പണം വാരാം പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന്

പണം വാരാം പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന്

പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നാടായ കേരളത്തില്‍ പ്ലാസ്റ്റിക് വേസ്റ്റ് റിസൈക്കിള്‍ ചെയ്ത് ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിന് വലിയ സാധ്യതയുണ്ട്. റിസൈക്ലിംഗ് സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാല്‍ ചെറുകിട യൂണിറ്റുകള്‍ നടത്തി പണമുണ്ടാക്കാം

പ്ലാസ്റ്റിക് മാലിന്യങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ് കേരളം. നഗരങ്ങളും ഗ്രാമങ്ങളും ഒരുപോലെ ഉപഭോഗ സംസ്‌കാരത്തിന്റെ പിടിയിലമര്‍ന്നതോടെ അതിന്റെ ഉപോല്‍പന്നം പോലെ പ്ലാസ്റ്റിക് മാലിന്യങ്ങളും നാട്ടിലെമ്പാടും നിറയുകയാണ്. മണ്ണും വെള്ളവും വായുവും മലിനമാക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ നിര്‍മാര്‍ജനം ചെയ്യാന്‍ സര്‍ക്കാരുകള്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അതുക്കും മേലെ കുമിഞ്ഞുകൂടുകയാണ് പ്ലാസ്റ്റിക് ഭീകരന്‍. എന്നാല്‍ മറ്റൊരു കണ്ണിലൂടെ കണ്ടാല്‍ ഈ പ്ലാസ്റ്റിക് മാലിന്യങ്ങളെല്ലാം ഒരുപാട് ഉല്‍പാദനക്ഷമതയുള്ള അസംസ്‌കൃത വസ്തുക്കളാണ്. അല്‍പം ബിസിനസ് ബുദ്ധി ഉപയോഗിച്ചാല്‍ പ്രകൃതിക്കും ജീവജാലങ്ങള്‍ക്കും ഭീഷണിയായ പ്ലാസ്റ്റിക് മാലിന്യങ്ങളെ പണമാക്കി മാറ്റാന്‍ സാധിക്കും.

മണ്ണിലും ജലാശയങ്ങളിലും അടിഞ്ഞു കൂടി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന പ്ലാസ്റ്റിക്കിനെ ഉന്‍മൂലനം ചെയ്യാന്‍ മറ്റ് വഴികളൊന്നുമില്ലാത്തതിനാലാണ് റിസൈക്ലിംഗിലൂടെ പണമുണ്ടാക്കാന്‍ കഴിയുന്ന പുതിയ സാങ്കേതിക വിദ്യകള്‍ ലോകത്തെമ്പാടും വികസിച്ചത്. ഏത് തരം പ്ലാസ്റ്റിക്കിനെയും വരെ പണം കായ്ക്കുന്ന സംരംഭങ്ങളാക്കി മാറ്റാന്‍ കഴിയുന്ന വിധത്തില്‍ ഇന്ന് സാങ്കേതിക വിദ്യ വളര്‍ന്നു കഴിഞ്ഞു. പക്ഷെ പ്ലാസ്റ്റിക്ക് വേസ്റ്റ് റീസൈക്കിള്‍ ചെയ്ത് പുനരുപയോഗിക്കുന്ന അധികം വ്യവസായങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നില്ല. പ്ലാസ്റ്റിക്കിനെ സമ്പൂര്‍ണമായി ഭൂമുഖത്തു നിന്ന് ഇല്ലായ്മ ചെയ്യാന്‍ കഴിയില്ലെന്നിരിക്കെ യാഥാര്‍ഥ്യബോധത്തോടെയുള്ള സംരംഭങ്ങളുമായി മുന്നോട്ടുവരാന്‍ സംരംഭകര്‍ തയ്യാറായാല്‍ കേരളം അവര്‍ക്കൊരു അക്ഷയഖനിയാണ്.

ഒരു വീട്ടില്‍ ഒരു വര്‍ഷം ശരാശരി 564 പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കേരള ശുചിത്വമിഷന്റെ കണക്ക്. 70 ലക്ഷം കുടുംബങ്ങള്‍ 394.8 കോടി പ്ലാസ്റ്റിക് ബാഗുകള്‍ പുറന്തള്ളുന്നു. പാല്, വെള്ളം, ഭക്ഷ്യ എണ്ണകള്‍, എന്നിവയുടെ കവറുകള്‍, സിമന്റ് പാക്കിംഗിനുപയോഗിക്കുന്ന പ്ലാസ്റ്റിക് ചാക്ക്,വളത്തിന്റെചാക്ക്,ഭക്ഷ്യധാന്യങ്ങള്‍സൂക്ഷിച്ചുവെക്കുന്നതിനുപയോഗിക്കുന്നതിനും കൊണ്ടു പോകുന്നതിനും ഉപയോഗിക്കുന്ന ചാക്കുകള്‍, മാലിന്യശേഖരണത്തിനുപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍, പച്ചക്കറിയും പഴവര്‍ഗങ്ങളും വാങ്ങുന്നതിനുപയോഗിക്കുന്ന ക്യാരി ബാഗുകള്‍, ഷോപ്പിംഗ് ബാഗുകള്‍, ബ്രെഡിന്റെ കവര്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഉപയോഗം കഴിഞ്ഞ് മണ്ണിലും ജലസ്രോതസുകളിലും വഴിയോരങ്ങളിലും വലിച്ചെറിയുന്ന ഈ പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കുന്ന ഭീഷണി വളരെ വലുതാണ്.

