എക്‌സ്പ്രസ്ബീസില്‍ ആലിബാബയുടെ 224 കോടി നിക്ഷേപം

എക്‌സ്പ്രസ്ബീസില്‍ ആലിബാബയുടെ 224 കോടി നിക്ഷേപം

ബെംഗളൂരു: ഓണ്‍ലൈന്‍ ബേബി പ്രൊഡക്റ്റ് റീട്ടെയ്‌ലര്‍മാരായ ഫസ്റ്റ്‌ക്രൈയുടെ ലോജിസ്റ്റിക്‌സ് വിഭാഗമായ എക്‌സ്പ്രസ്ബീസില്‍ ചൈനീസ് ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആലിബാബ 224 കോടി രൂപയുടെ നിക്ഷേപം നടത്തി. എക്‌സ്പ്രസ്ബീസിന്റെ 70,653 സീരീസ് ഡി മുന്‍ഗണനാ ഓഹരികളാണ് നിക്ഷേപത്തിലൂടെ ആലിബാബയ്ക്ക് സ്വന്തമാക്കിയത്. ഇടപാടിന്റെ ഭാഗമായി നിലവിലുള്ള നിക്ഷേപകരുടെ കൈവശമുള്ള ഓഹരിയുടെ വില്‍പ്പന നടക്കുമെന്നാണ് കരുതുന്നത്.

മികച്ച ആഗോള ലോജിസ്റ്റിക്‌സ് ശൃംഖല ആരംഭിച്ചുകൊണ്ട് ഇ-കൊമേഴ്‌സിന്റെ വളര്‍ച്ചയെ ശക്തമാക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമാണ് നിക്ഷേപം. എക്‌സ്പ്രസ്ബീസ് ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം പ്രദാനം ചെയ്യുന്നതിലാണ് ശ്രദ്ധിക്കുന്നതെന്നും ആലിബാബയുടെ നിക്ഷേപം കമ്പനിയുടെ നില മെച്ചപ്പെടുത്തുമെന്നും ഉപഭോക്താക്കള്‍ക്ക്് കൂടുതല്‍ ഗുണപരമാകുമെന്നും ആലിബാബ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ ആലിബാബ നടത്തുന്ന ആറാമത്തെ നിക്ഷേപമാണിത്. ആലിബാബ പിന്തുണയ്ക്കുന്ന മറ്റ് ഇന്ത്യന്‍ കമ്പനികളായ ഡിജിറ്റല്‍ പേമെന്റ് കമ്പനി പേടിഎം, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം പേടിഎം മാള്‍, ഓണ്‍ലൈന്‍ ഗ്രോസറി പ്ലാറ്റ്‌ഫോം ബിഗ്ബാസ്‌ക്കറ്റ് എന്നിവയുടെ ബിസിനസ് വളര്‍ച്ചയ്ക്ക് പുതിയ നിക്ഷേപം സഹായകരമാകുമെന്നാണ് പ്രതീക്ഷ.

സെയ്ഫ് പാര്‍ട്‌ണേഴ്‌സ്, ഐഡിജി വെഞ്ച്വേഴ്‌സ് ഇന്ത്യ, എന്‍ഇഎ, വെര്‍ടെക്‌സ് വെഞ്ച്വേഴ്‌സ്, വാലിയന്റ് കാപ്പിറ്റല്‍ തുടങ്ങിയവരാണ് വിപണിയില്‍ ഡെല്‍ഹിവെറി,ഇകോം എക്‌സ്പ്രസ് എന്നിവരുമായി മത്സരിക്കുന്ന എക്‌സ്പ്രസ്ബീസിന്റെ മറ്റ് നിക്ഷേപകര്‍.

Comments

comments

Categories: Business & Economy