ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്കും ബൈക്കുകള്‍ക്കും വില കൂടും

ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്കും ബൈക്കുകള്‍ക്കും വില കൂടും

കസ്റ്റംസ് തീരുവ അഞ്ച് ശതമാനം വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി : ഇറക്കുമതി ചെയ്യുന്ന ട്രക്കുകള്‍ക്കും ബസ്സുകള്‍ക്കും വിദേശങ്ങളില്‍നിന്ന് വാഹനഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് അസ്സംബ്ള്‍ ചെയ്യുന്ന കാറുകള്‍ക്കും മോട്ടോര്‍സൈക്കിളുകള്‍ക്കും വില കൂടും. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ കസ്റ്റംസ് തീരുവ വര്‍ദ്ധന പ്രഖ്യാപിച്ചതോടെയാണിത്. സികെഡി (കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍) രീതിയില്‍ നിര്‍മ്മിക്കുന്ന മോട്ടോര്‍ വാഹനങ്ങളുടെയും മോട്ടോര്‍ കാറുകളുടെയും മോട്ടോര്‍സൈക്കിളുകളുടെയും കസ്റ്റംസ് തീരുവ പത്ത് ശതമാനത്തില്‍നിന്ന് പതിനഞ്ച് ശതമാനമായാണ് വര്‍ധിപ്പിച്ചത്. വാഹനഘടകങ്ങള്‍ വിദേശരാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്ത് പൂര്‍ണ്ണ വാഹനമായി അസ്സംബ്ള്‍ ചെയ്യുന്ന രീതിയാണ് സികെഡി.

കൂടാതെ സിബിയു (കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റ്) രീതിയില്‍ നിര്‍മ്മിക്കുന്ന മോട്ടോര്‍വാഹനങ്ങളുടെ (ട്രക്കുകളും ബസ്സുകളും) കസ്റ്റംസ് തീരുവ 20 ശതമാനത്തില്‍നിന്ന് 25 ശതമാനമായി വര്‍ധിപ്പിച്ചു. പൂര്‍ണ്ണമായി നിര്‍മ്മിച്ച വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതാണ് സിബിയു.

മോട്ടോര്‍വാഹനങ്ങളുടെയും മോട്ടോര്‍കാറുകളുടെയും മോട്ടോര്‍സൈക്കിളുകളുടെയും ചിലയിനം പാര്‍ട്‌സുകളുടെയും ആക്‌സസറികളുടെയും കസ്റ്റംസ് തീരുവ 7.5 ശതമാനത്തില്‍നിന്ന് 15 ശതമാനമായും ബസ്, ട്രക്ക് റേഡിയല്‍ ടയറുകളുടെ ഇറക്കുമതി തീരുവ 10 ശതമാനത്തില്‍നിന്ന് 15 ശതമാനമായും വര്‍ധിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇറക്കുമതി ചെയ്യുന്ന പല ഉല്‍പ്പന്നങ്ങളുടെയും കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കാന്‍ അരുണ്‍ ജെയ്റ്റ്‌ലി തയ്യാറായത്.

കനത്ത തിരിച്ചടിയാണെന്ന് സിയാം ഡെപ്യൂട്ടി ഡയറക്റ്റര്‍ ജനറല്‍ സുഗതോ സെന്‍. സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്യുന്നതായി എസിഎംഎ പ്രസിഡന്റ് നിര്‍മ്മല്‍ മിന്‍ഡ

വാഹനഘടകങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കാനുള്ള തീരുമാനം ഓട്ടോമൊബില്‍ വ്യവസായത്തിന് കനത്ത തിരിച്ചടിയാണെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് (സിയാം) ഡെപ്യൂട്ടി ഡയറക്റ്റര്‍ ജനറല്‍ സുഗതോ സെന്‍ പ്രതികരിച്ചു. അതേസമയം സര്‍ക്കാര്‍ നീക്കത്തെ ഓട്ടോമോട്ടീവ് കംപോണന്റ് മാനുഫാക്ച്ചറേഴ്‌സ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ (എസിഎംഎ) സ്വാഗതം ചെയ്തു. എന്‍ജിന്‍ ആന്‍ഡ് ട്രാന്‍സ്മിഷന്‍ പാര്‍ട്‌സ്, ബ്രേക്കുകളും പാര്‍ട്‌സുകളും സസ്‌പെന്‍ഷനും പാര്‍ട്‌സുകളും ഗിയര്‍ബോക്‌സുകളും പാര്‍ട്‌സുകളും എയര്‍ബാഗുകള്‍ എന്നിവയുടെ കസ്റ്റംസ് തീരുവ 7.5/10 ശതമാനത്തില്‍നിന്ന് 15 ശതമാനമായി വര്‍ധിപ്പിച്ചതിനെ അഭിനന്ദിക്കുന്നതായി എസിഎംഎ പ്രസിഡന്റ് നിര്‍മ്മല്‍ മിന്‍ഡ പ്രസ്താവനയില്‍ പറഞ്ഞു.

Comments

comments

Categories: Auto