ഏത് തരം പ്ലാസ്റ്റിക്കിനെയും വരെ പണം കായ്ക്കുന്ന സംരംഭങ്ങളാക്കി മാറ്റാന്‍ കഴിയുന്ന വിധത്തില്‍ സാങ്കേതിക വിദ്യ വളര്‍ന്നു കഴിഞ്ഞു. പ്ലാസ്റ്റിക്കിനെ സമ്പൂര്‍ണമായി ഭൂമുഖത്തു നിന്ന് ഇല്ലായ്മ ചെയ്യാന്‍ കഴിയില്ലെന്നിരിക്കെ യാഥാര്‍ഥ്യബോധത്തോടെയുള്ള സംരംഭങ്ങളുമായി മുന്നോട്ടുവരാന്‍ സംരംഭകര്‍ തയ്യാറായാല്‍ കേരളം അവര്‍ക്കൊരു അക്ഷയഖനിയാണ്

100 വര്‍ഷം കഴിഞ്ഞാലും ഈ പ്ലാസ്റ്റിക് ബാഗുകള്‍ മണ്ണിലും ജലാശയങ്ങളിലും നശിക്കാതെ കിടന്ന് പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. മലിനജലം ഒഴുകുന്ന ഓടകള്‍ തടസപ്പെടാനുള്ള പ്രധാന കാരണം അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് ബാഗുകളാണ്. നഗരങ്ങളില്‍ ഇത് വെള്ളപ്പൊക്കത്തിനും ജനജീവിതം സ്തംഭിക്കാനും വരെ ഇടയാക്കുന്നു. ചപ്പുചവറുകള്‍ക്കിടയില്‍ കിടക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ തിന്ന് നിരവധി മൃഗങ്ങള്‍ മരിക്കുന്നു. കടലിലും കായലിലും പുഴകളിലും അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മത്സ്യസമ്പത്തിന്റെ നാശത്തിനും കാരണമാകുന്നു. ഓസോണ്‍ പാളികളുടെ നാശത്തേക്കാളും ആഗോളതാപനത്തേക്കാളും ഭൂമിക്കും ജീവജാലങ്ങള്‍ക്കും ഭീഷണിയാകുന്നത് പ്ലാസ്റ്റിക് മിലിനീകരണമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

നേട്ടമുണ്ടാക്കുന്ന സംസ്ഥാനങ്ങള്‍

കേരളത്തില്‍ കുന്നുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ 90 ശതമാനവും മറ്റ് സംസ്ഥാനങ്ങളിലെ റിസൈക്ലിംഗ് യൂണിറ്റുകളിലേക്കാണ് പോകുന്നത്. തൊട്ടയല്‍ സംസ്ഥാനമായ തമിഴ്‌നാട് മുതല്‍ മഹാരാഷ്ട്രയും ഗുജറാത്തും അടക്കമുള്ള സംസ്ഥാനങ്ങളില്‍ കേരളത്തില്‍ നിന്നുള്ള പ്ലാസ്റ്റിക് വേസ്റ്റിന് ആവശ്യക്കാരുണ്ട്. ഇവിടെ നിന്ന് ലഭിക്കുന്ന പ്ലാസ്റ്റിക് വേസ്റ്റില്‍ നിന്ന് അവര്‍ റീസൈക്കിള്‍ ചെയ്ത് ഉണ്ടാക്കുന്ന ഉല്‍പന്നങ്ങള്‍ നമ്മള്‍ നല്ല വില കൊടുത്ത് വാങ്ങി ഉപയോഗിക്കുന്നുമുണ്ട്.

