മൊബീല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിരക്ക് വെട്ടിക്കുറച്ച് ട്രായ്

മൊബീല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിരക്ക് വെട്ടിക്കുറച്ച് ട്രായ്

ന്യൂഡെല്‍ഹി: മൊബീല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എംഎന്‍പി) നിരക്ക് വെട്ടിക്കുറച്ച് ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്). എംഎന്‍പി നിരക്ക് 79 ശതമാനം കുറച്ച് പരമാവധി നാല് രൂപയായാണ് ട്രായ് നിജപ്പെടുത്തിയത്. നേരത്തെ മൊബീല്‍ പോര്‍ട്ടബിലിറ്റി സംവിധാനം ഉപയോഗിക്കുന്നതിന് 19 രൂപയായിരുന്നു ഉപയോക്താക്കളില്‍ നിന്ന് ഈടാക്കിയിരുന്നത്.

മൊബീല്‍ നമ്പര്‍ മാറാതെ മറ്റൊരു ടെലികോം സേവനത്തിലേക്ക് മാറുന്നതിന് ഉപയോക്താക്കളെ സഹായിക്കുന്ന സംവിധാനമാണ് മൊബീല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി. ഈ മാറ്റത്തിനായി ഇനി പരമാവധി 4 രൂപ മാത്രമാണ് ഈടാക്കുക. എന്നാല്‍ ഏതു ടെലികോം സേവന ദാതാവിലേക്കാണാ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നത് ആ ടെലികോം ഓപ്പറേറ്റര്‍ക്ക് ഉപയോക്താക്കളില്‍ നിന്നും ചെറിയ തുക ഈടാക്കാവുന്നതാണെന്നും ട്രായ് അറിയിച്ചിട്ടുണ്ട്.

എംഎന്‍പി സേവനത്തിനായുള്ള അപേക്ഷകള്‍ വര്‍ധിക്കുകയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവില്‍ കാര്യമായ ഇടിവുണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് എംഎന്‍പി ചാര്‍ജ് വെട്ടിക്കുറയ്ക്കാന്‍ ട്രായ് തീരുമാനിച്ചത്. 2015 ജൂലൈ മൂന്ന് മുതലാണ് എംഎന്‍പി സേവനത്തിനുള്ള ഉയര്‍ന്ന നിരക്ക് പ്രാബല്യത്തില്‍ വന്നത്. ഇത്തരം സേവനങ്ങള്‍ക്കുള്ള ചെലവുമായി തരതമ്യം ചെയ്യുമ്പോള്‍ നിരക്ക് ഉയര്‍ന്നതിനാല്‍ മികച്ച സാമ്പത്തിക നേട്ടം കമ്പനികള്‍ക്ക് ലഭിച്ചിരുന്നു.. ഇത് പരിഗണിച്ച് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പകുതിയോടെയാണ് നിരക്ക് പുന:പരിശോധിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് ട്രായ് തുടക്കം കുറിച്ചത്. ജനുവരി 16ന് ട്രായ് ഈ വിഷയം സംബന്ധിച്ച തുറന്ന ചര്‍ച്ചയും സംഘടിപ്പിച്ചിരുന്നു.

Comments

comments

Categories: Business & Economy