ബജറ്റിനെ സ്വാഗതം ചെയ്ത് ഐടി രംഗം

ബജറ്റിനെ സ്വാഗതം ചെയ്ത് ഐടി രംഗം

ബെംഗളൂരു: ഗ്രാമീണ സമ്പദ് വ്യവസ്ഥ, പാവപ്പെട്ടവര്‍ക്കായുള്ള ആരോഗ്യ സുരക്ഷ, അടിസ്ഥാനസൗകര്യത്തിലുള്ള നിക്ഷേപം, ഡിജിറ്റല്‍ സ്‌കില്ലിംഗ്, എജുക്കേഷന്‍, തൊഴില്‍ സൃഷ്ടി എന്നിവയിലൂന്നിയുള്ള കേന്ദ്ര ബജറ്റിനെ സ്വാഗതം ചെയ്ത് പ്രമുഖ ഐടി സ്ഥാപന മേധാവികള്‍.

സ്മാര്‍ട്ട്‌സിറ്റി പദ്ധതികള്‍ക്കുള്ള ചെലവിടല്‍, ബ്ലോക്ക് ചെയ്ന്‍ സാങ്കേതികവിദ്യയുടെ കൂടുതല്‍ സാധ്യതകള്‍ തേടാനുള്ള പദ്ധതി, കൃത്രിമബുദ്ധിയുടെ പ്രയോഗത്തിനും ഗവേഷണത്തിനു വേണ്ടിയുള്ള ദേശീയതല പദ്ധതി, സൈബര്‍ ഫിസിക്കല്‍ സിസ്റ്റത്തിലുള്ള പരിശീലനവും സ്‌കില്ലിംഗും എന്നിവയടക്കം ഡിജിറ്റല്‍ ഇന്ത്യ നിര്‍മിച്ചെടുക്കുന്നതിനുള്ള പുരോഗനപരമായ വീക്ഷണത്തെ പ്രതിനിധീകരിക്കുന്നതാണ് ബജറ്റ് ചില നിര്‍ദ്ദേശങ്ങളെന്ന് ടിസിഎസ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വി രാമകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു. കാര്‍ഷിക വിപണികളില്‍ നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നത് ചെറുകിട കര്‍ഷകരെ ശാക്തീകരിക്കുമെന്നും അഞ്ച് കോടി ഗ്രാമീണ പൗരന്‍മാര്‍ക്ക് ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കുന്നത് ഡിജിറ്റല്‍ രംഗത്തെ വേര്‍തിരിവില്ലാതാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കാര്‍ഷിക- ഗ്രാമീണ സമ്പദ് വ്യവസ്ഥകള്‍, ഹെല്‍ത്ത്‌കെയര്‍, അടിസ്ഥാന സൗകര്യം, രാജ്യത്തെ വിദ്യാഭ്യാസം എന്നിവയെ ശക്തിപ്പെടുത്താനുള്ള സാമൂഹ്യ, സാമ്പത്തിക അജണ്ടയോടെയാണ് ബജറ്റ് ബജറ്റ് അവതരിപ്പിക്കപ്പെട്ടതെന്ന് വിപ്രോ സിഎഫ്ഒ ജതിന്‍ ദലാല്‍ പറഞ്ഞു. 250 കോടിയില്‍ താഴെ വിറ്റുവരവുള്ള കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവുകള്‍ നല്‍കുക എന്നത് ശരിയായ നീക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബജറ്റിനെ അനുകൂലമെന്നും സാധാരണക്കാരനെ കേന്ദ്രീകരിച്ചുള്ളതെന്നും ടെക് മഹീന്ദ്ര ചീഫ് എക്‌സിക്യൂട്ടീവ് സിപി ഗുര്‍നാനി വിശേഷിപ്പിച്ചു. എംഎസ്എംഇകള്‍ക്ക് നല്‍കിയ പ്രാധാന്യം തൊഴിലും സാമ്പത്തിക വളര്‍ച്ചയും മെച്ചപ്പെടുത്തുമെന്നും ജര്‍മന്‍ സോഫ്റ്റ്‌വെയര്‍ ഭീമന്‍ സാപ് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ഡെബ് ദീപ് സെന്‍ഗുപ്ത അഭിപ്രായപ്പെട്ടു.

Comments

comments

Categories: Business & Economy