ലോകത്തിലെ ഏറ്റവും ശക്തമായ വിക്ഷേപണ വാഹനം പറന്നുയരുന്നു

ലോകത്തിലെ ഏറ്റവും ശക്തമായ വിക്ഷേപണ വാഹനം പറന്നുയരുന്നു

ഈ മാസം ആറാം തീയതിയിലേക്ക് ബഹിരാകാശ ഗവേഷണസമൂഹം ഉറ്റുനോക്കുകയാണ്. കാരണം അന്നാണ് ലോകത്തിലെ തന്നെ ഏറ്റവും ശക്തമെന്നു വിശേഷിപ്പിക്കുന്ന സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കന്‍ ഹെവി എന്ന വിക്ഷേപണ വാഹനം ഫ്‌ളോറിഡയിലുള്ള കെന്നഡി സ്‌പേസ് സെന്ററില്‍നിന്നും പറന്നുയരുന്നത്

ശൂന്യാകാശയാത്രയുടെ ചരിത്രത്തില്‍ ഈ മാസം ആറാം തീയതി ഇടം പിടിക്കാന്‍ പോവുകയാണ്. അന്നാണ് ഫാല്‍ക്കന്‍ ഹെവി (Falcon Heavy) എന്നു പേരിട്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും ശക്തമായ വിക്ഷേപണ വാഹനം പറന്നുയരുന്നത്. ചൊവ്വാ ഗ്രഹത്തിന്റെ ഭ്രമണപഥം ലക്ഷ്യമാക്കിയാണ് ഫാല്‍ക്കന്‍ ഹെവി പറന്നുയരുക. സ്‌പേസ് എക്‌സ് (SpaceX) നിര്‍മിച്ചതാണ് ഈ വിക്ഷേപണ വാഹനം. യുഎസിലെ ഫ്‌ളോറിഡയിലുള്ള കേപ് കനാവെരാലിലെ കെന്നഡി സ്‌പേസ് സെന്ററിലുള്ള 39A ലോഞ്ച്പാഡില്‍നിന്നായിരിക്കും കുതിച്ചുയരുന്നത്. സമീപ ഭാവിയില്‍ മനുഷ്യനെ ചൊവ്വാഗ്രഹത്തിലേക്ക് അയയ്ക്കുമെന്ന് അവകാശപ്പെട്ടിരിക്കുന്ന സ്‌പേസ് എക്‌സിന്റെ ഈ വാഹനം ചൊവ്വാ പര്യവേക്ഷണം നടത്താന്‍ പ്രാപ്തമാണ്. ഇതുവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും ശക്തിയുള്ള റോക്കറ്റുകളില്‍ ഒന്നു കൂടിയാണിത്. ഇതിനു മുന്‍പു നാസയുടെ സാറ്റേണ്‍ അഞ്ച് റോക്കറ്റിനായിരുന്നു (Saturn V rocket) ഈ പ്രത്യേകതയുണ്ടായിരുന്നത്. ചാന്ദ്ര പര്യവേക്ഷണവും പര്യടനവും ലക്ഷ്യമാക്കി യുഎസ് ആസൂത്രണം ചെയ്ത അപ്പോളോ പദ്ധതിയില്‍ പങ്കു ചേര്‍ന്ന സാറ്റേണ്‍ 1970-ല്‍ വിരമിക്കുകയായിരുന്നു.

ചൊവ്വയില്‍ മനുഷ്യരെ എത്തിക്കുക, ബഹിരാകാശ യാത്രയുടെ ചെലവ് കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ട് അമേരിക്കയിലെ കാലിഫോര്‍ണിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച സ്വകാര്യ സംരംഭമാണ് സ്‌പേസ് എക്‌സ് അഥവാ സ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ടെക്‌നോളജീസ്. എലോണ്‍ മസ്‌ക് ആണ് ഇതിന്റെ സിഇഒ. സ്‌പേസ് എക്‌സ് വികസിപ്പിച്ചെടുത്ത വിക്ഷേപണ വാഹനങ്ങളാണു ഫാല്‍ക്കന്‍. ഇവ ഒന്നിലധികം ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രാപ്തിയുള്ള റോക്കറ്റ് വിക്ഷേപണ വാഹനങ്ങളാണ്. സ്‌പേസ് എക്‌സ് വികസിപ്പിച്ചെടുത്ത ഫാല്‍ക്കന്‍-1, 2008 സെപ്റ്റംബര്‍ 28നു ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. ഇതോടെ ഭൂമിയിലെ ഭ്രമണപഥത്തിലേക്ക് പോകാന്‍ ആദ്യമായി സ്വകാര്യമായി വികസിപ്പിച്ചെടുത്ത ദ്രവ ഇന്ധന വിക്ഷേപണ വാഹനം ഫാല്‍ക്കണ്‍ 1 ആയി മാറി. ഫാല്‍ക്കന്‍ 9-R തരത്തിലുള്ള വിക്ഷേപണ വാഹനങ്ങള്‍ പുനരുപയോഗിക്കാന്‍ പറ്റുന്ന തരത്തിലുള്ളതാണ്. ഇതിലൂടെ ഒരേ റോക്കറ്റ് തന്നെ പലതവണ ഉപയോഗിക്കാന്‍ കഴിയും.