പ്ലാസ്റ്റിക് വേസ്റ്റില്‍ നിന്ന് ഫുഡ് ഗ്രേഡല്ലാത്ത നിരവധി ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാം. കന്നാസുകള്‍, ടര്‍പ്പായ ഷീറ്റുകള്‍, കറുത്ത ഹോസ് പൈപ്പുകള്‍, കാറിന്റെ ബംപര്‍, ചെടിച്ചട്ടികള്‍ തുടങ്ങി ഒരുപാട് ഉല്‍പന്നങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കാനാകും. അത്തരം വിരലിലെണ്ണാവുന്ന യൂണിറ്റുകള്‍ മാത്രമാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. പല പ്ലാസ്റ്റിക് റിസൈക്ലിംഗ് യൂണിറ്റുകളും ചെയ്യുന്നത് പ്ലാസ്റ്റിക് വേസ്റ്റ് ഗ്രാന്യൂള്‍ രൂപത്തിലാക്കി മറ്റ് സംസ്ഥാനങ്ങളിലെ ആവശ്യക്കാര്‍ക്ക് വില്‍ക്കുകയാണ്. ഇത്തരം യൂണിറ്റുകള്‍ക്ക് തന്നെ വലിയ സാധ്യതകള്‍ കേരളത്തിത്തിലുണ്ട്. കേരളത്തില്‍ സര്‍ക്കാര്‍ നിരോധിച്ചിട്ടുള്ള 30 മൈക്രോണില്‍ താഴയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളും റിസൈക്കിള്‍ ചെയ്യാനാകും. യഥാര്‍ഥ പ്രശ്‌നക്കാരന്‍ ക്യാരി ബാഗല്ല. ലാമിനേറ്റ് ചെയ്ത മസാലപ്പൊടിയുടെയും മറ്റും കവറുകളാണ് റീസൈക്കിളിംഗിന് വഴങ്ങാത്തത്. റിസൈക്കിള്‍ ചെയ്യാന്‍ കഴിയാത്ത ഇത്തരം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അപ്‌സൈക്കിള്‍ ചെയ്ത് ബാഗുകള്‍ പോലുള്ള ഹാന്റിക്രാഫ്റ്റ് ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.

പ്ലാസ്റ്റിക് വേസ്റ്റില്‍ നിന്ന് ഫുഡ് ഗ്രേഡല്ലാത്ത നിരവധി ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാം. കന്നാസുകള്‍, ടര്‍പ്പായ ഷീറ്റുകള്‍, കറുത്ത ഹോസ് പൈപ്പുകള്‍, കാറിന്റെ ബംപര്‍,ചെടിച്ചട്ടികള്‍ തുടങ്ങി ഒരുപാട് ഉല്‍പന്നങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കാനാകും. അത്തരം വിരലിലെണ്ണാവുന്ന യൂണിറ്റുകള്‍ മാത്രമാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്

കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഓരോ മാസവും വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനകളുടെ എണ്ണം 80 ലക്ഷം വരുമെന്നാണ് കണക്ക്. നാല്‍പത് ലക്ഷത്തോളം കുട്ടികള്‍ മാസത്തില്‍ രണ്ട് ബോള്‍ പെന്നുകള്‍ ഉപയോഗിക്കുന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കണക്ക്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കണക്കെടുത്താല്‍ ഒരു വര്‍ഷം 36 കോടി ബാള്‍ പെന്നുകള്‍ വലിച്ചെറിയപ്പെടുന്നു. പെന്‍ഡ്രൈവ് എന്ന ക്യാമ്പെയ്‌നിലൂടെ മഷിപ്പേനകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കടലാസു പേനകളുമായി നിരവധി ചെറുകിട സ്വകാര്യ സംരംഭകരും രംഗത്തുണ്ട്.

പ്ലാസ്റ്റിക് ഇന്ധനമാക്കാം

പ്ലാസ്റ്റിക് വേസ്റ്റില്‍ നിന്നും ഹൈഡ്രോകാര്‍ബണ്‍ ഫ്യുവല്‍ ഉല്‍പാദിപ്പിച്ചുകൊണ്ട് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന വിപത്തിനെ നേരിടുന്ന ചെറുകിട യൂണിറ്റുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. നിങ്ങളുടെ വീട്ടിലും പരിസരങ്ങളിലും കിടക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങളോ കുപ്പികളോ കവറുകളോ ബാഗുകളോ കേബിള്‍ കവറോ എന്തു തരം പ്ലാസ്റ്റിക് വേസ്റ്റായാലും അതിനെ ഇന്ധനമാക്കി മാറ്റാനാകും. മെഷീനിലെ റിയാക്ടറില്‍ പ്ലാസ്റ്റിക് വേസ്റ്റ് നിക്ഷേപിച്ച് ഓക്‌സിജന്‍ ഇല്ലാതെ ചൂടാക്കുകയാണ് ചെയ്യുന്നത്. അതില്‍ നിന്നുണ്ടാകുന്ന നീരാവി ഘനീഭവിച്ച് ഇന്ധനവും സിന്തൈറ്റ് ഗ്യാസുമായി മാറും. റിയാക്ടര്‍ തുടര്‍ന്നങ്ങോട്ട് ചൂടാകുന്നതിനുള്ള ഇന്ധനമായി ഇതിനെ ഉപയോഗിക്കാം. ഫില്‍റ്ററിംഗിന് ശേഷം ഇന്ധനം ശേഖരിക്കും. ബാക്കിയാകുന്ന അവശിഷ്ടം ബിറ്റിയുമിനായി മാറും. ഇത് റോഡ് ടാര്‍ ചെയ്യുന്നതിന് ഉപയോഗിക്കുന്നു. 100 കിലോ പ്ലാസ്റ്റിക്കില്‍ നിന്ന് 45 മുതല്‍ 65 വരെ ലിറ്റര്‍ ഇന്ധനം ഉല്‍പാദിപ്പിക്കാനാകും. പൂനെയിലെ രുദ്രാ എന്‍വയോണ്‍മെന്റല്‍ സൊല്യൂഷന്‍സ് ഇത് വിജയകരമായി നടപ്പിലാക്കി വരുന്നു. സ്ഥാപകയായ ഡോ. മേധ തഡ്പത്രിക്കറുടെ നേതൃത്വത്തില്‍ പ്രദേശത്തെ 9500 വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നുമുള്ള അഞ്ച് – ആറ് ടണ്‍ മാലിന്യം ശേഖരിച്ച് ഇന്ധനവും ബിറ്റിയൂമിനും ഉല്‍പാദിപ്പിക്കുന്നു.

