ആപ്പിള്‍ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന

ആപ്പിള്‍ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന

സാന്‍ഫ്രാന്‍സിസ്‌കോ: അവധിക്കാല സീസണില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് റെക്കോര്‍ഡ് വരുമാനം സ്വന്തമാക്കി ആപ്പിള്‍. കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഐഫോണ്‍ നിര്‍മാതാക്കള്‍ ഡിസംബര്‍ പാദത്തില്‍ 88.3 ബില്യണ്‍ ഡോളറിന്റെ വരുമാനമാണ് രേഖപ്പെടുത്തിയത്, 13 ശതമാനം വര്‍ധന.

കമ്പനിയുടെ കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ 1.3 ബില്യണ്‍ ഐഫോണ്‍ യൂണിറ്റുകള്‍ ഉപയോഗത്തിലുണ്ട്. ആപ്പിളിന്റെ പ്രതി ഓഹരി വരുമാനം 16 ശതമാനം ഉയര്‍ന്ന് 3.89 ഡോളറിലെത്തി. പാദാടിസ്ഥാനത്തിലെ വരുമാനത്തിന്റെ 65 ശതമാനവും അന്താരാഷ്ട്ര വില്‍പ്പനയുടെ സംഭാവനയാണ്.

ആപ്പിളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സാമ്പത്തിക പാദ ഫലം റിപ്പോര്‍ട്ട് ചെയ്തതിന്റെ ആവേശത്തിലാണ് തങ്ങളെന്ന് കമ്പനി സിഇഒ ടിം കുക്ക് പ്രസ്താവനയില്‍ പറഞ്ഞു. പുതിയ ഐഫോണ്‍ മോഡലുകളില്‍ നിന്ന് ഉയര്‍ന്ന വരുമാനം കൈവരിച്ചുകൊണ്ടുള്ള വിശാലമായ വളര്‍ച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.
ഐഫോണ്‍- എക്‌സ് ഞങ്ങളുടെ പ്രതീക്ഷകളെ കവച്ചുവച്ചു. നവംബറില്‍ വിപണിയില്‍ ലഭ്യമാക്കിയതു മുതല്‍ ഓരോ ആഴ്ചയിലും ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ഐഫോണ്‍ മോഡലാണിത്. ഉപയോഗത്തിലുള്ള ഐഫോണ്‍ യൂണിറ്റുകളുടെ എണ്ണം ജനുവരിയില്‍ 1.3 ബില്യണിലെത്തിയതും നിര്‍ണായക നേട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വെറും രണ്ടു വര്‍ഷത്തില്‍ 30 ശതമാനം വളര്‍ച്ചയാണ് ആപ്പിള്‍ രേഖപ്പെടുത്തിയതെന്നും കുക്ക് വ്യക്തമാക്കി.

ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ആപ്പിളിന്റെ കരുതല്‍ ധനം 285.1 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. മികച്ച പ്രവര്‍ത്തന -വ്യാവസായിക പ്രകടനമാണ് വളര്‍ച്ചയ്ക്ക് കാരണമെന്ന് ആപ്പിള്‍ സിഎഫ്ഒ ലുക്ക മേസ്ട്രി പറഞ്ഞു. പ്രതി ഓഹരി വരുമാനവും റെക്കോര്‍ഡ് നേട്ടം കൈവരിച്ചു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2018 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 60 ബില്യണ്‍ ഡോളറിനും 62 ബില്യണ്‍ ഡോളറിനുമിടയിലാണ് ആപ്പിള്‍ വരുമാനം പ്രതീക്ഷിക്കുന്നത്. അവധിക്കാല പാദത്തില്‍ 77.3 മില്യണ്‍ ഐഫോണുകള്‍ ആപ്പിള്‍ വിറ്റഴിച്ചിരുന്നു.

 

Comments

comments

Categories: Business & Economy