ഹ്യുണ്ടായ് ഇന്ത്യയില്‍ ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും

ഹ്യുണ്ടായ് ഇന്ത്യയില്‍ ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും

ഇന്ത്യയില്‍ ഹ്യുണ്ടായുടെ ആദ്യ ഇലക്ട്രിക് വാഹനം അടുത്ത വര്‍ഷം അവതരിപ്പിക്കും

ന്യൂഡെല്‍ഹി : ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് 2020 ഓടെ ഇന്ത്യയില്‍ പുതുതായി ഒരു ബില്യണ്‍ ഡോളറിന്റെ (ഏകദേശം 6,300 കോടി രൂപ) നിക്ഷേപം നടത്തും. പുതിയ മോഡലുകള്‍ നിര്‍മ്മിക്കുന്നതിനും പവര്‍ട്രെയ്ന്‍ വികസിപ്പിക്കുന്നതിനും പുതിയ ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിനുമാണ് തുക ചെലവഴിക്കുന്നത്. ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് (എച്ച്എംഐഎല്‍) എന്ന അനുബന്ധ കമ്പനി രൂപീകരിച്ചാണ് ഹ്യുണ്ടായ് മോട്ടോര്‍ കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യയില്‍ അടുത്ത വര്‍ഷം ഇലക്ട്രിക് വാഹനം പുറത്തിറക്കുന്ന കാര്യവും ഹ്യുണ്ടായുടെ പരിഗണനയിലാണ്. ഈ വര്‍ഷം ദീപാവലി സമയത്ത് ജനപ്രിയ മോഡലായ സാന്‍ട്രോ തിരിച്ചെത്തിക്കുകയാണ് ഹ്യുണ്ടായുടെ മറ്റൊരു ഉദ്ദേശ്യം. 2018 നും 2020 നുമിടയില്‍ ഒമ്പത് മോഡലുകള്‍ വിപണിയിലെത്തിക്കുന്നതിന് എച്ച്എംഐഎല്‍ തീരുമാനിച്ചുകഴിഞ്ഞു. ഇന്ത്യയില്‍ ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഹ്യുണ്ടായ് മോട്ടോറിന് രാജ്യത്തെ പാസഞ്ചര്‍ വാഹന സെഗ്‌മെന്റില്‍ 16.5 ശതമാനം പങ്കാളിത്തമാണുള്ളത്. 2020 ഓടെ 17 ശതമാനമായി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.

2020 ഓടെ പുതുതായി ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ ആന്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വൈ കെ കൂ പറഞ്ഞു. ഗുരുഗ്രാമിലാണ് പുതിയ ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നത്. ഒമ്പത് മോഡലുകളില്‍ രണ്ടെണ്ണം പൂര്‍ണ്ണമായും പുതിയ മോഡലുകളും ഒരു ഇലക്ട്രിക് വാഹനവും രണ്ട് ഫേസ്‌ലിഫ്റ്റുകളും നിലവിലെ നാല് മോഡലുകളുടെ ഫുള്‍ മോഡല്‍ ചേഞ്ചുകളും ആയിരിക്കുമെന്ന് വൈ കെ കൂ വിശദീകരിച്ചു.

ഇന്ത്യയില്‍ ഹ്യുണ്ടായുടെ ആദ്യ ഇലക്ട്രിക് വാഹനം അടുത്ത വര്‍ഷം അവതരിപ്പിക്കും. അയോണിക് എന്ന ഇലക്ട്രിക് സെഡാന്‍, കോന എസ്‌യുവിയുടെ ഫുള്‍ ഇലക്ട്രിക് വേര്‍ഷന്‍ ഇവയില്‍ ഏത് വേണമെന്ന് പിന്നീട് തീരുമാനിക്കും. ഏത് മോഡല്‍ പുറത്തിറക്കണമെന്നത് സംബന്ധിച്ച് നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ പഠനം നടത്തിവരികയാണ് ഹ്യുണ്ടായ്. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹന നയം സംബന്ധിച്ച വ്യക്തതയ്ക്കായി കാത്തിരിക്കുകയാണെന്ന് വൈ കെ കൂ പറഞ്ഞു. പറഞ്ഞു. എങ്കില്‍ മാത്രമേ കാര്യങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്യാന്‍ കഴിയൂ.