പ്ലാസ്റ്റിക് വേസ്റ്റില്‍ നിന്ന് വസ്ത്രനിര്‍മാണം

ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ എങ്ങനെ ഫലപ്രദമായി പുനരുപയോഗിക്കാം എന്ന ചോദ്യത്തിന് ലോകോത്തര ടെക്‌സ്‌റ്റൈല്‍ നിര്‍മാതാക്കളായ യൂണിഫി നല്‍കിയ ഉത്തരമാണ് പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മിച്ച വസ്ത്രങ്ങളുടെ ബ്രാന്‍ഡായ റിപ്രീവ്. സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്നതിന് എന്ത് ചെയ്യാന്‍ കഴിയും എന്ന ആലോചനയില്‍ നിന്നാണ് പ്ലാസ്റ്റിക് കുപ്പികളില്‍ നിന്ന് വസ്ത്രങ്ങളുണ്ടാക്കുക എന്ന നൂതന ആശയം ഉരുത്തിരിഞ്ഞത്. അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ അരലക്ഷം ചതുരശ്ര അടിയുള്ള യൂണിഫി റിപ്രീവ് റിസൈക്ലിംഗ് സെന്ററില്‍ പ്ലാസ്റ്റിക് കുപ്പികളും ഫൈബര്‍ വേസ്റ്റും സ്‌ക്രാപ്പുകളും ഉപയോഗിച്ച് വസ്ത്രങ്ങളുണ്ടാക്കുന്ന പ്രക്രിയ നടക്കുന്നത്. രാജ്യത്തെമ്പാടും നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ നുറുങ്ങുകളാക്കി മാറ്റുകയാണ് ആദ്യം ചെയ്യുക. ഇവയെ ചെറിയ ഉരുളകളാക്കിയ ശേഷം ഉരുക്കി പോളിസ്റ്റര്‍ നൂലുമായി ഇഴചേര്‍ക്കുന്നു. മൂന്നു തരത്തിലുള്ള നൂലുകള്‍ ഇവിടെ ഉല്‍പാദിപ്പിക്കും. 100 ശതമാനം പ്ലാസ്റ്റിക് ബോട്ടില്‍ ഉപയോഗിച്ചുള്ളതും പ്ലാസ്റ്റിക് ബോട്ടിലും ഫൈബര്‍ വേസ്റ്റും ചേര്‍ന്നതും പ്ലാസ്റ്റിക് ബോട്ടിലും തുണിയും ചേര്‍ന്നതും.

2009ല്‍ ആരംഭിച്ചതു മുതല്‍ ഓരോ വര്‍ഷവും 20 ശതമാനം വളര്‍ച്ചയാണ് ഇവയുടെ ഉല്‍പാദനത്തില്‍ ഉണ്ടാകുന്നത്. ജാക്കറ്റുകള്‍, ടി ഷര്‍ട്ടുകള്‍, പാന്റ്‌സ്, കാര്‍ അപോള്‍സ്റ്ററി എന്നിവയിലെല്ലാം ഇത് ഉപയോഗിക്കാം. പാതഗോണിയ, ദി നോര്‍ത്ത് ഫേസ്, ലെവിസ്, അഡിഡാസ്, നൈക്, ഫോര്‍ഡ് തുടങ്ങിയ ബ്രാന്‍ഡുകള്‍ പ്ലാസ്റ്റിക് ബോട്ടില്‍ വസ്ത്രങ്ങളുടെ ഉപഭോക്താക്കളാണ്. കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രാജ്വേഷന്‍ ഗൗണിന് വേണ്ടി ഓക് ഹാള്‍ ക്യാപ് ആന്റ് ഗൗണ്‍ എന്ന കമ്പനിയും പ്ലാസ്റ്റിക് ബോട്ടില്‍ നൂലകള്‍ ഉപയോഗിക്കുന്നു. പ്രമുഖ യൂണിവേഴ്‌സിറ്റികളിലെ നാല് ലക്ഷം കോളേജ് വിദ്യാര്‍ഥികള്‍ ഇത് ഉപയോഗിക്കുന്നു.
72 ദശലക്ഷം പൗണ്ട് റിപ്രീവ് ഫൈബര്‍ കമ്പനി കഴിഞ്ഞ വര്‍ഷം ഉല്‍പാദിപ്പിച്ചു. ഈ വര്‍ഷം ഉല്‍പാദനം 100 മില്യന്‍ പൗണ്ട് ആയി വര്‍ധിപ്പിക്കാനാണ് തീരുമാനം. നാല് ലക്ഷം പ്ലാസ്റ്റിക് കുപ്പികള്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ കമ്പനി ഉപയോഗിച്ചു.

