മൈക്കല്‍ ഷൂമാക്കറിന്റെ ഫെറാരി മോട്ടോര്‍ഹോം ലേലം ചെയ്യും

മൈക്കല്‍ ഷൂമാക്കറിന്റെ ഫെറാരി മോട്ടോര്‍ഹോം ലേലം ചെയ്യും

ഒരു കോടിയിലധികം രൂപ ലഭിക്കുമെന്ന് പ്രതീക്ഷ

പാരിസ് : ലോക പ്രശസ്ത ജര്‍മ്മന്‍ ഫോര്‍മുല വണ്‍ ഡ്രൈവറായ മൈക്കല്‍ ഷൂമാക്കറിന്റെ അത്യാഡംബര സ്‌കുഡേറിയ ഫെറാരി മോട്ടോര്‍ഹോം ലേലം ചെയ്യും. ഫോര്‍മുല വണ്ണില്‍ ഫെറാരി ആധിപത്യം പുലര്‍ത്തിയ 2000-കളുടെ തുടക്കത്തില്‍ ഫെറാരി ടീം ഉപയോഗിച്ചിരുന്നതാണ് ഈ മോട്ടോര്‍ഹോം. അതായത് ഫോര്‍മുല വണ്‍ ഇതിഹാസം സാക്ഷാല്‍ മൈക്കല്‍ ഷൂമാക്കറും ടീംമേറ്റായ റൂബന്‍സ് ബാരിക്കെല്ലോയും.

സാധാരണ ബസ്സിനെ ഐവെക്കോ ഫെറാരി ടീമിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ആഡംബര മോട്ടോര്‍ഹോമായി മാറ്റിയെടുക്കുകയായിരുന്നു. എയര്‍ സസ്‌പെന്‍ഷനുള്ള ബസ്സിന് 380 കുതിരശക്തി ഡീസല്‍ എന്‍ജിനാണ് കരുത്ത് പകരുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ഇസഡ്എഫ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നു. ബസ്സില്‍ രണ്ട് അപ്പാര്‍ട്ട്‌മെന്റുകള്‍ സജ്ജീകരിച്ചു. ടെലിവിഷന്‍, ഇന്റര്‍നെറ്റ് കണക്ഷന്‍, സാറ്റലൈറ്റ് ഫോണ്‍, ഫിസിയോതെറാപ്പി ടേബിള്‍ എന്നീ സൗകര്യങ്ങളും ഒരുക്കി.

രണ്ടാമത്തെ ഉടമ ബസ്സിനെ ഇന്ന് കാണുന്നവിധം ആഡംബര മോട്ടോര്‍ഹോമായി മാറ്റിയെടുക്കുകയായിരുന്നു. സെറാമിക് ശൗചാലയമുള്ള കുളിമുറി, പ്രത്യേകം പ്രത്യേകം ഹീറ്റിംഗ്, എയര്‍ കണ്ടീഷണിംഗ് സംവിധാനങ്ങള്‍, ഓണ്‍ബോര്‍ഡ് 220 വോള്‍ട്ട് ഡീസല്‍ ജനറേറ്റര്‍, ബോസ് ഹോം തിയ്യറ്റര്‍ സിസ്റ്റം, ഹേസ്‌റ്റെന്‍സ് ലക്ഷ്വറിയ ഡബിള്‍ ബെഡ് എന്നിവയും ഈ മോട്ടോര്‍ഹോമില്‍ കാണാം.

ഫെറാരിയുടെ ടീം പ്രിന്‍സിപ്പാളായിരുന്ന സ്റ്റീഫാനോ ഡോമണിക്കലി ഒപ്പുവെച്ച ഫെറാരി സര്‍ട്ടിഫിക്കറ്റ് ഓഫ് ഓതന്റിസിറ്റി വാഹനത്തോടൊപ്പം ലഭിക്കും. 90,000 കിലോമീറ്റര്‍ മാത്രമാണ് വാഹനം ഇതുവരെ ഓടിയിട്ടുള്ളത്. സ്‌കുഡേറിയ ഫെറാരി ബ്രാന്‍ഡിംഗ് സഹിതം ലേലം ചെയ്യുന്ന ബസ്സിന് 99 ലക്ഷത്തിനും 1.2 കോടി രൂപയ്ക്കുമിടയില്‍ വില ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ മാസം 8 ന് ബ്രിട്ടീഷ് ലേല സ്ഥാപനമായ ബോണ്‍ഹാംസ് പാരീസില്‍ മോട്ടോര്‍ഹോം ലേലം ചെയ്യും

2012 നവംബര്‍ 25 ന് നടന്ന ബ്രസീലിയന്‍ ഗ്രാന്‍ഡ്പ്രീയോടെ ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങളില്‍നിന്ന് മൈക്കല്‍ ഷൂമാക്കര്‍ വിരമിച്ചിരുന്നു. 2013 ല്‍ ആല്‍പ്‌സ് മലനിരകളില്‍ സ്‌കീയിംഗ് നടത്തുന്നതിനിടെ ഷൂമാക്കറിന് ഗുരുതര പരുക്കേറ്റിരുന്നു. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ഷൂമാക്കറിന്റെ നിലവിലെ ആരോഗ്യസ്ഥിതി വ്യക്തമല്ല.

Comments

comments

Categories: Auto