ലണ്ടനിലെ ഭാര്‍ഗവീനിലയങ്ങള്‍

ലണ്ടനിലെ ഭാര്‍ഗവീനിലയങ്ങള്‍

റിയല്‍ എസ്‌റ്റേറ്റ് വ്യവസായം മാന്ദ്യത്തില്‍. ലണ്ടന്‍ നഗരത്തില്‍ വില്‍ക്കാനാകാതെ കിടക്കുന്നത് പകുതിയോളം ആഡംബര ഫ്‌ളാറ്റുകള്‍

ലോകത്തിലെ ഏറ്റവും താമസച്ചെലവേറിയ ലണ്ടന്‍ നഗരത്തില്‍ കഴിഞ്ഞ വര്‍ഷം നിര്‍മിച്ച അള്‍ട്രാ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകളുടെ എണ്ണം 1900. ഇതില്‍ പകുതിയിലേറെയും വില്‍ക്കാനാകാതെ കിടക്കുകയാണ്. പാര്‍പ്പിടങ്ങള്‍ തേടി നടക്കുന്ന ജോലിക്കാരായ അവിവാഹിതരടക്കമുള്ളവര്‍ നഗരത്തില്‍ ഏറെയുണ്ടെന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല. സാധാരണക്കാരനു താങ്ങാവുന്ന വിലയല്ല ഈ ഫഌറ്റുകളുടേത്. പ്രേതബാധയുണ്ടെന്നു വിശ്വസിക്കപ്പെടുന്ന രമ്യഹര്‍മ്മങ്ങളില്‍ ആള്‍പ്പാര്‍പ്പില്ലാതെ വരുന്ന അവസ്ഥ തന്നെയാണ് ഇവിടെയും. സ്വിമ്മിംഗ്പൂള്‍, ജിം, തിയെറ്റര്‍ റൂം തുടങ്ങി അത്യാര്‍ഭാടസൗകര്യങ്ങളുള്ള മനോഹരഫഌറ്റുകളാണ് ഉടമകളെ കാത്തിരിക്കുന്നത്.

ലണ്ടനില്‍ വില്‍പ്പന നടത്താനാകാതെ കിടക്കുന്ന വീടുകളുടെ എണ്ണം 3,000 എന്ന റെക്കോര്‍ഡ് സംഖ്യയിലെത്തിയിരിക്കുന്നു. ഒരു മില്യണ്‍ പൗണ്ട് വരെയാണ് പലതിനും പരസ്യക്കാര്‍ വില കാണിച്ചിരിക്കുന്നത്. വിദേശത്തു കഴിയുന്ന ധനിക ബ്രിട്ടീഷ് പൗരന്മാരാണ് ഇവയില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. എന്നാല്‍ ബ്രെക്‌സിറ്റ് പ്രാബല്യത്തില്‍ വന്നതോടെ ഉണ്ടായ അനിശ്ചിതത്വവും സ്റ്റാംപ് ഡ്യൂട്ടി കുത്തനെ ഉയര്‍ന്നതും ഇവരെ അകറ്റി നിര്‍ത്തിയിരിക്കുകയാണ്. താങ്ങാവുന്ന വിലയ്ക്ക് അനേകായിരങ്ങള്‍ പാര്‍പ്പിടം കണ്ടെത്താന്‍ ഇതേ നഗരത്തില്‍ അലയുന്നുവെന്നതാണ് വിരോധാഭാസം.

