കാര്‍ഷിക മേഖലയ്ക്കുള്ള ഊന്നല്‍ സ്വാഗതാര്‍ഹം

കാര്‍ഷിക മേഖലയ്ക്കുള്ള ഊന്നല്‍ സ്വാഗതാര്‍ഹം

കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുമെന്നാണ് ബജറ്റ് അവതരിപ്പിച്ച് അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞത്. നല്ല തീരുമാനം തന്നെ. എന്നാല്‍ അത് പ്രാവര്‍ത്തികമാകുന്നുവെന്ന് ഉറപ്പ് വരുത്തുമോയെന്നതാണ് ചോദ്യം

ഗുജറാത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ തിളക്കം കുറിച്ചത് ഗ്രാമങ്ങളില്‍ പാര്‍ട്ടിക്ക് വേണ്ടത്ര വോട്ട് കിട്ടാത്തതുകൊണ്ടാണെന്ന വിമര്‍ശനങ്ങള്‍ പരക്കെയുണ്ടായിരുന്നു. അത് പ്രധാനമന്ത്രി നരേന്ദ്ര മോദി കണക്കിലെടുത്തുവെന്നു വേണം കരുതാന്‍. കര്‍ഷകരും ഗ്രാമീണ ജനതയും ബിജെപിയില്‍ നിന്നും അന്യം നിന്നു പോകരുതെന്ന ഉദ്ദേശ്യത്തിലാകണം കാര്‍ഷിക മേഖലയ്ക്ക് ഇത്തവണത്തെ ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രത്യേക ഊന്നല്‍ നല്‍കിയത്.

സാമ്പത്തിക സര്‍വേയില്‍ വെളിപ്പെട്ട പ്രധാന ആശങ്കകളിലൊന്നും കര്‍ഷകരെ സംബന്ധിച്ച് തന്നെയായിരുന്നു. കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയെ താറുമാറാക്കുന്ന വികലമായ വികസന നയങ്ങളും ഇന്ത്യയുടെ കാര്‍ഷികോല്‍പ്പാദനത്തില്‍ വലിയതോതില്‍ ഇടിവ് വരുത്തുമെന്ന മുന്നറിയിപ്പ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപനങ്ങള്‍ നടത്തുന്ന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒരിക്കലും അവഗണിക്കാന്‍ സാധിക്കുന്നതല്ല ആ യാഥാര്‍ത്ഥ്യം.

2022 ആകുമ്പോഴേക്കും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് തന്നെയാണ് ബജറ്റ് അവതരിപ്പിച്ച് അരുണ്‍ ജയ്റ്റ്‌ലിയും വ്യക്തമാക്കിയിരിക്കുന്നത്. വിളകള്‍ക്ക് 50 ശതമാനം താങ്ങുവില പ്രഖ്യാപിച്ചതും കര്‍ഷക ക്ലസ്റ്ററുകള്‍ വികസിപ്പിക്കാനുള്ള തീരുമാനവും ഗ്രാമീണ ചന്തകളുടെ എണ്ണം വലിയ തോതില്‍ കൂട്ടാനുള്ള പദ്ധതികളുമെല്ലാം സ്വാഗതാര്‍ഹമാണ്. കാര്‍ഷിക മേഖലയുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമിട്ടുള്ള ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതിയും പ്രത്യാശ പകരുന്നു.

42 പുതിയ അഗ്രി പാര്‍ക്കുകള്‍ തുടങ്ങാനുള്ള നീക്കവും മേഖലയ്ക്ക് ഗുണം ചെയ്യുന്നതാണ്. അതേസമയം, കര്‍ഷകരുടെ കടം എഴുതിത്തള്ളുന്ന കാര്യം ബജറ്റില്‍ പരാമര്‍ശിക്കാഞ്ഞത് ശ്രദ്ധേയമായി. കര്‍ഷകരെ ശാക്തീകരിക്കേണ്ട നയങ്ങള്‍ക്കാണ് അതിനേക്കാള്‍ പ്രസക്തിയെന്നുള്ളതുകൊണ്ടാണോ ബാങ്കുകളുടെ ആരോഗ്യം കണക്കിലെടുത്താണോ അതെന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്. അടുത്ത തെരഞ്ഞെടുപ്പ് മുന്‍കൂട്ടിക്കണ്ടാകണം സാമൂഹ്യ സുരക്ഷ, കര്‍ഷക, ഗ്രാമീണ കേന്ദ്രീകൃതമാക്കി ബജറ്റ് അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായത്. ദരിദ്ര കുടുംബങ്ങള്‍ക്കായുള്ള പ്രത്യേക ആരോഗ്യ സുരക്ഷാ പദ്ധതി അവതരിപ്പിച്ചത് ശരിക്കും ഗുണം ചെയ്യും. സര്‍ക്കാരിന്റെ പരിഗണനയുണ്ടെന്ന് ഈ വിഭാഗത്തെ ബോധ്യപ്പെടുത്തുന്നത് അവരില്‍ സുരക്ഷിതത്വബോധവും ആത്മവിശ്വാസവും ഉളവാക്കും.

അതിനോടൊപ്പം തന്നെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ കുതിപ്പുണ്ടാകുമെന്ന വ്യക്തമായ സന്ദേശവും നല്‍കിയിട്ടുണ്ട്. 10 കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപ നല്‍കുന്ന സുരക്ഷാ പദ്ധതി വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നത് തീര്‍ച്ച. ഗ്രാമീണ മേഖലയിലെ അടിസ്ഥാനസൗകര്യവികസനം ലക്ഷ്യമാക്കിയ പ്രഖ്യാപനങ്ങളില്‍ ഏറെ പ്രതീക്ഷയ്ക്ക് വകയുണ്ടെന്നതില്‍ തര്‍ക്കമില്ല. ഇത് നേരായ രീതിയില്‍ നടപ്പാക്കിയാല്‍ സമാനതകളില്ലാത്ത തരത്തിലെ വളര്‍ച്ചയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.

ആലങ്കാരികമായി പറഞ്ഞാല്‍ ഇന്ത്യയെക്കാള്‍ ഭാരതത്തിന് പ്രാധാന്യം നല്‍കിയ ബജറ്റ് എന്ന് ഇതിനെ വേണമെങ്കില്‍ വിശേഷിപ്പിക്കാം. ജിഡിപി വളര്‍ച്ചാ കണക്കുകളില്‍ രാജ്യത്തെ സാധാരണക്കാരന്‍ ഉള്‍പ്പെടാതെ ദുരിതക്കയത്തിലാകുന്നു എന്ന വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട് അതിനെ പ്രതിരോധിക്കാനുള്ള ചടുലനീക്കമായി കൂടി ഇതിനെ കാണാവുന്നതാണ്. ഗ്രാമീണ ജനത ഒപ്പമില്ലെങ്കില്‍ വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തുകയെന്നത് മോദിയെ സംബന്ധിച്ച് ശ്രമകരമാണ്. അടല്‍ ബിഹാരി വാജ്പയ്ക്ക് നേരിട്ട ദുരവസ്ഥ അദ്ദേഹത്തിന് മുന്നിലുണ്ട് താനും. എന്തായാലും തീര്‍ത്തും ബാലന്‍സ്ഡ് ആയി, അതിലുപരി ജനകീയമായി തന്നെ മോദി സര്‍ക്കാരിന്റെ ഈ ടേമിലെ അവസാന പൂര്‍ണ ബജറ്റ് അവതരിപ്പിക്കാന്‍ ജയ്റ്റ്‌ലിക്ക് സാധിച്ചിട്ടുണ്ട്.

Comments

comments

Categories: Editorial