കാല്‍ക്ക് എന്ന മോട്ടോര്‍സൈക്കിളുമായി സ്വീഡിഷ് കമ്പനി കേക്ക്

കാല്‍ക്ക് എന്ന മോട്ടോര്‍സൈക്കിളുമായി സ്വീഡിഷ് കമ്പനി കേക്ക്

മൂന്ന് റൈഡിംഗ് മോഡുകളിലാണ് പുറത്തിറക്കുന്നത്

സ്റ്റോക്ക്‌ഹോം : സ്വീഡിഷ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ കേക്ക് പുതിയ ഇലക്ട്രിക് ഓഫ് റോഡ് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചു. കാല്‍ക്ക് എന്നാണ് ഹൈ പെര്‍ഫോമന്‍സ്, ലൈറ്റ്‌വെയ്റ്റ് ഇലക്ട്രിക് മോട്ടോര്‍ബൈക്കിന്റെ പേര്. ഓഫ് റോഡ് മോട്ടോര്‍സൈക്കിള്‍ റൈഡിംഗിന് പുതിയ നിര്‍വ്വചനം നല്‍കുന്നതായിരിക്കും ഈ ബൈക്ക്. 70 കിലോഗ്രാം മാത്രമാണ് മോട്ടോര്‍സൈക്കിളിന്റെ ഭാരം. 2.6 കിലോവാട്ട്അവര്‍ ലിഥിയം അയണ്‍ ബാറ്ററി പാക്ക് 20 ബിഎച്ച്പി കരുത്ത് പകരും. ഒരു തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 80 കിലോമീറ്റര്‍ ഓടിക്കാം. മണിക്കൂറില്‍ 80 കിലോമീറ്ററാണ് കാല്‍ക്കിന്റെ ടോപ് സ്പീഡ്. മോട്ടോര്‍ പരമാവധി 42 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്ക് സൃഷ്ടിക്കും.

മറ്റൊരു സ്വീഡിഷ് കമ്പനിയായ ഓഹ്‌ലിന്‍സിന്റെ സസ്‌പെന്‍ഷനാണ് മോട്ടോര്‍സൈക്കിളില്‍ നല്‍കിയിരിക്കുന്നത്. 204 മില്ലി മീറ്റര്‍ ട്രാവല്‍ സാധ്യമാകുന്നതാണ് 38 എംഎം അപ്‌സൈഡ് ഡൗണ്‍ (യുഎസ്ഡി) ഫ്രണ്ട് ഫോര്‍ക്ക്. ഹൈ സ്പീഡ് കംപ്രഷന്‍, ലോ സ്പീഡ് കംപ്രഷന്‍, ലോ സ്പീഡ് റീബൗണ്ട് എന്നിവ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയും. 7 സ്റ്റെപ് റീബൗണ്ട് അഡ്ജസ്റ്റ്‌മെന്റ്, 16 സ്റ്റെപ് ലോ സ്പീഡ് കംപ്രഷന്‍ എന്നിവ ഓഹ്‌ലിന്‍സിന്റെ തന്നെ റിയര്‍ സസ്‌പെന്‍ഷന്റെ സവിശേഷതകളാണ്.

മൂന്ന് റൈഡിംഗ് മോഡുകളിലാണ് ബൈക്ക് പുറത്തിറക്കുന്നത്. ഓഫ് റോഡ് റൈഡിംഗില്‍ കൈമെയ് വഴക്കം വരാത്തവര്‍ക്ക് അനുയോജ്യമായതാണ് ഡിസ്‌കവര്‍ എന്ന മോഡ്. മണിക്കൂറില്‍ 45 കിലോമീറ്ററാണ് ഈ മോഡില്‍ പരമാവധി വേഗം. എക്‌സ്‌പ്ലോര്‍ ആണ് രണ്ടാമത്തെ മോഡ്. എക്‌സൈറ്റ് എന്ന മൂന്നാമത്തെ മോഡ് പരമാവധി വേഗവും കരുത്തും ആക്‌സിലറേഷനും സമ്മാനിക്കും.

70 കിലോഗ്രാം മാത്രമാണ് മോട്ടോര്‍സൈക്കിളിന്റെ ഭാരം. ഒരു തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 80 കിലോമീറ്റര്‍ ഓടിക്കാം

മോട്ടോര്‍സൈക്കിളിന്റെ ഫ്രെയിം അലുമിനിയത്തിലും ബോഡി കാര്‍ബണ്‍ ഫൈബറിലുമാണ് നിര്‍മ്മിച്ചിരിക്കുന്നത്. 1,000 ഡോളര്‍ അടച്ച് (ഏകദേശം 63,000 രൂപ) കാല്‍ക്ക് പ്രീ-ഓര്‍ഡര്‍ ചെയ്യാം. തല്‍ക്കാലം അമ്പത് യൂണിറ്റ് മാത്രം നിര്‍മ്മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 14,000 ഡോളറായിരിക്കും (ഏകദേശം 8.9 ലക്ഷം രൂപ) വില.

Comments

comments

Categories: Auto