കഴിഞ്ഞവര്‍ഷം ലണ്ടനില്‍ നിര്‍മിക്കപ്പെട്ട 1500 ചതുശ്രയടി വിസ്തീര്‍ണമുള്ള 1,900 അപ്പാര്‍ട്ട്‌മെന്റുകളില്‍ 900 എണ്ണം മാത്രമാണ് വില്‍ക്കാനായത്. രണ്ടായിരം ചതുശ്രയടിയുള്ള മൂന്നു ബെഡ്‌റൂം ആഡംബര ഫഌറ്റിന് മൂന്നു മില്യണ്‍ പൗണ്ട് വില വരും. 1,000- 1,500 ചതുശ്രയടി വരുന്ന 14,000 അപ്പാര്‍ട്ട്‌മെന്റുകളും വില്‍പ്പനയാകാതെ കിടക്കുന്നുണ്ട്. ബ്രിട്ടണില്‍ ചതുരശ്രയടിക്ക് ശരാശരി 211 പൗണ്ട് നിലവാരത്തിലാണ് വില്‍പ്പന നടക്കുന്നത്. ഈ വിലയ്ക്ക് തന്നെ വിറ്റാലും വില്‍പ്പന നടക്കാതെയിരിക്കുന്ന അത്യാഡംബരഫഌറ്റുകള്‍ വിറ്റുപോകാന്‍ മൂന്നു വര്‍ഷമെങ്കിലും വേണ്ടി വരുമെന്നാണ് വിദഗ്ധമതം. അതും, പുതിയ ഫഌറ്റുകള്‍ ഇനി നിര്‍മിക്കാതിരിക്കുകയാണെങ്കില്‍ മാത്രം.

എന്നാല്‍ വന്‍കിട പ്രോപ്പര്‍ട്ടി ഡെവലപ്പര്‍മാര്‍ അവരുടെ പദ്ധതിയുമായി മുമ്പോട്ടു പോകുകയാണ്. ഇരുപത് നിലകള്‍ വീതമുള്ള 420 റസിഡന്‍ഷ്യല്‍ ടവറുകള്‍ കൂടി നിര്‍മിക്കാനുള്ള പദ്ധതി തയാറാക്കിയിരിക്കുകയാണു ഭവനനിര്‍മാതാക്കള്‍. ഇക്കാര്യം റിയല്‍ എസ്റ്റേറ്റ് ഏജന്‍സികളും സമ്മതിക്കുന്നു. ഇപ്പോള്‍ത്തന്നെ തിങ്ങിനിറഞ്ഞ നഗരത്തില്‍ ഇനിയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് പ്രോപ്പര്‍ട്ടി ബയിംഗ് ഏജന്റായ ഹെന്‍ട്രി പ്രയര്‍ പറയുന്നു. ഒഴിഞ്ഞു കിടക്കാന്‍ വേണ്ടിയുള്ള ആര്‍ഭാട പ്രേതഗോപുരങ്ങള്‍ തന്നെയാണ് പണിതു കൊണ്ടിരിക്കുന്നത്. പ്രവാസികളുടെ ചൂതാട്ടത്തിനുള്ള കരുക്കളാണീ പണിയുന്നത്. എന്നാല്‍ അവര്‍ക്ക് ഈ കളിയില്‍ താല്‍പര്യം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. പലരും ഇതുപേക്ഷിച്ച മട്ടാണെന്ന് അദ്ദേഹം വിലയിരുത്തുന്നു.