പെറുവിലെ പ്ലാസ്റ്റിക് ബാങ്ക്

പെറുവിലെ മനോഹരമായ ബീച്ചുകള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞപ്പോള്‍ ഒരു റിസൈക്ലിംഗ് സ്റ്റാര്‍ട്ടപ് പുതിയൊരു പരീക്ഷണവുമായി രംഗത്തുവന്നു. ഒരു പ്ലാസ്റ്റിക് ബാങ്ക് തുറക്കുകയാണ് അവര്‍ ചെയ്തത്. പ്രദേശവാസികള്‍ ശേഖരിക്കുന്ന പുനരുപയോഗ ക്ഷമതയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് കറന്‍സിയുടെ മൂല്യം നല്‍കുകയാണ് പ്ലാസ്റ്റിക് ബാങ്ക് ചെയ്തത്. പ്ലാസ്റ്റിക് സാധനങ്ങള്‍ നല്‍കി ത്രിഡി പ്രിന്റഡ് ഉല്‍പന്നങ്ങളും വസ്ത്രവും ഭക്്ഷണ സാധനങ്ങളും മൈക്രോ ഫിനാന്‍സ് ലോണ്‍ വരെ വാങ്ങാം. ശേഖരിക്കുന്ന പ്ലാസ്റ്റിക് റിസൈക്കിള്‍ ചെയ്ത് വില്‍പന നടത്തി നേടുന്ന വരുമാനമുപയോഗിച്ചാണ് സംഘടനയുടെ പ്രവര്‍ത്തനം. പെറുവില്‍ തുടങ്ങിയിരിക്കുന്ന പ്ലാസ്റ്റിക് ബാങ്കിന്റെ ശാഖകള്‍ ലോകമാകെ വ്യാപിപ്പിക്കാനാണ് സ്റ്റാര്‍ട്ടപ്പ് ലക്ഷ്യമിടുന്നത്.

പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് വീട്

മെക്‌സിക്കോയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗപ്പെടുത്തി ചെലവു കുറഞ്ഞ വീടുകള്‍ നിര്‍മിക്കുന്ന സാങ്കേതിക വിദ്യ മെക്‌സിക്കോയിലെ എക്കോ ഡോമം എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി വികസിപ്പിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്ക് വളരെകാലം ഈടു നില്‍ക്കുമെന്നതാണ് വീടിന്റെ വലിയ സാധ്യത. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന പാനലുകള്‍ ഉപയോഗിച്ച് ചുമരും മേല്‍ക്കൂരയും നിര്‍മിക്കാം. നിലവിലുള്ള ഏത് നിര്‍മാണ സാമഗ്രിയെക്കാളും ഇതിന് ചെലവ് കുറവായിരിക്കും. ഒരു വീട് നിര്‍മിക്കുന്നതിന് 80 പാനലുകള്‍ മതിയാകും. ഒരാഴ്ച കൊണ്ട് വീട് നിര്‍മാണം പൂര്‍ത്തിയാക്കാം. സോഡാക്കുപ്പി മുതല്‍ കളിപ്പാട്ടങ്ങള്‍ വരെ എല്ലാത്തരം പ്ലാസ്റ്റിക് മാലിന്യങ്ങളും ഇതിനായി ഉപയോഗിക്കുന്നു. പ്ലാസ്റ്റിക് കഷ്ണങ്ങളാക്കി 350 ഡിഗ്രി ചൂടില്‍ ഉരുക്കിയ ശേഷം ഹൈഡ്രോളിഗ് പ്രസ് ഉപയോഗിച്ച് കംപ്രസ് ചെയ്ത് പാനലുകളാക്കുകയാണ് ചെയ്യുന്നത്. മെക്‌സിക്കോയില്‍ ആയിരക്കണക്കിന് വീടുകള്‍ ഇവര്‍ നിര്‍മിച്ചിട്ടുണ്ട്.

