മികച്ച പ്രകടനവുമായി നക്കീല്‍; ലാഭം 1.5 ബില്ല്യണ്‍ ഡോളര്‍

മികച്ച പ്രകടനവുമായി നക്കീല്‍; ലാഭം 1.5 ബില്ല്യണ്‍ ഡോളര്‍

ദുബായ്: 2017ല്‍ മികച്ച പ്രകടനവുമായി പ്രോപ്പര്‍ട്ടി ഡെവലപ്പര്‍ നക്കീല്‍. കമ്പനി പോയ വര്‍ഷം നേടിയത് 1.54 ബില്ല്യണ്‍ ഡോളറിന്റെ മൊത്തം ലാഭമാണ്. അതിന് മുമ്പുള്ള വര്‍ഷത്തെ അപേക്ഷിച്ച് ലാഭത്തിലുണ്ടായിരിക്കുന്നത് 14 ശതമാനത്തിന്റെ വര്‍ധന. നാലാം പാദത്തില്‍ നക്കീല്‍ നേടിയ അറ്റലാഭം 1.67 ബില്ല്യണ്‍ എഇഡിയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ചുണ്ടായത് 58 ശതമാനത്തിന്റെ വര്‍ധന.

കഴിഞ്ഞ വര്‍ഷം ദുബായിലെ ഈ പ്രമുഖ പ്രോപ്പര്‍ട്ടി ഡെവലപ്പര്‍ കൈമാറിയതാകട്ടെ 1,439 വീടുകളും. ഇതോടെ 2010ന് ശേഷം കൈമാറിയ വീടുകളുടെ ആകെ എണ്ണം 12,700 ആയി ഉയര്‍ന്നു. കമ്പനിയുടെ റീട്ടെയ്ല്‍, ഹോസ്പിറ്റാലിറ്റി, ലീസിംഗ് ബിസിനസുകളും മികച്ച പ്രകടനമാണ് നടത്തുന്നത്.

നക്കീലിനെ സംബന്ധിച്ചിടത്തോളം മറ്റൊരു മികച്ച വര്‍ഷമായിരുന്നു 2017. പദ്ധതിയിട്ടിരുന്ന സാമ്പത്തിക, ബിസിനസ് ലക്ഷ്യങ്ങള്‍ എല്ലാം തന്നെ കമ്പനി നേടി. ആഭ്യന്തര സമ്പദ് വ്യവസ്ഥയെ മികച്ച രീതിയില്‍ പിന്തുണയ്ക്കുകയും ചെയ്തു-ചെയര്‍മാന്‍ അലി റഷിദ് ലൂട്ട പറഞ്ഞു.

2017 അവസാനം വരെയുള്ള കണക്കനുസരിച്ച് നക്കീല്‍ പ്രവര്‍ത്തിപ്പിക്കുന്നത് 4.6 ദശലക്ഷം ചതുരശ്രയടി റീട്ടെയ്ല്‍ സ്‌പേസാണ്. റീട്ടെയ്ല്‍ ബിസിനസില്‍ നിന്ന് മികച്ച വരുമാനം നേടാന്‍ കമ്പനിക്ക് ഇപ്പോള്‍ സാധിക്കുന്നുമുണ്ട്. ഹോസ്പിറ്റാലിറ്റി ബിസിനസിലും മികച്ച രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് നക്കീല്‍ അധികൃതര്‍ വ്യക്തമാക്കി.

വ്യത്യസ്തമായ മേഖലകളില്‍ മികവുറ്റ രീതിയിലുള്ള പ്രകടനമാണ് ഞങ്ങള്‍ നടത്തുന്നത്. ആഗോള തലത്തിലുള്ള മികച്ച പ്രോപ്പര്‍ട്ടി ഡെവലപ്പര്‍ എന്ന നിലയിലുള്ള ഞങ്ങളുടെ സ്ഥാനം ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ളതാകും അത്-ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

2018ലും കമ്പനിക്ക് ലഭിച്ചിരിക്കുന്നത് മികച്ച ഡീലുകളാണ്. 800 റൂമുകള്‍ വരുന്ന വമ്പന്‍ പദ്ധതിയുടെ കണ്‍സ്ട്രക്ഷന്‍ ചുമതല കമ്പനിക്ക് കിട്ടിയിരുന്നു. റിയു ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സുമൊന്നിച്ചുള്ള സംയുക്ത സംരംഭമാണിത്. അക്കോര്‍ ഹോട്ടല്‍സുമായും കമ്പനി ധാരണയിലെത്തിയിട്ടുണ്ട്. ജുമൈറ വില്ലേജിലെ പുതിയ ഹോട്ടല്‍ മാനേജ് ചെയ്യുന്നതിനാണിത്. വര്‍സന്‍ വില്ലേജ് കമ്യൂണിറ്റിയില്‍ കമ്യൂണിറ്റി ക്ലബ്ബ് നിര്‍മിക്കുന്നതും നക്കീലാണ്.

Comments

comments

Categories: Arabia