തേംസ് നദിക്കരയില്‍ നിരന്നിരിക്കുന്ന ഈ ഫഌറ്റുകള്‍ വില്‍ക്കാന്‍ നിര്‍മാതാക്കള്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല. വിലയില്‍ ഇളവ്, സൗജന്യങ്ങള്‍, സമ്മാനങ്ങള്‍ തുടങ്ങി പലതും വാഗ്ദാനം ചെയ്തു. സൗജന്യമായി ഗൃഹോപകരണങ്ങള്‍, പരവതാനികളും കര്‍ട്ടനുകളും എന്നു വേണ്ട, കാറുകള്‍ വരെ നല്‍കാമെന്നു വാഗ്ദാനം ചെയ്തിട്ടും ഫലമുണ്ടായില്ല. കാവല്‍ക്കാരും ജിമ്മും സ്പായും ഉള്‍പ്പെടുന്ന, പുതിയതായി പണികഴിച്ച ടവറുകള്‍ വിറ്റുപോകാനും ബുദ്ധിമുട്ടാണ്. അവ ഏറെക്കുറേ ഒരേ പോലിരിക്കുമെന്നതാണു പ്രധാന വിമര്‍ശനം. ഇത്തരമൊരു ഫഌറ്റിന് വന്‍തുക മുടക്കണമെന്നിരിക്കെ മറ്റാര്‍ക്കുമില്ലാത്ത ആര്‍ഭാടങ്ങളല്ലേ വേണ്ടത്. അതേ പോലെയുള്ളവ വാങ്ങിയിട്ടെന്തു കാര്യമെന്നാണ് ഉപയോക്താക്കളുടെ ചിന്തയെന്ന് പ്രയര്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ പല ഡെവലപ്പര്‍മാരും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മന്ദീഭവിപ്പിച്ചിരിക്കുകയാണ്. മറ്റു ചിലരാകട്ടെ ഇപ്പോള്‍ വില്‍പ്പനയും മരവിപ്പിച്ചിരിക്കുന്നു. അഞ്ചു വര്‍ഷം മുമ്പ് സ്ഥാപിക്കപ്പെട്ട, യൂറോപ്പിലെ ആദ്യ ലംബനഗരമെന്ന് അറിയപ്പെടുന്ന ഷാര്‍ദിന്റെ മേല്‍ത്തട്ടിലുള്ള 10 അപ്പാര്‍ട്ട്‌മെന്റുകളും ഇതുവരെ ആരും വാങ്ങിയിട്ടില്ല. ഓരോ അപ്പാര്‍ട്ട്‌മെന്റിനും 50 മില്യണ്‍ പൗണ്ട് വില വരും. വലിയ പ്രചാരണ കോലാഹലങ്ങളോടെ യോര്‍ക്കിലെ പ്രഭുവും ഖത്തര്‍ മുന്‍പ്രധാനമന്ത്രിയും ചേര്‍ന്നു തുറന്നു കൊടുത്ത ലണ്ടനിലെ പ്രീമിയം പാര്‍പ്പിടസമുച്ചയത്തിന്റെ അവസ്ഥയാണിത്.

വില്‍ക്കാനാകാത്ത അപ്പാര്‍ട്ട്‌മെന്റുകള്‍ വലിയ തലവേദന സൃഷ്ടിക്കുന്നതായി പുതിയ ഭവനങ്ങളില്‍ നിക്ഷേപം നടത്തുന്ന ഏജന്‍സി, മൈ ലണ്ടന്‍ ഹോമിന്റെ സ്ഥാപകന്‍ സ്റ്റീവന്‍ ഹേര്‍ഡ് പറയുന്നു. രണ്ടു വര്‍ഷമായി അപ്പാര്‍ട്ട്‌മെന്റ് വില്‍ക്കാന്‍ വേണ്ടി വിളിക്കുന്ന പ്രവാസിനിക്ഷേപകരെക്കൊണ്ട് സ്ഥാപനം ക്ലേശിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 2015-16 വര്‍ഷത്തിനിടയില്‍ നിരവധി ഏഷ്യന്‍ നിക്ഷേപകര്‍ ലണ്ടനില്‍ ആദ്യഘട്ടനിര്‍മാണം പിന്നിട്ട വസ്തു വാങ്ങിയിട്ടു. പെട്ടെന്നു ലാഭമുണ്ടാക്കാനായി ഉടന്‍ പണി പൂര്‍ത്തീകരിച്ചു വില്‍ക്കുകയായിരുന്നു ഉദ്ദേശ്യം. ദ്രുതഗതിയില്‍ പണി പൂര്‍ത്തീകരിച്ചെങ്കിലും വിചാരിച്ചതു പോലെ വില്‍പ്പന നടക്കാതെ വന്നതോടെ ലക്ഷങ്ങള്‍ നഷ്ടം വന്നു. നഷ്ടത്തില്‍ വിറ്റായാലും ഈ കുരുക്കില്‍ നിന്നു പുറത്തു കടക്കാനാണ് ഇപ്പോള്‍ അവരുടെ ശ്രമം. ഒരു റഷ്യന്‍ നിക്ഷേപകന്‍ 2014-ല്‍ 3.1 മില്യണ്‍ പൗണ്ടിനു വാങ്ങിയ വസ്തുവിന്റെ പണി പൂര്‍ത്തീകരിക്കാനായതോടെ 2.55 മില്യണ്‍ പൗണ്ടിനു വിറ്റ കഥ അദ്ദേഹം പറഞ്ഞു.

