ശാന്തതയില്‍ നിന്ന് ഉത്സാഹത്തിലേക്ക്…

ശാന്തതയില്‍ നിന്ന് ഉത്സാഹത്തിലേക്ക്…

ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ നേരിട്ട് നയിക്കുന്ന മൂന്ന് ദിവസത്തെ ‘വിജ്ഞാന്‍ ഭൈരവ്’ മഹാ ധ്യാന ശിബിരം നാളെ മുതല്‍ കൊച്ചിയിലെ കലൂര്‍ വാട്ടര്‍ അതോറിറ്റി ഗ്രൗണ്ടില്‍ ആരംഭിക്കുകയാണ്. ഭഗവാന്‍ ശിവന്‍ ദേവി പാര്‍വതിക്കുപദേശിച്ച 112 ധ്യാന വിദ്യകള്‍ ഗുരുജി നേരിട്ട് പരിശീലിപ്പിക്കുന്ന കേരളത്തിലെ ആദ്യ ശിബിരമാണിത്. കശ്മീരി ശൈവ യോഗികള്‍ പരിശീലിച്ചിരുന്ന ധ്യാന വിദ്യ സര്‍വലോകത്തിന്റെയും ഹിതത്തെ കരുതി ഗുരുജിയിലൂടെ പുനരവതരിപ്പിക്കപ്പെടുന്നു. ശാന്തതയില്‍ നിന്ന് ഉത്സാഹത്തിലേക്ക് എന്ന വിഷയം അടിസ്ഥാനമാക്കി യുവാക്കളുമായുള്ള പ്രത്യേക സംവാദവും ഗുരുജി നടത്തും

ആര്‍ട്ട് ഓഫ് ലിവിംഗ് അഥവാ ജീവനകലയെന്നാല്‍ ആനന്ദമാണ്. ഒരു നിമിഷം പോലും ദുഖിച്ചിരിക്കാന്‍ മനുഷ്യന് അവകാശമില്ലെന്ന് മൂന്നര പതിറ്റാണ്ടിലേറെയായി മാനവകുലത്തിനെ നിരന്തരം ഓര്‍മിപ്പിക്കുകയും യോഗയും ധ്യാനവും ആത്മീയതയും സമാസമം ചേര്‍ത്ത് അനന്തമായ ആനന്ദത്തിലേക്കും സത്യത്തിലേക്കും കൈപിടിച്ചു നടത്തുകയും ചെയ്യുന്ന വിശ്വോത്തരമായ ആശയം. പഴമയുടെ നന്‍മകളെയും വിജ്ഞാനത്തെയും സാംസ്‌കാരിക അടിത്തറ ഒട്ടും ചോരാതെ തന്നെ പുതുതലമുറയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രയോജനപ്പെടുത്തിയെടുക്കാന്‍ ജീവനകലക്ക് സാധിച്ചിട്ടുണ്ടെന്ന് വിമര്‍ശകര്‍ പോലും സമ്മതിക്കും. ആര്‍ട്ട് ഓഫ് ലിവിംഗെന്ന മാധ്യമത്തിലൂടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ ലോകഹിതത്തിനായി പുനരവതരിപ്പിക്കുന്ന ഏറ്റവും പുതിയ ധ്യാനക്രിയയായ ‘വിജ്ഞാന്‍ ഭൈരവ്’നാളെ മുതല്‍ മൂന്ന് ദിവസത്തേക്കാണ് കൊച്ചിയില്‍ നടക്കുക. ഭഗവാന്‍ പരമശിവനോട് അദ്ദേഹത്തിന്റെയും പ്രപഞ്ചത്തിന്റെയും ആധാരതത്വമാരാഞ്ഞ ദേവി പാര്‍വതിക്ക് ആദിയോഗി ഉപദേശിച്ച 112 ധ്യാന ക്രിയകളാണ് ‘വിജ്ഞാന്‍ ഭൈരവ്’ എന്ന് അറിയപ്പെടുന്നത്. കശ്മീരി ശൈവ യോഗികളില്‍ ഒതുങ്ങി നിന്ന ഈ മഹാ വിദ്യയെ ആധുനിക ലോകത്തിന് പരിചയപ്പെടുത്തുകയാണ് ഗുരുജി.

