ആരോഗ്യ പരിരക്ഷാരംഗത്ത് കൈകോര്‍ക്കാന്‍ ബഹുരാഷ്ട്ര കമ്പനികള്‍

ആരോഗ്യ പരിരക്ഷാരംഗത്ത് കൈകോര്‍ക്കാന്‍ ബഹുരാഷ്ട്ര കമ്പനികള്‍

ആമസോണ്‍, ബെര്‍ക്‌ഷെയര്‍ ഹതാവേ, ജെപി മോര്‍ഗന്‍ ചേസ് എന്നിവയുടെ പങ്കാളിത്തത്തില്‍ ഹെല്‍ത്ത്‌കെയര്‍ കമ്പനി സ്ഥാപിക്കും

വാഷിംഗ്ടണ്‍: ജീവനക്കാരുടെ ആരോഗ്യ പരിരക്ഷാ ചെലവ് കുറയ്ക്കാനും അവര്‍ക്കായുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്താനും പങ്കാളിത്തം പ്രഖ്യാപിച്ച് ആമസോണ്‍, ബെര്‍ക്‌ഷെയര്‍ ഹതാവേ, ജെപി മോര്‍ഗന്‍ ചേസ് തുടങ്ങിയ കമ്പനികള്‍. ഇതനുസരിച്ച് മൂന്നു സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തില്‍ ഒരു ഹെല്‍ത്ത്‌കെയര്‍ കമ്പനി സ്ഥാപിക്കും.

ലാഭമുണ്ടാക്കുകയെന്നത് മുന്‍നിര്‍ത്തിയായിരിക്കില്ല കമ്പനിയുടെ പ്രവര്‍ത്തനം. തുടക്കത്തില്‍ തങ്ങളുടെ 500,000ത്തിലധികം വരുന്ന അമേരിക്കന്‍ ജീവനക്കാര്‍ക്കായി ലളിതമായതും ഉന്നത ഗുണനിലവാരമുള്ളതും സുതാര്യവുമായ ഹെല്‍ത്ത്‌കെയര്‍ സൗകര്യങ്ങള്‍ കമ്പനി ഒരുക്കും.
ആരോഗ്യ സുരക്ഷാ രംഗത്തെ വര്‍ധിച്ചുവരുന്ന ചെലവുകള്‍ വന്‍തോതിലെ ബാധ്യതയാണ് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ വരുത്തുന്നതെന്ന് ബെര്‍ക്‌ഷെയര്‍ ഹതാവേ ചെയര്‍മാനും സിഇഒയുമായ വാറന്‍ ബഫറ്റ് പറഞ്ഞു. ഇതിനൊരു പൂര്‍ണ പരിഹാരമെന്നുള്ള രീതിയിലല്ല തങ്ങള്‍ മുന്നോട്ടുവരുന്നതെന്നും എന്നാല്‍ ഇത് പരിഹരിക്കാന്‍ സാധിക്കാത്തതാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹെല്‍ത്ത്‌കെയര്‍ ബിസിനസിലേക്ക് ആമസോണ്‍ കടന്നുവന്ന് മേഖല മുഴുവന്‍ പിടിച്ചടക്കുമെന്ന് നിലവിലെ നിക്ഷേപകര്‍ ആശങ്കപ്പെടുന്നതിനിടെയാണ് പുതിയ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. ഫാര്‍മസി ബിസിനസിലേക്കും വിതരണത്തിലേക്കും ആമസോണ്‍ കടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വ്യക്തത വന്നിട്ടില്ല. അതേസമയം, ആമസോണിന്റെയും ബെര്‍ക്‌ഷെയര്‍ ഹതാവേയുടെയും ജെപി മോര്‍ഗന്‍ ചേസിന്റെയും പുതിയ നീക്കം ആരോഗ്യ സുരക്ഷാ രംഗത്തെ പിടിച്ച് കുലുക്കുന്നതായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ഹെല്‍ത്ത്‌കെയര്‍ കമ്പനി രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നിലവില്‍ പ്രാഥമിക ഘട്ടത്തിലാണ്. ബെര്‍ക്‌ഷെയര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ ടോഡ് കോംബ്‌സ്, ജെപി മോര്‍ഗന്‍ മാനേജിംഗ് ഡയറക്റ്റര്‍ മാര്‍വെല്ലെ ബെര്‍ക്‌ടോള്‍ഡ് ആമസോണ്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ബെത്ത് ഗാലെറ്റി എന്നിവരായിരിക്കും പുതിയ സ്ഥാപനത്തെ നയിക്കുക.

പണപ്പെരുപ്പത്തേക്കാള്‍ വേഗത്തില്‍ ഓരോ വര്‍ഷവും യുഎസ് ഹെല്‍ത്ത്‌കെയര്‍ രംഗത്തെ ചെലവിടല്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2017ല്‍ ഇത് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ 18 ശതമാനമായിരുന്നു. 160 മില്യണ്‍ അമേരിക്കക്കാര്‍ക്കാണ് കമ്പനികള്‍ ഹെല്‍ത്ത്‌കെയര്‍ പ്ലാനുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഈ ചെലവു വെട്ടിച്ചുരുക്കാന്‍ യുഎസ് ഭരണകൂടം ശ്രമിക്കുകയാണ്.

Comments

comments

Categories: Life