എല്‍ ആന്‍ഡ് ടിയുടെ സംയോജിത അറ്റലാഭത്തില്‍ വര്‍ധന

എല്‍ ആന്‍ഡ് ടിയുടെ സംയോജിത അറ്റലാഭത്തില്‍ വര്‍ധന

ന്യൂഡെല്‍ഹി: പ്രമുഖ എന്‍ജിനീയറിംഗ്, നിര്‍മാണ കമ്പനി ലാര്‍സന്‍ ആന്‍ഡ് ടൗബ്രോ (എല്‍ ആന്‍ഡ് ടി)യുടെ സംയോജിത അറ്റലാഭത്തില്‍ വന്‍ വര്‍ധന. ഒക്‌റ്റോബര്‍- ഡിസംബര്‍ പാദത്തില്‍ കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിയുടെ അറ്റലാഭം 53 ശതമാനം വര്‍ധിച്ച് 1490 കോടി രൂപയിലെത്തി. കഴിഞ്ഞ ഏതാനും പാദങ്ങളായി അനിശ്ചിതത്വത്തിലായിരുന്ന ഓര്‍ഡറുകള്‍ നേടിയെടുക്കാന്‍ സാധിച്ചതാണ് എല്‍ആന്‍ഡ് ടിക്ക് ഗുണം ചെയ്തത്.

2016-17ലെ ഡിസംബര്‍ പാദവുമായി തട്ടിക്കുമ്പോള്‍ കമ്പനിയുടെ സംയോജിത അറ്റ വില്‍പ്പന 10 ശതമാനം വര്‍ധിച്ച് 28,750 കോടിയിലെത്തിയിട്ടുണ്ട്. മൂന്നാം പാദത്തില്‍ 48,130 കോടി രൂപയുടെ ഓര്‍ഡറുകള്‍ സ്വന്തമാക്കിയെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെക്കാള്‍ 38 ശതമാനത്തിന്റെ മുന്നേറ്റം.
ഓര്‍ഡര്‍ ലഭ്യതയുടെ കാര്യത്തില്‍ 12 ശതമാനം മുതല്‍ 14 ശതമാനം വരെ വളര്‍ച്ചയാണ് കമ്പനി കൈവരിച്ചത്.

2016-17 അവസാനം 1.43 ലക്ഷം കോടി രൂപയുടെ ഓര്‍ഡറുകള്‍ എല്‍ആന്‍ഡ്ടി സ്വന്തമാക്കിയിരുന്നു.
ഏത് അളവുകോലുകള്‍ വച്ചു നോക്കിയാലും ഡിസംബര്‍ പാദം തൃപ്തികരമായിരുന്നെന്ന് കമ്പനി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ആര്‍ ശങ്കര്‍ രാമന്‍ പറഞ്ഞു. ഓര്‍ഡറുകള്‍ 38 ശതമാനം വര്‍ധിച്ചു. ഓര്‍ഡറുകള്‍ നേടിയെടുക്കുന്നതിനു നടത്തിയ പരിശ്രമങ്ങള്‍ക്ക് അനുസരിച്ച് ഫലങ്ങള്‍ ലഭിക്കാത്ത കഴിഞ്ഞ രണ്ടു പാദങ്ങളില്‍ നിന്നും ആശ്വാസമേകുന്ന മാറ്റമായിരുന്നു ഇത്. ദീര്‍ഘകാലമായി കാത്തിരുന്ന ചില ഓര്‍ഡറുകള്‍ ലഭിച്ചതാണ് നിര്‍ണായകമായ വളര്‍ച്ചയ്ക്ക് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിരോധം, മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ്, ഗ്രാമീണ വിതരണ സംവിധാനം, ഊര്‍ ഗ്രിഡ് ശക്തിപ്പെടുത്തല്‍ എന്നിങ്ങനെയുള്ള രംഗങ്ങളിലെ ചില പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കുകയാണെന്നു സര്‍ക്കാര്‍ പിന്തുണയില്‍ ഈ നയങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കുന്നതോടെ കൂടുതല്‍ ബിസിനസ് അവസരങ്ങള്‍ ലഭിക്കുമെന്നും എല്‍ആന്‍ഡ്ടി സിഇഒയും മാനേജിംഗ് ഡയറക്റ്ററുമായ എസ് എന്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു.

Comments

comments

Categories: Business & Economy
Tags: L&T, L&T profit