സ്ത്രീപക്ഷ ബജറ്റില്‍ 2000 കോടിയുടെ തീരദേശ പാക്കേജ്

സ്ത്രീപക്ഷ ബജറ്റില്‍ 2000 കോടിയുടെ തീരദേശ പാക്കേജ്

ധനമന്ത്രി ഡോ. തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിച്ചത് സ്ത്രീപക്ഷ ബജറ്റ്. 2000 കോടിയുടെ തീരദേശപാക്കേജും ബജറ്റില്‍ പ്രഖ്യാപിച്ചു. നിര്‍ദിഷ്ട കേരള ബാങ്ക് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തനം തുടങ്ങും. മൊത്തം 102801. കോടി രൂപ വരവും 115661 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് 12661 കോടി രൂപയുടെ കമ്മി പ്രതീക്ഷിക്കുന്നു.

സവിശേഷമായ സ്ത്രീ ശാക്തീകരണ പദ്ധതികള്‍ ബജറ്റിന്റെ പ്രത്യേകതയാണ്. മൊത്തം പദ്ധതി ചെലവിന്റെ 14.6 ശതമാനം സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ക്കായി ബജറ്റ് നീക്കി വച്ചിരിക്കുന്നു. പ്രത്യേക പദ്ധതികള്‍ക്കായി 1267 കോടി രൂപയും സ്ത്രീകള്‍ ഗുണഭോക്താക്കളായി വരുന്ന പദ്ധതികള്‍ക്ക് 1960 കോടി രൂപയും വകയിരുത്തിയിരിക്കുന്നു. പുറമെ കുടുംബശ്രീ വഴിയായി 200 കോടി രൂപയും ചെലവഴിക്കും. ഭിന്നശേഷിക്കാര്‍ക്കും ബജറ്റ് പ്രത്യേക പരിഗണന നല്‍കി. ഇവരുടെ ക്ഷേമത്തിനായി 289 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. 40000 സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ നിര്‍മിക്കുന്നതിനും 200 പഞ്ചായത്തുകളില്‍ ബഡ്‌സ് സ്‌കൂളുകള്‍ ആരംഭിക്കുന്നതിനും ബജറ്റില്‍ നിര്‍ദേശമുണ്ട്.

മദ്യത്തിന്റെ നികുതിയിലും വര്‍ധന വരുത്തിയിരിക്കുന്നു. മദ്യത്തിന്റെ നികുതി ഏകീകരിച്ചതാണ് മറ്റൊരു ശ്രദ്ധേയ നിര്‍ദേശം. വിവിധ സെസുകള്‍ നികുതികളും ഒരുമിച്ചാക്കി. 200 ശതമാനം മിനിമം നികുതിയാക്കി നിശ്ചയിച്ചു. 400 രൂപയില്‍ കൂടുതല്‍ വിലയുള്ള ബ്രാന്‍ഡുകള്‍ക്കാണ് ഈ തുക. 400 രുപയ്ക്ക്് മുകളിലുള്ള ബ്രാന്‍ഡുകള്‍ക്ക് 210 ശതമാനം നികുതി നല്‍കേണ്ടി വരും. നിലവിലെ 70 ശതമാനത്തില്‍ നിന്ന് 100 ശതമാനത്തിലേക്കാണ് ബിയറിന്റെ നികുതി ഉയര്‍ത്തിയത്. 400 രൂപയ്ക്കു താഴെയുള്ള മദ്യത്തിന്റെ വില്പന നികുതി 200 ശതമാനമായും 400 രൂപക്ക് മുകളില്‍ വിലയുള്ളവക്ക് 210 ശതമാനവും നികുതി വരും.

ഭൂമിയുടെ ന്യായ വിലയില്‍ 10 ശതമാനം വര്‍ധന വരുത്തിയിട്ടുണ്ട് . പൊതു വിദ്യാഭ്യാസത്തിന് 970 കോടിയും ചെറുകിട വ്യവസായങ്ങള്‍ക്ക് 160 കോടിയും ബജറ്റ് വകയിരുത്തി.

42 പുതിയ റെയില്‍വേ ഓവര്‍ ബ്രിഡ്ജുകള്‍ നിര്‍മിക്കുന്നതിനും ബജറ്റില്‍ നിര്‍ദേശമുണ്ട്. 1459 കോടി രൂപ പുതിയ പാലങ്ങളുടെയും റോഡുകളുടെയും നിര്‍മാണത്തിനായി നീക്കി വച്ചിരിക്കുന്നു.

പ്രതിസന്ധി നേരിടുന്ന കെ. എസ. ആര്‍ ടി സിക്ക് 1000 കോടി രൂപ നല്‍കും. 2000 പുതിയ ബസുകള്‍ വാങ്ങുന്നതിനും നിര്‍ദേശമുണ്ട്. കെ എസ് ആര്‍ ടി സിയെ മൂന്ന് ലാഭ കേന്ദ്രങ്ങളായി വിഭജിക്കും. പെന്‍ഷന്‍ കുടിശിക അടക്കം നല്‍കുന്നതിന് സംസ്ഥാന സഹകരണ ബാങ്കിന്റെയും ജില്ലാ സഹകരണ ബാങ്കുകളുടെയും കണ്‍സോര്‍ഷ്യം വഴി ഫണ്ട് ലഭ്യമാക്കും.