തെക്കന്‍ലണ്ടനില്‍, യുഎസ് എംബസിക്കു സമീപം സ്ഥിതി ചെയ്യുന്ന നയന്‍ ഏംസ് ആണ് യൂറോപ്പിലെത്തന്നെ ഏറ്റവും മികച്ച പുനര്‍വികസന പദ്ധതി. എന്നാല്‍ ലണ്ടനു പറ്റാത്ത അപ്പാര്‍ട്ട്‌മെന്റുകളാണ് അവിടെ പണിതിരിക്കുന്നതെന്ന് ഹേര്‍ഡ്‌സ് അഭിപ്രായപ്പെടുന്നു. മിതമായ സൗകര്യങ്ങളുള്ള മാന്യമായ വിലയ്ക്കുള്ള താമസസ്ഥലങ്ങളാണ് ശരാശരി ലണ്ടന്‍ നിവാസിക്കു വേണ്ടത്. ആരും സിനിമ കാണാന്‍ താല്‍പര്യപ്പെടാത്ത തിയെറ്റര്‍ മുറിയും നീന്താനാളില്ലാത്ത നീന്തല്‍ക്കുളവും വീട്ടില്‍ പണിതിട്ടെന്തു കാര്യം. മോശം പ്രവണതകളായേ ഇതിനെ കാണാനാകൂ. അഞ്ചു ലക്ഷം പൗണ്ട് വരെ വിലമതിക്കുന്ന ഇരട്ടക്കിടക്കമുറികളുള്ള ഭവനങ്ങളൊക്കെയാണ് യഥാര്‍ത്ഥത്തില്‍ ആവശ്യം. നീന്തല്‍ക്കുളങ്ങളും റൂഫ് ടോപ്പ് ബാറുകളും വീടുകളില്‍ ആവശ്യമില്ല. 1.5 മില്യണ്‍ മുതല്‍ മൂന്നു മില്യണ്‍ പൗണ്ട് വരെ വിലയ്ക്കുള്ള ഒരേപോലുള്ള ഫഌറ്റുകള്‍ക്കു പകരം താങ്ങാവുന്ന വിലയ്ക്കുള്ള ഫഌറ്റുകള്‍ പണിയുകയാണ് ഉചിതം.

ലണ്ടനില്‍ പുതിയ ഭവനങ്ങളുടെ വില്‍പ്പന മൂന്നു മാസത്തിനിടെ അഞ്ചു തവണയാണു കൂപ്പുകുത്തിയിരിക്കുന്നതെന്ന് റിയല്‍ എസ്റ്റേറ്റ് രംഗത്തെ വിവരശേഖരണ വിദഗ്ധ സ്ഥാപനം മോലിയര്‍ ലണ്ടന്‍, നഗരത്തിലെ 684 ഡെവലപ്പര്‍മാരില്‍ നിന്ന് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുന്നു. തൊട്ടു മുമ്പത്തെ മാസത്തെ അപേക്ഷിച്ചു നോക്കിയാലും പതനം വലുതാണ്. പുതിയതായി തുടങ്ങിയ സൈറ്റുകളുടെ വില്‍പ്പനയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. എന്നിട്ടും പുതിയ കെട്ടിടങ്ങള്‍ നിര്‍മാണമാരംഭിച്ചിരിക്കുകയാണ്. അതായത്, വില്‍ക്കാതെ അവശേഷിക്കുന്ന ഭവനങ്ങളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നര്‍ത്ഥം. നിരവധി ഡെവലപ്പര്‍മാര്‍ക്ക് വില്‍പ്പന മുരടിപ്പ് അഭിമുഖീകരിക്കേണ്ടി വരും, ഒരു പക്ഷേ തുടക്കം പോലും സുഖകരമല്ലാത്ത അടിയന്തര സാഹചര്യമാകും ഉണ്ടാകുകയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

