്‍ അനുവദിച്ചതിനും സെര്‍ച്ച് റിസള്‍ട്ടുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കിയതിനും ഗൂഗിളിനു നേരെ വിമര്‍ശനമുയര്‍ന്നിരുന്നു.

സ്റ്റാന്‍ഫോര്‍ഡിലെ ഗവേഷകന്‍ എന്ന നിലയില്‍ മിപ്‌സ് കമ്പ്യൂട്ടര്‍ സിസ്റ്റംസ് എന്ന ഒരു ചിപ്പ് ഡിസൈന്‍ സ്റ്റാര്‍ട്ടപ്പ് ഹെന്നസിയുടെ കൂടി നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. 1992ല്‍ ഇത് സിലിക്കണ്‍ ഗ്രാഫിക്‌സ് ഇന്റര്‍നാഷണല്‍ ഏറ്റെടുത്തു. 2007 മുതല്‍ ഗൂഗിളിന്റെയും ആല്‍ഫബെറ്റിന്റെയും സ്വതന്ത്ര ഡയറക്റ്ററായി ഹെന്നസി സേവനമനുഷ്ഠിച്ചുവരുന്നു.

പതിനേഴ് വര്‍ഷത്തെ സേവനത്തിനു ശേഷം ജനുവരിയിലാണ് ഷ്മിഡിറ്റ് ആല്‍ഫബെറ്റിന്റെ പടിയിറങ്ങിയത്. എങ്കിലും കമ്പനിയുടെ ബോര്‍ഡ് അംഗമായും സാങ്കേതിക-ശാസ്ത്ര വിഷയങ്ങളിലെ ഉപദേശകനായും അദ്ദേഹം തുടരും.

Comments

comments

Categories: Business & Economy