ഇലക്ട്രിക് വാഹനങ്ങള്‍ സാമ്പത്തിക നേട്ടം നല്‍കും

ഇലക്ട്രിക് വാഹനങ്ങള്‍ സാമ്പത്തിക നേട്ടം നല്‍കും

ഇന്ത്യ തങ്ങളുടെ പുനരുപയോഗ ഊര്‍ജ ലക്ഷ്യം നേടിയെടുക്കുകയാണെങ്കില്‍, ഒരു ഇലക്ട്രിക് വാഹന ഉടമയ്ക്ക് പ്രതിവര്‍ഷം 37000 രൂപയ്ക്കടുത്ത് (580 ഡോളറിനു മുകളില്‍) ലാഭിക്കാന്‍ സാധിക്കും

2030ഓടെ ഇന്ത്യയിലെ ഓട്ടോമൊബീല്‍ വില്‍പ്പന പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് (ഇ വി) മാറ്റുമെന്നുള്ള നിതി ആയോഗിന്റെ വെളിപ്പെടുത്തല്‍ രാജ്യത്ത് അലയൊലികള്‍ സൃഷ്ടിച്ചിരിക്കുകയാണ്. തീര്‍ച്ചയായും, ഇലക്ട്രിക് വാഹനങ്ങള്‍ പ്രകൃതിയില്‍ വലിയ തോതിലെ അനന്തരഫലങ്ങള്‍ സൃഷ്ടിക്കും. എന്നാല്‍ ഈ പരിവര്‍ത്തനവുമായി ബന്ധപ്പെട്ട ചില പ്രധാന സാമ്പത്തിക നേട്ടങ്ങളുമുണ്ട്. ഇന്ത്യ തങ്ങളുടെ പുനരുപയോഗ ഊര്‍ജ ലക്ഷ്യം നേടിയെടുക്കുകയാണെങ്കില്‍, ഒരു ഇലക്ട്രിക് വാഹന ഉടമയ്ക്ക് പ്രതിവര്‍ഷം 37000 രൂപയ്ക്കടുത്ത് (580 ഡോളറിനു മുകളില്‍) ലാഭിക്കാന്‍ സാധിക്കും.

പരമ്പരാഗതമായ ഇന്റേണല്‍ കമ്പഷന്‍ എന്‍ജിന്‍ (ഐസിഇ, ഇന്ധനം കത്തിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ജിന്‍) വാഹനങ്ങളേക്കാള്‍ ഉയര്‍ന്ന മൂലധന ചെലവ് ഉള്‍പ്പെടുത്തിയാല്‍ പോലും ഒരു ഇ വി ഉടമയ്ക്ക് പ്രതിവര്‍ഷം 9200 രൂപ ലാഭിക്കാന്‍ സാധിക്കുമെന്ന് ലോറന്‍സ് ബെര്‍ക്‌ലി നാഷണല്‍ ലാബോറട്ടറിയുടെ ഒരു പ്രബന്ധം വ്യക്തമാക്കുന്നു. എന്നിരുന്നാലും ബെര്‍ക്‌ലി ലാബിന്റെ ചില അനുമാനങ്ങള്‍ തികച്ചും പരമ്പരാഗത രീതിയിലുള്ളതാണ്. ഈ മാതൃക രൂപപ്പെടുത്താന്‍ ക്രൂഡ് ഓയില്‍ വില, കാറ്റ്, സോളാര്‍ പദ്ധതികള്‍ സ്ഥാപിക്കല്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ താരതമ്യേന കുറഞ്ഞ തോതില്‍ യാഥാസ്ഥിതികമായ അനുമാനങ്ങളാണ് ഞങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയില്‍ ഒരു വര്‍ധനയും ബെര്‍ക്‌ലി പഠനം അനുമാനിക്കുന്നില്ല. മാത്രമല്ല 2030ലേക്ക് 39 ജിഗാവാട്ട് സ്ഥാപിത സോളാര്‍ ശേഷിയും 58 ജിഗാവാട്ട് സ്ഥാപിത വിന്‍ഡ് പവര്‍ ശേഷിയുമാണ് പഠനം പരിഗണിക്കുന്നത്. എന്നിരുന്നാലും റീ- ഇന്‍സ്റ്റാളേഷന്റെ കാര്യത്തില്‍ ഇന്ത്യയില്‍ വന്‍തോതിലുള്ള പുരോഗതിയുണ്ട്. 2017ല്‍ 16.6 ജിഗാവാട്ട് സൗരോര്‍ജ ശേഷിയും 32.7 ജിഗാവാട്ട് കാറ്റില്‍ നിന്നുള്ള ഊര്‍ജ ശേഷിയുമാണ് റി ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടത്. ഊര്‍ജ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഇത്തരത്തിലുള്ള നീക്കങ്ങള്‍ സഹായകമാകുമെന്നാണ് കരുതുന്നത്.