തുടക്കക്കാരായ നിരവധി ഡെവലപ്പര്‍മാര്‍ വിദേശനിക്ഷേപകരില്‍ നിന്ന് സ്ഥലം-നിലവാരം- വില എന്നിവയുടെ കാര്യത്തില്‍ മുമ്പു നല്‍കിയിരുന്ന വാഗ്ദാനം വിഴുങ്ങി പണം ആവശ്യപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. അതേസമയം, പരിചയസമ്പന്നരാകട്ടെ മൊത്തത്തിലുള്ള വില്‍പ്പനയെന്ന പ്ലാന്‍ ബിയിലേക്ക് നീങ്ങുകയും ചെയ്തിരിക്കുന്നു. പരിചയസമ്പത്തില്ലാത്തവര്‍ ഫഌറ്റുകള്‍ വാടകയ്ക്കു കൊടുക്കാമെന്നു വെക്കുകയോ പ്രത്യേകിച്ച് ഒന്നിലും പങ്കെടുക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ മൊത്തം വില്‍ക്കുമ്പോള്‍ നഷ്ടം കുറയുമെന്ന പ്രതീക്ഷയാണ് പരിചയസമ്പന്നര്‍ക്കുള്ളത്. വന്‍ലാഭമുണ്ടാക്കാമെന്ന പ്രതീക്ഷയാല്‍ അംബരചുംബികള്‍ പണിയുന്നത് ഡെവലപ്പര്‍മാര്‍ തുടരുമ്പോഴും ലണ്ടന്‍നിവാസികള്‍ക്ക് ആവശ്യം താങ്ങാവുന്ന വിലയ്ക്കുള്ള ഭവനങ്ങളാണ്. റിയല്‍ എസ്‌റ്റേറ്റ് ഏജന്റ് സേവില്‍സിന്റെ നിഗമനത്തില്‍ 58 ശതമാനമാളുകളും തേടുന്നത് ചതുരശ്രയടിക്ക് 450 പൗണ്ടിനുള്ളില്‍ പണികഴിക്കാവുന്ന വീടുകളാണ്. എന്നാല്‍ നഗരത്തില്‍ പണിയുന്ന ഭവനങ്ങളില്‍ 25 ശതമാനം മാത്രമേ ഈ തുകയ്ക്ക് പൂര്‍ത്തീകരിക്കപ്പെടുന്നുള്ളൂവെന്നതാണു വാസ്തവം.