സ്‌പേസ് എക്‌സിന്റെ സിഇഒ എലോണ്‍ മസ്‌ക്കിന്റെ ഇലക്ട്രിക് കാര്‍ വഹിച്ചു കൊണ്ടാണു ഫാല്‍ക്കന്‍ ഹെവി ശൂന്യാകാശ യാത്ര നടത്താന്‍ പോകുന്നത്. ഈ കാര്‍ എലോണ്‍ മസ്‌കിന്റെ സ്വകാര്യ വാഹനം കൂടിയാണ്. ഒരു ലക്ഷം ഡോളര്‍ വിലയുള്ളതാണ് ഈ ടെസ്‌ല റോഡ്സ്റ്റര്‍ കാര്‍

ഫാല്‍ക്കന്‍ ഹെവിയുടെ പ്രത്യേകതകള്‍

മൂന്ന് ചെറിയ ഫാല്‍ക്കന്‍ 9 റോക്കറ്റുകള്‍ ഒരുമിപ്പിച്ചിട്ടുള്ളതാണു ഫാല്‍ക്കന്‍ ഹെവി. അതായത് 18747 എയര്‍പ്ലെയ്‌നുകള്‍ക്കു സമാനമാണ് മൂന്ന് ഫാല്‍ക്കന്‍ 9 റോക്കറ്റുകള്‍. ഓരോ ഫാല്‍ക്കന്‍ 9 റോക്കറ്റിലും ഒന്‍പത് മെര്‍ലിന്‍ എന്‍ജിനുകള്‍ (Merlin engines) ഘടിപ്പിച്ചിട്ടുണ്ട്. ഫാല്‍ക്കന്‍ 9 റോക്കറ്റുകള്‍ നേരത്തേ അന്താരാഷ്ട്ര ബഹിരാകാശ നിലയങ്ങളിലേക്കുള്ള നിരവധി ദൗത്യങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. ശൂന്യാകാശവാഹനത്തില്‍ ദിശ നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്ന റോക്കറ്റുകളുടെ എണ്ണം എത്രയധികം കൂടുതലുണ്ടോ അത്രയും ദൂരം കൂടുതലായി സഞ്ചരിക്കാന്‍ സാധിക്കും. അതോടൊപ്പം കൂടുതല്‍ ഭാരവും വഹിച്ചു കൊണ്ടു പോകുവാന്‍ സാധിക്കും. ഫാല്‍ക്കന്‍ ഹെവിയുടെ കാര്യമെടുത്താല്‍ ഈ ദൗത്യത്തില്‍ മൂന്ന് ഫാല്‍ക്കന്‍ 9 റോക്കറ്റുകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതു കൊണ്ടു തന്നെ കൂടുതല്‍ ഭാരം വഹിച്ചു കൊണ്ടു കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കും. 140,000 പൗണ്ട് ഭാരമുളള ചരക്കുകള്‍ വഹിക്കാന്‍ ഫാല്‍ക്കന്‍ ഹെവിക്ക് സാധിക്കുമെന്നാണ് സ്‌പേസ് എക്‌സ് പറയുന്നത്. ഫാല്‍ക്കന്‍ ഹെവി കഴിഞ്ഞ മാസം 24-നു വിക്ഷേപിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും യുഎസില്‍ സാമ്പത്തിക ബില്‍ പാസാകാത്തതിനെ തുടര്‍ന്ന് രൂപപ്പെട്ട പ്രതിസന്ധി കാരണം വിക്ഷേപണം മാറ്റിവയ്ക്കുകയായിരുന്നു.

