ഹാര്‍ലി ഡേവിഡ്‌സണ്‍ ഇലക്ട്രിക് ബൈക്ക് അടുത്ത വര്‍ഷം

ഹാര്‍ലി ഡേവിഡ്‌സണ്‍ ഇലക്ട്രിക് ബൈക്ക് അടുത്ത വര്‍ഷം

ഹാര്‍ലിയുടെ ആദ്യ പ്രൊഡക്ഷന്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍

മില്‍വൗക്കീ (യുഎസ്) : ഹാര്‍ലി ഡേവിഡ്‌സന്റെ ഇലക്ട്രിക് ബൈക്ക് പതിനെട്ട് മാസത്തിനുള്ളില്‍ പുറത്തിറക്കും. മില്‍വൗക്കീ ആസ്ഥാനമായ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളുടെ ആദ്യ പ്രൊഡക്ഷന്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായിരിക്കുമിത്. ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കുന്നതിന് കൂടുതല്‍ നിക്ഷേപം നടത്തുമെന്നും കമ്പനി അറിയിച്ചു.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പ്രൊജക്റ്റ് നല്ല രീതിയില്‍ മുന്നോട്ടുപോകുന്നതായും പതിനെട്ട് മാസത്തിനുള്ളില്‍ പുറത്തിറക്കുമെന്നും ഹാര്‍ലി ഡേവിഡ്‌സണ്‍ സിഇഒ മാറ്റ് ലെവറ്റിച്ച് പറഞ്ഞു. 2014 ല്‍ പ്രദര്‍ശിപ്പിച്ച ‘പ്രൊജക്റ്റ് ലൈവ്‌വയര്‍’ തന്നെയാണോ പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണി ശൈശവദശയിലാണെങ്കിലും പ്രീമിയം ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിച്ചുകൊണ്ട് ഈ മേഖലയില്‍ സാന്നിധ്യമറിയിക്കുകയാണെന്ന് ലെവറ്റിച്ച് പറഞ്ഞു. ബിസിനസ് വളര്‍ത്തുന്നതില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ വലിയ പങ്ക് വഹിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കന്‍സാസ് സിറ്റിയിലെ ഫാക്ടറി അടച്ചുപൂട്ടുകയാണെന്നും യോര്‍ക്, പെന്‍സില്‍വാനിയ പ്ലാന്റുകളില്‍ ഉല്‍പ്പാദനം കേന്ദ്രീകരിക്കുമെന്നും പ്രസ്താവനയിറക്കിയതിന് പിറകെയാണ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ സംബന്ധിച്ച ഹാര്‍ലി ഡേവിഡ്‌സന്റെ പ്രഖ്യാപനം വരുന്നത്. നാലാം പാദത്തില്‍ യുഎസ് വിപണിയില്‍ ഹാര്‍ലി ഡേവിഡ്‌സന്റെ വില്‍പ്പന 11.1 ശതമാനവും ആഗോളതലത്തില്‍ 9.6 ശതമാനവും ഇടിവ് രേഖപ്പെടുത്തിയിരുന്നു.

ലൈവ്‌വയര്‍ കണ്‍സെപ്റ്റ് തന്നെയായിരിക്കും ഇപ്പോള്‍ പ്രഖ്യാപിച്ച ഇലക്ട്രിക് മോട്ടോര്‍സൈക്കിളെന്നാണ് പ്രതീക്ഷിക്കുന്നത്

2014 ല്‍ പ്രദര്‍ശിപ്പിച്ച പ്രൊജക്റ്റ് ലൈവ്‌വയര്‍ കണ്‍സെപ്റ്റിന്റെ ടെസ്റ്റ് റൈഡുകള്‍ നടത്തിയിരുന്നു. 2015 ല്‍ പുറത്തിറങ്ങിയ ‘അവഞ്ചേഴ്‌സ് : ഏജ് ഓഫ് അള്‍ട്രോണ്‍’ എന്ന ഹോളിവുഡ് സിനിമയില്‍ ലൈവ്‌വയര്‍ മോട്ടോര്‍സൈക്കിള്‍ ഉപയോഗിച്ചിരുന്നു. ലൈവ്‌വയര്‍ കണ്‍സെപ്റ്റ് തന്നെയായിരിക്കും ഇപ്പോള്‍ പ്രഖ്യാപിച്ച ഇലക്ട്രിക് മോട്ടോര്‍സൈക്കിളെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രൊജക്റ്റ് ലൈവ്‌വയര്‍ കണ്‍സെപ്റ്റുമായി ബന്ധപ്പെട്ട് സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ മിഷന്‍ മോട്ടോഴ്‌സ് എന്ന സ്റ്റാര്‍ട്ടപ്പ് വലിയ സംഭാവന ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ സ്റ്റാര്‍ട്ടപ്പ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ സ്വന്തമായി നിര്‍മ്മിക്കുകയാണോ അതോ ഏതെങ്കിലും കമ്പനിയുമായി സഖ്യം സ്ഥാപിക്കുമോയെന്ന് വ്യക്തമല്ല.

Comments

comments

Categories: Auto