പ്ലേഫാബിനെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തു

പ്ലേഫാബിനെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തു

സീട്ടില്‍: പ്രമുഖ ടെക്‌നോളജി കമ്പനിയായ മൈക്രോസോഫ്റ്റ് ഗെയിം ഡെവലപ്പര്‍മാര്‍ക്ക് ക്ലൗഡ് അധിഷ്ഠിത ടൂളുകള്‍ ലഭ്യമാക്കുന്ന സ്റ്റാര്‍ട്ടപ്പായ പ്ലേഫാബിനെ ഏറ്റെടുത്തു. ഇടപാടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആമസോണ്‍ വെബ് സര്‍വീസുമായുള്ള മത്സരത്തിന്റെ ഭാഗമാണ് ഇടപാടെന്നാണ് വിലയിരുത്തപ്പെടുന്നത്. രണ്ടു വര്‍ഷം മുമ്പ് ഗെയിം ഡെവലപ്പര്‍മാര്‍ക്കായി ടൂളുകള്‍ ആമസോണ്‍ വെബ് സര്‍വീസ് പുറത്തിറക്കിയിരുന്നു. മുമ്പ് ആമസോണ്‍ വെബ് സര്‍വീസ് ഉപയോഗിച്ചിരുന്ന പ്ലേഫാബ് ഇനി മുതല്‍ മൈക്രോസോഫ്റ്റിന്റെ ഗെയിം ഡെവലപ്പര്‍ മാധ്യമമായ അഷ്വറിന്റെ വികസനത്തിനായി ഉപയോഗപ്പെടും.

കണ്ടന്റ് മാനെജ്‌മെന്റ്, ഡോക്യുമെന്റേഷന്‍, എ/ബി ടെസ്റ്റിംഗ് (ഒരു വെബ് പേജിന്റെ രണ്ടു പതിപ്പുകള്‍ താരതമ്യം ചെയ്ത് മികച്ചത് കണ്ടെത്തുന്ന പരിശോധന)തുടങ്ങിയ സേവനങ്ങളാണ് പ്ലേഫാബ് നല്‍കുന്നത്. ഗെയിം കമ്പനിയായ അടാറി, മീഡിയ ഭീമന്‍മാരായ ഡിസ്‌നി, വീഡിയോ ഗെയിം ഡെവലപ്പര്‍മാരായ റോവിയോ തുടങ്ങിയവരെല്ലാം സീട്ടില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്ലേഫാബിന്റെ ഉപഭോക്താക്കളാണ്.

‘ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്ലേഫാബിന്റെ ഉപഭോക്താക്കളുണ്ട്. മൈക്രോസോഫ്റ്റിന്റെ ആഗോളതലത്തിലുള്ള സാന്നിധ്യവും ലോകോത്തര നിലവാരത്തിലുള്ള അഷ്വര്‍ സെര്‍വര്‍ അടിസ്ഥാന സൗകര്യങ്ങളും പ്ലേഫാബ് സേവനങ്ങളുടെ നിലവാരമുയര്‍ത്താന്‍ സഹായിക്കും. ബാക്ക്-എന്‍ഡ് ടെക്‌നോളജിയില്‍ മാത്രം ഒതുങ്ങിപോകാതെ മികച്ച ഗെയിം വികസിപ്പിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ഇതു വഴി സ്റ്റുഡിയോയ്ക്ക് എളുപ്പത്തില്‍ കഴിയും.’- പ്ലേഫാബ് സിഇഒ ജെയിംസ് ഗ്വേര്‍ട്‌സ്മാന്‍ അഭിപ്രായപ്പെട്ടു.

Comments

comments

Categories: Business & Economy