ഏതു വിദ്യയാണെങ്കിലും ഗുരുമുഖത്തു നിന്ന് നേരിട്ടഭ്യസിക്കുന്നതിലും വലിയ സൗഭാഗ്യമില്ല. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് സമീപം വാട്ടര്‍ അതോറിറ്റി ഗ്രൗണ്ടില്‍ നടക്കുന്ന ശിബിരത്തില്‍ മൂന്നു ദിവസവും ഗുരുജി നേരിട്ട് പരിശീലനം നല്‍കും. ഫെബ്രുവരി 3 ശനിയാഴ്ച വൈകിട്ട് 6 മണി മുതല്‍ 8 മണി വരെയാണ് ആദ്യ സെഷന്‍. ഞായറാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12 മണി വരെയും വൈകിട്ട് 4 മുതല്‍ 6 മണി വരെയും ഗുരുജി ‘വിജ്ഞാന്‍ ഭൈരവ്’ പരിശീലിപ്പിക്കും. സമാപന ദിവസമായ ഫെബ്രുവരി 5ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിശീലനവും സത്സംഗവുമടക്കമുള്ള പരിപാടികള്‍ അര്‍ദ്ധരാത്രി വരെ നീളും. ബംഗലൂരു, മുംബൈ, ചെന്നൈ, ഡല്‍ഹി, ഹോങ്കോങ്ങ് എന്നിവിടങ്ങള്‍ക്കും ശേഷമാണ് ‘വിജ്ഞാന്‍ ഭൈരവ്’ മഹാ ധ്യാന ശിബിരത്തിന് കേരളം വേദിയാകുന്നത്.

ശിബിരത്തിന്റെ രണ്ടാം ദിവസത്തെ പരിപാടികളുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 200 കമ്പനി സിഇഒമാരുമായി ഗുരുജി ആശയവിനിമയം നടത്തും. വൈകിട്ട് 6.30ന് ശേഷം ഹോട്ടല്‍ മാരിയറ്റില്‍ വെച്ചാണ് പരിപാടി. മൂന്നാം ദിവസമായ തിങ്കളാഴ്ചയാണ് നാലായിരം യുവാക്കളോടുള്ള സംവാദമായ ‘ഐപോഡ്’ നടക്കുക. ഇന്‍ഫോപാര്‍ക്കിലെ 40 കമ്പനികളിലെ ജോലിക്കാര്‍ക്കും 70 കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും പരിപാടികളിലേക്ക് ക്ഷണമുണ്ട്. എല്ലാ വിദ്യാര്‍ഥികളെയും യോഗ അഭ്യസിപ്പിച്ച മൂന്ന് സ്‌കൂളുകള്‍ക്ക് ‘ഹാപ്പിഫൈഡ് ക്യാംപസ്’ പുരസ്‌കാരങ്ങള്‍ ഗുരുജി സമ്മാനിക്കും.

ഐപോഡ് അഥവാ ശാന്തമായ ഉത്‌സാഹം

‘ആന്തരികമായ ശാന്തത; പുറത്ത് ഉത്സാഹം’ എന്ന ആശയത്തില്‍ നിന്ന് ഗുരുജി രൂപപ്പെടുത്തിയെടുത്ത വാക്കാണ് ‘ഐപോഡ്’ (ipod- inner peace, outer dynamism). ഫെബ്രുവരി 5ന് യുവാക്കള്‍ക്ക് ഗുരുജിയോട്് സംവദിക്കാനായി ഒരുക്കിയിരിക്കുന്ന പരിപാടിയുടെ പേരാണിത്. ഗൂഗിളിന് ഉത്തരം തരാനാവാത്തതെന്തും ഗുരുജിയോട് ചോദിക്കാനാണ് യുവാക്കള്‍ക്ക് അവസരം. ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ 4 മണി വരെയാണ് സംവാദം നടക്കുക. 17 മുതല്‍ 35 വയസ് വരെ പ്രായമുള്ള നാലായിരത്തോളം യുവാക്കള്‍ക്കാണ് ജീവനകല ആചാര്യനെ നേരിട്ടു കാണാനും സംസാരിക്കാനുമുള്ള പൊതുവേദി ലഭിക്കുക. പ്രവേശനം സൗജന്യമാണ്. ഡെസ്‌ക്‌ടോപ്പ് യോഗ സെഷന്‍ എന്ന പേരില്‍ ഇരുന്നു കൊ@് ചെയ്യാവുന്ന ചില യോഗമുറകളും ഗുരുജി യുവാക്കളെ പരിശീലിപ്പിക്കും. www.tiny.cc/ipodഎന്ന വെബ്‌സൈറ്റ് ലിങ്കില്‍ കഌക്ക് ചെയ്ത് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരും യുവ സംഗമം ആര്‍ട്ട് ഓഫ് ലിവിംഗ് സംഘടിപ്പിക്കുന്നത്.