ഇറക്കുമതി ചെയ്യുന്ന ഇവി വാഹനഘടകങ്ങളും പാര്‍ട്‌സുകളും ഹ്യുണ്ടായുടെ ചെന്നൈ പ്ലാന്റിലായിരിക്കും അസ്സംബ്ള്‍ ചെയ്യുന്നത്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കാര്യം പിന്നീട് ആലോചിക്കുമെന്ന് കൂ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ചുമത്തിയ 12 ശതമാനം ജിഎസ്ടി 5 ശതമാനമായി കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം വാഹനങ്ങള്‍ കൂടുതല്‍ ജനപ്രിയമാകുന്നതിന് ഇത് സഹായിക്കും. പ്രാദേശിക കമ്പനികളില്‍നിന്ന് ഇലക്ട്രിക് വാഹന ബാറ്ററി വാങ്ങുന്നതിന്റെ സാധ്യത ആരായുമെന്ന് വൈ കെ കൂ പറഞ്ഞു. ചൈനയില്‍നിന്നും ദക്ഷിണ കൊറിയയില്‍നിന്നും ഇറക്കുമതി ചെയ്യുന്നതിന് പുറമേയാണിത്.

എഎച്ച്2 എന്ന കോഡ്‌നാമത്തിലുള്ള കോംപാക്റ്റ് ഫാമിലി കാര്‍ സാന്‍ട്രോ എന്ന പേരില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ഈ വര്‍ഷത്തെ ദീപാവലി സമയത്ത് കാര്‍ പുറത്തിറക്കും

ഇന്ത്യയില്‍ പുറത്തിറക്കുന്ന പൂര്‍ണ്ണമായും പുതിയ രണ്ട് മോഡലുകളില്‍ ഒരു കോംപാക്റ്റ് ഫാമിലി കാറിന്റെ കോഡ്‌നാമം എഎച്ച്2 എന്നാണെന്ന് കൂ വ്യക്തമാക്കി. ഈ കാര്‍ സാന്‍ട്രോ എന്ന പേരില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും വൈ കെ കൂ പറഞ്ഞു. ഈ വര്‍ഷത്തെ ദീപാവലി സമയത്ത് കാര്‍ പുറത്തിറക്കും. സാന്‍ട്രോ ബാഡ്ജ് നല്‍കുന്ന കാര്യം അപ്പോള്‍ തീരുമാനിക്കും. എന്നാല്‍ സാന്‍ട്രോ ബ്രാന്‍ഡ് തിരികെ കൊണ്ടുവരണമെന്ന് ഡീലര്‍മാരില്‍നിന്നും ഉപയോക്താക്കളില്‍നിന്നും വലിയ സമ്മര്‍ദ്ദം നേരിടുന്നതായി അദ്ദേഹം സമ്മതിച്ചു. സാന്‍ട്രോ ഇന്ത്യയില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഈ വര്‍ഷം ഇരുപത് വയസ്സ് പൂര്‍ത്തിയാകുമായിരുന്നു. 1998 സെപ്റ്റംബറിലാണ് ഹ്യുണ്ടായ് സാന്‍ട്രോ ഇന്ത്യയില്‍ അവതരിപ്പിച്ചത്.

ഐ10 മോഡലിനേക്കാള്‍ വീതിയും ഉയരവുമുള്ളതായിരിക്കും എഎച്ച്2 ഹാച്ച്ബാക്ക് എന്ന വിവരം വൈ കെ കൂ പങ്കുവെച്ചു. പെട്രോള്‍ എന്‍ജിനിലായിരിക്കും വരുന്നത്. ഫാക്റ്ററി-ഫിറ്റഡ് സിഎന്‍ജി എന്‍ജിന്‍ ഓപ്ഷനുകളും ഉണ്ടാകും. ഓട്ടോമേറ്റഡ്, മാന്വല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും കാണും. അടുത്ത വര്‍ഷം ക്യുഎക്‌സ്‌ഐ എന്ന കോഡ്‌നാമത്തിലുള്ള കോംപാക്റ്റ് എസ്‌യുവി പുറത്തിറക്കും. 1 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ ഈ വാഹനത്തിന് കരുത്ത് പകരും.

Comments

comments

Categories: Auto