ഭൂഷണ്‍ സ്റ്റീല്‍:ആര്‍സെലര്‍ മിത്തലും പോസ്‌കോയും ശക്തമായി രംഗത്തെത്തുമെന്ന് റിപ്പോര്‍ട്ട്

ഭൂഷണ്‍ സ്റ്റീല്‍:ആര്‍സെലര്‍ മിത്തലും പോസ്‌കോയും ശക്തമായി രംഗത്തെത്തുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: സ്റ്റീല്‍ വ്യവസായ രംഗത്തെ ആഗോള വമ്പന്മാരായ ആര്‍സെലര്‍ മിത്തലും പോസ്‌കോയും കടക്കെണിയിലായ ഭൂഷണ്‍ സ്റ്റീലിന് വേണ്ടി കൂടുതല്‍ സജീവമായി ബിഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട്. ഭൂഷണ്‍ സ്റ്റീലിനായി ബിഡുകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി മൂന്നാണ്. ജെഎസ്ഡബ്ല്യൂ അടക്കമുള്ള ഇന്ത്യന്‍ കമ്പനികളും ബിഡുകള്‍ സമര്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

പാരിസ്ഥിതികാനുമതി ലഭ്യമാകാത്തതും സംയുക്ത സംരംഭങ്ങളുമായുള്ള അഭിപ്രായ ഭിന്നതയുമടക്കമുള്ള നിരവധി കാരണങ്ങള്‍ മൂലം ഇന്ത്യയില്‍ സ്റ്റീല്‍ ഉല്‍പ്പാദന യൂണിറ്റുകള്‍ ആരംഭിക്കാന്‍ ആര്‍സലര്‍ മിത്തലും പോസ്‌കോയും നടത്തിവന്ന ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. ഭൂഷണ്‍ സ്റ്റീലിനെ ഏറ്റെടുക്കുന്നതിലൂടെ രാജ്യത്ത് സാന്നിധ്യം ഉറപ്പിക്കുന്നതിനുള്ള അവസരം രണ്ട് കമ്പനികള്‍ക്കും കൈവന്നിരിക്കുകയാണ്. അതേസമയം, ഇരു കമ്പനികളും വാര്‍ത്തയോട് പ്രതികരിക്കാന്‍ തയാറായിട്ടില്ല.

ഇന്ത്യയില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാന്നിധ്യം ഉറപ്പിക്കുന്നതിന് ആഗോള സ്റ്റീല്‍ കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഈ കമ്പനികള്‍ക്ക് ഏറ്റവും അനുയോജ്യമായതാണ് ഭൂഷണ്‍ സ്റ്റീലെന്ന് വിലയിരുത്തപ്പെടുന്നു. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദ്, മഹാരാഷ്ട്രയിലെ ഖൊപോലി, ഒഡീഷയിലെ ദെന്‍കനല്‍ എന്നിവിടങ്ങളിലെ ഭൂഷണ്‍ സ്റ്റീലിന്റെ പ്ലാന്റുകള്‍ക്ക് പ്രതിവര്‍ഷം 5.6 മില്യണ്‍ ടണ്‍ ഉല്‍പ്പാദന ശേഷിയുണ്ട്.

പഞ്ചാബ് നാഷണല്‍ ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂലൈ 26ന് ഭൂഷണ്‍ സ്റ്റീലിനെതിരെ പാപ്പരത്വ നടപടികള്‍ക്ക് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ (എന്‍സിഎല്‍ടി) അനുമതി നല്‍കിയിരുന്നു.

2017 മാര്‍ച്ച് 31 ലെ കണക്കുകള്‍ പ്രകാരം കമ്പനിയുടെ കടബാധ്യത 46263 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ 3501 കോടി രൂപയുടെ അറ്റനഷ്ടവും 15027 കോടി രൂപ വരുമാനവുമാണ് ഭൂഷണ്‍ സ്റ്റീല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Comments

comments

Categories: Business & Economy