വിശ്വശാന്തിയുടെ അംബാസഡര്‍

155 രാജ്യങ്ങളില്‍ വിവിധ വേഷ-ഭാഷാ-സംസ്‌കാരങ്ങള്‍ പിന്‍തുടരുന്ന ജനതതികളിലേക്ക് ഭാരതത്തില്‍ പിറവിയെടുത്ത ജീവനകലയെന്ന വടവൃക്ഷം ശാന്തിയുടെയും പ്രത്യാശയുടെയും തണല്‍ ഇന്ന് നീട്ടുന്നുണ്ട്. ജീവകാരുണ്യ രംഗത്തും വിദ്യാഭ്യാസമേഖലയിലും മാനസിക-ശാരീരിക ആരോഗ്യ പരിപാലനത്തിലും പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും ഐക്യരാഷ്ട്ര സഭയോടും മറ്റും സഹകരിച്ച് ലോകമെങ്ങും മാതൃകാപരമായ പ്രവര്‍ത്തനം സംഘടന നടത്തുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഘടനവാദികളെയും അന്‍പത് വര്‍ഷത്തിലേറെയായി കൊളംബിയില്‍ രക്തം ചിന്തുന്ന കമ്യൂണിസ്റ്റ് ഗറില്ലാ സംഘമായ ഫാര്‍ക്കിനെയും ഗാന്ധിയന്‍ സമരമുറകളിലേക്കും സമാധാനത്തിന്റെ പാതയിലേക്കും ജീവനകലാ സ്ഥാപകനായ ശ്രീ ശ്രീ രവിശങ്കറിന് കൊണ്ടു വരാനായത് അദ്ദേഹത്തെ വിശ്വപൗരനായും ശാന്തിദൂതനായും ഉയര്‍ത്തിയി
രിക്കുന്നു.

ഇറാഖിലെ ഭീകരപ്രവര്‍ത്തനത്തിന്റെ ദുരവസ്ഥയനുഭവിക്കുന്ന യസീദികള്‍ക്കും ഷിയാകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ആശ്വാസമായി ഗുരുജിയുടെ കരങ്ങളെത്തിയത് ലോകം കണ്ടു. കശ്മീരിലെയും അയോധ്യയിലെയും കലുഷിതമായ അന്തരീക്ഷത്തിലും സമാധാനത്തിന്റെ മാര്‍ഗം കണ്ടെഗത്താന്‍ യത്‌നിക്കുന്നതിന് ജീവനകലാ ആചാര്യന്‍ മുന്നിട്ടിറങ്ങിയതും സമീപകാലത്ത് ഭാരതത്തിന് മുഴുവന്‍ ആത്മവിശ്വാസം പകര്‍ന്ന കാഴ്ചയായിരുന്നു.

ലോകത്തെ 370 ദശലക്ഷം ആളുകളിലേക്ക് പ്രവര്‍ത്തനം എത്തിച്ച ഏറ്റവും വലിയ സന്നദ്ധ സംഘടനയാണിന്ന് ആര്‍ട്ട് ഓഫ് ലിവിംഗ്. സമ്മര്‍ദ്ദ രഹിതവും, സന്തോഷവും ആരോഗ്യവും നിറഞ്ഞതുമായ ജീവിതക്രമം ലക്ഷ്യമിട്ട് പൗരാണിക ഭാരതത്തില്‍ ഉരുത്തിരിഞ്ഞ യോഗയെയും മെഡിറ്റേഷനെയും ലോകമെങ്ങുമെത്തിക്കാന്‍ നിര്‍ണായകമായ പങ്കാണ് സംഘടന വഹിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് മന്ത്രാലയത്തിനു കീഴിലുള്ള ക്വാളിറ്റി കണ്‍ട്രോള്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ച ആദ്യ യോഗ സ്‌കൂള്‍ ജീവനകലയുടെ അഭിമാനമാണ്. 2011ല്‍ ജീവനകലയുടെ ബംഗലൂരു ആശ്രമത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനമായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശം ആദ്യമായി മുന്നോട്ട് വെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിന്റെ കൂടി അടിസ്ഥാനത്തില്‍ അന്നേ ദിവസം അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കണമെന്ന് ഐക്യരാഷ്ട്ര സഭ നടത്തിയ പ്രഖ്യാപനം ഭാരതത്തിനും ഒപ്പം ജീവനകലക്കും ആനന്ദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷങ്ങളാണ് സമ്മാനിച്ചത്.

 

Comments

comments

Categories: Motivation