മജീദ് അല്‍ ഫൂട്ടയിമിന്റെ വരുമാനത്തില്‍ 8% വര്‍ധന

മജീദ് അല്‍ ഫൂട്ടയിമിന്റെ വരുമാനത്തില്‍ 8% വര്‍ധന

ദുബായ്: മജീദ് അല്‍ ഫുട്ടയിം ഗ്രൂപ്പിന്റെ വരുമാനത്തില്‍ വര്‍ധന. എട്ട് ശതമാനം വര്‍ധനയോടെ കമ്പനിയുടെ 2017ലെ വരുമാനം 32.2 ബില്ല്യണ്‍ എഇഡി (8.7 ബില്ല്യണ്‍ ഡോളര്‍) ആയി ഉയര്‍ന്നു.

പ്രോപ്പര്‍ട്ടി ബിസിനസിനേക്കാളും ഫുഡ് ഗ്രോസറി റീട്ടെയ്ല്‍ മേഖലയാണ് മികച്ച വളര്‍ച്ച കൈവരിക്കുന്നത്. മജീദ് അല്‍ ഫുട്ടയിമിന്റെ വിവിധ ബിസിനസുകളും അത് പ്രവര്‍ത്തിക്കുന്ന മേഖലകളും അതിവേഗത്തിലാണ് മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങളും അതനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു-കമ്പനിയുടെ സിഇഒ അലയ്ന്‍ ബെജ്ജാനി പറഞ്ഞു.

എന്നാല്‍ വിപണിയിലെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനും മികച്ച ഉപഭോക്തൃഅനുഭവം പ്രദാനം ചെയ്യാനും തങ്ങള്‍ക്ക് സാധിച്ചതായും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ രംഗത്ത് കമ്പനി കൂടുതല്‍ സജീവമാകുമെന്നും സിഇഒ വ്യക്തമാക്കി.

മജീദ് അല്‍ ഫുട്ടയിം പ്രോപ്പര്‍ട്ടി ബിസിനസ് കഴിഞ്ഞ വര്‍ഷം കൈവരിച്ചത് മൂന്ന് ശതമാനം വളര്‍ച്ചയാണ്. 4.6 ബില്ല്യണ്‍ ഡോളറാണ് കമ്പനിയുടെ വരുമാനം. അതേസമയം മജീദ് അല്‍ ഫുട്ടയിം റീട്ടെയ്ല്‍ ബിസിനസ് വരുമാനത്തില്‍ എട്ട് ശതമാനം വര്‍ധനയുണ്ടായി.

ഈ വര്‍ഷം മൂന്ന് പുതിയ ഷോപ്പിംഗ് മാളുകള്‍ തുടങ്ങാനാണ് മജീദ് അല്‍ ഫുട്ടയ്മിന് പദ്ധതിയുള്ളത്. ഇതില്‍ മൈ സിറ്റി സെന്റര്‍ അല്‍ ദയ്ത് ജനുവരിയില്‍ തന്നെ പ്രവര്‍ത്തനമാരംഭിച്ചു. സിറ്റി സെന്റര്‍ സൊഹര്‍, മൈ സിറ്റി സെന്റര്‍ സര്‍ എന്നിവയാണ് മറ്റ് മാളുകള്‍. കമ്പനിക്ക് ഇപ്പോഴുള്ള മൊത്തം ആസ്തി 16.1 ബില്ല്യണ്‍ ഡോളറിന്റേതാണെന്നാണ് റിപ്പോര്‍ട്ട്.

 

Comments

comments

Categories: Arabia