ലണ്ടന്‍ പ്രീമിയം പ്രോപ്പര്‍ട്ടി വിപണി ഇപ്പോഴും സജീവമാണെന്ന് വിവരദായക സേവന സ്ഥാപനം ലോണ്‍റെസിന്റെ തലവന്‍ മാര്‍ക്കസ് ഡിക്‌സണ്‍ പറയുന്നു. വില്‍പ്പന തകൃതിയായിത്തന്നെ നടക്കുന്നുണ്ട്. എങ്കിലും വളരെ വിലകൂടിയ വന്‍കിട അംബരചുംബികളിലെ അപ്പാര്‍ട്ട്‌മെന്റുകള്‍ വില്‍ക്കാന്‍ അല്‍പ്പം പ്രയാസപ്പെടും. രണ്ടോമൂന്നോ വര്‍ഷം മുമ്പ് നിരവധി ഭവനപദ്ധതികള്‍ ഇവിടെ രൂപമെടുത്തു. അതിന്റെ കൂടെ ഉണ്ടാക്കിയതാണ് ഈ വന്‍ ഗോപുരങ്ങള്‍. നയന്‍ ഏംസ്, ഏള്‍സ് കോര്‍ട്ട് പോലുള്ള വമ്പന്‍ സമുച്ചയങ്ങള്‍ പ്രവാസിനിക്ഷേപകരെ മുന്നില്‍ക്കണ്ടാണു കുറഞ്ഞ കാലത്തിനുള്ളില്‍ പണിതീര്‍ത്തത്. എന്നാല്‍ ബ്രെക്‌സിറ്റ് പോലുള്ള സംഭവങ്ങള്‍ വന്നതോടെ ഇത്തരം പദ്ധതികളില്‍ നിന്ന് അവര്‍ ഒഴിവാകുന്ന ചിത്രമാണ് കാണാനായത്. നയന്‍ ഏംസിന്റേതു പോലെ വലിയ വിഭാഗം ഫഌറ്റുകളാണ് വന്‍വിലയ്ക്ക് ആളെ കാത്ത് പ്രതീക്ഷയോടെ തുടങ്ങി, ഇപ്പോള്‍ എങ്ങുമെത്താതെയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നിര്‍മാണം കഴിഞ്ഞ അപ്പാര്‍ട്ട്‌മെന്റുകള്‍ വിറ്റഴിക്കും വരെയെങ്കിലും നിലവില്‍ പുരോഗമിക്കുന്നവയുടെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിപ്പിക്കണമെന്നാണ് ഡിക്‌സന്റെ നിര്‍ദേശം. എന്നാല്‍ ഫഌറ്റ് നിര്‍മാണം മന്ദീഭവിപ്പിക്കുന്നതില്‍ നിരവധി പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം സമ്മതിക്കുന്നു. അതിന് ഒരു സാധാരണ വീടു നിര്‍മിക്കുമ്പോഴുണ്ടാകുന്നതിനേക്കാള്‍ ചെലവു കൂടും. നാട്ടിന്‍പുറത്ത് 100 വീടുകള്‍ ഉള്‍ക്കൊള്ളുന്ന ഭവന പദ്ധതി നടപ്പാക്കുമ്പോള്‍ പൂര്‍ത്തീകരിച്ച വീടുകളില്‍ താമസക്കാരെത്താത്ത പക്ഷം അടുത്ത വീടുകള്‍ പണിയുന്നത് നിര്‍ത്തിവെക്കാനാകും. എന്നാല്‍, ഒരു ഫഌറ്റ് ഗോപുരം പണികഴിക്കുമ്പോള്‍ പദ്ധതി പൂര്‍ത്തീകരിക്കാതെ താമസക്കാരെ കിട്ടില്ല.

വിചാരിച്ച തുകയ്ക്ക് വീടു വിറ്റുപോകാത്ത പക്ഷം, വീട്ടുടമകള്‍ക്ക് വില്‍പ്പന വേണ്ടെന്നു വെക്കാനാകും. എന്നാല്‍ ഫഌറ്റ് നിര്‍മാതാക്കള്‍ക്ക് അതിനാകില്ല. അവര്‍ വില്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടവരാണ്. ഇപ്പോള്‍ ഡെവലപ്പര്‍മാര്‍ പ്രവാസികളെ ലക്ഷ്യമാക്കിയുള്ള വിപണന തന്ത്രങ്ങള്‍ ഏറെക്കുറെ ഉപേക്ഷിച്ച മട്ടാണ്. തദ്ദേശീയരായ നിക്ഷേപകരെയാണ് അവര്‍ ഉറ്റുനോക്കുന്നത്. ഉപയോഗിച്ചശേഷം വില്‍ക്കുന്ന കെട്ടിടങ്ങളുടെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇപ്പോഴും പുതിയ ഭവനങ്ങള്‍ക്കാണ് വിപണിയില്‍ നല്ല വില ലഭിക്കുന്നതെന്ന് അവര്‍ മനസിലാക്കിയിരിക്കുന്നു. ഇതനുസരിച്ചുള്ള വിപണനതന്ത്രങ്ങളിലേക്കാകും അവര്‍ ഇനി തിരിയുകയെന്നു പ്രതീക്ഷിക്കാം.

Comments

comments

Categories: Slider, World