ടാറിംഗിന് പ്ലാസ്റ്റിക്: ഒരു ഇന്ത്യന്‍ മോഡല്‍

56 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് വര്‍ഷം തോറും രാജ്യത്ത് ഉത്പാദിപ്പിക്കുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുപ്രകാരം രാജ്യത്തെ 60 വലിയ നഗരങ്ങള്‍ 15,000 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ദിവസം പുറന്തള്ളുന്നുണ്ട്. ഡല്‍ഹിയില്‍ മാത്രം ദിവസം 7000 ടണ്ണാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍. പരിസ്ഥിതിക്കു കേടുവരുമെന്നതിനാല്‍ ഇതിന്റെ നിര്‍മാര്‍ജനം വലിയ തലവേദനയാണ് വരുത്തി വെക്കുന്നത്. ഇതിന് പരിഹാരമായി റോഡ് ടാറിംഗിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗപ്പെടുത്തുന്ന പദ്ധതി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്നു. ഇന്ത്യയുടെ പ്ലാസ്റ്റിക് മാന്‍ എന്നറിയപ്പെടുന്ന ഡോ. രാജഗോപാല്‍ വാസുദേവനാണ് റോഡുകള്‍ ടാര്‍ ചെയ്യുന്നതിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചത്. മധുരയിലെ ത്യാഗരാജര്‍ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ കെമിസ്ട്രി പ്രൊഫസറായ ഡോ. വാസുദേവന്റെ സാങ്കേതിക വിദ്യയെ രാജ്യം ഇരു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.

റോഡുകള്‍ ടാര്‍ ചെയ്യുന്നതിന് പ്ലാസ്റ്റിക് വേസ്റ്റ് ഉപയോഗിക്കുന്നത് നിര്‍ബന്ധിതമാക്കി 2015ല്‍ കേന്ദ്രസര്‍ക്കാര്‍ ഒരു ഉത്തരവിറക്കി. പത്മശ്രീ പുരസ്‌കാരം നല്‍കി ഈ വര്‍ഷം അദ്ദേഹത്തെ രാജ്യം ആദരിക്കുകയും ചെയ്തു. ഡോ. വാസുദേവന്റെ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കേരളത്തിലെ റോഡുകളുടെ ടാറിംഗിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരും ഊര്‍ജിതമായി രംഗത്തുണ്ട്. ഈ വര്‍ഷം സംസ്ഥാനത്തെ 20 ശതമാനം റോഡുകള്‍ പ്ലാസ്റ്റിക് വേസ്റ്റ് ഉപയോഗിച്ച് ടാര്‍ ചെയ്യാനാണ് പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതിനാവശ്യമായ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് ലഭ്യമാക്കുന്നതിന് ക്ലീന്‍ കേരള കമ്പനി പ്രവര്‍ത്തിക്കുന്നു.

പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ടാറിംഗില്‍ ഏറെ സങ്കീര്‍ണതകളില്ല. ബിറ്റുമിനില്‍ എട്ടു ശതമാനം വരെ പ്ലാസ്റ്റിക് മിശ്രിതം ചേര്‍ക്കും.റോഡ് നിര്‍മ്മിക്കുമ്പോള്‍ ഏറ്റവും അടിത്തട്ടിലുള്ള പാളിയിലാണു പ്ലാസ്റ്റിക് ടാറിങ് നടത്തുക. ഇതിനു മുകളില്‍ ബിറ്റുമിന്‍ മക്കാഡവും ഏറ്റവും മുകളില്‍ ബിറ്റുമിന്‍ കോണ്‍ക്രീറ്റും ഉപയോഗിക്കും.50 മൈക്രോണില്‍ താഴെയുള്ള സംസ്‌കരിച്ചു വീണ്ടും ഉപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് ആണ് ചെറുതരികളാക്കി മാറ്റി ടാറിങ്ങിന് ഉപയോഗിക്കുന്നത്. ഒരു കിലോമീറ്റര്‍ ടാറിങ്ങിന് 1700 കിലോ പ്ലാസ്റ്റിക് വരെ ഉപയോഗിക്കാം.

കമ്പനിയുടെ നേതൃത്വത്തില്‍ 1,09,000 കിലോ പ്ലാസ്റ്റിക് ഇതുവരെ റോഡ് ടാറിംഗിനായി നല്‍കിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ക്ലീന്‍ കേരള കമ്പനിയുടെ സാങ്കേതിക പിന്തുണയോടെ 40 പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. വീടുകളില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് യന്ത്രസഹായത്തോടെ ചെറിയ തുണ്ടുകളാക്കുകയാണ് ഇവിടെ ചെയ്യുന്നത്. തുണ്ടുകളാക്കുന്ന പ്ലാസ്റ്റിക്കാണ് റോഡ് ടാറിംഗിനായി നല്‍കുക. ഈ വര്‍ഷത്തോടെ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റുകളുടെ എണ്ണം 200 ആക്കുകയാണ് ക്ലീന്‍ കേരളയുടെ ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങളുടെ കീഴില്‍ 98 പേര്‍ ഇതിനായി കരാര്‍ വെച്ചു കഴിഞ്ഞു.