കെഎസ്ആര്‍ടിസിയുടെ വികസനത്തിനും പുനഃസംഘടനയ്ക്കും വേണ്ടി ബജറ്റില്‍ സമഗ്രപാക്കേജ്. 2018 19 വര്‍ഷത്തില്‍ കെഎസ്ആര്‍ടിസിക്കായി 1000 കോടി രൂപ ബജറ്റില്‍ വകയിരുത്തി. കെഎസ്ആര്‍ടിസിയെ മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിച്ചായിരിക്കും പരിഷ്‌കരണം നടപ്പാക്കുക. മാനേജ്‌മെന്റ് തലങ്ങളില്‍ മാറ്റം വരുത്തും. സമഗ്ര പുനഃസംഘടനയിലൂടെ കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വയക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തില്‍ തോമസ് ഐസക് വ്യക്തമാക്കി.

മാര്‍ച്ച് മാസത്തിനുള്ളില്‍ പെന്‍ഷന്‍ കുടിശ്ശിക പൂര്‍ണമായും കൊടുത്തു തീര്‍ക്കും. എന്നാല്‍ പെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കുന്നതോടെ കെഎസ്ആര്‍ടിസിയുടെ എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നുവെന്ന് കരുതാന്‍ കഴിയില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. ആറ് മാസത്തിനുള്ളില്‍ വായ്പകള്‍ പലിശയടക്കം തിരിച്ചടയ്ക്കുമെന്നും ധനമന്ത്രി അറിയിച്ചു.

എറണാകുളം മൊബിലിറ്റി ഹബ്ബ് മാതൃകയില്‍ കോഴിക്കോടും, ആലപ്പുഴയിലും ഹബ്ബുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബസ് ചാര്‍ജ് വര്‍ധനയ്ക്കായി സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചുകൊണ്ട് ടിക്കറ്റ് നിരക്കില്‍ പരിഷ്‌കാരം കൊണ്ടുവരാന്‍ തീരുമാനിക്കുന്നതായും ധനമന്ത്രി അറിയിച്ചു. കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം തടസ്സം കൂടാതെ മുന്നോട്ട് പോകാന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപികരിക്കും.

പ്രവാസി മേഖലയ്ക്ക് ഉത്തേജനം നല്‍കി സംസ്ഥന ബജറ്റ്. പ്രവാസി മേഖലയുടെ വികസനത്തിനായി 80 കോടി രൂപ ബജറ്റ് വകിയിരുത്തി. വിദേശത്തുനിന്നും തിരിച്ചുവരുന്ന പ്രവാസികളെ സഹായിക്കാനായി 16 കോടി രൂപയും നീക്കിവച്ചു. നോര്‍ക്കാ റൂട്ട്‌സിന്റെ നേതൃത്വത്തില്‍ ജോബ് പോര്‍ട്ടല്‍ സ്ഥാപിക്കാനായി 17 കോടി രൂപ നല്‍കും.

പ്രവാസികളുടെ വെല്‍ഫയര്‍ ഫണ്ടിലേക്ക് ഒമ്പത് കോടിയും, തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്താന്‍ എട്ട് കോടി രൂപയും ബജറ്റില്‍ നീക്കിവച്ചതായി ധനമന്ത്രി അറിയിച്ചു. 2018 19 വര്‍ഷത്തില്‍ ഗ്ലോബല്‍ കേരളാ ഫെസ്റ്റിവല്‍ നടത്താനായി 19 കോടി രൂപയും പ്രഖ്യാപിച്ചു. വിഭവസമാഹരണത്തിനായി ഏപ്രില്‍ മുതല്‍ കെഎസ്എഫ്ഇ യുടെ നേതൃത്വത്തില്‍ പ്രവാസി ചിട്ടി നിലവില്‍ വരും.

ചിട്ടിയില്‍ ചേരുന്നവര്‍ക്ക് ഇന്‍ഷുറന്‍സും, പെന്‍ഷനും പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശ മലയാളികള്‍ പലതരത്തിലുള്ള നിക്ഷേപമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നണ്ട്. കെഎസ്എഫ്ഇ ചിട്ടിയിലൂടെ ഈ പ്രവണതയെ പ്രോത്സാഹിപ്പിക്കാനാണ് ശ്രമിക്കുന്നത്. നിക്ഷേപകര്‍ ചിട്ടി തിരഞ്ഞെടുത്താല്‍ വിഭവ സമാഹരണത്തിന് സര്‍ക്കാര്‍ ബുദ്ധിമുട്ടുകള്‍ നേരിടില്ലെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.

 

Comments

comments

Categories: Top Stories, Trending