ഫാല്‍ക്കന്‍ 9 റോക്കറ്റ്

ഫാല്‍ക്കന്‍ 9 റോക്കറ്റുകളുടെ പ്രത്യേകയെന്തെന്നു വച്ചാല്‍ ഈ മൂന്ന് റോക്കറ്റുകളും വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്നവയാണ്. അതായത് ഭ്രമണപഥത്തില്‍ സാറ്റ്‌ലൈറ്റിനെയോ (satellite), അതുമല്ലെങ്കില്‍ സ്‌പേസ്‌ക്രാഫ്റ്റിനെയോ (spacecraft- ഭൂമിയെ പ്രദക്ഷിണം ചെയ്യുന്നതിനോ മറ്റു ഗ്രഹങ്ങളിലെത്തുന്നതിനോ വേണ്ടി ശൂന്യകാശത്തിലേക്കു വിക്ഷേപിക്കുന്ന മനുഷ്യന്‍ കയറിയതോ കയറാത്തതോ ആയ വാഹനം) വിക്ഷേപിച്ചതിനു ശേഷം അവ ഭൂമിയിലേക്കു തിരികെ വരും. സാധാരണ ഗതിയില്‍ സാറ്റ്‌ലൈറ്റിനെ ഭ്രമണപഥത്തിലെത്തിച്ചു കഴിയുമ്പോള്‍ റോക്കറ്റുകള്‍ കത്തിച്ചാമ്പലാവുകയാണു പതിവ് അതുമല്ലെങ്കില്‍ സമുദ്രത്തിലോ ഭൂമിയിലോ പതിക്കും. എന്നാല്‍ ഫാല്‍ക്കന്‍ 9 റോക്കറ്റുകള്‍ ദൗത്യം നിര്‍വഹിച്ചതിനു ശേഷം തിരികെ ഭൂമിയിലെത്തും. പിന്നീട് ഇവയെ വീണ്ടും വിക്ഷേപണത്തിനായി ഉപയോഗിക്കൂകയൂം ചെയ്യാം. ഈ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോള്‍ ഫാല്‍ക്കന്‍ 9 റോക്കറ്റുകള്‍ സ്‌പേസ് എക്‌സിന് വന്‍ വാണിജ്യസാധ്യതയാണു തുറന്നിടുന്നത്.

സമീപ ഭാവിയില്‍ മനുഷ്യനെ ചൊവ്വാഗ്രഹത്തിലേക്ക് അയയ്ക്കുമെന്ന് അവകാശപ്പെട്ടിരിക്കുന്ന സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കന്‍ ഹെവി ചൊവ്വാ പര്യവേക്ഷണം നടത്താന്‍ പ്രാപ്തമാണ്. 90 ദശലക്ഷം ഡോളര്‍ വിലയുള്ളതാണു ഫാല്‍ക്കന്‍ ഹെവി. ഫാല്‍ക്കന്‍ 9 റോക്കറ്റുകളെക്കാള്‍ 45 ശതമാനം അധികം ചെലവ് വരും ഇതിന്

ഫാല്‍ക്കന്‍ ഹെവി ശൂന്യാകാശത്തേയ്ക്ക് വഹിച്ചു കൊണ്ടു പോകുന്നത് എന്താണ് ?

സ്‌പേസ് എക്‌സിന്റെ സിഇഒ എലോണ്‍ മസ്‌ക്കിന്റെ ഇലക്ട്രിക് കാര്‍ വഹിച്ചു കൊണ്ടാണു ഫാല്‍ക്കന്‍ ഹെവി ശൂന്യാകാശ യാത്ര നടത്താന്‍ പോകുന്നത്. ഈ കാര്‍ എലോണ്‍ മസ്‌കിന്റെ സ്വകാര്യ വാഹനം കൂടിയാണ്. ഒരു ലക്ഷം ഡോളര്‍ വിലയുള്ളതാണ് ഈ ടെസ്‌ല റോഡ്സ്റ്റര്‍ കാര്‍. 90 ദശലക്ഷം ഡോളര്‍ വിലയുള്ളതാണു ഫാല്‍ക്കന്‍ ഹെവി. ഫാല്‍ക്കന്‍ 9 റോക്കറ്റുകളെക്കാള്‍ 45 ശതമാനം അധികം ചെലവ് വരും ഇതിന്.

 

Comments

comments

Categories: Slider, Tech