ഇവയുടെ പ്രവര്‍ത്തനം വൈകാതെ ആരംഭിക്കും. കുടുംബശ്രീകളെ ഉപയോഗിച്ചാണ് 90 ശതമാനം മാലിന്യ ശേഖരണവും നടത്തുന്നത്. വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് കുടുംബശ്രീകളുടെ ഹരിതസേന രൂപീകരിച്ചു. ഹരിതസേനാംഗങ്ങള്‍ക്കു പരിശീലനം നല്‍കി വരികയാണ്. ഇവര്‍ കൃത്യമായ ഇടവേളകളില്‍ വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് ഷ്രെഡിംഗ് യൂണിറ്റുകള്‍ക്ക് നല്‍കും. കിലോയ്ക്ക് 15 രൂപക്ക് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ക്ലീന്‍ കേരള കമ്പനി വില്‍ക്കുന്നത് കിലോയ്ക്ക് 20 രൂപയ്ക്ക്. അഞ്ചു ലക്ഷം രൂപയാണ് പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റുകള്‍ക്ക് ആകെ ചെലവ്.

പ്ലാനറ്റ് എര്‍ത്തിന്റെ മാതൃക

ആലുവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്ലാനറ്റ് എര്‍ത്ത് എന്ന എന്‍ ജി ഒ കേരളത്തിലെ വേറിട്ട മാതൃകകളിലൊന്നാണ്. എറണാകുളം, തൃശൂര്‍ ജില്ലകളിലെ നാല് മുനിസിപ്പാലിറ്റികളില്‍ നിന്നും നാല് പഞ്ചായത്തുകളില്‍ നിന്നും സ്ത്രീ കൂട്ടായ്മകളെ ഉപയോഗിച്ച് വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് ശേഖരിച്ച് തരംതിരിച്ച് വ്യാവസായിക ആവശ്യക്കാര്‍ക്ക് കൈമാറുകയാണ് ഇവര്‍ ചെയ്യുന്നത്. അഞ്ച് അധ്യാപകരുടെ നേതൃത്വത്തില്‍ ആരംഭിച്ച ഈ സേവന സംഘടനയുടെ പിന്തുണയോടെ പ്ലാസ്റ്റിക് വേസ്റ്റില്‍ നിന്ന് ഹാന്റിക്രാഫ്റ്റ് ഉല്‍പന്നങ്ങളുണ്ടാക്കുന്ന ഒരു അപ്‌സൈക്ലിംഗ് യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.

ഗ്രീന്‍ ബദലുകള്‍

പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളില്‍ പേപ്പര്‍ ബാഗുകളും തുണി ബാഗുകളും സ്റ്റാര്‍ച്ച് ബേസ്ഡ് പ്ലാസ്റ്റിക് ബാഗുകളുമാണ് പകരമായി പ്രോത്സാഹിപ്പിക്കുന്നത്. എന്നാല്‍ ഇവയ്ക്കും പരിമിതകളും പോരായ്മകളുമുണ്ട്. പേപ്പര്‍ ബാഗിന്റെ കാര്യമെടുത്താല്‍ അത് പൂര്‍ണമായും പരിസ്ഥിതി സൗഹൃദമെന്ന് പറയാനാകില്ല. കാരണം ഒരു ടണ്‍ പേപ്പറുണ്ടാക്കുന്നതിന് 12 മരങ്ങള്‍ വെട്ടേണ്ടിവരുന്നുണ്ട്. ചെലവ് കൂടുതലാണ്. പ്ലാസ്റ്റിക് ബാഗ് ഉല്‍പാദിപ്പിക്കുന്നതിനെ അപേക്ഷിച്ച് കൂടുതല്‍ ഊര്‍ജം ഉപയോഗിക്കേണ്ടിവരുന്നു.

ജല ഉപഭോഗം കൂടുതലാണ്. പേപ്പര്‍ ബാഗുകള്‍ പെട്ടെന്ന് നശിക്കുകയും ചെയ്യും. ഭാരം കൂടുതലായതിനാല്‍ ഗതാഗത ചെലവും കൂടും. തുണി ബാഗുകള്‍ക്ക് ചെലവ് അതിനേക്കാള്‍ കൂടുതലാണ്. കൂടുതല്‍ വൈദ്യുതി ഉപയോഗിക്കേണ്ടിവരുന്നു. ജലത്തിന്റെ ഉപഭോഗവും തുണിസഞ്ചി നിര്‍മാണ പ്രക്രിയയില്‍ കൂടുതലാണ്. ഗതാഗതചെലവ് കൂടുതലാകും. തുണി സഞ്ചിയിലൂടെ മാലിന്യങ്ങളും രോഗാണുക്കളും പടരാന്‍ കൂടുതല്‍ സാധ്യതയുണ്ട്. സ്റ്റാര്‍ച്ച് പത്തിരട്ടിവരെ ചെലവ് കൂടിയതാണ്. മണ്ണില്‍ കിടന്ന നശിക്കുമ്പോള്‍ അപകടകാരിയായ മീതേന്‍ ഗ്യാസ് പുറപ്പെടുവിക്കും. ഭക്ഷ്യാവശ്യത്തിനുള്ള വിളകള്‍ ഇതിന്റെ നിര്‍മാണത്തിന്് ഉപയോഗിക്കേണ്ടിവരുന്നു.

