സ്ത്രീകള്‍ക്കുള്ള തൊഴിലവസരങ്ങളില്‍ കാര്യമായ ഇടിവ്

സ്ത്രീകള്‍ക്കുള്ള തൊഴിലവസരങ്ങളില്‍ കാര്യമായ ഇടിവ്

ന്യൂഡെല്‍ഹി: 2015-2016ല്‍ ഇന്ത്യയില്‍ സ്ത്രീകള്‍ക്കുള്ള തൊഴിലവസരങ്ങളില്‍ കാര്യമായ ഇടിവ് അനുഭവപ്പെട്ടതായി സര്‍വേ റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്കുള്ള തൊഴിലവസരങ്ങള്‍ 2005-2006 കാലയളവിലെ 36 ശതമാനത്തില്‍ നിന്നും 2015-2016ലെത്തിയപ്പോള്‍ 24 ശതമാനമായി ചുരുങ്ങിയിട്ടുണ്ടെന്നാണ് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ചൂണ്ടിക്കാട്ടുന്നത്. അതസമയം ഇക്കാലയളവില്‍ പ്രൊഫഷണല്‍, ടെക്‌നിക്കല്‍, മാനേജേരിയല്‍ രംഗങ്ങളില്‍ പുരുഷന്മാരേക്കാള്‍ (എട്ട് ശതമാനം) കൂടുതല്‍ സ്ത്രീകളാണ് (പത്ത് ശതമാനം) തൊഴില്‍ നേടിയിട്ടുള്ളതെന്നും സര്‍വേ വ്യക്തമാക്കുന്നു.

2015-2016ല്‍ 11 ശതമാനം സ്ത്രീകള്‍ സ്വയം തൊഴില്‍ കണ്ടെത്തിയവരാണെന്നതാണ് രസകരമായ മറ്റൊരു വസ്തുത. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ തൊഴില്‍ ചെയ്യുന്ന പുരുഷന്മാരുടെ ശതമാനം 85 ശതമാനത്തില്‍ നിന്നും 75 ശതമാനമായി ചുരുങ്ങിയതായും സര്‍വേ ഫലം വ്യക്തമാക്കുന്നു. ഒരു വര്‍ഷകാലം തൊഴില്‍ ഇല്ലാതിരുന്നതായി സര്‍വേയില്‍ പങ്കെടുത്ത 70 ശതമാനം സ്ത്രീകളും 19 ശതമാനം പുരുഷന്മാരും പ്രതികരിച്ചു. സ്ത്രീകളും പുരുഷന്മാരും ഏറ്റവും കൂടുതല്‍ തൊഴിലിനായി ആശ്രയിച്ചിട്ടുള്ളത് കര്‍ഷിക മേഖലയെ ആണെന്നാണ് സര്‍വേയുടെ കണ്ടെത്തല്‍. പത്ത് വര്‍ഷത്തിനിടെ 48 ശതമാനം സ്ത്രീകളും 32 ശതമാനം പുരുഷന്മാരുമാണ് കാര്‍ഷിക മേഖലയില്‍ തൊഴില്‍ ചെയ്യാനാരംഭിച്ചത്.

രാജ്യത്തെ തൊഴിലെടുക്കുന്ന 81 ശതമാനം സ്ത്രീകളും 91 ശതമാനം പുരുഷന്മാരും തങ്ങളുടെ തൊഴിലില്‍ നിന്നും വരുമാനമുണ്ടാക്കുന്നവരാണ്. എന്നാല്‍ ഇത്തരത്തില്‍ വേതനം എന്ന നിലയില്‍ ഒന്നും ലഭിക്കുന്നില്ലെന്നാണ് സര്‍വേയുടെ ഭാഗമായ 15 ശതമാനം സ്ത്രീകളും 8 ശതമാനം പുരുഷന്മാരും അറിയിക്കുന്നത്. ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഏറ്റവും പിന്നിലുള്ള സംസ്ഥാനങ്ങള്‍ ജമ്മു കശ്മീര്‍, ബീഹാര്‍, അസം എന്നിവയാണ്. ജമ്മു കശ്മീരില്‍ തൊഴിലെടുക്കുന്ന സ്ത്രീകള്‍ 14 ശതമാനമാണ്. ബീഹാര്‍, അസം എന്നിവിടങ്ങളില്‍ വെറും 15 ശതമാനം സ്ത്രീകളാണ് ഉപജീവനത്തിനായി വിവിധ മേഖലകളില്‍ പണിയെടുക്കുന്നത്.

മൊത്തം സ്ത്രീകളില്‍ മൂന്നിലൊന്ന് ഭാഗം (41 ശതമാനം) തൊഴില്‍ നേടിയിട്ടുള്ള സംസ്ഥാനം മണിപ്പൂരാണ്. തെലങ്കാന (39 ശതമാനം), മോഘാലയ, മണിപ്പൂര്‍ (35 ശതമാനം), ആന്ധ്രാപ്രദേശ് (34 ശതമാനം) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍. പുരുഷന്മാര്‍ക്കിടയില്‍ 15-19 പ്രായമുള്ള 29.4 ശതമാനം പേര്‍ നിലവില്‍ ജോലിയുള്ളവരാണ്. 20-24 പ്രയപരിധിയില്‍പെടുന്ന 63.9 ശതമാനം പുരുഷന്മാരും തൊഴില്‍ ചെയ്യുന്നവരാണ്. തൊഴില്‍ ഇല്ലാത്ത പുരുഷന്മാരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെന്നും നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Categories: Women