സ്വകാര്യ സമ്പത്തില്‍ ഇന്ത്യക്ക് ആറാം സ്ഥാനം

സ്വകാര്യ സമ്പത്തില്‍ ഇന്ത്യക്ക് ആറാം സ്ഥാനം

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് ആറാം സ്ഥാനം. 8,230 ബില്യണ്‍ ഡോളറാണ് ഇന്ത്യയിലെ മൊത്തം സ്വകാര്യ സമ്പത്ത്. ഗ്ലോബല്‍ മാര്‍ക്കറ്റ് റിസര്‍ച്ച് ഗ്രൂപ്പായ ന്യൂ വേള്‍ഡ് വെല്‍ത്ത് തയാറാക്കിയ പട്ടികയില്‍ 64,584 ബില്യണ്‍ ഡോളര്‍ സമ്പത്തുമായി അമേരിക്കയാണ് ഒന്നാമതുള്ളത്. 2017ല്‍ വ്യത്യസ്ത രാഷ്ട്രങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള സ്വകാര്യ സമ്പത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.

ലോകത്തിലെ ഏറ്റവും സമ്പന്നമായ രണ്ടാമത്തെ രാജ്യം ചൈനയാണ്. 24,803 ബില്യണ്‍ ഡോളറാണ് കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരമുള്ള ചൈനയുടെ സമ്പത്ത്. 19,522 ബില്യണ്‍ ഡോളര്‍ സമ്പത്തുമായി ജപ്പാന്‍ പട്ടികയില്‍ മൂന്നാം സ്ഥാനം നേടി. ബ്രിട്ടന്‍ (9,919 ബില്യണ്‍ ഡോളര്‍), ജര്‍മനി (9,660 ബില്യണ്‍ ഡോളര്‍) എന്നിവ യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിലും നിലയുറപ്പിച്ചിട്ടുണ്ട്. ഫ്രാന്‍സ് (6,649 ബില്യണ്‍ ഡോളര്‍), കാനഡ (6,393 ബില്യണ്‍ ഡോളര്‍), ഓസ്‌ട്രേലിയ (6,142 ബില്യണ്‍ ഡോളര്‍), ഇറ്റലി (4,276 ബില്യണ്‍ ഡോളര്‍) എന്നിവയാണ് പട്ടികയില്‍ ആദ്യ പത്തില്‍ ഇന്ത്യക്ക് പിന്നിലായി ഇടം നേടിയ മറ്റ് സമ്പന്ന രാഷ്ട്രങ്ങള്‍.

ഓരോ രാജ്യത്തെയും വ്യക്തികളുടെ സ്വകാര്യ സ്വത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടികയില്‍ രാജ്യങ്ങളുടെ സ്ഥാനം നിര്‍ണയിച്ചിട്ടുള്ളത്. പ്രോപ്പര്‍ട്ടി, പണമായുള്ള സമ്പാദ്യം, ഓഹരികള്‍, ബിസിനസ് എന്നിങ്ങനെ മുഴുവന്‍ സമ്പാദ്യവും (ബാധ്യതയില്‍ നിന്ന് കിഴിച്ചുള്ളത്) ഉള്‍പ്പെടുത്തിയാണ് ഓരോ രാജ്യത്തെയും വ്യക്തികളുടെ സ്വകാര്യ സ്വത്ത് കണക്കാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ സ്വത്തുവകകള്‍ സമ്പത്ത് നിര്‍ണയിക്കുന്നതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

2017ല്‍ സമ്പന്നതയില്‍ ഏറ്റവും വലിയ കുതിപ്പ് രേഖപ്പെടുത്തിയത് ഇന്ത്യയാണ്. 2016ല്‍ 6,584 ബില്യണ്‍ ഡോളറായിരുന്ന ഇന്ത്യയുടെ സ്വകാര്യ സമ്പത്ത് കഴിഞ്ഞ വര്‍ഷം 25 ശതമാനം വര്‍ധിച്ച് 8,230 ബില്യണ്‍ ഡോളറിലെത്തിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇക്കാലയളവില്‍ ചൈനയുടെ സ്വകാര്യ സമ്പത്തില്‍ 22 ശതമാനം വര്‍ധനയുള്ളായി. ആഗോളതലത്തില്‍ സ്വകാര്യ സമ്പത്ത് 12 ശതമാനമാണ് വര്‍ധിച്ചത്. കഴിഞ്ഞ ദശാബ്ദത്തില്‍ ഇന്ത്യയുടെ സ്വകാര്യ സമ്പത്തില്‍ 160 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2007ല്‍ 3,165 ബില്യണ്‍ ഡോളറായിരുന്നു ഇന്ത്യയുടെ സ്വകാര്യ സമ്പത്ത്.

ഒരു മില്യണ്‍ ഡോളറിനോ അതിനുമുകളിലോ അറ്റ ആസ്തിയുള്ള 3,30,400 സമ്പന്നര്‍ ഇന്ത്യയിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയര്‍ന്ന ആസ്തിയുള്ള സമ്പന്നരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഒന്‍പതാം സ്ഥാനത്താണ് ഇന്ത്യ. 50,47,400 സമ്പന്നരുമായി പട്ടികയില്‍ യുഎസ് ആണ് ഒന്നാമതുള്ളത്. മള്‍ട്ടി മില്യനേയര്‍മാരുടെ എണ്ണത്തില്‍ ലോകത്തില്‍ ഏഴാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. 20,730 മള്‍ട്ടി മില്യനെയര്‍മാരാണ് ഇന്ത്യയിലുള്ളത്. രാജ്യത്ത് സ്ഥിരതമാസമാക്കിയ 119 ബില്യനേയര്‍മാര്‍ ഇന്ത്യയിലുണ്ട്. ബില്യനെയര്‍മാരുടെ എണ്ണത്തില്‍ ലോകത്തിലെ മൂന്നാമത്തെ രാഷ്ട്രമാണ് ഇന്ത്യ. യുഎസും ചൈനയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഇടം പിടിച്ചിട്ടുള്ളത്.

 

 

Comments

comments

Categories: Business & Economy

Related Articles