2030ഓടെ ലക്ഷ്യമിടുന്ന 180 ജിഗാവാട്ട് സോളാറും 110 ജിഗാവാട്ട് കാറ്റില്‍ നിന്നുള്ള ഊര്‍ജ പദ്ധതികളും സ്ഥാപിക്കാന്‍ ഇന്ത്യ പര്യാപ്തമായാല്‍ ആകെയുള്ള ഇലക്ട്രിസിറ്റി ജെനറേഷന്റെ 18 ശതമാനത്തോളമാകും ഈ രണ്ടു മാര്‍ഗങ്ങളിലൂടെയുമുള്ള ഉല്‍പ്പാദനം. സൗരോര്‍ജത്തില്‍ നിന്നും കാറ്റില്‍ നിന്നുള്ള ഊര്‍ജത്തില്‍ നിന്നും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ ശരാശരി നിരക്ക് യഥാക്രമം +/- 1.71 രൂപയും 1.57 രൂപയുമായി കുറയുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ ഇത് നിര്‍ണായകമാണ്. യാഥാസ്ഥിതികമായ അനുമാനങ്ങളുടെ അടിസ്ഥാനത്തില്‍ പോലും പുനരുപയോഗമല്ലാത്ത സ്രോതസുകളില്‍ നിന്നുള്ള വൈദ്യുതിയുടെ വില 2030ഓടെ 4.57 രൂപയായി വര്‍ധിക്കുമെന്നു വ്യക്തമാക്കുന്നുണ്ട്. ഇതോടെ ഇന്ത്യയില്‍ ഒരു മണിക്കൂറില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ശരാശരി വില കിലോവാട്ടിന് 5 രൂപയെന്ന തോതിലാകും.

ഐസിഇ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ ചെലവു വച്ചു നോക്കുമ്പോള്‍ ഒരു ഇലക്ട്രിക് വാഹന ഉടമയ്ക്ക് ഇന്ധന ചെലവില്‍ പ്രതിവര്‍ഷം 36700 രൂപ ലാഭിക്കാന്‍ സാധിക്കും. രണ്ടു തരത്തിലെ വാഹനങ്ങള്‍ക്കുമായുള്ള മൂലധന ചെലവിലുള്ള വ്യത്യാസം 1.08 ലക്ഷത്തോളമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ഇ വി ഉടമയ്ക്ക് അവന്റെ വാഹനത്തിന്റെ വര്‍ധിച്ച ചെലവ് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വീണ്ടെടുക്കാന്‍ സാധിക്കും. ഇ വി വാഹനങ്ങള്‍ക്കുള്ള വൈദ്യുതി ഉപഭോഗം പൂര്‍ണമായും പുനരുപയോഗ ഊര്‍ജ സ്രോതസുകളില്‍ നിന്നായാല്‍ ഇന്ധന ചെലവില്‍ നിന്നുള്ള ലാഭം എട്ടു ശതമാനം കൂടി വര്‍ധിക്കും. അതായത് 39636 രൂപ വരെ ലാഭിക്കാം.

ഇ വിയിലേക്കുള്ള പരിവര്‍ത്തനം ദേശീയ തലത്തിലും സുപ്രധാനമായ സാമ്പത്തിക സ്വാധീനങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങളിലേക്ക് നീങ്ങുന്നത് ക്രൂഡ് ഓയില്‍ ഉപഭോഗം പ്രതിവര്‍ഷം 360 മില്യണ്‍ ബാരലായി കുറയ്ക്കാന്‍ ഇന്ത്യയെ സഹായിക്കും. അന്താരാഷ്ട്രതലത്തില്‍ അസംസ്‌കൃത എണ്ണ വില 2.7 ശതമാനം എന്ന ചരിത്ര നിരക്കില്‍ വളരുന്നത് തുടരുമെന്നാണ് കരുതപ്പെടുന്നത്. 2030ഓടെ ഒരു ബാരലിന് 96 ഡോളര്‍ എന്നതിലേക്ക് ക്രൂഡ് ഓയില്‍ വിലയെത്തും. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നത് 2030ഓടെ പ്രതിവര്‍ഷം +/- 27.8 ബില്യണ്‍ ഡോളര്‍ ലാഭിക്കാന്‍ ഇന്ത്യയെ സഹായിക്കും. ദേശീയ വാണിജ്യ സന്തുലിതാവസ്ഥയും ദേശീയ ഊര്‍ജ സുരക്ഷയും ഊര്‍ജ രംഗത്ത് സ്വയം പര്യാപ്തത എന്ന ലക്ഷ്യം നേടിയെടുക്കുന്നതിലേക്കുള്ള വലിയ ചുവടുവയ്പ്പാണ്.

(സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഇക്വിറ്റോറിയല്‍സിന്റെ മാനേജിംഗ് ഡയറക്റ്ററാണ് ലേഖകന്‍)

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: Auto