സിന്തറ്റിക് പ്ലാസ്റ്റിക്കിന് ബദലായി ബയോഡിഗ്രേഡബിള്‍ ഗ്രീന്‍ പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രചാരണ പരിപാടികള്‍ ഒരു വശത്ത് നടക്കുന്നുണ്ട്. ഗ്രീനബിള്‍ എക്കോ ബാഗുകള്‍ പ്ലാസ്റ്റിക്കിന് ബദലായി വലിയ പ്രചാരണം നേടി. സിന്തറ്റിക് പ്ലാസ്റ്റിക്ക് പോളിമറുകളുടെ അതേ സവിശേഷതകളുള്ള പോളി – ഹൈഡ്രോക്‌സി ബ്യുട്ടിറേറ്റ് സംയുക്തങ്ങള്‍ അടങ്ങിയ ബയോഡിഗ്രേഡബിള്‍ തെര്‍മോ പ്ലാസ്റ്റിക് അവതരിപ്പിക്കപ്പെട്ടു. ഫിലിം, ഫൈബര്‍, പാത്രങ്ങള്‍, കപ്പുകള്‍, കുപ്പികള്‍ തുടങ്ങി ഭക്ഷ്യാവശ്യങ്ങള്‍ക്കും മെഡിക്കല്‍ – ഫാര്‍മസ്യൂട്ടിക്കല്‍ ആവശ്യങ്ങള്‍ക്കുമുള്ള നിര്‍മിക്കുന്നതിന് പി എല്‍ എ ഉപയോഗിക്കാം.

പ്ലാസ്റ്റിക് എന്ന അപകടകാരി

പ്ലാസ്റ്റിക്കിന്റെ ഒരു വലിയ പ്രശ്‌നം രാസപരമായി അത് നിഷ്‌ക്രിയമല്ല എന്നതാണ്. മിക്കയിനം പ്ലാസ്റ്റിക്കുകളും അതിലടങ്ങിയിരിക്കുന്ന മാരകമായ രാസഘടകങ്ങളെ അതിന്റെ പ്രതലത്തിലേക്ക് സ്രവിപ്പിച്ചുകൊണ്ടേയിരിക്കും. ചൂടാക്കുമ്പോഴാകട്ടെ വളരെ വേഗത്തിലും അധികമായും രാസസ്രവങ്ങള്‍ ഉണ്ടാകും. പ്ലാസ്റ്റിക്കുമായി സമ്പര്‍ക്കത്തില്‍ വരുന്ന പദാര്‍ഥങ്ങളിലേക്ക് ഈ രാസസ്രവങ്ങള്‍ കലരും. ഇത്തരം രാസഘടകങ്ങള്‍ മിക്കതും നേരിയ അളവിലായാല്‍ പോലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. താലേറ്റ്, കറുത്തീയം, ഡയോക്‌സിന്‍, സ്റ്റിറീന്‍, ബിസ്ഫിനോള്‍ തുടങ്ങിയ രാസഘടകങ്ങളെല്ലാം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നവയാണ്.

ഇന്നു നാം ഉപയോഗിക്കുന്ന മിക്കയിനം പ്ലാസ്റ്റിക്കിലും കാര്യമായ തോതില്‍ അടങ്ങിയിട്ടുള്ള രാസവസ്തുവാണ് ബിസ്ഫിനോള്‍. കുഞ്ഞുങ്ങള്‍ക്കുള്ള പാല്‍ക്കുപ്പിയില്‍ ഇത് വളരെയധികം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെത്തുന്ന ബിസ്ഫിനോള്‍ സാവധാനത്തില്‍ നമ്മുടെ ഹോര്‍മോണ്‍വ്യവസ്ഥയെ മാറ്റിമറിക്കും. ആര്‍ത്തവ തകരാറുകള്‍, പോളിസിസ്റ്റിക്ക് ഒവേറിയന്‍ രോഗം, കുട്ടികളില്‍ നേരത്തേ തന്നെ ലൈംഗികവളര്‍ച്ചയെത്തല്‍, ഫാറ്റിലിവര്‍, ലിവര്‍ സിറോസിസ്, പ്രമേഹം, ഹൃദ്രോഗം തുടങ്ങി പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് വഴിതെളിക്കും.

പ്ലാസ്റ്റിക്ക് ഉപയോഗം നിരുല്‍സാഹപ്പെടുത്തുന്നതിനുള്ള വിപുലമായ ക്യാമ്പെയ്ന്‍ കേരളത്തില്‍ ഗവണ്‍മെന്റിന്റെയും ഗവണ്‍മെന്റിതര സംഘടനകളുടെയും നേതൃത്വത്തില്‍ നടന്നുവരുന്നു. വിവാഹ പരിപാടികളിലുള്‍പ്പെടെ ഗ്രീന്‍പ്രോട്ടോകോള്‍ നടപ്പാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്.

Comments

comments

Categories: Motivation, Slider